സ്‌ട്രോക്ക് വന്നാല്‍ ജീവിതത്തിന്‍റെ അവസാനമല്ല; വൈദ്യശാസ്ത്രത്തിലുണ്ട് പുത്തന്‍ ചികിത്സാരീതികള്‍


ഡോ. ബോബി വര്‍ക്കി മാരമറ്റം

എന്ത് കാരണം കൊണ്ടാണ് രക്തസ്രാവം ഉണ്ടായത് എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്

പ്രതീകാത്മക ചിത്രം | Photo: canva.com/

തലച്ചോറിലേക്കുള്ള രക്തചംക്രമണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്ന അവസ്ഥയാണല്ലോ സ്‌ട്രോക്ക്. ഈ ഘട്ടത്തിലെത്തിയാല്‍ സ്വാഭാവികമായും തലച്ചോറിലെത്തേണ്ട ഓക്‌സിജനും പോഷകങ്ങളുമെല്ലാം തടസ്സപ്പൈടും. കോശങ്ങളില്‍ നിന്നുള്ള മാലിന്യനീക്കവും തകരാറിലാകും. അതീവ ഗൗരവതരമായ ഈ അവസ്ഥാവിശേഷത്തില്‍ നിന്ന് തലച്ചോറിനെ എത്രയും പെട്ടെന്ന് രക്ഷിച്ചെടുക്കുക എന്നതാണ് സ്‌ട്രോക്ക് ചികിത്സയുടെ ലക്ഷ്യം. സമയമാണ് സ്‌ട്രോക്കിന്റെ ചികിത്സയില്‍ ഏറ്റവും നിര്‍ണ്ണായകമായ ഘടകം. കൃത്യസമയത്ത് കൃത്യമായ ചികിത്സ ലഭിക്കുക എന്ന് പരമപ്രധാനമാണ്.

സമയത്തിന്റെ പ്രധാന്യംഗോള്‍ഡന്‍ അവര്‍ എന്നറിയപ്പെടുന്ന, സ്‌ട്രോക്ക് സംഭവിച്ചതിന് ശേഷമുള്ള ആദ്യ മണിക്കൂറുകളാണ് ഏറ്റവും നിര്‍ണ്ണായകം. ഈ സമയപരിധിക്കുള്ളില്‍ ചികിത്സ ആരംഭിച്ച് തുടങ്ങിയാല്‍ കൂടുതല്‍ ഫലപ്രദമായ റിസല്‍ട്ട് ലഭിക്കും. കൃത്യമായ ചികിത്സ ലഭ്യമാകാതെ വന്നാല്‍ ആറ് മുതല്‍ 12 മണിക്കൂര്‍ വരെയുള്ള സമയപരിധിക്കുള്ളിലാണ് കോശങ്ങള്‍ നശിച്ച് പോവുക.

ഇസ്‌കീമിക് സ്‌ട്രോക്ക് ചികിത്സാ രീതി

തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സം നേരിടുന്നതുകൊണ്ടുണ്ടാകുന്ന സ്‌ട്രോക്കാണ് ഇസ്‌കീമിക് സ്‌ട്രോക്ക്. രക്തക്കുഴലുകളിലെ തടസ്സം നീക്കി രക്തപ്രവാഹം സുഗമമാക്കുന്ന രീതിയാണ് ഇത്തരം സാഹചര്യങ്ങളില്‍ അനുവര്‍ത്തിക്കുന്നത്. ഇതിന് സ്വീകരിക്കുന്ന രീതികളിലൊന്നാണ് ത്രോംബോലൈറ്റിക് തെറാപ്പി. തടസ്സമുണ്ടാക്കിയ രക്തക്കട്ട അലിയിച്ച് കളയുന്ന രീതിയാണിത്. സ്‌ട്രോക്ക് സംഭവിച്ചതിന് ശേഷമുള്ള ആദ്യ നാല് മണിക്കൂറിനുള്ളിലാണ് ഈ ചികിത്സ നല്‍കേണ്ടത്. സമയം കഴിയും തോറും ഫലപ്രാപ്തി കുറഞ്ഞ് വരും. ചെറിയ തടസ്സങ്ങളും ഇടത്തരം വലുപ്പമുള്ള തടസ്സങ്ങളും നീക്കുവാന്‍ ത്രോംബോലൈറ്റിക് തെറാപ്പി ഫലപ്രദമാണ്.

ആര്‍.ടി.പി.എ. എന്ന വിഭാഗത്തില്‍ പെടുന്ന മരുന്നുകളാണ് ഇതിന് ഉപയോഗിക്കുന്നത്. സാധാരണയായി ഡ്രിപ്പ് വഴിയാണ് നല്‍കാറുള്ളത്. പ്രധാന രക്തധമനികളിലുള്ള തടസ്സമാണെങ്കില്‍ ധമനിയിലൂടെ കത്തീറ്റര്‍ കടത്തിവിട്ടും ചെയ്യാറുണ്ട്. ത്രോംബോലൈറ്റിക് തെറാപ്പിക്ക് ശേഷം വീണ്ടും രക്തക്കട്ടകള്‍ രൂപപ്പെടാതിരിക്കാന്‍ ആന്റി പ്ലേറ്റ്‌ലെറ്റ് തെറാപ്പി ചെയ്യാറുണ്ട്. ആസ്പിരിനാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. അതുപോലെ തന്നെ രക്തം നേര്‍പ്പിക്കാന്‍ ആന്റി കൊയാഗുലന്റ് മരുന്നുകളും നല്‍കാറുണ്ട്. ഹെപ്പാരിന്‍ ആണ് ഇതില്‍ പ്രധാനപ്പെട്ടത്. രോഗിക്ക് രക്തസ്രാവമുണ്ടാകുവാനുള്ള സാധ്യത പരിഗണിച്ച ശേഷമാണ് ഈ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത്.

തലച്ചോറിലേക്കുള്ള ധമനികളില്‍ തടസ്സം വരാന്‍ പ്രധാനകാരണമായ രക്തക്കട്ട നീക്കം ചെയ്യുന്ന രീതിയാണ് മെക്കാനിക്കല്‍ ത്രോംബെക്ടമി. രക്തക്കുഴലിലേക്ക് കത്തീറ്റര്‍ കടത്തിവിട്ട് രക്തക്കട്ട പുറത്തേക്ക് വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ചെറിയ രക്തക്കുഴലാണെങ്കില്‍ കത്തീറ്റര്‍ കടത്തി രക്തക്കട്ട പൊടിച്ചുകളയാറുമുണ്ട്. ചികിത്സ ചെയ്തശേഷം രക്തത്തിന്റെ ഒഴുക്ക് തടസ്സമില്ലാതെ നടക്കുന്നു എന്നുറപ്പ് വരുത്താന്‍ ചിലപ്പോള്‍ ആന്‍ജിയോഗ്രാം ആവശ്യമായി വരാറുണ്ട്.

തലച്ചോറിലേക്കുള്ള ധമനിയില്‍ തടസ്സമുണ്ടായ ഭാഗത്ത് സ്റ്റെന്റ് ഇട്ട് തടസ്സം ഒഴിവാക്കുന്നരീതിയാണ് കരോട്ടിഡ് സ്റ്റെന്റിംഗ്. സ്‌ട്രോക്ക് സംഭവിച്ച് ആറ് മണിക്കൂറിനുള്ളിലാണെങ്കില്‍ ആന്‍ജിയോഗ്രാം ചെയ്ത് തടസ്സം നീക്കം സ്റ്റെന്റ് നിക്ഷേപിക്കാനാകും. കഴുത്തിന്റെ വശങ്ങളിലൂടെ തലച്ചോറിലേക്ക് പോകുന്ന ധമനിയാണ് കരോട്ടിഡ് ധമനി. ഇതിലൂടെയാണ് കത്തീറ്റര്‍ സന്നിവേശിപ്പിക്കുന്നത്. തുടര്‍ന്ന് തടസ്സമുണ്ടായ ഭാഗത്ത് കത്തീറ്റര്‍ ഉപയോഗിച്ച് ബലൂണ്‍ വികസിപ്പിച്ച് ധമനി വികസിപ്പിക്കും. തുടര്‍ന്ന് അവിടെ സ്റ്റെന്റ് ഉറപ്പിച്ച് തടസ്സം ഒഴിവാക്കുന്നു. കരോട്ടിഡ് ധമനിയില്‍ തന്നെയാണ് തടസ്സമെങ്കില്‍ കരോട്ടിഡ് എന്‍ഡോടറെക്ടമി എന്ന രീതിയിലൂടെ ചെറിയ മുറിവ് സൃഷ്ടിച്ച് ബ്ലോക്ക് നീക്കം ചെയ്യാറുണ്ട്.

ഹെമറാജിക് സ്‌ട്രോക്ക് സംഭവിച്ചാല്‍

തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടുന്നത് മൂലമുണ്ടാകുന്ന സ്‌ട്രോക്കാണ് ഹെമറാജിക് സ്‌ട്രോക്ക്. ഇതില്‍ രക്തസ്രാവം നിയന്ത്രിക്കുകയാണ് ചികിത്സയിലെ ആദ്യ ഘട്ടം. എന്ത് കാരണം കൊണ്ടാണ് രക്തസ്രാവം ഉണ്ടായത് എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഇതിനായി ആന്‍ജിയോഗ്രാം ചെയ്ത് നോക്കും. മിക്കപ്പോഴും അമിത രക്തസമ്മര്‍ദ്ദമാകാം കാരണമാകുന്നത്. അതുകൊണ്ട് തന്നെ ബി.പി. നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള മരുന്നുകള്‍ നല്‍കും.

ഗുരുതരമായ രക്തസ്രാവം ഉണ്ടെങ്കില്‍ രക്തക്കുഴലിലെ വിള്ളല്‍ അടയ്ക്കാന്‍ സര്‍ജറി ആവശ്യമായി വരും. രക്തക്കുഴലിന്റെ ദുര്‍ബലമായ ഭാഗം വീര്‍ത്ത് ബലൂണ്‍ പോലെ നില്‍ക്കുന്ന അവസ്ഥയാണ് അന്യൂറിസം. ഇങ്ങനെയുള്ള ഭാഗങ്ങള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകാം. അങ്ങനെ ഉണ്ടെങ്കില്‍ സര്‍ജിക്കല്‍ ക്ലിപ്പിങ്ങ്, കോയിലിങ്ങ് എന്നിവ ഉപയോഗിച്ച് രക്തസ്രാവം തടയും. അന്യൂറിസം ഉണ്ടായ ഭാഗത്ത് പ്രത്യേകതരം സര്‍ജിക്കല്‍ ക്ലിപ്പ് ഇട്ട് രക്തം പുറത്തേക്ക് പോകുന്നത് ഒഴിവാക്കുകയാണ് ക്ലിപ്പിംഗ് രീതി.

ധമനിയിലൂടെ നേര്‍ത്ത വയര്‍ കടത്തി അന്യൂറിസം ഉണ്ടായ ഭാഗത്ത് എത്തിക്കും. അവിടെ വയര്‍ ധാരാളം ചുരുളുകളാക്കി മാറ്റും. അതോടെ രക്തം അവിടെ കട്ടപിടിക്കുകയും പുറത്തേക്കുള്ള ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യും. ഈ പ്രക്രിയയാണ് കോയിലിംഗ് എന്നറിയപ്പെടുന്നത്.

ചിലരില്‍ ധമനിയും സിരകളും അസ്വാഭാവികമായ രീതിയില്‍ കെട്ട് പിണഞ്ഞ് പോകുന്ന അവസ്ഥ സംഭവിക്കാറുണ്ട്. അതിനെയാണ് ആര്‍ട്ടീരിയോവീനസ് മാല്‍ഫോര്‍മേഷന്‍ (എ.വി.എം.) എന്ന് പറയുന്നത്. അങ്ങനെ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനും സര്‍ജറി വേണ്ടി വരും.

(കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റാണ് ലേഖകന്‍)

Content Highlights: world stroke day 2022, new treatments for stroke, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented