കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം; തിരിച്ചറിയണം സ്‌ട്രോക്ക്‌


ഡോ. ചന്ദ്രശേഖര്‍ ജെ

കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളോ, മരണമോ തന്നെയോ സംഭവിക്കാവുന്ന രോഗാവസ്ഥ എന്ന നിലയിലും സ്‌ട്രോക്കിന്റെ പ്രധാന്യത്തെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

Representative Image | Photo: Gettyimages.in

ന്ന് ലോക സ്‌ട്രോക്ക് ദിനമാണ്. ഏറ്റവും അപകടകരമായ രോഗാവസ്ഥകളിലൊന്ന് എന്ന നിലയിലും, കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളോ, മരണമോ തന്നെയോ സംഭവിക്കാവുന്ന രോഗാവസ്ഥ എന്ന നിലയിലും സ്‌ട്രോക്കിന്റെ പ്രധാന്യത്തെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ, പൂര്‍ണമായും തടസ്സപ്പെടുകയോ അല്ലെങ്കില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക് ഉണ്ടാകുന്നത്.

പക്ഷാഘാതം പ്രധാനമായും രണ്ട് തരമാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ പ്ലാക്ക അടിഞ്ഞ് കൂടുകയും ഈ പ്ലാക്കുകള്‍ പൊട്ടി അത് രക്തക്കട്ടയായി തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുത്തുന്നു. ഇതിനെ ഇഷ്‌കീമിക് സ്ട്രോക്ക് എന്ന് പറയുന്നു. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും തന്മൂലം പക്ഷാഘാതം സംഭവിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. ഇതിനെ ഹെമറേജിക് സ്ട്രോക് എന്ന് വിളിക്കുന്നു. 87% ആളുകളിലും കണ്ട് വരുന്നത് ആദ്യം പറഞ്ഞ ഇഷ്‌കീമിക് സ്ട്രോക് ആണ്.സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍?

കൈ, കാല് അല്ലെങ്കില്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പോകല്‍
മുഖം ഒരു വശത്തേക്ക് കോടിപ്പോകല്‍
ശരീരത്തിന്റെ ഒരു ഭാഗത്ത് അല്ലെങ്കില്‍ മുഖത്തിന് അനുഭവപ്പെടുന്ന തരിപ്പ്, മരവിപ്പ്
ബാലന്‍സ് നഷ്ടപ്പെട്ട് ആടുന്നത് പോലെ തോന്നല്‍
കുഴഞ്ഞ് വീണ് അബോധാവസ്ഥയിലാവുക
സംസാരം കുഴയല്‍

അപകടസാധ്യതാ ഘടകങ്ങള്‍ ?

അപകടസാധ്യതാ ഘടകങ്ങള്‍ ഉള്ള ഒരാള്‍ക്ക് ഇല്ലാത്ത ഒരാളുമായി താരതമ്യം ചെയ്യുമ്പോള്‍ പക്ഷാഘാതത്തിനുള്ള സാധ്യത 30 മടങ്ങ് കൂടുതലാണ്. ഇത്തരം അപകട സാധ്യതാ ഘടകങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം.

1. ജീവിത ശൈലി അപകട സാധ്യതാ ഘടകങ്ങള്‍
പുകവലി
മദ്യപാനം
വ്യായാമമില്ലായ്മ
അമിതവണ്ണം
നിയമവിരുദ്ധ മരുന്നുകളുടെ അമിതമായ ഉപയോഗം

2. രോഗപരമായ അപകട സാധ്യതാ ഘടകങ്ങള്‍
അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം
അമിതമായ കൊളസ്ട്രോളിന്റെ അളവ്
പ്രമേഹം
ഒ എസ് എ (Obstectrive sleep Apnea)
പാരമ്പര്യം

ഇവ കൂടാതെ പ്രായം, ലിംഗം, ചിലതരം ഹോര്‍മോണുകള്‍ ഇവയെല്ലാം പക്ഷാഘാതത്തിന് കാരണമാകാറുണ്ട്.

രോഗനിര്‍ണ്ണയം

രോഗനിര്‍ണ്ണയം, ചികിത്സ ഇവ പക്ഷാഘാതത്തിന്റെ കാര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്

രോഗനിര്‍ണ്ണയ രീതികള്‍

1. സി. ടി സ്‌കാന്‍

എക്സ്-റെ വികിരണങ്ങള്‍ ഉപയോഗിച്ച് രോഗിയുടെ തലയുടെ ചിത്രങ്ങള്‍ എടുക്കുന്ന ടെസ്റ്റാണിത്. ഇതില്‍ നിന്നും രോഗിയുടെ പക്ഷാഘാതം ഏത് തരമാണെന്നത് പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇഷ്‌കീമിക് സ്ട്രോക്കാണോ, ഹെമിറേജിക് സ്ട്രോക്കാണോ അല്ലെങ്കില്‍ തലയില്‍ ഏതെങ്കിലും തരത്തിലുള്ള നീര്‍ക്കെട്ട്, മുഴ, തലച്ചോറിലെ രക്തക്കുഴലുകളുടെ അവസ്ഥ തുടങ്ങിയ മനസ്സിലാക്കാന്‍ ഈ രീതിയിലൂടെ കഴിയുന്നു.

2. എം ആര്‍ ഐ

ഇവിടെ റേഡിയോ-കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് തലച്ചോറിന്റെ വിശദമായ പഠനം നടത്തുന്നു. ഡിഫ്യൂഷന്‍, പെര്‍ഫ്യൂഷന്‍ എന്ന പ്രത്യേകതരം സ്‌കാനിംഗ് ചെയ്യുന്നതോടെ പക്ഷാഘാതം മൂലം എത്ര കോശങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു, ഭാഗികമായി നശിച്ചവ എത്ര, രക്തക്കുഴലുകളുടെ സ്ഥാനം, സ്വഭാവം തുടങ്ങി ചികിത്സയെ സ്വാധീനിക്കുന്ന നിര്‍ണ്ണായകങ്ങളായ നിരവധി വിവരങ്ങള്‍ ലഭിക്കുന്നു.

3. സെറിബ്രല്‍ ആന്‍ജിയോഗ്രാം അല്ലെങ്കില്‍ ഡിജിറ്റല്‍ സബ്സ്ട്രാക്ഷന്‍ ആന്‍ജിയോഗ്രാഫി (DSA)

കാലിലെ ഫിമറല്‍ ആര്‍ട്ടറി എന്ന് വിളിക്കുന്ന ധമനിയില്‍ ഉണ്ടാകുന്ന ഒരു താക്കോല്‍ ദ്വാരത്തിലൂുടെ കത്തീറ്റര്‍ എന്ന് പറുയന്ന ഒരു ട്യൂബ് കടത്തി തലവരെ എഥ്തിച്ച് അതിലൂടെ ഡൈ ഇഞ്ചക്റ്റ് ചെയ്ത് എക്സ്-റെയുടെ സഹായത്തോടെ തലച്ചോറിലേയും കഴുത്തിലേയും രക്തക്കുഴലുകളിലെ തടസ്സം, നീര്‍ വീക്കം, സിരകളും ധമനികളും തമ്മുലള്ള അസാധാരണമായ ബന്ധം എന്നിവ കണറ്ടെത്താനല്‍ സഹായിക്കുന്നു. വളരെ ആധുനികവും നൂതനവും ആധികാരികവുമായ ഒരു രോഗനിര്‍ണ്ണയ രീതിയാണിത്.

ചികിത്സ

പക്ഷാഘാതം എന്നുള്ളത് ഒരു മെഡിക്കല്‍ എമര്‍ജന്‍സി ആയതുകൊണ്ട് തന്നെ ചികിത്സയും വളരെയേറെ പ്രാധാന്യമുള്ളതാണ്.

ഇഷ്‌കീമിക് സ്ട്രോക്കിന്റെ ചികിത്സകള്‍


1. മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ

ഈ വിഭാഗത്തില്‍ ഏറ്റവും പ്രാധാന്യമുള്ളത് TPA അഥവാ ടിഷ്യു പ്ലാസ്മിനോജര്‍ ആക്ടിവേറ്റര്‍ വിഭാഗത്തില്‍ പെടുന്ന സട്രെപ്റ്റോകൈനേസ്, ആള്‍ട്ടിപ്ലേസ്, റെക്റ്റിപ്ലേസ്, ടെനക്റ്റിപ്ലേസ് എന്ന മരുന്നുകളാണ്. ഒരു രോഗിക്ക് പക്ഷാഘാതം സംഭവിച്ച് നാലര മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുകയാണെങ്കില്‍ ഈ മരുന്ന് നല്‍കി തലച്ചോറിലെ രക്തക്കുഴലുകളിലെ രക്തക്കട്ടകളെ അലിയിച്ചു കളയാനാകും. പെട്ടെന്നുള്ള ഇത്തരം ചികിത്സകള്‍ രോഗിയുടെ പക്ഷാഘാതത്തില്‍ നിന്നുള്ള അതിജീവനം കൂട്ടുകയും മറ്റ് സങ്കീര്‍ണ്ണതകള്‍ക്കുള്ള അവസരം കുറയ്ക്കുകയും ചെയ്യുന്നു.

ചെറിയ ചെറിയ ബ്ലീഡിംഗ് സാധ്യതകള്‍ ഉണ്ടെങ്കിലും പക്ഷാഘാതത്തിന് ലോകവ്യാപകമായി പ്രഥമ ചികിത്സ എന്ന നിലയില്‍ ഈ മരുന്നുകള്‍ ഉപയോഗിച്ച് വരുന്നു.

2. എന്‍ഡോവ്സാകുലര്‍ സര്‍ജറി

ഇഷ്‌കീമിക് സ്ട്രോക്കിന് ആധുനികമ കാലഘട്ടത്തില്‍ ലോക വ്യാപകമായി ചെയ്തുവരുന്ന അതിനൂതനമായ ചികിത്സാ രീതിയാണ് എന്റോവാസ്‌കുലര്‍ സര്‍ജറികള്‍. ഇതിന്റെ വലിയ ഒരു മെച്ചം എന്തെന്നാല്‍ സര്‍ജറി എന്ന് പറയുമെങ്കിലും തല ഒന്നും തുറക്കാതെ ചെറിയ അനസ്തേഷ്യയില്‍ കാലിലെ ധമനിയില്‍ ഉണ്ടാകുന്ന താക്കോല്‍ ദ്വാരത്തിലൂടെ കടത്തി വിടുന്ന കത്തീറ്റര്‍ എന്ന ട്യൂബിലൂടെ രക്തക്കട്ടകള്‍ വലിച്ചെടുത്ത് മാറ്റപ്പെടുന്നു എന്നതാണ്. ഇതിലൂടെ രോഗിക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യാം. ഇതോടൊപ്പമുള്ള ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷന്‍ സംവിധാനങ്ങളും കൂടെ ആകുമ്പോള്‍ രോഗി പൂര്‍ണ്ണമായും പക്ഷാഘാതത്തില്‍ നിന്നും മുക്തി നേടുന്നു. വലിയ മുറിവുകള്‍ ഒന്നും രോഗിയുടെ ശരീരത്തില്‍ ഉണ്ടാകുന്നില്ല എന്നതുകൊണ്ട് തന്നെ ഇത്തരം ചികിത്സയില്‍ ആശുപത്രി വാസവും വളരെ കുറവാണ്.

ഇതില്‍ രണ്ട് തരം ചികിത്സകള്‍ ഉണ്ടാ ഒന്നാമതായി കത്തീറ്റര്‍ തലച്ചോറില്‍ എത്തിച്ച് മേല്‍ പറഞ്ഞ TPA മരുന്നുകള്‍ നേരിട്ട് സ്ട്രോക്ക് വന്ന ഭാഗത്തേക്ക് ഇഞ്ചക്റ്റ് ചെയ്യുന്നു. ഇത് മൂലം അവിടെയുള്ള രക്തക്കട്ടകള്‍ വളരെ വേഗം അലിഞ്ഞ് പോകുന്നു. ഈ ചികിത്സ സാധാരണ TPA കൊടുക്കുന്നതിനേക്കാള്‍ വളരെ പലപ്രദമാണ്.

ഹെമറേജിക് സ്ട്രോക്കിന്റെ ചികിത്സകള്‍

ഈ ചികിത്സയില്‍ പ്രധാനമായും തലച്ചോറിലെ രക്തസ്രാവത്തെ നിയന്ത്രിക്കുകയും തന്മൂലം തലച്ചോറിലെ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുകയും ചെയ്യുക എന്നുള്ളതാണ്.

ഹെമറേജിക് സ്ട്രോക്കിന്റെ പ്രധാന ചികിത്സാ മാര്‍ഗ്ഗങ്ങള്‍

1. അടിയന്തര നടപടികള്‍ അഥവാ എമര്‍ജന്‍സി മെഷേഴ്സ്

ഇതില്‍ പ്രധാനമായും രോഗി ഏതെങ്കിലും തരത്തിലുള്ള രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിന്‍ പോലത്തെ മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അവ കണ്ടെത്തി ഇവയുടെ ഫലം കുറയ്ക്കാനുള്ള രക്തഘടകങ്ങള്‍ നല്‍കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് രോഗിയുടെ തലച്ചോറിലെ രക്തസമ്മര്‍ദ്ദം അഥ്വാ ഇന്‍ട്രാകാനിയല്‍ പ്രഷര്‍ കുറയ്ക്കുന്നതിനുള്ള മരുന്നുകളും നല്‍കുന്നു. ഇവ തലച്ചോറിലെ രക്തക്കുഴലുകളുടെ ചുരുക്കം അഥവ സ്പാസം ഒഴിവാക്കുകയും അപസ്മാരം, സന്നി പോലുള്ള സങ്കീര്‍ണ്ണതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

2. സര്‍ജറി

സി. ടി. സ്‌കാന്‍ അല്ലെങ്കില്‍ എം ആര്‍ ഐ യില്‍ തലച്ചോറിലെ രക്തസ്രാവം വലുതെങ്കില്‍ ഉടനടി അടിയന്തര ശസ്ത്രക്രിയ നടത്തി ആ ഭാഗത്തെ രക്തത്തെ നീക്കുകയും തന്മൂലം തലച്ചോറിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. തലച്ചോറിലെ രക്തസ്രാവം, രക്തക്കുഴലകളിലെ നീര്‍വ്വീക്കം അഥവാ അനയൂറിസം പൊട്ടുന്നത് മൂുലമോ അല്ലെങ്കില്‍ സിരകളുടേയും ധമനികളുടേയും വൈകല്യം (ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍) മൂലവും ആകാം. സ്‌കാനിംഗില്‍ ഇവ കൂടി കാണുകയാണെങ്കില്‍ നീര്‍ വീക്കം വന്ന ഭാഗം ക്ലിപ് ചെയ്യുകയും മറ്റ് വൈകല്യങ്ങളെ നീക്കുകയും ചെയ്യുന്നു.

3. എന്‍ഡോവാസ്‌കുലര്‍ എംബൊളൈസേഷന്‍/കോയിലിംഗ്

മേല്‍ പറഞ്ഞ നീര്‍വീക്കത്തിന് സര്‍ജറി അല്ലാത്ത ചികിത്സ ആണിത്. കാലിലെ രക്തക്കുഴലിലൂടെ കടത്തിവിടുന്ന കത്തീറ്റര്‍ എന്ന ട്യൂബ് നീര്‍വീക്കമുള്ള രക്തക്കുഴലിന്റെ അടുത്ത് എത്തിച്ച് വളരെ നേര്‍ത്ത കോയിലുകള്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് അവിടെ നിക്ഷേപിക്കുന്നു. തന്മൂലം നീര്‍വീക്കത്തിലേക്കുള്ള രക്തയോട്ടം ഇല്ലാതാകുന്നു.

പക്ഷാഘാതം രോഗമുക്തിയും പുനരധിവാസവും (റീ ഹാബിലിറ്റേഷന്‍)

പക്ഷാഘാതം വന്ന രോഗികളെ മേല്‍ പറഞ്ഞ അടിയന്തര ചികിത്സകള്‍ക്ക് ശേഷം ഒന്നോ രണ്ടോ ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ വൈദഗ്ദ്ധ്യം നേടിയ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും മേല്‍നോട്ടത്തില്‍ ആയിരിക്കും. പക്ഷാഘാതത്തിന്റെ അനന്തര ഫലം ഇത് തലച്ചോറിന്റെ ഏത് ഭാഗത്തെ ബാധിച്ചു, എത്ര കോശങ്ങള്‍ നശിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.

ഇത്തരത്തിലുള്ള രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം റീഹാബിലിറ്റേഷന്‍ വിഭാഗത്തിലേക്കാണ് നേരെ പോവുക. അവിടെ ന്യൂറോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, നഴ്സുമാര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജിസ്റ്റ് എന്നിവരടക്കം വൈദഗ്ദ്ധ്യം നേടിയ ഒരു സംഘം രോഗിയെ പരിചരിക്കുന്നു.

പക്ഷാഘാതം വന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു പ്രാവശ്യം പക്ഷാഘാതം വന്നാല്‍ വീണ്ടും വരാനുള്ളസാധ്യത സാധാരണ ആളുകളേക്കാള്‍ കൂടുതലാണ്. ആയതിനാല്‍ ഇത്തരക്കാര്‍ പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുകയും, ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകള്‍ കഴിക്കുകയും വേണം. പ്രമേഹം, രക്തസമ്മര്‍ദ്ദം മുതലായവയെ നിയന്ത്രിക്കണം. പതിവ് ചെക്കപ്പുകള്‍ നിര്‍ബന്ധമായും നടത്തുക, ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 20 മിനിറ്റ് വീതം വ്യായാമം ചെയ്യുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക, ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും മറ്റ് അനുബന്ധ മരുന്നുകളും കൃത്യമായി ശരിയായ ഇടവേളകളില്‍ കഴിക്കുക. ഡോക്ടറുടെ നിര്‍ദ്ദശ പ്രകാരമല്ലാതെ തന്നിഷ്ടപ്രകാരം മരുന്നുകള്‍ കഴിക്കരുത്.

(കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: all you need to know about stroke


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented