ഹൈക്കോടതി ജഡ്ജി വിധി എഴുതുമ്പോള്‍ ജില്ലാ ജഡ്ജിയുടെ വിധിയുമായി വിയോജിക്കാം. എന്നാല്‍ ജില്ലാ ജഡ്ജിയെ മുറിവേല്‍പിച്ചും അധിക്ഷേപിച്ചും ന്യായമില്ലാതെ വിമര്‍ശിച്ചും വിധി എഴുതരുതെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.

ഇങ്ങനെയുള്ള ഒരു വിധിയില്‍ ജില്ലാ ജഡ്ജിക്ക് കോടതി ചിലവ് എന്ന നിലയില്‍ ഹൈക്കോടതി 10,000 രൂപ പിഴ വിധിക്കുകയും ചെയ്തു. അത് സുപ്രീം കോടതി റദ്ദാക്കുകയും ജില്ലാ ജഡിജിക്ക് എതിരായ പരാമര്‍ശങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശില്‍ ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള മോട്ടോര്‍ ക്ലെയിംസ് ട്രിബ്യൂണലായി സേവനം അനുഷ്ഠിക്കുന്ന എസ്.പി. മിശ്രക്ക് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് നേരിട്ട ദുര്യോഗമാണ് സുപ്രീം കോടതി അകറ്റിയത്.

ഒരു മോട്ടോര്‍ അപകട നഷ്ടപരിഹാര കേസിലെ കക്ഷിക്ക് രണ്ട് അഭിഭാഷകന്‍ ഉണ്ടായിരുന്നു. ആര്‍.എം.സിങ്ങും ഡി.കെ.മിശ്രയും. ഇന്‍ഷുറന്‍സ് കമ്പനി ഒത്തുതീര്‍പ്പിന് സമ്മതിച്ചു. അതില്‍ ഒപ്പുവെച്ചത് അഡ്വ.ആര്‍എം.സിങ് ആയിരുന്നു. എന്നാല്‍ അഡ്വ. സക്സേന അതിനെ എതിര്‍ത്തു. അത് തള്ളിക്കൊണ്ട് ഒത്തുതീര്‍പ്പ് കരാര്‍ ഒപ്പിടാന്‍ അഡ്വ. സിങ്ങിനെ കോടതി അനുവദിച്ചു. എന്നാല്‍ അഡ്വ. സക്സേനയുടെ ഹര്‍ജിയെതുടര്‍ന്ന് ഹൈക്കോടതി അത് റദ്ദാക്കിക്കൊണ്ട് അതിനിശിതമായി കീഴ്ക്കോടതി ന്യായാധിപനായ എസ്.പി. മിശ്രയെ വിമര്‍ശിച്ചു. എന്നാല്‍ മിശ്രയുടെ ഹര്‍ജി അനുവദിച്ചുകൊണ്ട് സുപ്രീംകോടതി അദ്ദേഹത്തിന്റെ രക്ഷക്കെത്തി.

അദ്ദേഹത്തിന് എതിരായ പിഴ റദ്ദാക്കി. അദ്ദേഹം അഡ്വ.സിംഗിനെ ഒത്തുതീര്‍പ്പ് കരാര്‍ ഒപ്പിടാന്‍ അനുവദിച്ചത് ശരിവെക്കുകയും ചെയ്തു.

കീഴ്കോടതി ന്യായാധിപനായ മിശ്രയെ അധിക്ഷേപിക്കുന്ന രീതിയിലുള്ളതായിരുന്നു അലഹബാദ് ഹൈക്കോടതി വിധി എന്ന് സുപ്രീം കോടതി പറഞ്ഞു. അദ്ദേഹത്തിന്റെ സത്യസന്ധതയെപ്പോലും ചോദ്യം ചെയ്യുന്ന രീതിയില്‍ വിധി എഴുതിയാണ് അദ്ദേഹം എഴുതിയ വിധി ഹൈക്കോടതി റദ്ദാക്കിയതെന്നും സുപ്രീംകോടതി പറഞ്ഞു. ഈ നടപടിക്ക് യാതൊരു ന്യായീകരണവുമില്ല. ഒരു കീഴ്ക്കോടതി ന്യായാധിപനെ വ്രണപ്പെടുത്തുന്ന രീതിയില്‍ ഹൈക്കോടതി വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.

കീഴ്കോടതി ന്യായാധിപന്‍ നിയമത്തെ ശരിയായ രീതിയില്‍ സമീപിച്ചില്ല എന്നൊക്കെ ഹൈക്കോടതിക്ക് പറയാം. അല്ലാതെ അദ്ദേഹത്തെ കൊള്ളരുതാത്തവന്‍ എന്ന് പോലും ഹൈക്കോടതി ചിത്രീകരിച്ചു. അഴിമതിക്കാരന്‍ എന്നും വിളിച്ചു.

ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ സാധാരണ ഹൈക്കോടതി ഉന്നയിക്കാത്തതാണ്. അങ്ങനെ ഹൈക്കോടതി ചെയ്യാന്‍ പാടില്ലാത്തതായിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.

ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പ്രവണതകള്‍ നിരുത്സാഹപ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

Content Highlights: high court, district court judges, supreme court