നീണ്ട ആശുപത്രിവാസമില്ല, വേദന കുറവ്; സ്ട്രോക്ക് ചികിത്സയ്ക്ക് ഇന്റര്‍വെന്‍ഷനല്‍ ന്യൂറോളജി


ഡോ. ദീപ് പി. പിള്ളന്യൂറോഇന്റര്‍വെന്‍ഷന് വിധേയരായ രോഗികള്‍ക്ക് കുറഞ്ഞ ദിവസങ്ങള്‍ ഐ.സി.യുവില്‍ ചിലവഴിച്ചാല്‍ മതി.

പ്രതീകാത്മക ചിത്രം | Photo: canva.com/

സ്‌ട്രോക്ക്, ന്യൂറോവാസ്‌ക്കുലാര്‍ തകരാറുകള്‍ എന്നിവ അതീവഗൗരവതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ന്യൂറോളജിയുമായി ബന്ധപ്പെട്ട രോഗാവസ്ഥകളാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന ഈ രോഗാവസ്ഥകള്‍ പലപ്പോഴും മുന്നറിയിപ്പുകളോ സൂചനകളോ തരാറില്ല. മരണം മുതല്‍ ദീര്‍ഘകാല വൈകല്യം വരെയുള്ള അവസ്ഥകളിലേക്ക് നയിക്കപ്പെടാന്‍ ഇത് കാരണമാകുന്നു. യഥാര്‍ത്ഥത്തില്‍ സെറിബ്രോവാസ്‌ക്കുലാര്‍ അപകടങ്ങള്‍, സ്‌ട്രോക്ക് മുതലായ ഗൗരവതരമായ രോഗാവസ്ഥകളെ കൃത്യമായ മുന്‍കരുതലുകളെടുത്താല്‍ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ്. ജന്മനായുള്ളതും പിന്നീട് സംഭവിക്കുന്നതുമായ സെറിബ്രല്‍ ആര്‍ടീരിയോ വീനസ് തകരാറുകളാണ് സെറിബ്രല്‍ അനൂറിസം, എ. വി. എം എന്നിവ. സബ്അരക്കിനോയ്ഡ് ഹെമിറേജ് എന്ന അവസ്ഥയാണ് ഈ രണ്ട് രോഗാവസ്ഥകള്‍ക്കും കാരണമാകുന്നത്. ഇത് മരണത്തിലേക്കോ, കോമ എന്ന അവസ്ഥയിലേക്കോ അല്ലെങ്കില്‍ ന്യൂറോളജി സംബന്ധമായ മറ്റ് വൈകല്യങ്ങളിലേക്കോ നയിക്കാന്‍ ഇടയാകും.

സെറിബ്രോവാസ്‌ക്കുലാര്‍ രോഗങ്ങള്‍ക്കുള്ള പ്രാഥമികമായ ചികിത്സയായി വിലയിരുത്തപ്പെടുന്നത് ശസ്ത്രക്രിയയാണ്. സങ്കീര്‍ണ്ണവും അതുപോലെ തന്നെ ചെലവേറിയതുമായ ചികിത്സാരീതിയാണ് ശസ്ത്രക്രിയ. ഒന്നുകില്‍ തലച്ചോറിനകത്തോ അല്ലെങ്കില്‍ തലച്ചോറിന് പുറത്തോ ചെയ്യുന്ന ഈ ശസ്ത്രക്രിയക്ക് ശേഷം ദീര്‍ഘനാളത്തെ ഐ.സി.യു. താമസം ആവശ്യമായി വന്നേക്കും. തലച്ചോറിനുള്ളില്‍ ചെയ്യുന്ന സര്‍ജറികള്‍ പലപ്പോഴും ഉയര്‍ന്ന സങ്കീര്‍ണ്ണതയുള്ളതാണ്. അപൂര്‍വ്വമായി ചില രോഗികളില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ദീര്‍ഘകാല രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ചില പ്രത്യാഘാതങ്ങളും കാണപ്പെടാറുണ്ട്. ആതുരസേവന മേഖലയിലെ നൂതനവും ഫലപ്രദവുമായ മാറ്റങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട കത്തീറ്റര്‍ ഉപയോഗിച്ച് ധമനികള്‍ക്കുള്ളിലൂടെ താക്കോല്‍ദ്വാര രീതിയില്‍ നിര്‍വ്വഹിക്കുന്ന ചികിത്സാ രീതികള്‍ ഈ സങ്കീര്‍ണ്ണതകളെ ഒരു പരിധിവരെ തരണം ചെയ്യുവാനും ചികിത്സാരീതി കൂടുതല്‍ മികവുറ്റതും ഫലപ്രദവുമായി മാറ്റുവാനും സഹായകരമായിട്ടുണ്ട്.എങ്ങനെയാണ് ന്യൂറോഇന്റര്‍വെന്‍ഷന്‍ ചെയ്യുന്നത്?

തലയോട്ടി, സുഷുന്മാനാഡി മുതലായവയില്‍ വലിയ മുറിവ് സൃഷ്ടിച്ച് നിര്‍വ്വഹിക്കുന്ന പഴയ, സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്ക് പകരം, ചര്‍മത്തില്‍ വളരെ ചെറിയ മുറിവ് സൃഷ്ടിക്കുന്നതാണ് ന്യൂറോ ഇന്റര്‍വെന്‍ഷന്‍ രീതി. ആ ചെറിയ മുറിവുകളിലൂടെ, തലച്ചോറിലെയോ നട്ടെല്ലിലെയോ പ്രശ്‌നമുള്ളിടത്തേക്ക് ഒരു കത്തീറ്റര്‍ ചേര്‍ക്കുന്നു. കത്തീറ്റര്‍ വഴി അയക്കുന്ന ഇമേജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച്, ന്യൂറോ ഇന്റര്‍വെന്‍ഷന്‍ വിദഗ്ദ്ധര്‍ക്ക് മസ്തിഷ്‌കത്തിന്റെയും നട്ടെല്ലിന്റെയും തകരാറുകള്‍ കാണുവാനും മെഡിക്കല്‍ ഉപകരണങ്ങളോ മരുന്നുകളോ ഉപയോഗിച്ച് ചികിത്സിക്കാനും കഴിയും.

ന്യൂറോ ഇന്റര്‍വെന്‍ഷന്റെയും ന്യൂറോ സര്‍ജറിയുടെയും പ്രയോജനങ്ങള്‍ എന്തൊക്കെയാണ്?

ന്യൂറോഇന്റര്‍വെന്‍ഷന് വിധേയരായ രോഗികള്‍ക്ക് കുറഞ്ഞ ദിവസങ്ങള്‍ ഐ.സി.യുവില്‍ ചിലവഴിച്ചാല്‍ മതി. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗശാന്തി ലഭിക്കുന്നു. ആശുപത്രിയില്‍ നിന്നും കഴിയുന്നതും നേരത്തെ ഡിസ്ചാര്‍ജ് ആവാം. കൂടുതല്‍ സങ്കീര്‍ണ്ണമായ ഓപ്പണ്‍ സര്‍ജറിക്ക് ശേഷമുള്ളതിനേക്കാള്‍ വേദന കുറവായിരിക്കും.

ന്യൂറോഇന്റര്‍വെന്‍ഷന്‍ വഴി ഏതെല്ലാം രോഗാവസ്ഥകള്‍ ചികിത്സിക്കാം?

ഡയഗനോസ്റ്റിക് സെറിബ്രല്‍ ആന്‍ജിയോഗ്രാം

ചികിത്സ തീരുമാനിക്കുന്നതിനു മുന്‍പ്, ഒരു ഡയഗ്‌നോസ്റ്റിക് ആന്‍ജിയോഗ്രാം (ഡി.എസ്.എ ) ചെയ്യുന്നതിലൂടെ മസ്തിഷ്‌കത്തിലെ രക്തക്കുഴലുകളെ കുറിച്ചുള്ള വിശദമായ പഠനം നടത്താം. ഇത് പ്രശ്‌നമുള്ള സ്ഥാനത്തെക്കുറിച്ചും ചികിത്സാമാര്‍ഗത്തെക്കുറിച്ചും മികച്ച ധാരണ നല്‍കും. സാധാരണയായി 20-30 മിനിറ്റ് സമയം മാത്രമെടുത്ത് ഡേ കെയര്‍ ആയി നിര്‍വ്വഹിക്കാന്‍ സാധിക്കും. എം.ആര്‍. ആന്‍ജിയോഗ്രാം അല്ലെങ്കില്‍ സി.ടി. ആന്‍ജിയോഗ്രാം എന്നിവയെക്കാള്‍ വളരെ ഫലപ്രദമാണ് ഈ ചികിത്സ രീതി. പലപ്പോഴും നേരത്തെ തിരിച്ചറിയപ്പെടാതെ പോകുന്ന പല രോഗവിവരങ്ങളും ഇതുവഴി കണ്ടെത്താറുമുണ്ട്.

ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ടെക്നിക്കുകള്‍ ഉപയോഗിച്ച് ചികിത്സിക്കുന്ന ഏറ്റവും സാധാരണമായ രോഗാവസ്ഥകള്‍ ഇവയാണ്

  • സ്‌ട്രോക്ക്
  • ബ്രെയിന്‍ അനൂറിസം
  • തലച്ചോറിലെയും നട്ടെല്ലിലെയും വാസ്‌ക്കുലാര്‍ വൈകല്യങ്ങളും നാഢീവ്രണങ്ങളും( ഫിസ്റ്റുല).
  • കരോട്ടീഡ് ആന്‍ഡ് വേര്‍ട്ടിബ്രല്‍ ആര്‍ട്ടറി സ്റ്റെനോസിസ്.
  • സബ്ഡ്യൂറല്‍ ഹെമടോമ
  • മസ്തിഷ്‌കത്തിലെ ഞരമ്പ് രോഗങ്ങള്‍.
  • അക്യൂട്ട് ഇസ്‌ക്കീമിക് സ്‌ട്രോക്ക്
ലോകമെമ്പാടുമുള്ള മരണങ്ങളുടെ രണ്ടാമത്തെ വലിയ കാരണമാണ് സ്‌ട്രോക്ക്. 6-ല്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്‌ട്രോക്ക് ഉണ്ടാകും. തലച്ചോറിന്റെ നിര്‍ണായക ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ രക്തം കട്ടപിടിക്കുന്നത് മൂലമാണ് പ്രധാനമായും സ്‌ട്രോക്ക് ഉണ്ടാകുന്നത്.ചില സന്ദര്‍ഭങ്ങളില്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത പ്രത്യാഘാതങ്ങളിലേക്ക് ഇത് നയിക്കപ്പെടും. പ്രത്യേക കത്തീറ്ററുകളുടേയും സ്റ്റെന്റിന്റേയും സഹായത്തോടെ ഈ ബ്ലോക്കിനെ നീക്കം ചെയ്യുവാനും അതിലൂടെ പ്രത്യാഘാത സാധ്യകള്‍ വളരെയേറെ പരിമിതപ്പെടുത്താനും സാധിച്ചു എന്നത് കഴിഞ്ഞ ദശകം ദര്‍ശിച്ച വൈദ്യശാസ്ത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ്. അനേകായിരം രോഗികള്‍ക്ക് ഈ നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആരോഗ്യപൂര്‍ണ്ണവും വൈകല്യമുക്തവുമായ ജീവിതം തിരിച്ച് പിടിക്കാന്‍ സാധിച്ചിട്ടുണ്ട്.

ബ്രെയിന്‍ അന്യൂറിസം

ധമനിയുടെ ഭിത്തിയില്‍ ഉണ്ടാകുന്ന അസാധാരണമായ കുമിളകളാണ് അന്യൂറിസം. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളെ ബാധിക്കുന്ന അന്യൂറിസം തലച്ചോറില്‍ രക്തസ്രാവത്തിനും സ്‌ട്രോക്കിനും കാരണമാകും. അനൂറിസം പൊട്ടിയാല്‍ തലച്ചോറിന് ചുറ്റുമുള്ള സ്ഥലമായ സബ്അരാക്കിനോയ്ഡ് സ്‌പേസിലേക്ക് രക്തം ഒഴുകുന്നു. ഇത്തരം രക്തസ്രാവമുള്ള രോഗികള്‍ക്ക് പെട്ടെന്ന് കടുത്ത തലവേദന അനുഭവപ്പെടുന്നു. തുടര്‍ന്ന്, ഓക്കാനം, ഛര്‍ദി, അലസത എന്നിവ അനുഭവപ്പെടുന്നു. ഇരട്ടക്കാഴ്ച്ച, കഴുത്ത് തിരിയാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, സംവേദന ക്ഷമത നഷ്ടപ്പെടല്‍, ബോധം നഷ്ടപ്പെടല്‍ എന്നിവയും സംഭവിക്കാം. അന്യൂറിസം കണ്ടുപിടിക്കാന്‍ ഡി.എസ്.എ. എം.ആര്‍.ഐ. അല്ലെങ്കില്‍ സി.ടി. പോലുള്ള നിരവധി ഇമേജിങ് ടെക്നിക്കുകള്‍ ഉപയോഗിക്കുന്നു. അനൂറിസം ചിലപ്പോള്‍ ചെറുതാകാം, ലക്ഷണങ്ങള്‍ കാണിക്കാതിരിക്കാം. എന്നാല്‍, ഒരു അന്യൂറിസം വലുതാകുന്തോറും പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ആദ്യ ഘട്ടങ്ങളില്‍ തുറന്നുള്ള ശസ്ത്രക്രിയയായിരുന്നു ഈ രോഗത്തിനുള്ള ഏക പോം വഴി. എന്നാല്‍ ഇന്ന് തലയോട്ടി തുറക്കാതെ തന്നെ, ഒരു താക്കോല്‍ ദ്വാരത്തിലൂടെ ഡിറ്റാചബിള്‍ കോയില്‍ എംബൊളൈസേഷന്‍ നടത്തുക വഴി അന്യൂറിസം ഉണ്ടാക്കുന്ന അപകടത്തെ ലഘുകരിക്കാന്‍ കഴിയും.

ഇന്റര്‍വെന്‍ഷനല്‍ ന്യൂറോളജിസ്റ്റ് നേര്‍ത്ത, പൊള്ളയായ കത്തീറ്റര്‍ ട്യൂബ് കാലിലെ ഒരു ധമനിയിലേക്ക് കയറ്റുന്നു. ഈ കത്തീറ്റര്‍ പിന്നീട് ശരീരത്തിലൂടെ അന്യൂറിസത്തിന്റെ സ്ഥാനത്തേക്ക് നയിക്കപ്പെടുന്നു. അവര്‍ ഒന്നോ അതിലധികമോ ചെറിയ കോയിലുകള്‍ കത്തീറ്ററിലൂടെ അനൂറിസം ബാധിച്ച ശരീരഭാഗത്ത് സ്ഥാപിക്കുന്നു. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോയിലിനു ചുറ്റും രക്തം കട്ടപിടിക്കുകയും അന്യൂറിസത്തെ ഉള്‍പ്പെടെ പൊതിഞ്ഞ് സുരക്ഷിതമായി നിര്‍ത്തുകയും ചെയ്യുന്നു. അനൂറിസത്തിനുള്ളില്‍ നങ്കൂരമിട്ടിരിക്കുന്ന തരത്തിലാണ് കോയിലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ കോയിലുകള്‍ നീക്കം ചെയ്യേണ്ടതില്ല. ചില സന്ദര്‍ഭങ്ങളില്‍ കോയിലുകള്‍ യഥാസ്ഥലത്ത് കൃത്യമായി നിലനിര്‍ത്താന്‍ ബലൂണ്‍ അല്ലെങ്കില്‍ സ്റ്റെന്റ് ആവശ്യമായി വന്നേക്കാം.

രക്തക്കുഴലുകളുടെ തകരാറുകള്‍

ധമനികളിലെ തകരാറുകള്‍ (AVM), തലച്ചോറിലെ ധമനികളും സിരകളും തമ്മിലുള്ള അസാധാരണ ബന്ധത്തെ സൂചിപ്പിക്കുന്നു. തലച്ചോറിന് ചുറ്റുമോ, തലച്ചോറിനകത്തേക്കോ രക്തസ്രാവത്തിന് കാരണമാകുന്ന ഈ രോഗാവസ്ഥ പൊതുവെ ചികിത്സിക്കാന്‍ ബുദ്ധിമുട്ടേറിയതും ചെറുപ്പക്കാരില്‍ ഉള്‍പ്പെടെ കാണപ്പെടുന്നതുമാണ്. തലവേദന ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ രോഗാവസ്ഥ സി.ടി. സ്‌കാനുകള്‍ അല്ലെങ്കില്‍ എം.ആര്‍.ഐ. സ്‌കാനുകള്‍ വഴി എറെക്കുറെ ഫലപ്രദമായി കണ്ടെത്താന്‍ സാധിക്കാറുണ്ട്. ചികിത്സിച്ചില്ലെങ്കില്‍, രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത 4 ശതമാനമാണ്. ഇത് ഗുരുതരമായ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്കും മരണത്തിന് വരെയും കാരണമാകുന്നു. സുരക്ഷിതമായി എ.വി.എം. നീക്കം ചെയ്യാനോ റേഡിയേഷന്‍ നടത്താനോ ഭാഗികമായോ പൂര്‍ണ്ണമായോ എ.വി.എം. അടക്കേണ്ടി വരും. ഇതിനായി എംബൊളൈസേഷന്‍ (തടയല്‍) ടെക്നിക് ഉപയോഗിക്കുന്നു. ഈ തയ്യാറെടുപ്പ് ശസ്ത്രക്രിയയുടെ സുരക്ഷിതത്വവും ഫലവും മെച്ചപ്പെടുത്തുന്നു. അപസ്മാരവും തലവേദനയുമാണ് എ.വി.എമ്മുകളുടെ (AVM) സാധാരണമായ ലക്ഷണങ്ങള്‍. ബാധിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് മറ്റ് പല ലക്ഷണങ്ങളും ഉണ്ടാകാം.
എ.വി.എം.- ന്റെ രക്തക്കുഴലുകള്‍ സ്ഥിരമായ കൊളൂസീവ് ഏജന്റ് ഉപയോഗിച്ച് പ്ലഗ് ചെയ്യുന്ന ഒരു രീതിയാണ് എംബൊളൈസേഷന്‍. ഇതിന് സാധാരണയായി രണ്ടോ ആറോ ആഴ്ച ഇടവേളകളില്‍ രണ്ടോ മൂന്നോ എംബൊളൈസെഷനുകന്‍ ആവശ്യമാണ്. ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം അധികം വൈകാതെ തന്നെ രോഗികള്‍ക്ക് ദൈനംദിന ജീവിതചര്യകളിലേക്ക് തിരികെയെത്താന്‍ സാധിക്കും.

കരോട്ടിഡ്, വേര്‍ട്ടിബ്രല്‍ ആര്‍ട്ടറി സ്റ്റെനോസിസ്

ഒരു രോഗിയില്‍ സ്‌ട്രോക്ക് ആവര്‍ത്തിക്കുന്നതിനുള്ള സാധാരണ കാരണങ്ങളിലൊന്ന് തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളില്‍ ഒന്നെങ്കിലും സങ്കോചിക്കുന്നതാണ്. രോഗിക്ക് TIA(മിനി -സ്‌ട്രോക്ക്) അല്ലെങ്കില്‍ ഒരു വലിയ സ്‌ട്രോക്ക് ഉണ്ടാകാം. അനിയന്ത്രിതമായ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകവലി, രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ്, പൊണ്ണത്തടി, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങള്‍. ശരീര ധമനികളിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനായി നടത്തുന്ന ഏറ്റവും ലളിതമായ നടപടിക്രമമാണ് ആന്‍ജിയോ പ്ലാസ്റ്റിയും വാസ്‌ക്കുലാര്‍ സ്റ്റെന്റിങ്ങും. ഇത് കഴുത്തിലെ ധമനികളിലും തലച്ചോറിലും സുരക്ഷിതമായി ചെയ്യാന്‍ കഴിയും.

ചില ഹെമറാജിക് സ്‌ട്രോക്കുകളിലും 2015 മുതല്‍ ഇസ്‌ക്കെമിക് സ്‌ട്രോക്കിലും ന്യൂറോഇന്റര്‍വെന്‍ഷന്‍ ഒരു ഗെയിം ചെയ്ഞ്ചര്‍ ആയി മാറിയിരിക്കുന്നു. കൂടാതെ, ഓപ്പണ്‍ സര്‍ജറികളുടെ ആവശ്യകത കുറയ്ക്കുകയും അതുവഴി ഐസിയു താമസം /ആശുപത്രിവാസം കുറയ്ക്കുകയും വേഗത്തില്‍ രോഗമുക്തി നേടുവാന്‍ ഈ രീതി സഹായകരമാകവുകയും ചെയ്യുന്നു.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷനല്‍ ന്യൂറോളജി ആന്‍ഡ് സ്ട്രോക്ക് വിഭാഗം കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)

Content Highlights: world stroke day 2022, interventional neurology new treatment for stroke, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented