ചിത്രീകരണം: ബാലു
1
നീളമുള്ള രാത്രികളെ
തോളിലേറ്റി വലിക്കുന്ന ഒരു വണ്ടിക്കാരന്‍
നിങ്ങള്‍ക്കുള്ള വഴി കാണിക്കും
അയാളുടെ വിരലുകളിലെ
ഇരുട്ടിനെ നിങ്ങള്‍ പേടിക്കരുത്
വെളിച്ചം നിങ്ങളെ
എപ്പോള്‍ വേണമെങ്കിലും
ഒറ്റാന്‍ സാധ്യതയുണ്ടെന്നതിനാല്‍
കരുതിയിരിക്കുക!
എല്ലാ യാത്രകളും
വേരറക്കലാണ്, വീടിറങ്ങലും
വേനലവധിയ്ക്ക്
നടക്കാനിറങ്ങിയ എന്റെ സഹോദരനെ
വെളിച്ചം തല്ലിക്കൊന്നു,
മേലാകെ ഇരുട്ട് പുതച്ച
എന്റെ വംശത്തെ
വെളിച്ചം ഒറ്റി
വെളിച്ചം വീണിടങ്ങള്‍ നോക്കൂ,
ചേരികളെ ഒളിപ്പിക്കുന്ന നഗരങ്ങള്‍
ദൈവത്തെ പുറത്താക്കിയ ക്ഷേത്രങ്ങള്‍
മനുഷ്യരെ തറച്ച ശൂലങ്ങള്‍
പുലരും മുന്നേ തീയിട്ടടക്കിയ ശവങ്ങള്‍
വെടിയേറ്റ അക്ഷരങ്ങള്‍
തകര്‍ന്ന ഗാന്ധിത്തല
അംബേദ്കറിന്റെ കോട്ട്
അതെ,
വെളിച്ചത്തിന്റെ ലോകം
വേദനയുടെ ലോകമാണ്
2
ഇരുട്ടിനെ നിങ്ങള്‍ പേടിക്കരുത്
ക
കറ
കറുപ്പ്- എന്റെ ദേഹം,
നിങ്ങളെന്നെ കള്ളനാക്കരുത്
നിങ്ങളുടെ
കുട്ടിക്കാലം പഠിപ്പിച്ച
അപ്പം തട്ടിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന
ക
കറ
കറുത്ത കാക്ക-ഞാനല്ല, ഞങ്ങളാരുമല്ല.
കല്ലെടുക്കരുത്, എറിയരുത്
ഞങ്ങള്‍ കുടിയിറക്കപ്പെട്ടവര്‍
മണ്ണും വേരും വീടുമില്ലാത്തവര്‍
കാല്‍പ്പാടുകള്‍ പോലും
മായ്ച്ചുകളഞ്ഞ്
പ്രേതജീവിതം
ജീവിക്കുന്ന ഞങ്ങളെ
ഇരുട്ട് പൊതിയുന്നു,
ഞങ്ങള്‍ ഇരുട്ടിനെയും
ഇരുട്ടിനെ
നിങ്ങള്‍ പേടിക്കരുത്
വെളിച്ചം ലോകത്തെ അത്രമേല്‍
ഒറ്റിയിരിക്കുന്നു.
Content Highlights: World poetry day 2023, Poem by Aadhi activist
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..