കേരളത്തെ നടുക്കിയ നരബലി, കഷായം കുടിപ്പിച്ച് കൊന്ന ഗ്രീഷ്മ; 2022-ല്‍ ചോരവീണ നാളുകള്‍


By അഫീഫ് മുസ്തഫ

11 min read
Read later
Print
Share

പ്രണയപ്പകയുടെ പേരിലുള്ള അരുംകൊലകള്‍ 2022-ലും സംസ്ഥാനത്ത് ആവര്‍ത്തിച്ചു. ഇതോടൊപ്പം ലഹരിമരുന്നുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളിലും വര്‍ധനവുണ്ടായി. ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതും ലഹരികേസുകള്‍ കുത്തനെ കൂടിയതും ആശങ്കയുണ്ടാക്കുന്നതാണ്.

.

2022-ലും ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയെന്ന വാര്‍ത്ത കേട്ട് മലയാളികള്‍ നടുങ്ങി. പാറശ്ശാലയില്‍ ഷാരോണ്‍ എന്ന കോളേജ് വിദ്യാര്‍ഥിയെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊന്നത് അവന്‍ ഏറെ സ്‌നേഹിച്ചിരുന്ന കാമുകി ഗ്രീഷ്മയായിരുന്നു. ഒന്നര വര്‍ഷത്തോളം രഹസ്യമാക്കിവെച്ച നിലമ്പൂരിലെ നാട്ടുവൈദ്യന്റെ കൊലപാതകം പുറത്തറിഞ്ഞതും ഈ വര്‍ഷമായിരുന്നു. പ്രണയപ്പകയുടെ പേരിലുള്ള അരുംകൊലകള്‍ 2022-ലും സംസ്ഥാനത്ത് ആവര്‍ത്തിച്ചു.

ലഹരിമരുന്നുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളിലും വര്‍ധനവുണ്ടായി. ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതും ലഹരികേസുകള്‍ കുത്തനെ കൂടിയതും ആശങ്കയുണ്ടാക്കുന്നതാണ്. സിന്തറ്റിക് ലഹരിയുടെ ഉപയോഗവും വില്പനയും സംസ്ഥാനത്ത് വ്യാപകമായെന്നതിന് തെളിവുകളായിരുന്നു 2022-ലെ പല കേസുകളും. തലശ്ശേരിയില്‍ ലഹരിമരുന്ന് മാഫിയയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊച്ചിയില്‍ മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെ കൊന്ന് ഫ്‌ളാറ്റിലെ പൈപ് ഡക്ടില്‍ ഒളിപ്പിച്ച സംഭവവും ഞെട്ടലുണ്ടാക്കി. 2022-ല്‍ കേരളത്തെ നടുക്കിയ ചില കൊലപാതകങ്ങളുടെ ഒരു ഫ്‌ളാഷ് ബാക്ക്.

നാടിനെ നടുക്കിയ ഇലന്തൂരിലെ നരബലി

2022 ഒക്ടോബര്‍ 11- രാവിലെ പത്തരയോടെയാണ് കേരളം ഞെട്ടിയ ആ വാര്‍ത്ത പുറത്തുവന്നത്. പത്തനംതിട്ടയിലെ ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടെന്ന പോലീസിന്റെ വെളിപ്പെടുത്തലിനൊപ്പം സംഭവം നരബലിയാണെന്ന വിവരം കൂടി പുറത്തുവന്നതോടെ അക്ഷരാര്‍ഥത്തില്‍ കേരളം നടുങ്ങി.

തമിഴ്‌നാട് സ്വദേശിയും എറണാകുളത്ത് ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് പൈശാചികതയുടെ ചുരുളഴിച്ചത്. പെരുമ്പാവൂരിലെ മുഹമ്മദ് ഷാഫിയാണ് പത്മത്തെ എറണാകുളത്തുനിന്ന് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് കണ്ടെത്തി. പത്തനംതിട്ട ഇലന്തൂരിലെ നാട്ടുവൈദ്യനായ ഭഗവല്‍സിങ്ങിന്റെ വീട്ടിലേക്കാണ് ഇവരെ എത്തിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. പിന്നീടങ്ങോട്ട് പുറത്തുവന്ന ഓരോവിവരങ്ങളും ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്.

ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികള്‍

ലോട്ടറി വില്പനക്കാരിയായ പത്മം, കാലടിയില്‍ താമസക്കാരിയായ റോസ്ലിന്‍ എന്നിവരെയാണ് ഇലന്തൂരില്‍ നരബലിക്കിരയാക്കിയത്. നാട്ടുവൈദ്യനായ ഭഗവല്‍സിങ്ങിന്റെയും ഭാര്യ ലൈലയുടെയും സാമ്പത്തിക അഭിവൃദ്ധിക്കായും കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയുമായിരുന്നു നരബലി. കടുത്ത ലൈംഗികവൈകൃതത്തിന് അടിമയായ, സൈക്കോപാത്തായ പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് നരബലി കേസിലെ മുഖ്യപ്രതി.

സ്ത്രീയുടെ പേരിലുള്ള സാമൂഹികമാധ്യമത്തിലെ വ്യാജ ഐ.ഡി.യിലൂടെ ഭഗവല്‍സിങ്ങുമായി അടുപ്പം സ്ഥാപിച്ച മുഹമ്മദ് ഷാഫിയാണ് നരബലി നടത്തിയാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് പറഞ്ഞത്. തുടര്‍ന്ന് ഇയാള്‍ തന്നെ മുന്‍കൈയെടുത്ത് നരബലിക്കായുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. സിനിമയില്‍ അവസരമുണ്ടെന്നും പത്തുലക്ഷം രൂപ നല്‍കാമെന്നും വാഗ്ദാനം ചെയ്ത് റോസ്ലിനെയാണ് ഷാഫി ആദ്യം ഇലന്തൂരിലെത്തിച്ചത്. തുടര്‍ന്ന് കട്ടിലില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്നു. ശരീരമാസകലം മുറിവുകളുണ്ടാക്കി. ജനനേന്ദ്രിയത്തില്‍നിന്ന് ശേഖരിച്ച രക്തം വീടിന് ചുറ്റും തളിച്ചു. ശേഷം മൃതദേഹം മുപ്പതോളം കഷണങ്ങളാക്കി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു.

ഇലന്തൂരില്‍ കൊല്ലപ്പെട്ട റോസ്ലിനും പത്മവും

ആദ്യത്തെ നരബലിക്ക് ശേഷം ഫലമൊന്നും ലഭിച്ചില്ലെന്ന് ഭഗവല്‍സിങ് പറഞ്ഞതോടെയാണ് മുഹമ്മദ് ഷാഫി രണ്ടാമത്തെ നരബലിക്ക് പദ്ധതിയിട്ടത്. ഇക്കുറി പത്മമായിരുന്നു ഇര. എറണാകുളത്തുനിന്ന് ഇലന്തൂരില്‍ എത്തിച്ച ഇവരെയും അതിക്രൂരമായി പ്രതികള്‍ കൊലപ്പെടുത്തി. ശേഷം മൃതദേഹഭാഗങ്ങള്‍ വീട്ടുവളപ്പില്‍ കുഴിച്ചിടുകയും ചെയ്തു.

മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്, ലൈല എന്നിവരാണ് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികള്‍. നരബലിക്ക് ശേഷം കരള്‍ അടക്കമുള്ള ചില മൃതദേഹഭാഗങ്ങള്‍ പാകം ചെയ്ത് കഴിച്ചതായും പ്രതികള്‍ മൊഴിനല്‍കിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ കേരളത്തിലെ നരബലി വാര്‍ത്തയാവുകയും ചെയ്തു.

ഷാരോണിനെ കഷായം കുടിപ്പിച്ച ഗ്രീഷ്മ, ദാരുണ കൊല

2022 ഒക്ടോബര്‍ 25-നാണ് പാറശ്ശാല സ്വദേശിയും കോളേജ് വിദ്യാര്‍ഥിയുമായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. കടുത്ത ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ദിവസം കൂടുംതോറും വഷളാവുകയും ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനംനിലച്ച് മരണം സംഭവിക്കുകയുമായിരുന്നു. ഷാരോണിന്റെ മരണത്തിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ആവശ്യം ശക്തമായി. പെണ്‍സുഹൃത്തായ ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് കഷായം കുടിച്ചതിന് പിന്നാലെയാണ് ആരോഗ്യനില വഷളായതെന്നായിരുന്നു കുടുബത്തിന്റെ പ്രധാന ആരോപണം.

ഷാരോണും ഗ്രീഷ്മയും

ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ സംഭവത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ കാര്യമായ അന്വേഷണമുണ്ടായില്ല. ഇതിനിടെ ഷാരോണ്‍ മരിച്ചതോടെ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതോടെയാണ് പോലീസും പിന്നീട് ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിന്റെ പിറ്റേദിവസം തന്നെ ഷാരോണിന്റെ പെണ്‍സുഹൃത്തായ ഗ്രീഷ്മയെ അറസ്റ്റ് ചെയ്തിരുന്നു.

