ചിത്രീകരണം: ബാലു
അച്ഛാച്ഛനെ ഇനി
കാണില്ലെന്ന്,
മിണ്ടില്ലെന്ന്
വിചാരിച്ചതാണ്
തീന്‍മേശയില്‍ ഒപ്പമിരിക്കില്ല
കിതച്ചെത്തുന്ന കാറ്റുമാതിരി..
പെണ്ണേ.. യെന്ന് നീട്ടി വിളിക്കുമ്പോള്‍,
പുറത്തെ തിണ്ണയിലേക്ക് ക്ഷൗരപ്പെട്ടിയുമായി വന്നേക്കില്ല.
ചുണ്ടനെലി പാച്ചില്
മാത്രമുള്ള മച്ചേന്ന്
കരുപ്പെട്ടി നിറമുള്ള
ഊന്നുവടിയെടുത്ത്
തിരിച്ചു വന്നപ്പോഴേക്കും
ഞാന്‍ തീന്‍മേശ വിരിപ്പായി.
പെട്ടിയ്ക്കകത്തെ മുടിചൂരുള്ള
കത്രിക പൂട്ടായി.
മുത്തശ്ശി വിളക്കുകള്‍
പൊടി പാറണ
കോണിപ്പടി മറേന്ന്
എന്റെ മുടിയിഴകള്‍ക്ക്
തീപിടിപ്പിച്ചു കൊണ്ട്
പെണ്‍കൊറ്റികളുടെ
സൂര്യനെ കാത്തിരിക്കുന്നു.
അച്ഛാച്ഛന്റെ
ഉച്ചയുറക്കം പോലെ
അമ്മൂമ്മയുടെ ഊന്നുവടി.
ഇറയത്തും,
അടുക്കള പുറങ്ങളിലും
അമ്മൂമ്മയെ വീഴ്ത്തിക്കൊണ്ടവ
കള്ളയുറക്കങ്ങളുറങ്ങും
ഇറയത്തിരുന്ന
പേട്ടു കണ്ണാടികളും
അമ്മിചെക്കനും
ഉരല്‍ പ്പെണ്ണും
പതുക്കെ പതുക്കെ
അമ്മൂമ്മയെ തിന്നണ
ചിമ്മിനിയടുപ്പും..
ആല്‍മര പൊക്കത്തെ
ഒറ്റ വാല്‍ കിളികളും
അമ്മൂമ്മയുടെ
നെഞ്ചീന്നൊരിക്കലും
ഇറങ്ങി വന്നില്ല.
ഉള്ളിലിരുന്നമ്മൂമ്മയോട്
പറയുമായിരുന്നത്രേ..
കണ്ണാടികള്‍,
നാട്ടില് സര്‍ക്കസ് വന്നെന്ന്.
കരിമഷികള്‍ക്കായി
കട തുടങ്ങീന്ന്
യേശുദാസ് വന്ന്
ടൗണില്‍ പാടണ്ണ്‌ണ്ടെന്ന്
പിന്നെ
അച്ഛാച്ഛന്റെ പെട്ടിക്കകത്ത്
പൊട്ടിക്കാത്ത പടക്കങ്ങളുണ്ടെന്ന്...
പൂവുകള്‍ സംസാരിക്കാന്‍
തുടങ്ങണ മാസങ്ങളില്‍,
വയറ്റിലെ വെയില്‍ കിളികളെ നോക്കി,
കാട്ടിലൊരു ചെമ്പരത്തി
കാത്തിരിക്കണുണ്ടെന്ന്..
ഇടയ്ക്ക് അമ്മൂമ്മ പറയാറുള്ളത്,
'ആ വെറ്റില ചെല്ലമെടുക്കൂ...
അന്തിപൊരയ്ക്കകത്തെ
തീണ്ടാരി പെണ്ണുങ്ങള്‍ക്ക് മുറുക്കാന്‍
കൊടുക്കൂ.. '
തീണ്ടാരി പെണ്ണുങ്ങള്‍
മുറുക്കി തുപ്പിയ സ്ഥലത്ത്
പിറ്റേന്നൊരു കാട് മുളക്കുമെന്ന്
അമ്മൂമ്മയ്ക്കറിയാം..
ഇരുട്ട് തുപ്പി നിറക്കണ
പകലവിടെ
നാണം മറയ്ക്കാനെത്തുമെന്നും..
അമ്മൂമ്മ വീടിനകത്ത് വിരിയിച്ചതോ,
തിരുവാതിര പെണ്ണുങ്ങള്‍
ചിമ്മിനി വെട്ടത്തില്‍
പറയാറുള്ള
താമര കുളങ്ങള്‍,
പെണ്ണുങ്ങളെ
തണ്ടേ കേറ്റുന്ന
അമ്പിളി വെട്ടങ്ങള്‍
അതിലിരുന്നമ്മൂമ്മയ്ക്ക്
ലോകം ചുറ്റാനാകും
കരയാതെ
തിരുവാതിര കളിക്കാനാകും
എന്നിട്ടും
കരിപ്പെട്ടീന്റെ
ഊന്നുവടി അമ്മൂമ്മയെ
ചതിച്ചു.
വിങ്ങിയ കൈകള്‍
ഇടയ്ക്കിടെ ചോര
ഛര്‍ദിച്ചു.
ഊന്നുവടികള്‍ക്ക്
മനുഷ്യന്‍മാരെ കൊല്ലാനാകുമെന്ന്
അമ്മൂമ്മ ഇടയ്ക്കിടെ
പറഞ്ഞു കൊണ്ടിരുന്നു.
രാത്രിയില്‍ ഉറക്കം കെടുത്തി
തീവണ്ടി പാളങ്ങളുടെ
വഴിയേ നടത്താനും..
താമരകുളം വറ്റി.
പെണ്ണുങ്ങള്‍ കഴുകുന്ന
എച്ചില്‍ പാത്രങ്ങളുടെ
വെള്ളത്തിലിരുന്ന്
അമ്പിളി വെട്ടങ്ങള്‍
മുങ്ങി മരിക്കുന്നു.
നിലവിളികള്‍ മാത്രം
കേള്‍ക്കണ
ഒരു മൊട്ട കുന്നീന്റെ
മൊകളിന്ന്
തിരുവാതിര പെണ്ണുങ്ങള്‍
ഇരുട്ടിലേക്ക് എടുത്തു ചാടുന്നു.
മരിക്കുന്നതിന്റെ അന്ന്
പൊലര്‍ച്ചയ്ക്ക്
അമ്മൂമ്മ എന്റെ
മടിയില്‍
തല ചായ്ച്ചു.
കണ്ട സ്വപ്നങ്ങളൊന്നും
നന്നല്ലെന്ന് കണ്ണുകള്‍..
'അച്ഛാച്ഛനെ കാണരുത്
ഊന്നു വടികള്‍ തൊടരുത് '
ഇപ്പോളെന്റെ
കൈയ്യിലിരുന്ന് വിറക്കുന്നു
അമ്മൂമ്മയുടെ ഊന്നുവടി.
അമ്മൂമ്മയല്ലാതെ
ഊന്നുവടികള്‍ തിന്നുന്നവരെ
മുമ്പെങ്ങും
ഞാന്‍ കണ്ടിട്ടില്ലല്ലോ..
Content Highlights: World poetry day 2023, Poem by Adithkrishna Chempath
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..