കോവിഡ് വന്നവരിൽ സ്ട്രോക്കിനു സാധ്യത കൂടുതലാണോ?


ഡോ. ചന്ദ്രശേഖര്‍ ജെ.

0.9 മുതല്‍ 23 ശതമാനം വരെയാണ് കോവിഡ് ബാധിച്ചവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത കണക്കാക്കുന്നത്.

പ്രതീകാത്മക ചിത്രം | Mathrubhumi (Photo: വര: ബി. പ്രദീപ് കുമാർ)

ലോകമെമ്പാടും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി വളരെ വലുതാണ്. രോഗവ്യാപനത്തിന് കുറവ് വന്നെങ്കിലും അതിന്റെ വെല്ലുവിളികള്‍ നമ്മുടെ ചുറ്റുപാടും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് രോഗം സ്‌ട്രോക്കിന് കാരണമാകുമോ? സ്‌ട്രോക്ക് ബാധിതരെ കോവിഡ് എളുപ്പത്തില്‍ അക്രമിക്കാനുള്ള സാധ്യതയുണ്ടോ എന്നെല്ലാമുള്ള ആശങ്കകള്‍ വ്യാപകമാണ്. ഈ വിഷയങ്ങളെ അധികരിച്ച് ലോകമാകമാനം നിരവധിയായ ചര്‍ച്ചകളും ഗവേഷണങ്ങളും നിലവില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എങ്കിലും പൊതുവായ ചില കാര്യങ്ങളില്‍ വ്യക്തമായ നിഗമനങ്ങള്‍ വന്ന് കഴിഞ്ഞിരിക്കുന്നു. ഇത്തരം വിഷയങ്ങളെക്കുറിച്ച് കൃത്യമായ ധാരണഉണ്ടായിരിക്കുന്നത് ഈ സവിശേഷമായ സാഹചര്യത്തില്‍ കൂടുതല്‍ ഗുണം ചെയ്യും.

കൊറോണ വൈറസ് ബ്രെയിന്‍ സ്‌ട്രോക്കിന് കാരണമാകുമോ?അതെ, കോവിഡ് രോഗികളില്‍ നടത്തിയ വിവിധ പഠനങ്ങളില്‍ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. 0.9 മുതല്‍ 23 ശതമാനം വരെയാണ് കോവിഡ് ബാധിച്ചവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത കണക്കാക്കുന്നത്. രണ്ട് തരത്തിലാണ് ഇത് കാണപ്പെടുന്നത്.

ഒന്നാമതായി തുടക്കത്തില്‍ കോവിഡ് 19 ന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും പിന്നീട് സ്‌ട്രോക്കിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നതാണ്. രണ്ടാമത്തെ ലക്ഷണത്തില്‍ ആദ്യം സ്‌ട്രോക്ക് സംഭവിക്കുകയും പിന്നീട് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നത്. രണ്ട് സൗഹചര്യങ്ങളും ഗൗരവതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നവയാണ്.

ഏത് തരം സ്‌ട്രോക്ക് ആണ് പ്രധാനമായും കോവിഡ് 19 രോഗികളില്‍ കാണപ്പെടുന്നത്?

മൂന്ന് തരത്തിലുള്ള സ്‌ട്രോക്കുകളാണ് പ്രധാനമായും കോവിഡ് 19 രോഗബാധിതരില്‍ കാണപ്പെടുന്നത്. ഇതില്‍ ആദ്യത്തേത് ഹെമോറേജിക് സ്‌ട്രോക്ക് ആണ്. ഇതില്‍ തലച്ചോറിലെ രക്തക്കുഴലുകളില്‍ വിള്ളലുകള്‍ സംഭവിച്ച് രക്തം തലച്ചോറില്‍ ശേഖരിക്കപ്പെടുകയും സ്‌ട്രോക്ക് സംഭവിക്കുകയും ചെയ്യുന്നു. രണ്ടാമത്തേത് രക്തക്കുഴലില്‍ തടസ്സമുണ്ടാകുന്നത് മൂലം തലച്ചോറിലേക്ക് രക്തമെത്താതെ വരുന്നതിനെ തുടര്‍ന്നുള്ള ഇസ്‌കീമിക് സ്‌ട്രോക്ക് ആണ്. സി. വി. ടി എന്ന വിഭാഗത്തില്‍ പെടുന്ന സ്‌ട്രോക്കാണ് മൂന്നാമതായി പൊതുവെ കാണപ്പെടുന്നത്. ഞരമ്പുകളില്‍ തടസ്സമുണ്ടാകുന്നതിനെ തുടര്‍ന്ന് തലച്ചോറിന് തകരാര്‍ സംഭവിച്ചുണ്ടാകുന്നതാണ് ഇത്.

കോവിഡ് 19 രോഗികളില്‍ സ്‌ട്രോക്കിനുള്ള കാരണം എന്തെല്ലാമാണ്?

കോവിഡ് 19 ബാധിതരില്‍ രക്തം കട്ടപിടിക്കാനോ, പശിമയുള്ളതാകാനോ സാധ്യതയുള്ള പ്രോത്രോംബോട്ടിക് (Prothrombotic) എന്ന അവസ്ഥ കാണപ്പെടുന്നുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാനിടയാക്കും. തന്മൂലം തലച്ചോറിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും സ്‌ട്രോക്കിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

കോവിഡ് ബാധിതരിലെ സ്‌ട്രോക്കും സാധാരണ സ്‌ട്രോക്കും തമ്മില്‍ വ്യത്യാസമുണ്ടോ?

സാധാരണ സ്‌ട്രോക്കില്‍ രോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ടത് പ്രമേഹം, രക്താതിസമ്മര്‍ദ്ദം, പുകവലി, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ജീവിതശൈലിയിലെ പ്രത്യേകതകള്‍ മുതലായവയാണ്. എന്നാല്‍ ഈ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരിലും കോവിഡ് 19 ന്റെ ഭാഗമായി സ്‌ട്രോക്ക് സംഭവിക്കുന്നു എന്നതാണ് പ്രത്യേകത. നേരത്തെയുണ്ടായിരുന്ന ഇന്‍ഫ്‌ളുവന്‍സ, ഹെര്‍പ്‌സ് മുതലായ പകര്‍ച്ച വ്യാധികളുടെ കാലഘട്ടത്തിലും ഈ സവിശേഷമായ സാഹചര്യമുണ്ടായിരുന്നു.

മുതിര്‍ന്നവരില്‍ മാത്രമാണോ കോവിഡ് 19 മൂലമുള്ള സ്‌ട്രോക്ക് ഉണ്ടാവുക?

കണക്കുകള്‍ പ്രകാരം കൂടുതലായി കാണപ്പെടുന്നത് മുതിര്‍ന്നവരിലാണെങ്കിലും നാല്‍പ്പത് വയസ്സിന് താഴെ പ്രായമുള്ളവരിലും കോവിഡ് 19 മൂലമുള്ള സ്‌ട്രോക്ക് രേഖ്പപെടുത്തപ്പെട്ടിട്ടുണ്ട്. അതായത് സ്‌ട്രോക്കിന്റെ ഭീഷണിയില്‍ നിന്നും സുരക്ഷിതരായിരിക്കുവാന്‍ പ്രായം മാനദണ്ഡമല്ല എന്നര്‍ത്ഥം മാത്രമല്ല യുവാക്കളിലുണ്ടാകുന്ന സ്‌ട്രോക്ക് കൂടുതല്‍ മാരകമായിത്തീരുന്നതായും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

സ്‌ട്രോക്ക് ഉണ്ടോ എന്ന് എങ്ങിനെ തിരിച്ചറിയാം?

സാധാരണയുള്ള സ്‌ട്രോക്ക് ലക്ഷണങ്ങള്‍ തന്നെയാണ് ഇവിടെയും പരിഗണിക്കപ്പെടുന്നത്. ഇംഗ്ലീഷിലെ FAST എന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണിത്. F (Face-മുഖത്തിനുള്ള ബലഹീനത), A (Arm- കൈകള്‍ക്കുള്ള ബലക്ഷയം), S (Speech Problem-സംസാരത്തിലെ ബുദ്ധിമുട്ടുകള്‍), T (Time-സമയത്തിന്റെ പ്രാധാന്യം) എന്നിവയാണിത്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആദ്യത്തെ ഒരു മണിക്കൂര്‍ നിര്‍ണ്ണായകമാണ്. ആദ്യ 4 മണിക്കൂറിനുള്ളില്‍ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ നിര്‍ബന്ധമായും എത്തിക്കണം.

കോവിഡ് 19 രോഗികള്‍ എന്തുകൊണ്ട് കൂടുതല്‍ ജാഗരൂഗരായിരിക്കണം?

വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണ് മുന്നിലുള്ളത്. കൊറോണ ബാധിതരുടെ എണ്ണം നിയന്ത്രണമില്ലാതെ വര്‍ദ്ധിച്ച് വരുന്നു. പല ആശുപത്രികളും കോവിഡ് സെന്ററുകളായതിനാല്‍ സ്‌ട്രോക്ക് പോലുള്ള ചികിത്സാ ലഭ്യതയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഐ. സി. യു കളും മറ്റും നിറഞ്ഞിരിക്കുന്ന സാഹചര്യവും ശ്രദ്ധേയമാണ്. ഈ അവസ്ഥയില്‍ വേഗത്തിലുള്ള ചികിത്സാ ലഭ്യത ഉറപ്പ് വരുത്തല്‍ സാധാരണ സാഹചര്യത്തെ അപേക്ഷിച്ച് ദുഷ്‌കരമാണ്. അതുകൊണ്ട് തന്നെ അതിവേഗത്തില്‍ ചികിത്സ ലഭ്യമാകണമെങ്കില്‍ രോഗത്തിന്റെ സാന്നിദ്ധ്യം വേഗം തന്നെ തിരിച്ചറിയാണം.

സ്‌ട്രോക്കിലേക്ക് നയിക്കുന്ന പൊതുവായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവര്‍ക്കും സ്‌ട്രോക്ക് ബാധിക്കാനിടയുള്ളതിനാല്‍ ഇത്തരക്കാര്‍ കോവിഡ് കാലത്ത് സ്‌ട്രോക്കിനെ കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് നിര്‍ബന്ധമാണ്.

നിലവില്‍ സ്‌ട്രോക്ക് ബാധിതരായ രോഗികള്‍ കോവിഡ് 19 കാലത്ത് മറ്റൊരു സ്‌ട്രോക്ക് ബാധിക്കാതിരിക്കാന്‍ എന്ത് ചെയ്യണം?

രക്താതിസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ബന്ധമായും തുടര്‍ന്ന് കഴിക്കുക. പതിവായ ചെക്കപ്പുകള്‍ കൃത്യമായി പിന്‍തുടരുക. ഫിസിയോതെറാപ്പി, വ്യായാമം എന്നിവയില്‍ മുടക്കം വരുത്തരുത്. ഇതിന് പുറമെ കോവിഡ് പ്രതിരോധത്തിനുള്ള സ്വാഭാവികമായ മുന്‍കരുതലുകളായ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം മുതലായവ നിര്‍ബന്ധമായും പിന്‍തുടരണം.

(കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ ന്യൂറോളജി സീനിയർ സ്പെഷ്യലിസ്റ്റാണ് ലേഖകൻ)


Content Highlights: world stroke day 2022, coronavirus and stroke treatment, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented