പെണ്‍ ശരീരത്തില്‍ പീലിവിടര്‍ത്തിയ മനോഹരമായ മയില്‍.... ചിലരുടേയെങ്കിലും ഓര്‍മയിലേക്ക് ഓടിയെത്തിയിട്ടുണ്ടാകും നിജുകുമാറിന്റെ ആ ചിത്രം. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം. സ്ത്രീ, സ്ത്രീശരീരം, നഗ്നത എന്നിവയെല്ലാം എപ്പോഴും ലൈംഗിക താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളത് മാത്രമാണെന്ന ധാരണ ഇന്നും നമ്മുടെ സമൂഹത്തിനുണ്ട്. ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് ഇടയിലും ബോഡി ആര്‍ട്ട് എന്ന മനോഹരമായ കലയിലൂടെ ശ്രദ്ധ നേടുകയാണ് തിരുവനന്തപുരം സ്വദേശിയും ആര്‍ട്ടിസ്റ്റുമായ നിജുകുമാര്‍.  

പെണ്‍ശരീരത്തില്‍ പീലികള്‍ വിടര്‍ന്നത്....

പ്രൊഫഷണലി ഒരു ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ട് തന്നെ ആര്‍ട്ടുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാത്തിനെയും എക്‌സ്പീരിയന്‍സ് ചെയ്യണമെന്നത് എപ്പോഴുമുള്ള ആഗ്രഹമാണ്. അതില്‍ നിന്നാണ് ബോഡി ആര്‍ട്ട് എന്ന ആഗ്രഹം ഉണ്ടായതും. ബോഡി ആര്‍ട്ടുമായി ബന്ധപ്പെട്ട് എപ്പോഴും ആകര്‍ഷിച്ചിട്ടുള്ളത്  തൃശൂരിലെ പുലികളിയാണ്. കുട്ടിക്കാലം മുതല്‍ പുലി കളി ശ്രദ്ധിക്കുമായിരുന്നു. അന്ന് മുതല്‍ ബോഡി പെയിന്റിങിനോട് ഒരു കൗതുകം തോന്നിയിരുന്നു. ബോഡി ആര്‍ട്ട് പലവിധത്തില്‍ ചെയ്യാമെന്നുള്ളതാണ് മറ്റൊരു കാര്യം. ഇതില്‍ ഉള്‍പ്പെടുന്നത് തന്നെയാണ് ടാറ്റൂവും. അങ്ങനെ ഒരു ആര്‍ട്ട് എന്ന നിലയിലുണ്ടായ ആകാംക്ഷയാണ് ഇപ്പോള്‍ ഇങ്ങനെയൊരു വര്‍ക്കിലേക്ക് നയിച്ചത്. ഞാന്‍ എന്റെ മറ്റ് വര്‍ക്കുകള്‍ ചെയ്യുന്നതുപോലെ തന്നെയാണ് ഇതും ചെയ്തത്. പക്ഷേ ക്യാന്‍വാസ് സ്ത്രീ ശരീരമായതുകൊണ്ട് തന്നെ പലരും അതിനെ വിമര്‍ശിച്ച് വരുകയാണ് ചെയ്തത്.

image

സുഹൃത്താണ് ബോഡി ആര്‍ട്ടിനായി എന്റെ മോഡല്‍ ആയത്. രണ്ട് മണിക്കൂര്‍ സമയമെടുത്താണ് ആ മയിലിന്റെ ചിത്രം പൂര്‍ത്തിയാക്കിയത്. സാധാരണയായി നമ്മള്‍ കണ്ടുവരുന്ന ബോഡി ആര്‍ട്ടായ പുലികളിക്ക് ഇനാമല്‍ പെയിന്റാണ് ഉപയോഗിക്കാറുള്ളത്. ബോഡി ആര്‍ട്ടിന് പ്രത്യേകം പെയിന്റുണ്ട്. കൈയില്‍ ഇല്ലാത്തതിനാല്‍ ഫാബ്രിക് പെയിന്റും  അക്രലിക് കളറും ചേര്‍ത്താണ് മയിലിന്റെ ചിത്രം വരച്ച് പൂര്‍ത്തിയാക്കിയത്. ഈ ബോഡി ആര്‍ട്ട് കൂടാതെ മത്സ്യകന്യക, നാഗകന്യക, ലാലേട്ടന്റെ രണ്ടാമൂഴത്തിലെ ഭീമന്‍, വേലുത്തമ്പി ദളവ തുടങ്ങി അദ്ദേഹം സിനിമയില്‍ ചെയ്യാത്ത കുറച്ച് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരുന്നു. കൂടാതെ ലാലേട്ടനും മമ്മൂക്കയും അഭിനയിച്ച അവരുടെ സിനിമകളുടെ പേരുകള്‍ വെച്ച് ഇരുവരേയും വരച്ചിരുന്നു. ഇതെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയിരുന്നു. എന്നിരുന്നാലും ബോഡി ആര്‍ട്ടാണ് ഏറ്റവും കൂടുതല്‍ പേര്‍ പ്രതികരണമറിയിച്ചത്.

സ്ത്രീ, ശരീരം, നഗ്‌നത, സാമൂഹികമാധ്യമം

സ്ത്രീ ശരീരം നഗ്‌നത എന്നിവയോടൊക്കെയുള്ള കാഴ്ചപ്പാടില്‍ ഇപ്പോഴും ഒരുമാറ്റവും വന്നിട്ടില്ലാത്ത ആള്‍ക്കാരുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ നിന്നു കരകയറി എത്തിയിട്ടില്ലാത്ത നല്ലൊരു ശതമാനം ആള്‍ക്കാര്‍ ഇപ്പോഴുമുണ്ട്. നമ്മള്‍ എന്ത് ചെയ്യ്താലും രണ്ട് രീതിയിലുള്ള പ്രതികരണം ഉണ്ടാകും. നല്ലത് ചെയ്താലും മോശം ചെയ്താലും ആളുകള്‍ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യാറുണ്ട്. ഇതുവഴി ഒരുപാട് ആളുകളെ പരിചയപ്പെടാനും ഒരുപാട് വര്‍ക്കുകള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്ത് ഷെയര്‍ ചെയ്താലും അതിനെ കളിയാക്കിയും അടച്ചാക്ഷേപിക്കാനും വേണ്ടി മാത്രമിരിക്കുന്ന കുറച്ച് പേരുള്ള ഇടം കൂടിയാണ് ഇപ്പോഴും സാമൂഹിക മാധ്യമങ്ങള്‍. 

images

പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് ഇരുവരുടേയും സമ്മതപ്രകാരം ബോഡി ആര്‍ട്ട് ചെയ്യുന്നതില്‍ സമൂഹം ഇടപെടുകയോ അതില്‍ ആക്ഷേപം നടത്തുകയോ ചെയ്യേണ്ട കാര്യമില്ല. രഹ്നഫാത്തിമയടക്കം നിരവധി പേരാണ് ബോഡി പെയിന്റിങ് ചെയ്തിട്ടുള്ളത്. രഹ്ന തന്നെ നിരവധി ബോഡി പെയിന്റിങ് ചെയ്തിട്ടുണ്ട്. രഹ്നയും ജസ്ലമാടശ്ശേരിയും ചേര്‍ന്ന് ചെയ്ത ബോഡി പെയിന്റിങ്ങുകള്‍ ഇപ്പോഴും സാമൂഹികമാധ്യമങ്ങളിലുണ്ട്. പുരുഷന്റെ ശരീരം പോലെ തന്നെയാണ് സ്ത്രീ ശരീരവും. അതില്‍ നിന്ന് വ്യത്യസ്തമായി ആനക്കാര്യമാണെന്ന കാഴ്ചപ്പാട് ഇപ്പോഴും പലര്‍ക്കുമുണ്ട്. അതിലൊക്കെ മാറ്റം വരേണ്ട സമയം കഴിഞ്ഞു.

ലാലേട്ടന്റെ വാക്കുകളാണ് ഏറ്റവും വലിയ അംഗീകാരം

ചിത്രകല ഒരു പ്രൊഫഷനാക്കാന്‍ സാധിക്കുമോ എന്ന് രണ്ട് മനസോടെ നില്‍ക്കുന്ന സമയത്താണ് ആദ്യമായി ലാലേട്ടനെ കാണുന്നത്. ഛോട്ടാ മുംബൈ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് കാണുന്നത്. അന്ന് എന്റെ പെയിന്റിങുകള്‍ കണ്ടശേഷം അദ്ദേഹം പറഞ്ഞ വാക്കുകളാണ് എന്നെ മുന്നോട്ട് നയിച്ചത്. ...ഇതൊക്കയാണ് യഥാര്‍ഥ കല, ഇതിന്റെയൊക്കെ മുന്നില്‍ ഞാന്‍ ചെയ്യുന്നത് ഒന്നുമല്ല.... എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളാണ് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അംഗീകാരം.

image

കഴിഞ്ഞ പതിനഞ്ചിലധികം വര്‍ഷമായി ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം ആറ്റിങ്ങലില്‍ കഴിഞ്ഞ ആറ് വര്‍ഷമായി സ്വന്തമായി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുകയാണ്. സ്ത്രീ, പുരുഷന്‍ എന്ന വ്യത്യസമില്ലാതെ ബോഡി ആര്‍ട്ട് ചെയ്യണമെന്നാണ് ആഗ്രഹം.

Content Highlights: body art at girls half naked body by Niju kumar social media viral