പിറ്റേദിവസം രാവിലെമുതല്‍ മഴയായിരുന്നു. ചെറുതായി കാറ്റും വീശിയിരുന്നു.

''കാവോതിയുടെ പോക്കാണ്!'', അമ്മമ്മ പറഞ്ഞു.

താമര ഒന്നും മിണ്ടിയില്ല. പതിയെ പതിയെ കാറ്റിനും മഴയ്ക്കും ശക്തി കൂടി. ഉച്ചയായപ്പോഴേക്കും കാറ്റ് കൊടുങ്കാറ്റായി. തുള്ളിക്കൊരു കുടം കണക്കേ മഴ പെയ്തു. കടപ്പുറത്തേക്ക് നോക്കിയപ്പോള്‍ കടല്‍ ഇളകിമറിയുകയായിരുന്നു. മരങ്ങളെല്ലാം കാറ്റില്‍ പറന്നുപോവുന്നപോലെ. പ്രകൃതി കാവോതിയുടെ പോക്കിന് ആശംസകളര്‍പ്പിക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞപ്പോള്‍ കാറ്റും മഴയുമെല്ലാം അടങ്ങി. കാവോതി പോയി. 

ഇനി ആറുമാസത്തെ കാത്തിരിപ്പാണ്. അവളന്ന് പുറത്തേക്കിറങ്ങിയതേയില്ല. കാവോതിയുടെ സമ്മാനങ്ങളില്‍ തലോടി അവള്‍ ആ ദിവസം തള്ളിനീക്കി.

അതിനുശേഷം എത്രയോ ദിവസങ്ങള്‍ കടന്നുപോയി. അവള്‍ എന്നും കാവോതിയെ ഓര്‍ത്തു. മഴയ്ക്കുവേണ്ടി കാത്തിരുന്നു. 

ഒരുദിവസം കാവോതിയുടെ സമ്മാനങ്ങള്‍ നോക്കിനില്‍ക്കുമ്പോഴാണ് അവള്‍ക്കൊരു കാര്യം ഓര്‍മവന്നത്. കാവോതി തനിക്കെത്രയോ സമ്മാനങ്ങള്‍ തന്നിരിക്കുന്നു. തിരിച്ച് താനെന്താണ് കാവോതിക്ക് കൊടുത്തത്? വല്ലാത്ത വിഷമം തോന്നി അവള്‍ക്ക്. 

അടുത്ത തവണ കാവോതി വരുമ്പോള്‍ ഒരു സമ്മാനം കൊടുത്തേപറ്റൂ. പക്ഷേ, എന്ത് സമ്മാനമാണ് കൊടുക്കുക.

അവള്‍ തലപുകഞ്ഞാലോചിച്ചു. ഒന്നും അവളുടെ മനസ്സിലെത്തിയില്ല. കുറേനേരത്തെ ആലോചനയ്ക്കുശേഷം പെട്ടെന്ന് അവള്‍ക്കൊരു ആശയം തോന്നി. അത് തീര്‍ച്ചയായും കാവോതിക്ക് ഇഷ്ടമാവും. 

അവള്‍ നേരേ പുഴയോരത്തേക്ക് നടന്നു. പുഴയോരത്ത് പന്തലിച്ചുകിടക്കുന്ന കണ്ടല്‍മരങ്ങള്‍ക്കരില്‍നിന്ന് അവള്‍ കുറേ വിത്തുകള്‍ പെറുക്കി. 

ഓണത്തിന് പൂവിറുക്കാന്‍ അമ്മമ്മ ഉണ്ടാക്കിത്തന്ന വട്ടിയില്‍ അവളാ വിത്തുകള്‍ ശേഖരിച്ചു. വട്ടി നിറഞ്ഞപ്പോള്‍ നേരേ കടപ്പുറത്തെത്തി. മണലില്‍ വിരല്‍ കുത്തി കുഴിയുണ്ടാക്കി കണ്ടല്‍വിത്തുകള്‍ അതിലിട്ട് മൂടി. നനച്ചും കൊടുത്തു. പിന്നെപ്പിന്നെ ഇതായി അവളുടെ വിനോദം. 

എന്നും സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അവള്‍ വട്ടിയില്‍ വിത്തുകള്‍ പെറുക്കും. കടപ്പുറത്ത് കുഴിച്ചിടും.

ഒരുദിവസം നോക്കിയപ്പോള്‍ മണ്ണില്‍ ഒരു ഇലയനക്കം. വിത്ത് മുളച്ചിരിക്കുന്നു! അവള്‍ സന്തോഷംകൊണ്ട് ആകാശത്തേക്കുയര്‍ന്നു. അവള്‍ വിത്ത് കുത്തിയിട്ട സ്ഥലങ്ങളെല്ലാം ശ്രദ്ധയോടെ പരിശോധിച്ചു. ആദ്യം കുഴിച്ചിട്ടതെല്ലാം മുളച്ചിരിക്കുന്നു.

അവളെന്നും നട്ടു. നനച്ചു. കണ്ടലുകള്‍ പതിയേ വളരാന്‍തുടങ്ങി; അവളും. മധ്യവേനലവധിക്ക് അവള്‍ കുറേക്കൂടി വിത്തുകള്‍ വിതച്ചു. വിതച്ചതെല്ലാം പതിയേ മുളച്ച് കാടാകാന്‍തുടങ്ങി.

'കാവോതി വരുമ്പോള്‍ കടപ്പുറത്തെ കണ്ടല്‍ക്കാട് കണ്ട് ഉറപ്പായും സന്തോഷിക്കും.' അവള്‍ മനസ്സിലോര്‍ത്തു.

മേയ്മാസത്തില്‍ അവളുടെ റിസള്‍ട്ട് വന്നു. അവള്‍ ജയിച്ചു. ആറാംക്ലാസിലേക്ക്.

അമ്മമ്മയും അച്ഛനും അവളെ ഒത്തിരി അഭിനന്ദിച്ചു. അന്നത്തെ ദിവസം അവള്‍ കുറേക്കൂടി വിത്തുകള്‍ വിതച്ചു. അവള്‍ വിത്തുകള്‍ പെറുക്കുന്നതും കടപ്പുറത്ത് കുഴിച്ചിടുന്നതും കണ്ട് മറ്റ് കുട്ടികളും അവളോടൊപ്പം കൂടി. അവര്‍ക്കെല്ലാം അവള്‍ പൊക്കുടനച്ഛച്ഛന്റെ കഥ പറഞ്ഞുകൊടുത്തു. കുട്ടികള്‍ക്ക് ആവേശമായി. 

പിന്നെ, ഓണത്തിന് പൂക്കളമിടുന്ന അതേ ആവേശത്തോടെ അവരെല്ലാം വിത്തുകള്‍ ശേഖരിച്ചു. രാവിലെയും വൈകീട്ടും നനച്ചുകൊടുത്തു. 

താമരയുടെയും കൂട്ടുകാരുടെയും പ്രവൃത്തികള്‍ മുതിര്‍ന്നവരില്‍ ചിലര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിള്ളേരുടെ കളിയാണെന്നാണ് അവരാദ്യം കരുതിയത്. പക്ഷേ, കടലോരത്ത് പുതുതായി വളര്‍ന്നുവരുന്ന പച്ചപ്പുകള്‍ കണ്ടപ്പോളാണ് അവരുടെ ശ്രദ്ധ കാര്യമായി അതിലേക്ക് പതിയുന്നത്. ആയിരത്തിലധികം ചെടികള്‍ കുട്ടികള്‍ നട്ടുപിടിപ്പിച്ചിരുന്നു. 

താമരയെയും കൂട്ടുകാരെയും തേടി പത്രക്കാരും ചാനലുകാരും കടപ്പുറത്തേക്ക് വന്നു. അവരെല്ലാം കുട്ടികള്‍ നട്ടുപിടിപ്പിച്ച കണ്ടല്‍ചെടികള്‍ കണ്ട് അദ്ഭുതപ്പെട്ടു. ലോകമെങ്ങുമുള്ള പരിസ്ഥിതിപ്രവര്‍ത്തകരുടെ ശ്രദ്ധ താമരയിലേക്ക് നീണ്ടു. അവരില്‍ പലരും നേരിട്ട് വന്ന് താമരയെ അഭിനന്ദിച്ചു. 

കുട്ടികള്‍ ചെയ്യുന്നത് മഹത്തായ ഒരു കാര്യമാണെന്ന് മുതിര്‍ന്നവര്‍ക്ക് അപ്പോളാണ് മനസ്സിലായത്. കൂടുതല്‍ ചെടികള്‍ നട്ടുപിടിപ്പിക്കാനും നനച്ചുകൊടുക്കാനും അവരും കൂടി. 

അതുമാത്രമല്ല, അവരെല്ലാം കടപ്പുറത്തെ മാലിന്യങ്ങള്‍ പെറുക്കിയെടുത്ത് വൃത്തിയാക്കുകയും ചെയ്തു. ഇനിയൊരിക്കലും കടലില്‍ മാലിന്യങ്ങള്‍ തള്ളുകയില്ലെന്ന് അവര്‍ പ്രതിജ്ഞയെടുത്തു. അതൊരു മാതൃകാഗ്രാമമായിമാറി.

അങ്ങനെ ആരുമറിയാതെപോകുമായിരുന്ന ഒരു കടപ്പുറവും കടപ്പുറത്തെ ഒരു കൊച്ചുപെണ്‍കുട്ടിയും ലോകഭൂപടത്തില്‍ പച്ചനിറത്തില്‍ അടയാളപ്പെട്ടു. പക്ഷേ, ലോകം മുഴുവന്‍ തന്നെപ്പറ്റി സംസാരിക്കുമ്പോളും അതിലൊന്നും മതിമറക്കാതെ അവള്‍ കണ്ടലുകളെ തൊട്ടും തലോടിയും അവരോട് സംസാരിച്ചും കാവോതിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു.    

(അവസാനിച്ചു)

Conent Highlights: kadappurathe kavothi, children's novel, chapter 9, written by subash ottumpuram