Photo: PTI
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 60 റണ്‍സിന് തകര്‍ത്ത ഡല്‍ഹി, രണ്ടാം മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ 42 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.
ഡല്‍ഹി ഉയര്‍ത്തിയ 212 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന യുപിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും തിളങ്ങിയ ജെസ്സ് ജൊനാസ്സെനാണ് യുപിയെ തകര്‍ത്തത്.
50 പന്തില്‍ നിന്ന് നാല് സിക്‌സും 11 ഫോറുമടക്കം 90 റണ്‍സോടെ പുറത്താകാതെ നിന്ന തഹ്‌ലിയ മഗ്രാത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ യുപി നിരയില്‍ മറ്റാര്‍ക്കുമായില്ല. ആദ്യ മത്സരത്തിലെ ബാറ്റിങ് ഹീറോ ഗ്രേസ് ഹാരിസിന്റെ അഭാവവും ടീമിന് വിനയായി.
മഗ്രാത്തിനെ കൂടാതെ 17 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ ഹീലി, 21 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ദേവിക വൈദ്യ എന്നിവര്‍ക്ക് മാത്രമേ അല്‍പമെങ്കിലും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാനായുള്ളൂ.
ശ്വേത സെഹ്‌രാവത് (1), കിരണ്‍ നവ്ഗിരെ (2), ദീപ്തി ശര്‍മ (12) എന്നിവര്‍ നിരാശപ്പെടുത്തി. ഡല്‍ഹിക്കായി ജൊനാസ്സെന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന്റെ മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 200-ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഡല്‍ഹിക്കായി ലാന്നിങ് 42 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 10 ഫോറുമടക്കം 70 റണ്‍സെടുത്തു.
ഓപ്പണിങ് വിക്കറ്റില്‍ ഷഫാലി വര്‍മയെ കൂട്ടുപിടിച്ച് 6.3 ഓവറില്‍ 67 റണ്‍സടിച്ചുകൂട്ടാനും ലാന്നിങ്ങിനായി. ഷഫാലി 14 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ മാരിസാന്നെ കാപ്പിനും (16) സ്‌കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കാനായില്ല.
എന്നാല്‍ പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 67 റണ്‍സ് നേടിയ ജെമിമ റോഡ്രിഗ്‌സ് - ജെസ്സ് ജൊനാസ്സെന്‍ സഖ്യമാണ് ഡല്‍ഹി സ്‌കോര്‍ 200 കടത്തിയത്. ജെമിമ 22 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 34 റണ്‍സോടെയും ജൊനാസ്സെന്‍ വെറും 20 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 42 റണ്‍സോടെയും പുറത്താകാതെ നിന്നു. 10 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ആലിസ് കാപ്‌സിയാണ് പുറത്തായ മറ്റൊരു താരം.
യുപി വാരിയേഴ്‌സിനായി ഷബ്‌നിം ഇസ്മയ്ല്‍, രാജേശ്വരി ഗെയ്ക്‌വാദ്, തഹ്‌ലിയ മഗ്രാത്ത്, സോഫി എക്ലെസ്റ്റോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Womens Premier League 2023 Delhi Capitals beat UP Warriorz
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..