ഗീതാഞ്ജലിയുടെ ടോംബ് ഓഫ് സാന്‍ഡിന് അന്താരാഷ്ട്ര ബുക്കര്‍; 2022ലെ പ്രധാന പുരസ്‌കാരങ്ങള്‍


By തയ്യാറാക്കിയത്: അശ്വര ശിവന്‍

8 min read
Read later
Print
Share

ബുക്കർ സമ്മാനവുമായി ഗീതാഞ്ജലി ശ്രീ ഫോട്ടോ: എ.പി

2022ല്‍ പ്രധാനപ്പെട്ട പുരസ്കാരങ്ങള്‍ നേടിയവര്‍ ഇവരാണ്..

സാഹിത്യം

ജെ.സി.ബി. അവാര്‍ഡ്

സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി.ബി. പുരസ്‌കാരം ലഭിച്ചത് ഉറുദു എഴുത്തുകാരന്‍ ഖാലിദ് ജാവേദിന്.
'നിമത് ഖാനാ' (ദിന പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലിനാണ് ബഹുമതി. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്തത് ബാരണ്‍ ഫാറൂഖിയാണ്. 25 ലക്ഷവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഇന്ത്യക്കാരിയായ ഗീതാഞ്ജലി ശ്രീക്കാണ് ലഭിച്ചത്. പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഹിന്ദി എഴുത്തുകാരിയാണിവര്‍. നോവല്‍: ടോംബ് ഓഫ് സാന്‍ഡ് (Tomb of sand). 2018ല്‍ 'റേത്ത് സമാധി' എന്ന പേരില്‍ ഹിന്ദിയിലാണ് നോവല്‍ പുറത്തിറങ്ങിയത്. പരിഭാഷ: യു.എസ്. എഴുത്തുകാരി ഡെയ്സി റോക്ക്വെല്‍. ഭര്‍ത്താവ് മരിച്ചതോടെ വിഷാദത്തിലേക്ക് വഴുതിവീണ സ്ത്രീ പാകിസ്താനിലേക്ക് യാത്രചെയ്യാന്‍ തീരുമാനിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഇംഗ്ലീഷില്‍ എഴുതിയതോ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയയോ ആയ കൃതികള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്. 50,000 പൗണ്ട് (ഏകദേശം 49 ലക്ഷം രൂപ) ആണ് സമ്മാനത്തുക.

ബുക്കര്‍ സമ്മാനം

യു.കെ.യില്‍ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് നോവലുകള്‍ക്കുള്ള ബുക്കര്‍ പുരസ്‌കാരം ലഭിച്ചത് ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെക്ക്. 'ദ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ' എന്ന നോവലിനാണ് പുരസ്‌കാരം. കരുണതിലകെയുടെ രണ്ടാമത്തെ നോവലാണിത്. 'ചൈനാമാന്‍: ദ ലെജന്‍ഡ് ഓഫ് പ്രദീപ് മാത്യു' ആണ് ആദ്യനോവല്‍.

കമ്പാനിയന്‍ ഓഫ് ഓണര്‍

കല, ശാസ്ത്രം, വൈദ്യശാസ്ത്രം, ഭരണം തുടങ്ങിയ മേഖലകളില്‍ നല്‍കിയ ദീര്‍ഘകാലസംഭാവനകള്‍ കണക്കിലെടുത്ത് ബ്രിട്ടന്‍ നല്‍കുന്ന അപൂര്‍വബഹുമതിയായ കമ്പാനിയന്‍ ഓഫ് ഓണര്‍, ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് ലഭിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരജേതാവ്: സേതു. 'ചേക്കുട്ടി' എന്ന നോവലിനാണ് അംഗീകാരം.
യുവപുരസ്‌കാരം നേടിയത്: അനഘ ജെ. കോലത്ത്. 'മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

ഓടക്കുഴല്‍ അവാര്‍ഡ്

2021-ലെ ഓടക്കുഴല്‍ പുരസ്‌കാരം സാറാ ജോസഫിന്റെ 'ബുധിനി' എന്ന നോവലിനാണ് ലഭിച്ചത്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്.

തകഴി സാഹിത്യ പുരസ്‌കാരം

2021-ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ഡോ. എം. ലീലാവതി. തകഴി സ്മാരക സമിതിയാണ്, 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം നല്‍കുന്നത്.

ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം

ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയുടെ 2022-ലെ ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം കഥാകൃത്ത് ടി. പത്മനാഭനാണ് ലഭിച്ചത്. മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

2021-ലെ ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അരുണ്‍കുമാര്‍ അന്നൂരിന്റെ 'കലിനളന്‍' എന്ന കൃതിയും 2022-ലെ പുരസ്‌കാരത്തിന് അമൃതാ ദിനേശിന്റെ 'അമൃതഗീത' എന്ന കൃതിയും അര്‍ഹമായി.

വയലാര്‍ അവാര്‍ഡ്

വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റിന്റെ വയലാര്‍ സാഹിത്യ പുരസ്‌കാരം എസ്. ഹരീഷ് എഴുതിയ 'മീശ' എന്ന നോവലിന് ലഭിച്ചു. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പനചെയ്ത വെങ്കലശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

എഴുത്തച്ഛന്‍ പുരസ്‌കാരം

സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയത് സേതു. എഴുത്തുകാരനെന്ന നിലയിലുള്ള സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

2021-ലെ പുരസ്‌കാര ജേതാക്കള്‍:

  • നോവല്‍: ആര്‍. രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത), വിനോയ് തോമസ് (പുറ്റ്)
  • കവിത: അന്‍വര്‍ അലി (മെഹബൂബ് എക്സ്പ്രസ്)
  • കഥ: ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവര്‍)
  • ജീവചരിത്രം/ആത്മകഥ: പ്രൊഫ. ടി.ജെ. ജോസഫ് (അറ്റുപോകാത്ത ഓര്‍മകള്‍), എം. കുഞ്ഞാമന്‍ (എതിര്)
  • യാത്രാവിവരണം: വേണു (നഗ്‌നരും നരഭോജികളും)
  • നാടകം: പ്രദീപ് മണ്ടൂര്‍ (നമുക്ക് ജീവിതം പറയാം)
  • സാഹിത്യവിമര്‍ശം: എന്‍. അജയകുമാര്‍ (വാക്കിലെ നേരങ്ങള്‍)
  • വൈജ്ഞാനിക സാഹിത്യം: ഡോ. ഗോപകുമാര്‍ ചോലയില്‍ (കാലാവസ്ഥാ വ്യതിയാനവും കേരളവും)
  • വിവര്‍ത്തനം: അയ്മനം ജോണ്‍ (ഷൂസേ സരമാഗുവിന്റെ കായേന്‍ എന്ന കൃതി)
  • ബാലസാഹിത്യം: രഘുനാഥ് പലേരി (അവര്‍ മൂവരും ഒരു മഴവില്ലും)
  • ഹാസസാഹിത്യം: ആന്‍ പാലി (അ ഫോര്‍ അന്നാമ്മ)
വീണപൂവ് ശതാബ്ദി സമ്മാനം

തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വീണപൂവ് ശതാബ്ദി സമ്മാനം, കെ. ജയകുമാറിന്റെ 'വീണപൂവ്: വിത്തും വൃക്ഷവും' എന്ന പഠനഗ്രന്ഥത്തിന് ലഭിച്ചു. ആശാന്‍ കവിതാനിരൂപണത്തിനുള്ള പുരസ്‌കാരമാണിത്.

പി. സാഹിത്യ പുരസ്‌കാരം

മഹാകവി പി സ്മാരക സാഹിത്യ പുരസ്‌കാരം കവി പി. രാമന് ലഭിച്ചു.

സംഗീതം

64-ാം ഗ്രാമി പുരസ്‌കാരം

  • മികച്ച സംഗീത ആല്‍ബം: ജോണ്‍ ബാട്ടിസ്റ്റിന്റെ 'വീ ആര്‍' (ഇതുള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ ജോണ്‍ ബാട്ടിസ്റ്റ് നേടി.)
  • മികച്ച ഗാനം: സില്‍ക്ക് സോണിക്കിന്റെ 'ലീവ് ദ ഡോര്‍ ഓപ്പണ്‍'.
  • മികച്ച പുതുമുഖതാരം: ഒലീവിയ റോഡ്രിഗോ.
  • യു.എസിന്റെ ഇന്ത്യന്‍ സംഗീതസംവിധായകന്‍ റിക്കി കെജ് മികച്ച 'ന്യൂ ഏജ്' ആല്‍ബം എന്ന വിഭാഗത്തില്‍ പുരസ്‌കാരം നേടി. 'ഡിവൈന്‍ ടൈഡ്സ്' എന്ന ആല്‍ബത്തിനാണ് അംഗീകാരം.
  • കുട്ടികള്‍ക്കുള്ള മികച്ച ആല്‍ബമായി ഇന്ത്യന്‍ അമേരിക്കന്‍ ഗായിക ഫാല്‍ഗുണി ഷായുടെ 'എ കളര്‍ഫുള്‍ വേള്‍ഡ്' തിരഞ്ഞെടുക്കപ്പെട്ടു.
ഹരിവരാസനം

സംസ്ഥാനസര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നല്‍കുന്ന ഹരിവരാസനം പുരസ്‌കാരം 2022-ല്‍ ആലപ്പി രംഗനാഥിന് ലഭിച്ചു.

കെ. രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം

2022-ലെ, കെ. രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം നേടിയത്: പി. ജയചന്ദ്രന്‍.

പദ്മ പുരസ്‌കാരങ്ങള്‍

പദ്മവിഭൂഷണ്‍ (നാലുപേര്‍ക്ക്)

  • പ്രഭാ ആത്രെ: മഹാരാഷ്ട്രയില്‍നിന്നുള്ള ഹിന്ദുസ്ഥാനിസംഗീതജ്ഞ
  • ജനറല്‍ ബിപിന്‍ റാവത്ത്: അന്തരിച്ച മുന്‍ സംയുക്തസേനാമേധാവി
  • കല്യാണ്‍ സിങ്: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി, ബി.ജെ.പി. നേതാവ്
  • രാധേശ്യാം ഖേംക: ഗൊരഖ്പുരിലെ ഗീതാ പ്രസ് ട്രസ്റ്റിന്റെ മേധാവിയായിരുന്നു.
(പ്രഭ ആത്രെ ഒഴികെയുള്ളവര്‍ക്ക് മരണാനന്തരബഹുമതിയായാണ് പദ്മവിഭൂഷണ്‍ ലഭിച്ചത്.)

പദ്മഭൂഷണ്‍ (17 പേര്‍ക്ക്)

  • ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, ബംഗാളി ചലച്ചിത്രതാരം വിക്ടര്‍ ബാനര്‍ജി, പഞ്ചാബി ഗായിക ഗുര്‍മീത് ബാവ, ടാറ്റാ ഗ്രൂപ്പ് ചെയര്‍പേഴ്സന്‍ നടരാജന്‍ ചന്ദ്രശേഖരന്‍, ഭാരത് ബയോടെക്കിന്റെ മേധാവികളായ കൃഷ്ണ എല്ല, സുചിത്ര എല്ല, ഇന്തോ-അമേരിക്കന്‍ അഭിനേത്രി മഥുര്‍ ജാഫ്രി, ഹിന്ദുസ്ഥാനിഗായകന്‍ റഷീദ് ഖാന്‍, മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് മെഹര്‍ഷി, മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല, ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചെ, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടര്‍ സൈറസ് പൂണെവാല, ഇന്ത്യന്‍ വംശജനായ മെക്‌സിക്കന്‍ ശാസ്ത്രജ്ഞന്‍ സഞ്ജയ രാജാറാം, പാരാലിമ്പിക് ജാവലിന്‍ ത്രോ താരം ദേവേന്ദ്ര ജജാരിയ, ഒഡിയ സാഹിത്യകാരി പ്രതിഭാ റായ്, ആത്മീയാചാര്യന്‍ സ്വാമി സച്ചിദാനന്ദ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രൊഫസര്‍ വശിഷ്ഠ് ത്രിപാഠി.
പദ്മശ്രീ (107 പേര്‍ക്ക്)

മലയാളികള്‍

  • പി. നാരായണക്കുറുപ്പ്: കവി, വിദ്യാഭ്യാസവിചക്ഷണന്‍
  • ഡോ. ശോശാമ്മാ ഐപ്പ്: മൃഗസംരക്ഷണം (വെച്ചൂര്‍ പശുവിന്റെ സംരക്ഷണത്തിനായി പ്രയത്‌നിച്ചു)
  • ശങ്കരനാരായണ മേനോന്‍ ചുണ്ടയില്‍: കളരി ആചാര്യന്‍
  • കെ.വി. റാബിയ: സാക്ഷരതാരംഗത്ത് ശ്രദ്ധേയയായ മലപ്പുറത്തെ സാമൂഹികപ്രവര്‍ത്തക.
ശാസ്ത്രം

ഫീല്‍ഡ്സ് മെഡല്‍

ഗണിതശാസ്ത്ര നൊബേല്‍ എന്നാണ് ഫീല്‍ഡ്സ് മെഡലിന്റെ വിശേഷണം
ജേതാക്കള്‍: മരിന വിയസോവ്സ്‌ക (യുക്രൈന്‍), യൂഗോ ഡുമിനില്‍കോപിന്‍ (ഫ്രാന്‍സ്), ജൂണ്‍ ഹുഹ് (കൊറിയന്‍ അമേരിക്കന്‍), ജെയിംസ് മെയ്നാഡ് (ബ്രിട്ടന്‍)
40 വയസ്സില്‍ത്താഴെയുള്ള ഗണിതശാസ്ത്രപ്രതിഭകള്‍ക്ക് നാലുവര്‍ഷത്തിലൊരിക്കലാണ് ഫീല്‍ഡ്സ് മെഡല്‍ സമ്മാനിക്കുക. ടൊറന്റോ സര്‍വകലാശാലയില്‍ കനേഡിയന്‍ ഗണിതശാസ്ത്രജ്ഞനായ ജെ.സി. ഫീല്‍ഡ്സ് സ്ഥാപിച്ച ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ യൂണിയനാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. പുരസ്‌കാരത്തിന്റെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ജേതാവാകുന്ന രണ്ടാമത്തെ വനിതയാണ് മരിന വിയസോവ്സ്‌ക.

അന്തരീക്ഷ ശാസ്ത്ര-സാങ്കേതികവിദ്യാ പുരസ്‌കാരം

ഭൗമശാസ്ത്രമന്ത്രാലയത്തിന്റെ 2022-ലെ അന്തരീക്ഷ ശാസ്ത്ര-സാങ്കേതികവിദ്യാ പുരസ്‌കാരജേതാവ്: ഡോ. കെ. മോഹന്‍കുമാര്‍

ആബേല്‍ പുരസ്‌കാരം

2022-ലെ ആബേല്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍ ഡെന്നിസ് പാര്‍നല്‍ സള്ളിവന്‍ അര്‍ഹനായി. ഗണിതശാസ്ത്രമേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് നോര്‍വെ സര്‍ക്കാര്‍ എല്ലാവര്‍ഷവും നല്‍കുന്ന രാജ്യാന്തരപുരസ്‌കാരമാണ് ആബേല്‍ പുരസ്‌കാരം.

സൈനിക ബഹുമതികള്‍

  • ജമ്മു-കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മലയാളിസൈനികന്‍ നായിബ് സുബേദാര്‍ എം. ശ്രീജിത്ത് ഉള്‍പ്പെടെ 12 പേര്‍ക്ക് ശൗര്യചക്ര.
  • ജമ്മു-കശ്മീര്‍ പോലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബാബുറാമിന് മരണാനന്തരബഹുമതിയായി അശോകചക്ര.
  • 2021 ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് പരമവിശിഷ്ടസേവാ മെഡല്‍.
കേരളപുരസ്‌കാരം

കേന്ദ്രസര്‍ക്കാരിന്റെ പദ്മപുരസ്‌കാരമാതൃകയില്‍ സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് കേരളപുരസ്‌കാരം. വിവിധ മേഖലകളിലെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്. ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നില്ല.

പ്രഥമ കേരളപുരസ്‌കാരം നേടിയവര്‍

  • കേരളജ്യോതി: എം.ടി. വാസുദേവന്‍ നായര്‍
  • കേരളപ്രഭ: മമ്മൂട്ടി, എഴുത്തുകാരന്‍ ഓംചേരി എന്‍.എന്‍. പിള്ള, മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ആദിവാസിക്ഷേമപ്രവര്‍ത്തകനുമായ ടി. മാധവമേനോന്‍
  • കേരളശ്രീ: ശില്‍പി കാനായി കുഞ്ഞിരാമന്‍, ശാസ്ത്രജ്ഞനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകനേതാവുമായ എം.പി. പരമേശ്വരന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ജീവശാസ്ത്രഗവേഷകന്‍ ഡോ, സത്യഭാമാ ദാസ് ബിജു, ഗായിക വൈക്കം വിജയലക്ഷ്മി.
പുലിറ്റ്‌സര്‍

അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം തവണയും പുലിറ്റ്സര്‍ ലഭിച്ചു. ഇന്ത്യയിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് പകര്‍ത്തിയ ചിത്രങ്ങള്‍ക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

ഫോട്ടോ ഫീച്ചര്‍ വിഭാഗത്തില്‍ ഡാനിഷ് സിദ്ധിഖിക്ക് പുറമെ ഇന്ത്യക്കാരായ അദ്‌നാന്‍ അബീദി, സന ഇര്‍ഷാദ്, അമിത് ദവെ എന്നിവരും പുലിറ്റ്സറിനര്‍ഹരായി. മൂവരും റോയിട്ടേഴ്സിലെ ഫോട്ടോ ജേണലിസ്റ്റുകളാണ്. 2021-ലെ വാഷിങ്ടണ്‍ കലാപം റിപ്പോര്‍ട്ടുചെയ്തതിന് ദ വാഷിങ്ടണ്‍ പോസ്റ്റിനാണ് പബ്ലിക് സര്‍വീസ് വിഭാഗത്തില്‍ പുരസ്‌കാരം.

ലോകസുന്ദരി 2021

മിസ് വേള്‍ഡ് മത്സരത്തിന്റെ 70-ാം എഡിഷനാണ് മാര്‍ച്ച് 16-ന് പ്യൂര്‍ട്ടൊറീക്കോയില്‍ നടന്നത്. 97 രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു.

  • വിജയി: കരോലിന ബീലാവ്സ്‌ക (പോളണ്ട്)
  • റണ്ണര്‍ അപ്പ്: ശ്രീ സെയ്നി (യു.എസ്.). ഇന്ത്യന്‍ വംശജയാണ്.
വനിതാരത്‌നപുരസ്‌കാരം

ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന, സംസ്ഥാനസര്‍ക്കാരിന്റെ വനിതാരത്‌നപുരസ്‌കാരം നേടിയവര്‍

  • ശാന്താ ജോസ്: തിരുവനന്തപുരം ആര്‍.സി.സി.യിലെ രോഗികള്‍ക്ക് സഹായമായ 'ആശ്രയ' എന്ന സംഘടനയുടെ സ്ഥാപക.
  • വൈക്കം വിജയലക്ഷ്മി: പിന്നണിഗായിക
  • ഡോ. യു.പി.വി. സുധ: പ്രതിരോധമന്ത്രാലത്തിനുകീഴിലുള്ള ബെംഗളൂരുവിലെ എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയില്‍ റിസര്‍ച്ച് അസോസിയേറ്റ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനം, പൈലറ്റില്ലാത്ത സ്ട്രൈക്ക് എയര്‍ക്രാഫ്റ്റ് വെഹിക്കിള്‍ എന്നിവയുടെ രൂപകല്പനയില്‍ പ്രധാന പങ്കുവഹിച്ചു.
  • ഡോ. സുനിതാ കൃഷ്ണന്‍: മനുഷ്യാവകാശപ്രവര്‍ത്തക.
സ്ത്രീശാക്തീകരണ പുരസ്‌കാരം

നിതി ആയോഗിന്റെ അഞ്ചാമത് 'വിമന്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ' പുരസ്‌കാരം കേരളത്തില്‍നിന്ന് രണ്ടുപേര്‍ക്കാണ് ലഭിച്ചത്.

  • അഞ്ജു ബിഷ്ട്: ആദ്യമായി, വാഴനാരുപയോഗിച്ച്, പുനരുപയോഗിക്കാവുന്ന സാനിറ്ററി പാഡുകള്‍ നിര്‍മിച്ചു. സൗഖ്യം റീയൂസബിള്‍ പാഡ് എന്നാണ് സംരംഭത്തിന്റെ പേര്. കൊല്ലത്തെ അമൃത സെര്‍വ് എന്ന സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. പാഡ് വുമണ്‍ ഓഫ് ഇന്ത്യ എന്നാണ് അറിയപ്പെടുന്നത്.
  • ആര്‍ദ്ര ചന്ദ്രമൗലി: തിരുവനന്തപുരത്തെ എയ്ക ബയോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ സ്ഥാപക. ഇന്ത്യയില്‍ പൂര്‍ണമായും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ പരിസ്ഥിതി, ബയോടെക് കമ്പനിയാണ് എയ്ക.
നോബല്‍ സമ്മാനം

വൈദ്യശാസ്ത്രം

സ്വീഡിഷ് ജനിതകശാസ്ത്രജ്ഞനായ സ്വാന്തേ പേബോയാണ് 2022-ലെ വൈദ്യശാസ്ത്ര നൊബേല്‍ നേടിയത്. മനുഷ്യപരിണാമത്തിന്റെ ജനിതകരഹസ്യങ്ങള്‍ ചുരുളഴിക്കാന്‍ ശ്രമിച്ചതിനാണ് പുരസ്‌കാരം. മനുഷ്യവര്‍ഗമായ ഹോമോസാപ്പിയനുകളുടെ ഏറ്റവുമടുത്ത പൂര്‍വികരായ നിയാണ്ടര്‍താലുകളുടെ ജനിതകഘടന വിവരിച്ചു. മനുഷ്യപരിണാമചരിത്രത്തില്‍ ഡെനിസോവ എന്നൊരു വര്‍ഗംകൂടിയുണ്ടായിരുന്നുവെന്നും അദ്ദേഹം കണ്ടെത്തി. ആധുനികമനുഷ്യര്‍ ഇപ്പോള്‍ നിലവിലില്ലാത്ത നിയാണ്ടര്‍താലുകളുമായും ഡെനിസോവകളുമായും ഒരുമിച്ച് ജീവിക്കുകയും ഇണചേരുകയും ചെയ്തതിന്റെ ഫലമായി ജനിതകകൈമാറ്റമുണ്ടായെന്നും അവരില്‍നിന്ന് ലഭിച്ച ജീനുകള്‍ നമ്മുടെ രോഗപ്രതിരോധശേഷിപോലുള്ള സ്വഭാവങ്ങളെ സ്വാധീനിക്കുന്നുവെന്നും കണ്ടെത്തി. വംശനാശം സംഭവിച്ച ജീവിവര്‍ഗങ്ങളുടെ ജനിതകഘടന പുനര്‍നിര്‍മിച്ച് വിശകലനംചെയ്യുന്ന പാലിയോജീനോമിക്‌സ് എന്ന ശാസ്ത്രശാഖയ്ക്ക് തുടക്കംകുറിച്ചവരില്‍ പ്രധാനിയാണ് സ്വാന്തേ പേബോ.

രസതന്ത്രം

അമേരിക്കക്കാരായ കരോലിന്‍ ആര്‍. ബെര്‍ട്ടോസി, കെ. ബാരി ഷാര്‍പ്പ്ലെസ്, ഡാനിഷ് ശാസ്ത്രജ്ഞനായ മോര്‍ട്ടന്‍ മെല്‍ഡല്‍ എന്നിവര്‍ നേടി. പ്രായോഗിക രസതന്ത്രശാഖകളായ ക്ലിക് കെമിസ്ട്രിയുടെയും ബയോ ഓര്‍ത്തഗണല്‍ കെമിസ്ട്രിയുടെയും പിറവിക്കും വളര്‍ച്ചയ്ക്കും കാരണമായതാണ് ഇവരുടെ നേട്ടം. രസതന്ത്രത്തിലെ പുതിയ മേഖലയാണ് ക്ലിക് കെമിസ്ട്രി. പരസ്പരം ഇണങ്ങുന്ന രണ്ടു തന്മാത്രകളെ കാര്യക്ഷമമായും വേഗത്തിലും കൂട്ടിച്ചേര്‍ക്കുന്ന വിദ്യയാണ് ക്ലിക് കെമിസ്ട്രി. മരുന്നുനിര്‍മാണത്തിലാണ് ഇത് ഏറ്റവുമധികം ഉപകാരപ്പെടുന്നത്. ബാരി ഷാര്‍പ്പ്ലെസും മോര്‍ട്ടന്‍ മെല്‍ഡലുമാണ് ഈ രീതി വികസിപ്പിച്ചത്. ക്ലിക് കെമിസ്ട്രിയെ ജീവകോശത്തിലും പ്രാവര്‍ത്തികമാക്കാമെന്നു തെളിയിച്ചത് കരോലിന്‍ ആര്‍. ബെര്‍ട്ടോസിയാണ്. ഇതിന്റെ പേരാണ് ബയോ ഓര്‍ത്തഗണല്‍ രാസപ്രവര്‍ത്തനം.

ഭൗതികശാസ്ത്രം

ഫ്രാന്‍സില്‍നിന്നുള്ള അലെയ്ന്‍ അസ്പെക്ട്, അമേരിക്കക്കാരനായ ജോണ്‍ ക്ലോസര്‍, ഓസ്ട്രിയക്കാരനായ ആന്റണ്‍ സായ്ലിങര്‍ എന്നിവര്‍ക്കാണ് ഭൗതികശാസ്ത്രത്തിലെ നൊബേല്‍. ആബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ 'പ്രേതപ്രഭാവം' എന്ന് വിശേഷിപ്പിച്ച ക്വാണ്ടം എന്‍ടാംഗിള്‍മെന്റ് എന്ന പ്രതിഭാസത്തെക്കുറിച്ച് നല്‍കിയ വിവരങ്ങളാണ് ഇവരെ പുരസ്‌കാരനേട്ടത്തിനര്‍ഹരാക്കിയത്. നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത ഫോട്ടോണ്‍ പോലെയുള്ള മൗലികകണങ്ങള്‍ അകലത്താണെങ്കിലും പരസ്പരബന്ധിതമാണ് എന്നതാണ് ക്വാണ്ടം എന്‍ടാംഗിള്‍മെന്റ്. ഇവര്‍ പരീക്ഷണത്തിനായി വികസിപ്പിച്ച ഉപകരണങ്ങള്‍ ക്വാണ്ടം സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിന് അടിത്തറയിടാന്‍ കാരണമായി.

സമാധാനം

ബെലാറസില്‍നിന്നുള്ള അലെസ് ബിയാലിയാറ്റ്സ്‌കി എന്ന മനുഷ്യാവകാശപ്രവര്‍ത്തകനും റഷ്യയിലെ മെമ്മോറിയല്‍, യുക്രൈനിലെ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നീ സംഘടനകള്‍ക്കുമാണ് ഈവര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം.
ബെലാറസിലെ ഭരണകൂടം ജയിലിലടച്ചിരിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകനാണ് ബിയാലിയാറ്റ്സ്‌കി. 1987-ലാണ് അന്നത്തെ സോവിയറ്റ് യൂണിയനില്‍ മനുഷ്യാവകാശസംഘടനയായ മെമ്മോറിയല്‍ രൂപംകൊണ്ടത്. മുന്‍ നൊബേല്‍ ജേതാവ് ആന്ദ്രെ സാഖറോവ്, മനുഷ്യാവകാശപ്രവര്‍ത്തക സ്വെറ്റ്ലെന ഗാനുഷ്‌കിന എന്നിവരാണ് നേതൃത്വം നല്‍കിയത്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ 2007-ലാണ് സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് സ്ഥാപിക്കപ്പെട്ടത്.യുക്രൈനെ സമ്പൂര്‍ണ ജനാധിപത്യരാഷ്ട്രമാക്കിമാറ്റാനായി സര്‍ക്കാരിനുമേല്‍ സംഘടന നിരന്തരം സമ്മര്‍ദംചെലുത്തിയിരുന്നു.

സാഹിത്യം

സ്വന്തം അനുഭവങ്ങളിലൂടെ സാമൂഹികയാഥാര്‍ഥ്യങ്ങളെ വരച്ചുകാട്ടിയ ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണോയ്ക്കാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. അവരെഴുതിയ ഇരുപതിലേറെ പുസ്തകങ്ങള്‍ ഹ്രസ്വമായ തുറന്നെഴുത്തുകളാണ്. സാമൂഹികയാഥാര്‍ഥ്യങ്ങളെ തുറന്നെഴുതുന്നതിനും സൂക്ഷ്മമായി അനാവരണംചെയ്യുന്നതിനും ആനി എര്‍ണോ കാണിച്ച ധൈര്യത്തിനാണ് പരിഗണന ലഭിച്ചത്. ലെസ് ആര്‍മൊയേഴ്സ് വൈഡ്സ് (ക്ലീന്‍ ഔട്ട്), ഹാപ്പനിങ്, ദ ഇയേഴ്സ്, എ വുമണ്‍സ് സ്റ്റോറി, പൊസിഷന്‍സ്, സിംപിള്‍ പാഷന്‍സ്, പാഷന്‍ പെര്‍ഫെക്ട്, ഐ റിമെയ്ന്‍ ഇന്‍ ഡാര്‍ക്ക്നെസ്, എ ഫ്രോസണ്‍ വുമണ്‍, ഷെയിം, എ ഗേള്‍സ് സ്റ്റോറി എന്നിവയാണ് പ്രധാന കൃതികള്‍.

സാമ്പത്തികശാസ്ത്രം

ബെന്‍ എസ്. ബെര്‍നാങ്ക്, ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിബ്വിഗ് എന്നിവര്‍ക്കാണ് സാമ്പത്തികശാസ്ത്ര നൊബേല്‍ ലഭിച്ചത്. ബാങ്കുകളെക്കുറിച്ചുള്ള ജനങ്ങളുടെ മുന്‍വിധികളെ തിരുത്തുന്നതാണ് ഇവര്‍ നടത്തിയ അന്വേഷണം. സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ഇത് ഏറെ പ്രസക്തമാണ്.

യുനസ്‌കോ സമാധാന പുരസ്‌കാരം

യുനെസ്‌കോയുടെ 2022-ലെ സമാധാനപുരസ്‌കാരത്തിനര്‍ഹയായത്: ആംഗെല മെര്‍ക്കല്‍ (ജര്‍മന്‍ മുന്‍ ചാന്‍സലര്‍)

Content Highlights: major awards in 2022

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented