photo:twitter/Women's Premier League
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ഡല്‍ഹിയെ 105 റണ്‍സിന് എറിഞ്ഞിട്ട മുംബൈ 15 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. വനിതാ പ്രീമിയര്‍ ലീഗിലെ മുംബൈയുടെ മൂന്നാം വിജയമാണിത്. രണ്ട് വിജയങ്ങള്‍ കരസ്ഥമാക്കിയ ഡല്‍ഹിയുടെ ആദ്യ പരാജയം കൂടിയാണിത്.
ഡല്‍ഹി ഉയര്‍ത്തിയ 106 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് മുംബൈ അനായാസം ബാറ്റേന്തി. ഓപ്പണര്‍മാരായ യസ്തിക ഭാട്ടിയയും ഹയ്‌ലി മാത്യൂസും മുംബൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തകര്‍ത്തടിച്ചുകളിച്ച ഇരുവരും സ്‌കോര്‍ അമ്പത് കടത്തി. ടീം സ്‌കോര്‍ 65-ല്‍ നില്‍ക്കേ മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 32 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത യസ്തിക ഭാട്ടിയയെ താര നോറിസാണ് പുറത്താക്കിയത്.
പിന്നാലെ 32 റണ്‍സെടുത്ത ഹയ്‌ലി മാത്യൂസും പുറത്തായി. എന്നാല്‍ നാറ്റ് സിവര്‍ ബ്രണ്ടും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും മുംബൈയെ വിജയത്തിലെത്തിച്ചു. സിവര്‍ ബ്രണ്ട് 23 റണ്‍സെടുത്തും ഹര്‍മന്‍പ്രീത് കൗര്‍ 11 റണ്‍സെടുത്തും പുറത്താവാതെ നിന്നു.
നേരത്തേ ടോസ് കിട്ടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനം പാളുന്നതാണ് കാണാനായത്. ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങും ജെമീമ റോഡ്രിഗസുമൊഴികെ മറ്റാര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. 41 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത മെഗ് ലാന്നിങ്ങാണ് ഡല്‍ഹി നിരയിലെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ജെമീമ ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ സംഭാവന നല്‍കി.
ഷഫാലി വര്‍മ(2),ആലിസ് കാപ്‌സി(6), മരിസന്നെ കാപ്(2), ജൊനാസ്സന്‍(2), തനിയ ഭാട്ടിയ(4) എന്നിവര്‍ക്കാര്‍ക്കും രണ്ടക്കം കാണാനായില്ല. രാധ യാദവ് 10 റണ്‍സെടുത്തു. ഒടുവില്‍ 18 ഓവറില്‍ 105 റണ്‍സിന് ഡല്‍ഹി ഓള്‍ ഔട്ടായി.
മുംബൈ നിരയില്‍ സൈക ഇഷാഖ്, വോങ്, ഹയ്‌ലി മാത്യൂസ് എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു. പൂജ വസ്ട്രാക്കര്‍ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlights: Delhi Capitals Women vs Mumbai Indians Women
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..