അടുപ്പത്തിലായിരുന്ന ഷാരോണ്‍, ബന്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറാകാത്തതിനാല്‍ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നായിരുന്നു ഗ്രീഷ്മയുടെ മൊഴി. ഷാരോണും ഗ്രീഷ്മയും നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കാനായി ഗ്രീഷ്മയുടെ ശ്രമം. ഷാരോണ്‍ ഇതിന് തയ്യാറായില്ല. ഇതോടെയാണ് ജ്യൂസില്‍ ഗുളിക പൊടിച്ച് നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പിന്നീടാണ് വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തിയതെന്നും മുഖ്യപ്രതിയായ ഗ്രീഷ്മ സമ്മതിച്ചിരുന്നു.

ഗ്രീഷ്മ

തന്റെ സ്വകാര്യചിത്രങ്ങള്‍ ഷാരോണിന്റെ കൈവശമുണ്ടായിരുന്നതായും ഇത് തിരികെ ചോദിച്ചിട്ട് നല്‍കിയില്ലെന്നും ഗ്രീഷ്മ മൊഴി നല്‍കിയിരുന്നു. ഈ ചിത്രങ്ങള്‍ പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഗ്രീഷ്മ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

ഷാരോണിന്റെ മരണത്തില്‍ തുടക്കത്തില്‍ തന്നെ സംശയങ്ങളുണ്ടായെങ്കിലും ഗ്രീഷ്മ എല്ലാം നിഷേധിക്കുകയായിരുന്നു. മരിക്കുന്നത് വരെയും തന്റെ കാമുകി തന്നെ ഇല്ലാതാക്കുമെന്ന് ഷാരോണും വിശ്വസിച്ചിരുന്നില്ല. ഇവരുടെ അവസാനചാറ്റുകളെല്ലാം ഇതിന് തെളിവായിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് മുന്നില്‍ ഗ്രീഷ്മയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. എല്ലാസത്യങ്ങളും വെളിപ്പെടുത്തിയ ഗ്രീഷ്മ, നേരത്തെ ജ്യൂസ് ചലഞ്ച് നടത്തി കൊല്ലാന്‍ ശ്രമിച്ചെന്നതും സമ്മതിച്ചു.ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ എന്നിവരും പ്രതികളാണ്.

നൊമ്പരമായി വിഷ്ണുപ്രിയ, പ്രണയപ്പകയില്‍ അരുംകൊല

ഈവര്‍ഷവും പ്രണയപ്പക കാരണമുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ നടന്നു. 2022 ഒക്ടോബര്‍ 22-നാണ് കണ്ണൂര്‍ മൊകേരി വള്ള്യായിയിലെ വിഷ്ണുപ്രിയ(23) സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. മാനന്തേരി സ്വദേശിയായ ശ്യാംജിത്താ(25)യിരുന്നു കേസിലെ പ്രതി. അഞ്ചുവര്‍ഷത്തോളം പ്രണയത്തിലായിരുന്നു ഇരുവരും. സമീപകാലത്തുണ്ടായ ചില പിണക്കങ്ങളെ തുടര്‍ന്ന് വിഷ്ണുപ്രിയ ശ്യാംജിത്തുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി. പിന്നീട് പൊന്നാനി സ്വദേശിയായ മറ്റൊരാളുമായി സൗഹൃദത്തിലായി. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

വിഷ്ണുപ്രിയ

സംഭവദിവസം വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി വിഷ്ണുപ്രിയ വീഡിയോകോള്‍ ചെയ്യുന്നതിനിടെയാണ് ശ്യാംജിത്ത് ആയുധവുമായി വീട്ടിലെത്തിയത്. കൃത്യം നടത്തിയശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് പിടികൂടി.

ഒടുവില്‍ വര്‍ക്കലയിലെ സംഗീതയും...

2022 വിടപറയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് കേരളത്തില്‍ പ്രണയപ്പകയുടെ പേരില്‍ മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്. തിരുവനന്തപുരം വര്‍ക്കല വടശ്ശേരിക്കോണത്തെ കോളേജ് വിദ്യാര്‍ഥിനിയായ സംഗീത(17)യെ നേരത്തെ അടുപ്പമുണ്ടായിരുന്ന പള്ളിക്കല്‍ സ്വദേശി ഗോപുവാണ് കഴുത്തറുത്ത് കൊന്നത്. ഡിസംബര്‍ 28-ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ഗോപു,സംഗീത

താനുമായുള്ള ബന്ധം സംഗീത അവസാനിപ്പിച്ചതും മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയവുമാണ് ഗോപുവിനെ കൃത്യത്തിലേക്ക് നയിച്ചത്. പുതിയ സിംകാര്‍ഡ് വാങ്ങി അഖില്‍ എന്ന പേരില്‍ സംഗീതയുമായി ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി, 28-ന് പുലര്‍ച്ചെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

തലശ്ശേരി ഹരിദാസന്‍ വധം

2022 ഫെബ്രുവരി 21-ന് പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോലിലെ സി.പി.എം. പ്രവര്‍ത്തകനായ ഹരിദാസനെ ഒരുസംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ വീട്ടുമുറ്റത്ത് വെച്ചാണ് കൊല്ലപ്പെട്ടത്. അതിക്രൂരമായി ഹരിദാസനെ വെട്ടിനുറുക്കിയ അക്രമികള്‍ ഒരുകാല്‍ അറുത്തുമാറ്റുകയും ചെയ്തിരുന്നു.

ഹരിദാസന്‍

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ലിജേഷ് അടക്കമുള്ള ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍. ഇതിനിടെ, കേസിലെ പ്രതിയായ ബി.ജെ.പി. പ്രവര്‍ത്തകന്‍ നിജില്‍ദാസിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് തലശ്ശേരിയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ രേഷ്മയും അറസ്റ്റിലായി. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലാണ് തന്റെ സുഹൃത്തായ കൊലക്കസ് പ്രതി നിജില്‍ദാസിന് രേഷ്മ ഒളിയിടം ഒരുക്കിയത്.

ലഹരിസംഘത്തിന്റെ വിളയാട്ടം, തലശ്ശേരിയെ നടുക്കിയ ഇരട്ടക്കൊല

ലഹരികേസുകള്‍ വര്‍ധിച്ചതിനൊപ്പം ലഹരിസംഘത്തിന്റെ പലരീതിയിലുള്ള അതിക്രമങ്ങള്‍ക്കും കേരളം സാക്ഷിയായി. തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകരായ രണ്ടുപേരെ വെട്ടിക്കൊന്നാണ് ലഹരിസംഘം പകതീര്‍ത്തത്. 2022 നവംബര്‍ 23 ബുധനാഴ്ച വൈകിട്ടോടെയായിരുന്നു ദാരുണസംഭവം. ലഹരിമാഫിയയെ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സി.പി.എം. പ്രവര്‍ത്തകരായ തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ് (52), സഹോദരീഭര്‍ത്താവും സി.പി.എം. നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനയില്‍ ഷമീര്‍ (40) എന്നിവരുടെ ജീവനെടുത്തത്.

പാറായി ബാബു എന്ന സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍സംഘം നവംബര്‍ 22-ാം തീയതി വൈകിട്ട് ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രി പരിസരത്തുവെച്ച് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിനുശേഷം കേരളത്തില്‍നിന്ന് കടന്ന പ്രതികളെയെല്ലാം പോലീസ് പിന്നീട് പിടികൂടി.

കൊച്ചിയിലെ കൊലപാതകങ്ങള്‍...

2022-ല്‍ രണ്ടര മാസത്തിനിടെ കൊച്ചിയില്‍ നടന്നത് എട്ട് കൊലപാതകങ്ങളാണ്. ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ലഹരിയുടെ സ്വാധീനമുണ്ടെന്ന് സിറ്റി പോലീസ് വ്യക്തമാക്കിയിരുന്നു. മുന്‍വൈരാഗ്യവും പെട്ടെന്നുള്ള പ്രകോപനവും ഒപ്പം ലഹരിയും ചേരുന്നതാണ് പല കൊലപാതകങ്ങള്‍ക്കും കാരണമായത്. ഓഗസ്റ്റ് ആദ്യവാരം എറണാകുളം ടൗണ്‍ ഹാളിന് സമീപം കൊല്ലം സ്വദേശി കുത്തേറ്റ് മരിച്ചതായിരുന്നു ആദ്യസംഭവം. ഇതിനുപിന്നാലെ ഏഴ് കൊലപാതകങ്ങളാണ് നഗരത്തിലും പരിസരത്തും അരങ്ങേറിയത്.

അതേസമയം, ഈ കൊലപാതകങ്ങളൊന്നും സംഘടിതമായ കുറ്റകൃത്യങ്ങളുടെ ഭാഗമായി നടന്നതല്ലെന്നായിരുന്നു കൊച്ചി പോലീസിന്റെ വിശദീകരണം. പോലീസിന്റെ അനാസ്ഥ കൊണ്ടല്ല ഇത്തരം കൊലപാതകങ്ങള്‍ നടന്നതെന്നും നേരത്തെ നടന്ന കൊലപാതകങ്ങളെല്ലാം പെട്ടെന്നുണ്ടായ ക്ഷോഭം നിമിത്തം യാദൃശ്ചികമായി സംഭവിച്ചവയാണെന്നും പോലീസ് പത്രക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു.

ആദ്യ കൊലപാതകം ഓഗസ്റ്റ് 11-ന്...

ഓഗസ്റ്റ് 11-ന് അര്‍ധരാത്രിയോടെ എറണാകുളം ടൗണ്‍ഹാളിന് സമീപത്താണ് കൊല്ലം സ്വദേശിയായ എഡിസണ്‍ കൊല്ലപ്പെട്ടത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന എഡിസണെ കുത്തിക്കൊല്ലുകയായിരുന്നു. മുളവുകാട് ചുങ്കത്ത് സുരേഷായിരുന്നു കേസിലെ പ്രതി.

എറണാകുളം സൗത്തില്‍ യുവാവിനെ കുത്തിക്കൊന്നു

എഡിസന്റെ കൊലപാതകം നടന്ന് കൃത്യം മൂന്നാം ദിവസമാണ് എറണാകുളം സൗത്തില്‍ അര്‍ധരാത്രി വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തിക്കൊന്നത്. സൗത്ത് പാലത്തിന് താഴെ നിന്നിരുന്ന ട്രാന്‍സ്ജെന്‍ഡറുകളുടെ അടുത്തേക്കെത്തിയ ഹര്‍ഷാദ്, സുധീര്‍, തോമസ് എന്നിവരും അവിടെയുണ്ടായിരുന്ന ശ്യാമും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ കൈയിലിരുന്ന കത്തിയെടുത്ത് ഹര്‍ഷാദ് ശ്യാമിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഒളിവില്‍പ്പോയ പ്രതികളെ പോലീസ് തൊട്ടടുത്ത ദിവസംതന്നെ പിടികൂടി.

ഫ്ളാറ്റില്‍ മൃതദേഹം ഒളിപ്പിച്ചു

രണ്ടാം കൊലപാതകം കഴിഞ്ഞ് രണ്ടാംദിവസമായ ഓഗസ്റ്റ് 16-നാണ് മൂന്നാമത്തെ കൊലപാതകം നടന്നതായി അറിയുന്നത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്‌ളാറ്റില്‍ ഹോട്ടല്‍ ജീവനക്കാരനായ സജീവ് കൃഷ്ണയെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഡക്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

അര്‍ഷാദ്, സജീവ്

ഫ്‌ളാറ്റില്‍ ഒപ്പമുണ്ടായിരുന്ന അര്‍ഷാദിനെ രണ്ടുദിവസത്തിന് ശേഷം കാസര്‍കോട് നിന്നാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വ്യാപാര തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

മൂന്നാമത്തെ കൊലപാതകം കഴിഞ്ഞ് 11 ദിവസത്തിന് ശേഷം ഓഗസ്റ്റ് 28-നാണ് നാലാമത്തെ കൊലപാതകം നടക്കുന്നത്. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയുടെ സുഹൃത്തായ പാലക്കാട് സ്വദേശി അജയിനെ നെട്ടൂരിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തി ഭര്‍ത്താവ് സുരേഷ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അടിയേറ്റ് ഓടിയ അജയ്, നെട്ടൂര്‍ മാര്‍ക്കറ്റ്‌റോഡില്‍ വീണ് മരിക്കുകയായിരുന്നു. പ്രതിയെ അന്നുതന്നെ പോലീസ് അറസ്റ്റു ചെയ്തു.

മുന്‍വൈരാഗ്യം കലാശിച്ചത് കൊലപാതകത്തില്‍

നാലാം കൊലപാതകം കഴിഞ്ഞ് 12 ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 10-നാണ് അഞ്ചാമത്തെ കൊലപാതകം. പണമിടപാടു സംബന്ധിച്ച് കലൂരില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ വെണ്ണല സ്വദേശി സജിന്‍ സഹീര്‍ കൊല്ലപ്പെടുകയായിരുന്നു. മുന്‍ വൈരാഗ്യവും സാമൂഹികമാധ്യമത്തിലെ പോസ്റ്റും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പോലീസ്ഭാഷ്യം.

ഇരുമ്പനത്തെ കത്തിക്കുത്തില്‍ യുവാവ് മരിച്ചു

അഞ്ചാമത്തെ കൊലപാതകത്തിന് ശേഷം വീണ്ടുമൊരു കത്തിക്കുത്തുണ്ടാകുന്നത് സെപ്റ്റംബര്‍ 18-ന് ആണ്. ഇരുമ്പനത്താണ് കത്തിക്കുത്ത് നടന്നത്. പുത്തന്‍കുരിശ് വരിക്കോലി ചെമ്മനാട് ചൂരക്കുളത്തില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രവീണ്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയില്‍ അഖിലാണ് മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രവീണിനെ വയറ്റില്‍ കുത്തി വീഴ്ത്തിയത്. കുത്തു കിട്ടിയതിനെ തുടര്‍ന്ന് മുണ്ടെടുത്ത് വയറ്റില്‍ മുറുക്കി കെട്ടി ബൈക്ക് ഓടിച്ച് സ്വകാര്യ ആശുപത്രിയിലെത്തി കുഴഞ്ഞുവീഴുകയായിരുന്നു. ചികിത്സയിലായിരുന്ന പ്രവീണ്‍ പിന്നീട് മരിച്ചു. അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

കലൂരില്‍ സംഗീതനിശയ്ക്കിടെ കത്തിക്കുത്ത്...

സെപ്റ്റംബര്‍ 25-ന് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് മുന്നില്‍ ലേസര്‍ സംഗീതനിശ പാര്‍ട്ടിക്കിടെയുണ്ടായ കത്തിക്കുത്തില്‍ എം.ആര്‍. രാജേഷ് കൊല്ലപ്പെടുന്നത് നഗരത്തിലെ അഞ്ചാം കൊലപാതകം കഴിഞ്ഞ് 14 ദിവസം കഴിയുമ്പോഴാണ്. കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നടന്ന പരിപാടിക്ക് ആവശ്യത്തിന് പോലീസ് ബന്തവസ്സുണ്ടായിരുന്നില്ല. സംഘാടകര്‍ ജി.സി.ഡി.എ.യുടെ അനുമതി വാങ്ങിയിരുന്നെങ്കിലും പോലീസിന്റെ മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. അനുമതിയില്ലാതെ ഇത്രവലിയ രീതിയില്‍ സംഘടിപ്പിക്കുന്ന പരിപാടി പോലീസ് തടയേണ്ടതായിരുന്നു. അതുണ്ടായില്ല. കേസിലെ മുഖ്യപ്രതിയായ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹുസൈനെ പോലീസ് പിന്നീട് കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് അതിസാഹസികമായി പിടികൂടി.

വാടകവീട്ടില്‍ കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശിനി

ഒക്ടോബര്‍ 24-നാണ് എളംകുളത്തെ വാടകവീട്ടില്‍ നേപ്പാള്‍ സ്വദേശിനി ഭഗീരഥി ധാമിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരും പോലീസും നടത്തിയ പരിശോധനയിലാണ് നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്.

യുവതിക്കൊപ്പം താമസിച്ചിരുന്ന റാം ബഹദൂര്‍ കൊലപാതകം നടത്തിയ ശേഷം നാടുവിട്ടെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വാടകയ്ക്ക് വീട് എടുക്കാനായി ഇയാള്‍ നല്‍കിയ പല രേഖകളും വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കൊല്ലപ്പെട്ട യുവതിയെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചു.

റാം ബഹദൂര്‍, ഭഗീരഥി ധാമി

റാം ബഹദൂര്‍ ഇന്ത്യയിലെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും സ്വന്തമാക്കിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റാം ബഹദൂര്‍ സ്ഥിരം സന്ദര്‍ശിച്ചിരുന്ന ഡല്‍ഹി, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും അന്വേഷണസംഘം തിരച്ചില്‍ നടത്തി. തുടര്‍ന്ന് നേപ്പാളില്‍നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നു

2022 മാര്‍ച്ചിലാണ് കൊച്ചിയിലെ ഹോട്ടലില്‍ ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. കേസില്‍ കുട്ടിയുടെ മുത്തശ്ശി സിപ്‌സി, കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകിയായ സിപ്‌സിയോടുള്ള വിരോധത്തിലാണ് ബിനോയ് കുഞ്ഞിനെ കൊന്നതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. കഞ്ചാവ് വില്പന, മോഷണം അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ സിപ്‌സി, ഓഗസ്റ്റ് 24-ാം തീയതി കൊച്ചിയിലെ ലോഡ്ജില്‍ കുഴഞ്ഞുവീണ് മരിച്ചു.

കൊലക്കേസില്‍ പിടിയിലാകുന്നതിന് മുമ്പും സിപ്സി നിരവധി കേസുകളില്‍ പ്രതിയായിരുന്നു. മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളിലാണ് ഇവര്‍ നേരത്തെ പിടിയിലായിരുന്നത്. പോലീസിന്റെ ഗുണ്ടാപട്ടികയിലും സിപ്സിയുടെ പേരുണ്ടായിരുന്നു.

സിപ്സി

അങ്കമാലിയില്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലും സിപ്സിക്കെതിരേ കേസുണ്ടായിരുന്നു. പോലീസിന്റെ പിടിയിലായാല്‍ ആത്മഹത്യ ഭീഷണി മുഴക്കുകയും ദേഹത്ത് മനുഷ്യവിസര്‍ജ്യം പുരട്ടി പോലീസുകാരില്‍നിന്ന് രക്ഷപ്പെടുന്നതും സിപ്സിയുടെ പതിവായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരത്തുവെച്ച് പോലീസ് പിടികൂടിയപ്പോള്‍ വിവസ്ത്രയാകാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു.

പാലക്കാട്ട് 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍..

കൊലയ്ക്ക് മറുകൊല, 2021-ല്‍ ആലപ്പുഴയില്‍ നടന്നതിന് സമാനമായിരുന്നു 2022 ഏപ്രില്‍ 15-നും 16-നും പാലക്കാട് അരങ്ങേറിയ രണ്ട് കൊലപാതകങ്ങള്‍.

പാലക്കാട് എലപ്പുള്ളിയിലാണ് ഏപ്രില്‍ 15-ാം തീയതി എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സുബൈറിനെ ആര്‍.എസ്.എസ്. സംഘം വെട്ടിക്കൊന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാറിടിച്ച് വീഴ്ത്തി പിതാവിന്റെ കണ്മുന്നിലിട്ടാണ് സുബൈറിനെ വെട്ടിക്കൊന്നത്. ഈ സംഭവത്തിന്റെ നടുക്കം മാറുംമുമ്പേ പിറ്റേദിവസം പാലക്കാട് മേലാമുറിയില്‍ ആര്‍.എസ്.എസ്. നേതാവായ ശ്രീനിവാസനും കൊല്ലപ്പെട്ടു.

സുബൈര്‍, ശ്രീനിവാസന്‍

എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊന്നത്. 2021-ലെ സഞ്ജിത് വധത്തിന്റെ പ്രതികാരമായിരുന്നു സുബൈറിന്റെ കൊലപാതകം. സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ വകവരുത്തിയത്. രണ്ടുകേസിലുമായി ഒട്ടേറെ എസ്.ഡി.പി.ഐ, ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

പാലക്കാട്ടെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം...

2022 ഓഗസ്റ്റ് 14-നാണ് സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാനെ വെട്ടിക്കൊന്നത്. രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു എഫ്.ഐ.ആര്‍. അതേസമയം, ഷാജഹാന്‍ വധത്തിന് പിന്നാലെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളും ശക്തമായിരുന്നു. ഷാജഹാനെ കൊലപ്പെടുത്തിയവര്‍ ആര്‍.എസ്.എസുകാരാണെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. അതേസമയം, പ്രതികള്‍ സി.പി.എമ്മുകാരാണെന്നും സിപിഎമ്മിലെ വിഭാഗീയതയാണ് കൊലപാതകത്തിന് കാരണമായതെന്നും ബിജെപിയും ആരോപിച്ചിരുന്നു.

കണ്ണൂരില്‍ വിവാഹത്തിനിടെ ബോംബ് സ്ഫോടനം

അതിരുവിടുന്ന വിവാഹാഘോഷങ്ങള്‍ അക്രമത്തില്‍ കലാശിക്കുന്നതിന്റെ ഉദാഹരണമായിരുന്നു കണ്ണൂര്‍ തോട്ടടയിലെ ബോംബ് സ്ഫോടനം. 2022 ഫെബ്രുവരി 13-നാണ് തോട്ടടയിലെ കല്യാണവീട്ടിലേക്ക് വരനും വധുവും വരുന്നതിനിടെ ബോംബ് സ്ഫോടനമുണ്ടായി ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണു(26) കൊല്ലപ്പെട്ടത്.

കണ്ണൂര്‍ തോട്ടടയില്‍ ബോംബ് സ്‌ഫോടനമുണ്ടായ സ്ഥലം. ഇന്‍സെറ്റില്‍ കൊല്ലപ്പെട്ട ജിഷ്ണു.

തലേദിവസം വിവാഹവീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി, പ്രതികാരമെന്നോണമാണ് വരന്റെ സുഹൃത്തുക്കളായ ഒരുസംഘം ബോംബുമായി വിവാഹസ്ഥലത്തെത്തിയത്. തുടര്‍ന്ന് വിവാഹപാര്‍ട്ടി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ എതിര്‍സംഘത്തിന് നേരേ ബോംബ് എറിയുകയും ഇത് ലക്ഷ്യംതെറ്റി ഇതേസംഘത്തിലെ ജിഷ്ണുവിന് മേല്‍ പതിക്കുകയുമായിരുന്നു. സംഭവത്തിലെ പ്രതികളെയെല്ലാം പോലീസ് പിന്നീട് പിടികൂടി.

നാട്ടുവൈദ്യന്റെ കൊലപാതകം; ദുരൂഹമായി അബുദാബിയിലെ മരണങ്ങളും

ഒന്നരവര്‍ഷത്തോളം അതീവരഹസ്യമായി സൂക്ഷിച്ച ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞ വര്‍ഷമായിരുന്നു 2022. മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷരീഫിനെ തടവില്‍പാര്‍പ്പിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ എറിഞ്ഞെന്ന വിവരം പുറത്തറിഞ്ഞത് 2022 മെയ് ആദ്യവാരമായിരുന്നു. നിലമ്പൂരിലെ വ്യവസായിയായ ഷൈബിന്‍ അഷ്‌റഫാണ് കേസിലെ മുഖ്യപ്രതി.

മൂലക്കുരു ഒറ്റമൂലി കൈക്കലാക്കാനായാണ് 2019-ല്‍ ഷൈബിനും സംഘവും വൈദ്യനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നത്. ഒറ്റമൂലി രഹസ്യം സ്വന്തമാക്കി, ഇതിലൂടെ പണം സമ്പാദിക്കാമെന്നായിരുന്നു കണക്കുക്കൂട്ടല്‍. ഇതിനായി വൈദ്യനെ നിലമ്പൂരില്‍ ഷൈബിന്റെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ചു. എന്നാല്‍ നിരന്തരം മര്‍ദനമേറ്റിട്ടും വൈദ്യന്‍ ഒറ്റമൂലി വെളിപ്പെടുത്തിയില്ല. ഇതിനിടെ കൊടിയ മര്‍ദനമേറ്റ് വൈദ്യന്‍ മരിച്ചുവീണു. തുടര്‍ന്ന് ഷൈബിനും സംഘവും മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി എടവണ്ണ പാലത്തില്‍നിന്ന് പുഴയില്‍ വലിച്ചെറിയുകയായിരുന്നു.

ഷൈബിന്‍

2022 ഏപ്രിലില്‍ ഷൈബിന്റെ കൂട്ടുപ്രതികളായ ചിലര്‍ തിരുവനന്തപുരത്ത് നടത്തിയ ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് നാട്ടുവൈദ്യന്റെ കൊലപാതകവിവരം പുറത്തറിയുന്നത്. ഷൈബിനില്‍നിന്ന് ഭീഷണിയുണ്ടായിരുന്ന ഇവര്‍ എല്ലാവിവരങ്ങളും പോലീസിന് കൈമാറി. ഇതോടെ പോലീസ് ഷൈബിന്‍ അഷ്‌റഫിനെയും കേസില്‍ ഉള്‍പ്പെട്ട മറ്റുപ്രതികളെയും പിടികൂടി. റിട്ട എസ്.ഐയും ഷൈബിന്റെ ഭാര്യയും കേസിലെ പ്രതികളായി. നാട്ടുവൈദ്യന്റെ കൊലപാതകത്തിന് പിന്നാലെ അബുദാബിയിലെ രണ്ട് മരണങ്ങളിലും വയനാട്ടിലെ യുവാവിന്റെ മരണത്തിലും ഷൈബിനെതിരേ ആരോപണമുയര്‍ന്നു. അബുദാബിയില്‍ ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസ്, സഹപ്രവര്‍ത്തകയായ ചാലക്കുടി സ്വദേശി ഡെന്‍സി എന്നിവരുടെ മരണത്തിലാണ് പരാതിയുയര്‍ന്നത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ കൊലപാതകമാണെന്ന നിഗമനത്തിലെത്തി. ഈ രണ്ടുകേസുകളിലും സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം...

വ്‌ളോഗറും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ റിഫ മെഹ്നുവിനെ 2022 മാര്‍ച്ച് ഒന്നാം തീയതിയാണ് ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവ് മെഹ്നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിന് കാരണമായതെന്നും പരാതി ഉയര്‍ന്നു. ഇതോടെ നാട്ടില്‍ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

റിഫ

മെഹ്നാസില്‍നിന്ന് റിഫയ്ക്ക് നേരിടേണ്ടിവന്ന ഉപദ്രവങ്ങളുടെ തെളിവുകളും പുറത്തുവന്നു. റിഫയുടെ ഒട്ടേറെ ശബ്ദസന്ദേശങ്ങളില്‍ ഭര്‍ത്താവില്‍നിന്നുള്ള പീഡനത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. കേസില്‍ 2022 ഓഗസ്റ്റ് 22-ന് മെഹ്നാസിനെ പോലീസ് അറസ്റ്റ് ചെയ്തു.

Content Highlights: major crimes and murders in kerala 2022

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented