കാണെക്കാണെ വലുതും ചെറുതുമാകുന്ന ലോകത്തിലിങ്ങനെ | ശ്രീജയ സി.എം.


By ശ്രീജയ സി.എം

1 min read
Read later
Print
Share

ലോക കവിതാദിനത്തില്‍ ശ്രീജയ സി.എം എഴുതിയ കവിത

ചിത്രീകരണം: ബാലു

കാണെക്കാണെ വലുതും ചെറുതുമാകുന്ന ലോകത്തിലിങ്ങനെ
കാണെക്കാണെ ചെറുതായ
ലോകത്തിലൊരിടത്തിരിപ്പാണ്.
ഒച്ചിഴഞ്ഞ പശപശപ്പില്‍ നിന്ന്
കൈ വലിച്ചു മാറ്റിയ പോലെ
പോയ കാലത്തെ
കൈവെള്ളയില്‍ നിന്ന് പറിച്ചെടുത്തു.
ഞാന്‍ ചിരിച്ച ചിരികളെയൊക്കെ
അഴിച്ചെടുത്ത് സന്ധ്യ
വെന്തപകലിന്റെ കനലില്‍
ആകാശത്ത് മുറ്റം
തൊടാതെ നിവര്‍ത്തിയിട്ടു.
ആകാശമെടുത്ത്
കഴുത്തറ്റം വരെ ഞാന്‍ മൂടിപ്പുതച്ച്
പുഴയോട് മിണ്ടിയും പറഞ്ഞുമിരുന്നു.
ഓര്‍മ്മയില്‍ ചത്തുതുലഞ്ഞവളെന്ന്
കരതൊടാതെ കടല്‍ വിഴുങ്ങിയ പുഴ.
ഞാന്‍ നടന്നുതളര്‍ന്ന കാലുകള്‍
പുഴയ്ക്കിപ്പുറം അഴിച്ചുവയ്ക്കുന്നു.
കൈകള്‍ വലിച്ചൂരുന്നു.
മുടി കാറ്റില്‍പ്പറത്തി
അതലഞ്ഞുതിരിയുന്നതാസ്വദിക്കുന്നു.
കണ്‍പീലികളൂതി അപ്പൂപ്പന്‍താടികളാക്കുന്നു.
ഇന്നലെ മരിച്ച കൂട്ടുകാരിയുടെ ശബ്ദം
രണ്ടു ചെവികളിലും
എലിയെപ്പിടിച്ചിടുന്നു.
ഞാനെങ്ങനെയെങ്കിലും
കുതറിമാറുന്നതിനും മുന്‍പ്
മരിച്ചുപോയവള്‍
ഞാന്‍ പുതച്ച ആകാശമഴിച്ചെടുത്ത്
ആറ്റില്‍ക്കളയുന്നു.
ബാക്കിയുള്ളത്, കണ്ണുകള്‍,
മിടിപ്പ്-ഞരമ്പിന്റെ, പുകപോലുള്ള ആത്മാവിന്റെ.
ശ്രമപ്പെട്ട് കണ്ണുകളിറുക്കിയടയ്ക്കുമ്പോള്‍
മുന്നില്‍ വേരുകളാഴ്ന്ന ഒറ്റമരം
അതിലെ ഓരോ ഇലയും
പറക്കുന്നതില്‍ തോറ്റുപോയ
പക്ഷിജന്മങ്ങള്‍.
എന്തോ പറയാന്‍ മറന്നതുപോലെ
ബാക്കിയായവയൊക്കെയും പെറുക്കി,
ഞാന്‍ പുഴ കടന്ന് ഇരുളുന്ന രാത്രിയിലേക്ക്
വേഗത്തില്‍ നടന്നു.
അവശേഷിപ്പുകളിലുരുളുന്ന
അവസാനം ജീവിതത്തിനിവിടെയിങ്ങനെ
കൂട്ടിരിക്കുമ്പോള്‍
ഗെയ്റ്റിനപ്പുറത്തേക്ക്
വെറുതെയെങ്കിലും രണ്ടു കല്ലുകളെറിയുന്നു.
പിന്നെ നദിയ്ക്കിപ്പുറമെന്ന്
ഗേയ്റ്റടച്ച്
ഞാന്‍ പിന്‍വലിയുകയാണ്.
ചുരുക്കിയും വലുതാക്കിയും
കളിച്ച റബ്ബര്‍ബാന്റ് വലിച്ചെറിഞ്ഞ്
ദാ കിടക്കുന്നു ലോകമെന്ന് തൊണ്ടവരണ്ട്
അവസാനശ്വാസത്തിന്റെ സ്വതന്ത്ര്യത്തില്‍ കരഞ്ഞ്
വലിയ, ചെറിയ ലോകങ്ങളെ
ഗേറ്റിനുപുറത്തേക്കൊഴുക്കിവിടുകയാണ്.

Content Highlights: World poetry day 2023, Poem by Sreejaya C.M

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented