Photo: twitter.com/wplt20
മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ജയന്റ്‌സിനെ 143 റണ്‍സിനാണ് മുംബൈ തകര്‍ത്തുവിട്ടത്. 208 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 15.2 ഓവറില്‍ ഒമ്പത് വിക്കറ്റിന് 64 റണ്‍സിലൊതുങ്ങി. വെറും രണ്ട് പേര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കണ്ടത്.
11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത സയ്ക ഇഷാഖാണ് മുംബൈക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. നാറ്റ് സ്‌ക്രിവര്‍, അമേലിയ കെര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്തിന് ഒരു ഘട്ടത്തില്‍ പോലും വിജയത്തിലേക്ക് ഒന്ന് പൊരുതാന്‍ പോലുമായില്ല. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ബെത്ത് മൂണി (0) പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയതിനു പിന്നാലെ ഗുജറാത്ത് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 23 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദയാലന്‍ ഹേമലതയാണ് ഗുജറാത്തിനെ 50 കടത്തിയത്.
ഹര്‍ലീന്‍ ഡിയോള്‍ (0), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (0), സബ്ബിനെനി മേഘ്‌ന (2), അന്നബെല്‍ സതെര്‍ലാന്‍ഡ് (6), ജോര്‍ജിയ വരെഹാം (8), സ്‌നേഹ് റാണ (1), തനൂജ കന്‍വാര്‍ (0), മാന്‍സി ജോഷി (6), മോണിക്ക പട്ടേല്‍ (10) എന്നിങ്ങനെയാണ് ഗുജറാത്തിന്റെ ബാറ്റിങ് കാര്‍ഡ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് അടിച്ചെടുത്തിരുന്നു.
30 പന്തില്‍ നിന്ന് 14 ബൗണ്ടറിയടക്കം 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്.
31 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 47 റണ്‍സെടുത്ത ഓപ്പണര്‍ ഹയ്‌ലി മാത്യൂസും 24 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 45 റണ്‍സോടെ പുറത്താകാതെ നിന്ന അമേലിയ കെറും മുംബൈക്കായി തിളങ്ങി. നാറ്റ് സ്‌ക്രിവര്‍ 18 പന്തില്‍ നിന്ന് 23 റണ്‍സെടുത്തു. യസ്തിക ഭാട്ടിയ (1), പൂജ വസ്ത്രാക്കര്‍ (15) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഗുജറാത്തിനായി സ്‌നേഹ് റാണ രണ്ട് വിക്കറ്റ് നേടി.
Content Highlights: Womens Premier League 2023 Gujarat Giants vs Mumbai Indians Women
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..