ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെയുള്ള ചികിത്സ ഏറെ നിര്‍ണായകം; കൃത്യമായി പ്രതിരോധിക്കാം പക്ഷാഘാതത്തെയും  


ഡോ. സുശാന്ത് എം.ജെ. (എം.ഡി. ഡി.എം.)

സ്ട്രോക്ക് മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്, ഓര്‍മ്മ കുറവ് എന്നിവ വരാനും സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Photo: canva.com/

മനുഷ്യരുടെ മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മരണകാരണം എന്നതിലുപരി സ്ട്രോക്ക് അതിജീവിക്കുന്നവരില്‍ അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകള്‍ വളരെ വലുതാണ്. ഒരു ജീവിതശൈലി രോഗമായ സ്ട്രോക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു അവസ്ഥയാണ്. സ്ട്രോക്ക് എന്താണെന്നും, അത് എങ്ങനെ തിരിച്ചറിയാം, എന്തൊക്കെ ചികിത്സകള്‍ ലഭ്യമാണ്, എങ്ങനെ വരാതെ നോക്കാം എന്നതിനെ പറ്റി പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനായാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 29 ലോക പക്ഷാഘാത ദിനമായി ആചരിക്കുന്നത്.

സ്ട്രോക്ക് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്. നഷ്ടപ്പെടുന്ന ഓരോ നിമിഷവും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് രക്ഷിക്കാന്‍ കഴിയുന്നത് ഒരു ജീവനാണ്. അത് തന്നെയാണ് ഈ സ്ട്രോക്ക് ദിനത്തിന്റെ സന്ദേശവും 'minutes can save lives'.സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്. നാം പാഴാക്കുന്ന ഓരോ മിനുട്ടിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്. ഈ സമയത്തിന്റെ പ്രാധാന്യമാണ് ഈ വര്‍ഷത്തെ സ്ട്രോക്ക്ദിന സന്ദേശത്തിന്റെ കാതല്‍. സ്ട്രോക്ക് ചികിത്സയില്‍ ഓരോ മിനുട്ടും പ്രധാനപെട്ടതാണ്. എത്രയും നേരത്തെ ചികിത്സ ആരംഭിച്ചാല്‍ തലച്ചോറിനുണ്ടാകുന്ന തകരാറ് കഴിയുന്നത്ര കുറയ്ക്കാന്‍ സാധിക്കും. അതോടൊപ്പം നമുക്ക് ചലിക്കാന്‍ കഴിയാതെ വരുന്ന ഒരു അവസ്ഥ ഉണ്ടാകാതിരിക്കുകയും ചെയ്യും.

എന്താണ് സ്ട്രോക്ക്?

തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്ട്രോക്ക് പൊതുവെ രണ്ടു തരത്തില്‍ കാണുന്നു.

1. ഇഷിമിക് (ischemic) സ്ട്രോക്ക് അഥവാ രക്തധമനികളില്‍ രക്തം കട്ട പിടിച്ച് ഉണ്ടാകുന്ന സ്ട്രോക്ക്. സ്ട്രോക്കുകളില്‍ ഏറിയ പങ്കും ഇഷിമിക് സ്ട്രോക്ക് ആണ്.

2. ഹെമറേജിക്ക് (haemorrhagic) സ്ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്ട്രോക്ക്. ഇഷിമിക് സ്ട്രോക്കിനേക്കാള്‍ മാരകമാണ് ഹെമറേജിക്ക് സ്ട്രോക്ക്.

സ്ട്രോക്ക് വരാനുള്ള സാധ്യതകള്‍

സ്ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ഈയിടെ ആയി ചെറുപ്പക്കാരിലും സ്ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. പുകവലിയാണ് ഇതില്‍ ഏറ്റവും പ്രധാന കാരണം. കൂടാതെ അമിത വണ്ണം, രക്തസമ്മര്‍ദ്ദം, മാനസികസമ്മര്‍ദ്ദം എന്നിവയും ചെറുപ്പക്കാരില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ കുടുംബപരമായി സ്ട്രോക്ക് വരുന്നവരിലും രക്തം കട്ട പിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും സ്ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.

സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. സ്‌കൂള്‍ തലത്തില്‍ തന്നെ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ഈ സ്ട്രോക്ക് ദിനത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

FAST എന്ന സ്ട്രോക്ക് ലക്ഷണങ്ങളുടെ ചുരുക്കെഴുത്തിനെ പറ്റി കൂടുതല്‍ പ്രചാരം നല്‍കുകയാണ് ലക്ഷ്യം.

സ്ട്രോക്ക് എങ്ങനെ ചികിത്സിക്കാം?

സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിനു ത്രോംബോളൈറ്റിക് (thrombolytic) തെറാപ്പി എന്നാണ് പറയുന്നത്. ഈ ചികിത്സയാല്‍ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഗണ്യമായ കുറവ് ഉണ്ടാകും. അതിനാല്‍ ഇത്രയും പെട്ടന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസര്‍ജന്‍, സി.ടി. (CT) / എം ആര്‍ ഐ (MRI) എടുക്കാനുള്ള സൗകര്യം, ഐസിയു സൗകര്യം എന്നിവയാണ് സ്ട്രോക്ക് യൂണിറ്റുകള്‍നു ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യതകള്‍.

സാധാരണയായി സംഭവിക്കുന്നത് രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കില്‍ എത്തിക്കുകയും പിന്നെ സിടി സ്‌കാനിനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞു വിടുകയും ആണ്. നമുക്ക് പെട്ടന്ന് എത്തിപ്പെടാവുന്ന സ്ട്രോക്ക് യൂണിറ്റുകള്‍ ഉള്ള ഹോസ്പിറ്റലുകള്‍ ഏതൊക്കെ എന്നെതും അവരുടെ സ്ട്രോക്ക് ഹെല്‍പ് നമ്പറുകള്‍ ഏതാണെന്നും അറിഞ്ഞു വെച്ചിരിക്കുന്നത് ആദ്യമുണ്ടാകുന്ന ഈ സമയനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.

ത്രോമ്പോലിസിസ് കൊണ്ട് മാറ്റാന്‍ പറ്റാത്ത വലിപ്പമുള്ള രക്തക്കട്ടകള്‍ മാറ്റുന്നതിന് രക്തധമനി വഴി ഒരു കത്തീറ്റര്‍ കടത്തി രക്തക്കട്ട നീക്കം ചെയ്യാനുള്ള എന്‍ഡോവാസ്‌ക്യൂലര്‍ റിവാസ്‌ക്കുലറൈസേഷന്‍ (endovascular revascularization) തെറാപ്പിയും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഇതു ചില സ്ട്രോക്ക് യൂണിറ്റുകളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു.

ചികിത്സ വൈകുവാനുള്ള മറ്റൊരു കാരണം തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവായിരിക്കും. സിടി സ്‌കാനില്‍ സ്‌ട്രോക്കിന്റെ വ്യതിയാനങ്ങള്‍ വരാന്‍ ചിലപ്പോള്‍ ആറു മുതല്‍ ഇരുപതിനാല് മണിക്കൂര്‍ വരെ എടുക്കാം. സി.ടി. സ്‌കാന്‍ വിശദമായി പരിശോധിക്കുകയോ ഇല്ലെങ്കില്‍ എം.ആര്‍.ഐ. സ്‌കാനില്‍ മാത്രമേ ആദ്യ മണിക്കൂറുകളില്‍ സ്‌ട്രോക്കിന്റെ വ്യത്യാനങ്ങളും മനസിലാക്കുവാന്‍ സാധിക്കുകയുള്ളു. കാര്യമായ രോഗലക്ഷങ്ങള്‍ ഇല്ലാത്തതിനാലും സി.ടി. സ്‌കാന്‍ നോര്‍മല്‍ ആയതിനാലും ചിലപ്പോള്‍ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരില്‍ ചിലപ്പോള്‍ 2-3 മണിക്കൂര്‍ കഴിയുമ്പോള്‍ പൂര്‍ണ്ണമായി സ്ട്രോക്ക് വരുകയും ത്രോമ്പോലിസിസ് ചികിത്സയ്ക്കുള്ള സമയ പരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.

ചില രോഗികളില്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്നു ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി.ഐ.എ. (TIA) അഥവാ ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണ്ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി.ഐ.എ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്. അതിനാല്‍ ലക്ഷണങ്ങള്‍ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് വേണ്ടുന്ന ചികിത്സ തേടേണ്ടതാണ്.

സ്‌ട്രോക്കിനു ശേഷമുള്ള ജീവിതം

ശാരീരിക വിഷമതകള്‍ക്കു പുറമെ സ്ട്രോക്ക് രോഗിയുടെ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാല്‍ സ്ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം (rehabilitation). ചലന ശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ പ്രാപ്തമാക്കുക എന്നതാണ്. അത് നേടിയാല്‍ അടുത്ത ലക്ഷ്യം ജോലി ചെയ്യാന്‍ പ്രാപ്തമാക്കാനുള്ള occupational ഫിസിയോതെറാപ്പി ആണ്. കിടപ്പിലായ രോഗികളില്‍ ബെഡ് സോര്‍ വരാതെ നോക്കാനായി ഓരോ രണ്ടു മണിക്കൂറിലും രോഗിയെ തിരിച്ചു കിടത്തേണ്ടതാണ്.

നമ്മുടെ ചുറ്റുപാടില്‍ നമ്മുടെ ശരീരത്തിന്റെ ഏകോപനവും സ്ഥിരതയും കൂടിച്ചേരുന്നതാണ് സന്തുലിതാവസ്ഥ. ഇത് സഞ്ചാരവും സാധനങ്ങള്‍ കയ്യെത്തി പിടിക്കുന്നതിനും പോലുള്ള ദൈനംദിന പ്രവൃത്തികളില്‍ സഹായിക്കുന്നു. എന്നാല്‍ സ്‌ട്രോക്കില്‍ ഈ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു. അതിനാല്‍ വീഴ്ചകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. രോഗികള്‍ കിടക്കുന്ന മുറിയും അവരുപയോഗിക്കുന്ന കുളിമുറിയും ഒരേ നിരപ്പില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ രാത്രി ആവശ്യമായ പ്രകാശവും ബാത്‌റൂമില്‍ വേണം. കാല്‍ തട്ടി വീഴാന്‍ കാരണമാകുന്ന സാധനങ്ങള്‍ തറയില്‍ നിന്ന് മാറ്റേണ്ടതാണ്. തിരിയുമ്പോഴും കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും ഒക്കെ ചലനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ശരിക്കും പാകമുള്ളതും കനം കുറഞ്ഞ സോളോട് കൂടിയതും ഗ്രിപ്പുള്ളതുമായ പാദരക്ഷകള്‍ വേണം ഉപയോഗിക്കുവാന്‍.

സ്ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിലുള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്. ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക, ഉച്ചത്തില്‍ വായിക്കുക, പേരുകള്‍ ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക, കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്.

സ്ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങുന്നതിനുള്ള പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്ക് പോകുവാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്. ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ കുറച്ചു കുറച്ചായി മൊത്തികുടിക്കുകയും വേണം. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കുകയും മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും ഒഴിവാക്കേണ്ടതാണ്. കിടന്നു കൊണ്ട് ഭക്ഷണം കഴിക്കാന്‍ പാടുള്ളതല്ല.

സ്ട്രോക്ക് മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്, ഓര്‍മ്മ കുറവ് എന്നിവ വരാനും സാധ്യതയുണ്ട്. കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുക, ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക, ആവശ്യമെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടുക എന്നിവ ഒക്കെ ചെയ്യണ്ടതാണ്. ശാന്തമായി വിശ്രമിക്കുക, ചെറിയ നടത്തത്തിനു പോകുക, സംഗീതം ആസ്വദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ഏകാഗ്രത വീണ്ടെടുക്കാന്‍ സഹായിക്കും.

സ്ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന്നാറുള്ളത്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ ഉണ്ടാകുന്നത് സാധാരണമാണ്. ഇത് ഒഴിവാക്കുന്നതിന് കുടുംബങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. സ്വയം സമാധാനപ്പെടുക, എപ്പോഴും മുന്നോട്ടു പോകുകയും, മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലിരിക്കുകയും ചെയ്യുക. മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികള്‍ തേടുക, കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക, വിഷാദരോഗം മാറ്റുന്നതിന് വൈദ്യസഹായം തേടാന്‍ മടി കാണിക്കാതിരിക്കുക, മനസ്സിലാക്കുന്നവരോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുക എന്നിവയൊക്കെ ഈ വിഷാദം മാറ്റാന്‍ സഹായിക്കും.

സ്ട്രോക്ക് വരാതെ നോക്കുക

എപ്പോഴും രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, പ്രമേഹവും, ഉയര്‍ന്ന കൊളസ്‌ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്. കൂടാതെ രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്ട്രോക്കിനെ അതിജീവിക്കാനാവും.

ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃതമായ ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും, പച്ചക്കറികളും ഉള്‍പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്. പുകവലി പൂര്‍ണ്ണമായി ഒഴിവാക്കുകയും, മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരിക്കല്‍ ടി.ഐ .എ വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ അടവുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം അടവുകള്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി; Carotid endartrectomy) ചെയ്യേണ്ടതാണ്.

വരും വര്‍ഷങ്ങളില്‍ സ്‌ട്രോക്കിന്റെ ആധിക്യം കുറയ്ക്കുന്നതിനും തന്മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്കുള്ള നന്ദി കുറിക്കലാകട്ടെ ഈ പക്ഷാഘാത ദിനം എന്ന് നമുക്ക് പ്രത്യാശിക്കാം.

(പട്ടം എസ്.യു.ടി. ഹോസ്പിറ്ററിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: world stroke day 2022, stroke symptoms causes and treatment, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented