കളിയെഴുത്തിന് വേണ്ടത് പഞ്ചുള്ള ഭാഷ, പാട്ടെഴുത്തിന് മൊഞ്ചുള്ള ഭാഷയും - രവി മേനോൻ | അഭിമുഖം


സ്വീറ്റി കാവ്

രവി മേനോൻ | ഫോട്ടോ: മധുരാജ് / മാതൃഭൂമി

ഗാനങ്ങളുടെ ആസ്വാദകന്‍ എന്ന നിലയില്‍ നിന്ന് 'മൂത്താണ്' താന്‍ പാട്ടുകളുടെ എഴുത്തുകാരനായതെന്ന് ഗായകന്‍ കൃഷ്ണചന്ദ്രനുമായുള്ള സംഭാഷണത്തിനിടെ രവി മേനോന്‍ ഒരിക്കല്‍ പറയുകയുണ്ടായി. എല്ലാ ആസ്വാദകര്‍ക്കും അത്തരത്തില്‍ പാട്ടെഴുത്തുകാരനാവാനാവില്ല എന്നതുതന്നെയാണ് രവി മേനോനെ വേര്‍തിരിച്ചു നിര്‍ത്തുന്നതും. അദ്ദേഹം പാട്ടുകളെ കുറിച്ച് എഴുതാന്‍ തുടങ്ങിയിട്ട് മുപ്പത് കൊല്ലത്തിലേറെയായി. സ്‌പോര്‍ട്‌സ് ലേഖകന്‍ എന്ന നിലയിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനരംഗത്ത് ആദ്യം സ്‌കോര്‍ ചെയ്തത്. പിന്നീടെപ്പോഴോ അദ്ദേഹം പാട്ടുകളുടെ എഴുത്തുകാരനായി, രവി മേനോന്റെ 'പാട്ടുപുസ്തകങ്ങള്‍' പ്രസിദ്ധീകരിക്കപ്പെട്ടു. രവി മേനോന്റെ ലളിതവും ആകര്‍ഷകവുമായ എഴുത്തുരീതി സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. തന്റെ എഴുത്തിനെ കുറിച്ച്, സംഗീതത്തോടുള്ള അദമ്യമായ ഇഷ്ടത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

കളിയെഴുത്തുകാരനില്‍ നിന്ന് പാട്ടെഴുത്തുകാരനിലേക്കുള്ള പരിവർത്തനം വിശദമാക്കാമോ?

രണ്ടും രണ്ടുമേഖലകളാണ്. കുട്ടിക്കാലത്തേ പാട്ടിനോട് കമ്പമുണ്ട്. പക്ഷേ പാട്ടിനെക്കുറിച്ച് എഴുതുക എന്നത് സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. പത്രപ്രവർത്തനം തൊഴിലായി തിരഞ്ഞെടുക്കുമ്പോൾ കളിയെഴുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ. അതിന് മുൻപ് സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കണ്ണൂരിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ഫുട്ബാൾ ഫ്രണ്ട് മാസികയിൽ സ്പോർട്സ് ലേഖനങ്ങൾ എഴുതിയിരുന്നു. കേരളകൗമുദിയിൽ ട്രെയിനി ആയിരുന്നപ്പോഴും സ്പോർട്സ് ആയിരുന്നു തട്ടകം. നെഹ്‌റു കപ്പ്, സന്തോഷ് ട്രോഫി, ഫെഡറേഷൻ കപ്പ് ഒക്കെ റിപ്പോർട്ട് ചെയ്തു,

പാട്ടിനെ കുറിച്ച് എഴുതിത്തുടങ്ങിയത് യാദൃച്ഛികമായാണ്. 1989 ലാണെന്ന് തോന്നുന്നു പി. ലീല കോഴിക്കോട്ട് വരുന്നു. കുട്ടിക്കാലം മുതലേ വലിയ ആരാധനയുള്ള ഗായികയാണ്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നൊക്കെ പറയുന്നതുപോലുള്ള ബന്ധം. അവരുടെ നാരായണീയം, ഹരിനാമകീർത്തനം ഒക്കെ ദിവസവും കേട്ട് വളർന്ന ഒരു ബാല്യമായിരുന്നു എന്റെത്. ലീലച്ചേച്ചിയെ ഒന്ന് കണ്ടു സംസാരിക്കണം എന്ന് എനിക്ക് മോഹം. അടുത്ത ബന്ധുവായ രാജുമ്മാമ (ദേവാസുരം സിനിമയിലൂടെ രഞ്ജിത്ത് അനശ്വരനാക്കിയ മുല്ലശ്ശേരി രാജു) വഴി ഞാൻ ലീലച്ചേച്ചിയുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തുന്നു. അളകാപുരിയിൽ ചെന്നു കണ്ടപ്പോൾ വലിയ സ്നേഹമായിരുന്നു ലീല ചേച്ചിക്ക്. അന്ന് ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. സിനിമയിൽ നേരിട്ട അവഗണനകളെ കുറിച്ചൊക്കെ പറയുമ്പോൾ അവർ ഇമോഷണൽ ആയി. തിരിച്ചുപോരുമ്പോൾ വാതിൽക്കൽ വരെ വന്ന് യാത്രയാക്കവേ ലീലച്ചേച്ചി ചോദിച്ചു-അപ്പൊ, ഈ ഇന്റർവ്യൂ എവിടെയാ അച്ചടിച്ച് വരിക എന്ന്.

ആകെ കുഴങ്ങിപ്പോയി. എഴുതാൻ വേണ്ടിയല്ലല്ലോ കണ്ടതും സംസാരിച്ചതും. എന്നാൽ ചേച്ചിയെ നിരാശപ്പെടുത്താനും വയ്യ. അങ്ങനെ രണ്ടും കൽപ്പിച്ച് ഒരു ലേഖനം എഴുതി കൗമുദി വീക്കെൻഡിന് അയച്ചുകൊടുത്തു. ഉജ്ജയിനിയിലെ ഗായിക'' എന്ന തലക്കെട്ടിട്ട് എഡിറ്റർ ഭാസുരചന്ദ്രൻ അത് പ്രസിദ്ധീകരിച്ചു. അതായിരുന്നു ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ പാട്ടുലേഖനം. അതോടെയാണ് സമാന്തരമായി സ്പോർട്സിനെ കുറിച്ചും സംഗീതത്തെ കുറിച്ചും എഴുതിത്തുടങ്ങിയത്.

സ്‌പോര്‍ട്‌സ് ലേഖകന്റേയും സംഗീതലേഖകന്റേയും കാഴ്ചപ്പാടിലും സമീപനത്തിലും എന്താണ് വ്യത്യാസം?

ഉള്ളിൽ ഒരു ജേർണലിസ്റ്റ് അന്നും ഇന്നും ഉള്ളതിനാൽ ആ ദ്വന്ദഭാവം അത്ര ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. സത്യത്തിൽ വ്യത്യസ്തധ്രുവങ്ങളിൽ നിൽക്കുന്ന മേഖലകളാണ് കളിയും സംഗീതവും. കളിയെ കുറിച്ച്, പ്രത്യേകിച്ച് ഫുട്ബാളിനെ കുറിച്ചെഴുതാൻ നല്ല പഞ്ചുള്ള ഭാഷ വേണം. വിംസിയുടെ ഭാഷയിൽ ചിമുക്കുള്ള ഭാഷ. എന്നാൽ പാട്ടിനെ കുറിച്ച് എഴുതുമ്പോൾ മൊഞ്ചുള്ള ഭാഷയാണ് വേണ്ടത് -എഴുത്തിൽ ആർദ്രത അത്യാവശ്യം. സംഗീതം മനസ്സിന്റെ കൂടി കലയാണല്ലോ. രണ്ടുവിഷയങ്ങളുടെയും വായനാസമൂഹവും വ്യത്യസ്തമാണ്. ഭാഗ്യവശാൽ രണ്ടുതരത്തിലുള്ള എഴുത്തും വലിയ കുഴപ്പമില്ലാതെ കൈകാര്യം ചെയ്തു പോകുന്നുണ്ട്.

എന്നെ ഈ ഇരട്ടറോളിൽ എത്തിച്ചതിൽ നിർണായകമായ ഒരു പങ്ക് കോഴിക്കോടിന്റെ അന്തരീക്ഷത്തിന് ഉണ്ടെന്ന് ഞാൻ കരുതുന്നു. ഞാൻ പഠിച്ചതും കാൽ നൂറ്റാണ്ടോളം ജോലിയെടുത്തതും കോഴിക്കോട്ടാണ്. കളിയെയും പാട്ടിനേയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ് കോഴിക്കോട്ടുകാർ എന്ന് തോന്നിയിട്ടുണ്ട്. മുഹമ്മദ് റഫിയെയും മോഹൻ ബഗാനെയും ഒരുപോലെ ആരാധിക്കുന്നവർ. ആ പ്രത്യേകത തന്നെയാവാം എനിക്കും പകർന്നുകിട്ടിയത്. പിന്നെ, ഇലസ്ട്രേറ്റഡ് വീക്കിലിയിലെ രാജു ഭരതനെ പോലെ രണ്ടു വിഷയങ്ങളും അവധാനതയോടെ കൈകാര്യം ചെയ്യുന്ന പത്രപ്രവർത്തകരും മാതൃകയായിരുന്നു.

എങ്ങനെയാണ് രവി മേനോന്‍ എന്ന ലേഖകന് ഇത്ര ലളിതമായും ആകര്‍ഷകമായും പാട്ടുകളെ കുറിച്ച് എഴുതാന്‍ സാധിക്കുന്നത്?

എങ്ങനെ എന്ന് ചോദിച്ചാൽ ഉത്തരമില്ല. അങ്ങനെ എഴുതിപ്പോകുന്നു എന്നേ പറയാനാകൂ. പാട്ടിനോടുള്ള വല്ലാത്ത സ്നേഹം എന്നെക്കൊണ്ട് എഴുതിക്കുന്നു എന്ന് പറയുന്നതാകും ശരി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിത്തുടങ്ങുന്ന കാലത്ത് ഇത്ര സീരിയസ് ആയ ഒരു പ്രസിദ്ധീകരണത്തിൽ എന്തിനാണ് ഈ പൈങ്കിളിയെഴുത്ത് എന്നൊക്കെ പലരും പരിഹസിച്ചിരുന്നതായി അറിയാം. അങ്ങനെ പറഞ്ഞവർ പോലും പിന്നെപ്പിന്നെ ആ എഴുത്തിനെ കുറിച്ച് സ്നേഹത്തോടെ സംസാരിച്ചിട്ടുമുണ്ട്. ഏറ്റവും വലിയ ബുദ്ധിജീവികളായി അറിയപ്പെടുന്നവർ പോലും ഇഷ്ടപ്പെട്ട പാട്ടിനെ കുറിച്ച് എഴുതിക്കാണുമ്പോൾ സന്തോഷത്തോടെ വിളിക്കും.

വായനയ്ക്ക് വേണ്ടി നീക്കിവെക്കാൻ മനുഷ്യർക്ക് സമയം തന്നെ ഇല്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്. അല്ലേ? ഒരു ലേഖനത്തിന്റെ അല്ലെങ്കിൽ കഥയുടെ ആദ്യവാചകം വായിച്ചയുടൻ തന്നെ അയാൾ തീരുമാനിച്ചിരിക്കും തുടർന്ന് വായിക്കണോ വേണ്ടയോ എന്ന്. ആദ്യത്തെ വാചകം മാത്രമല്ല, വാക്ക് പോലും പ്രധാനമാണ്. വായനക്കാരനെ തുടർന്ന് വായിപ്പിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല അയാൾക്ക് പുതുതായി എന്തെങ്കിലും ഒരു ഇൻഫർമേഷൻ കൊടുക്കാൻ കഴിയുകയും വേണം. എഴുത്തിന്റെ ഫ്ലോ മറ്റൊരു പ്രധാന ഘടകമാണ്. എഴുതുമ്പോൾ ഇതൊന്നും നമ്മൾ പ്ലാൻ ചെയ്യാറില്ല. അതുകൊണ്ടുതന്നെ വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്താണെന്ന് ഇഷ്ടപ്പെട്ട എഴുത്തുകാർ തന്നെ പറയുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്.

സംഗീതനിരൂപകൻ എന്നതിനേക്കാൾ ആസ്വാദക പക്ഷത്തു നിന്ന് എഴുതുന്ന ഒരാളായാണ് ഞാൻ എന്നെ കാണുന്നത്. ഗഹനമായ താത്വിക അവലോകനം ഒന്നും എനിക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. പാട്ടിലെ ലിംഗവിവേചനം, വർഗ-വർണ്ണ വിവേചനം തുടങ്ങിയ ഗൗരവമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുമില്ല. എങ്കിലും അതിനെ കുറച്ചൊക്കെ പഠിച്ച് എഴുതുന്നവരുടെ ലേഖനങ്ങൾ താൽപ്പര്യത്തോടെ വായിക്കാറുണ്ട്. അവരോട് ആദരവും തോന്നാറുണ്ട്. എഴുത്തുകാരൻ എന്ന നിലയിൽ വലിയ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല. നമ്മൾ എഴുതുന്നത് ഏറ്റവും സാധാരണക്കാരായ വായനക്കാർക്ക് പോലും മനസിലാക്കണം, അവരുടെ മനസ്സിനെ ചെന്ന് തൊടണം എന്നൊക്കെയേ ഉള്ളൂ. അതുകൊണ്ട് ഒട്ടും ദുർഗ്രഹതയില്ലാതെ സിംപിൾ ആയി എഴുതാൻ ശ്രമിക്കുന്നു.

പിന്നെ നമ്മളെക്കാൾ പതിന്മടങ്ങ് വിവരമുള്ളവരാണ് നമ്മുടെ വായനക്കാർ എന്ന ബോധം എപ്പോഴും വേണം. എഴുതുന്നതിൽ എന്തെങ്കിലും ചെറിയ പിശകുകൾ വന്നാൽ പോലും ആളുകൾ വിളിച്ചു തിരുത്താറുണ്ട്. നമ്മെയൊക്കെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ അവരിൽ പലരും സംസാരിച്ചുകേട്ടിട്ടുണ്ട്. ഇയ്യിടെ ഉറുദു ഭാഷയിലെ ഒരു ഗസലിന്റെ അർഥവും വ്യംഗ്യാർഥവും മനോഹരമായി ഫോണിൽ വിവരിച്ചുതന്ന ഒരു ചുമട്ടുതൊഴിലാളിയെ ഓർമ്മവരുന്നു. അങ്ങനെയുള്ളവർ ദിനം പ്രതിയെന്നോണം വിളിക്കാറുണ്ട്. സ്നേഹമുള്ള വായനക്കാർ. അവർക്ക് വേണ്ടിയാണ് എന്റെ എഴുത്ത്.

മാധ്യമപ്രവര്‍ത്തകര്‍ പൊതുവെ പ്രാധാന്യം നല്‍കുന്ന വിഷയങ്ങളില്‍ നിന്ന് മാറി നടന്നതിന് പിന്നില്‍?

രാഷ്ട്രീയത്തെ കുറിച്ച് എഴുതുന്നവർക്ക് ലഭിക്കുന്ന പരിഗണനയും ആദരവും മറ്റ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ലഭിച്ചിരുന്നില്ലാത്ത കാലത്താണ് ഞാൻ എഴുതിത്തുടങ്ങുന്നത്. സ്പെഷ്യലൈസേഷൻ അന്നൊരു സ്വപ്നം മാത്രമായിരുന്നു ഞങ്ങളെ പോലുള്ള തുടക്കക്കാർക്ക്. പ്രധാനമന്ത്രിയുടെ വിദേശപര്യടനവും കൊപ്ര വിലയിടിവും റോക്കറ്റ് വിക്ഷേപണവും ആത്മഹത്യയും ഒക്കെ ഒരാൾ തന്നെ കൈകാര്യം ചെയ്യേണ്ട അവസ്ഥ. സ്പോർട്സിനെ കുറിച്ച് മാത്രം എഴുതുന്നവർ കുറവായിരുന്നു മലയാള പത്രങ്ങളിൽ. അങ്ങനെ കുറച്ചുകാലം എഴുതിപ്പോയാൽ, അവൻ അങ്ങനെ സുഖിക്കേണ്ട എന്ന് പറഞ്ഞു ലോക്കൽ പേജിലേക്ക് മാറ്റുന്നതായിരുന്നു നടപ്പുശൈലി. ആ സമയത്ത് സ്പോർട്സിൽ സ്‌പെഷലൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിച്ചത് വലിയ ഭാഗ്യമായിരുന്നു. അന്നത്തെ കൗമുദി ന്യൂസ് എഡിറ്റർ പി.ജെ. മാത്യു സാറിനോടാണ് അതിനുള്ള കടപ്പാട്.

ഇന്ത്യൻ എക്സ്പ്രസ്സിൽ വന്നപ്പോൾ ഫുട്ബാൾ റിപ്പോർട്ടിങ് ആയി പ്രധാനമേഖല. അതും നന്നായി ആസ്വദിച്ചിട്ടുണ്ട്. അന്ന് വിഷ്വൽ മീഡിയ സജീവമായിത്തുടങ്ങുന്ന കാലമാണ്. മാച്ച് റിപ്പോർട്ടുകൾ വെറും സ്ഥിതിവിവരക്കണക്ക് മാത്രമായി ഒതുങ്ങിപ്പോയാൽ ആരും വായിക്കാൻ മിനക്കെട്ടില്ല. അതുകൊണ്ട് റിപ്പോർട്ടുകളിൽ വിഷ്വൽ എഫക്റ്റും കൊണ്ടുവരേണ്ടിയിരുന്നു. ആദ്യമാദ്യം അത്തരത്തിലുള്ള റിപ്പോർട്ടിങ് ശൈലിയെ മുതിർന്ന സഹപ്രവർത്തകർ വിമർശിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ അവർ പോലും അങ്ങനെ എഴുതാൻ തുടങ്ങി. ഇന്നിപ്പോൾ അതിലും വലിയ വെല്ലുവിളിയാണ് സ്പോർട്സ് റിപ്പോർട്ടിങ്. മത്സരം ഓൺലൈൻ മീഡിയയോടാണല്ലോ. പത്രങ്ങളുടെ സുവർണകാലത്ത് ജോലി ചെയ്യാൻ സാധിച്ചു എന്നതാണ് എന്റെ തലമുറയുടെ ഭാഗ്യം. എഴുതുന്നതെല്ലാം വായിക്കപ്പെടുക, അതിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കപ്പെടുക എന്നതൊക്കെ വലിയ കാര്യമല്ലേ?

അധികവും അനുഭവക്കുറിപ്പുകളാണല്ലോ, ഇത്രയധികം സൗഹൃദങ്ങളും ബന്ധങ്ങളും ഊഷ്മളമായി എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നത്?

സത്യത്തിൽ, എന്നെങ്കിലുമൊരിക്കൽ എഴുതണം എന്നുദ്ദേശിച്ചല്ല പലരെയും കണ്ടുമുട്ടിയതും സൗഹൃദം സ്ഥാപിച്ചതും. കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടുനടന്നവരെ നേരിൽ കാണുക, സംസാരിക്കുക.. അത്രയൊക്കെയേ ആഗ്രഹിച്ചിരുന്നുള്ളൂ. സംസാരിച്ചപ്പോൾ കിട്ടിയ വിവരങ്ങൾ പിന്നീട് അവരെക്കുറിച്ചു എഴുതേണ്ടിവന്നപ്പോൾ ഉപകാരപ്പെട്ടിട്ടുണ്ട് എന്ന് മാത്രം.

കുട്ടിക്കാലത്ത് അത്യാവശ്യം അന്തർമുഖത്വം ഉണ്ടായിരുന്നു. ഇഷ്ടപ്പെട്ട പാട്ടും കേട്ട് ഒരുഭാഗത്ത് സ്വപ്നം കണ്ട് ഒതുങ്ങിയിരുന്നായിരുന്നു ശീലം. വയനാട്ടിൽ ഞാൻ വളർന്നുവന്ന ഏകാന്തമായ അന്തരീക്ഷവും അതിനൊരു കാരണമാകാം. കോഴിക്കോട്ട് പഠിക്കാൻ വന്ന ശേഷമാണ് ആ ശീലം മാറിയത്. ഹോസ്റ്റൽ ജീവിതം എന്നെ മാറ്റിയെടുത്തു എന്ന് പറയുകയാകും ശരി. അതുപോലെ അമ്മാവനായ മുല്ലശ്ശേരി രാജുവുമായുള്ള സഹവാസം, അവിടത്തെ പാട്ടു കൂട്ടായ്മകൾ.. അതൊക്കെ വലിയ സ്വാധീനങ്ങൾ ആയിരുന്നു. അവിടെ നിന്നാണ് മറക്കാനാവാത്ത അനുഭവങ്ങൾ പലതും ആരംഭിക്കുന്നത്. അവയൊക്കെ കൃത്യമായി ഓർത്തെടുക്കാൻ പറ്റും.

പല പ്രശസ്ത സംഗീതജ്ഞരെയും പരിചയപ്പെടുത്തിയത് ജയേട്ടൻ- ഗായകൻ ജയചന്ദ്രൻ ആണ്. എം എസ് വി, സുശീലാമ്മ, പുകഴേന്തി, പി.ബി. ശ്രീനിവാസ്... അങ്ങനെ പലരെയും. അങ്ങനെയുള്ള ആളുകളുമായി സംസാരിക്കുമ്പോൾ ഏറ്റവും സൂക്ഷ്മമായ വശങ്ങളെ കുറിച്ച് പോലും ചോദിച്ചറിയാൻ ശ്രമിക്കാറുണ്ട്. ഡെലിബറേറ്റ് ആയിട്ടല്ല. കൗതുകം കൊണ്ടാണ്. അതൊക്കെ സ്വാഭാവികമായി എഴുത്തിൽ വരുന്നുണ്ടാകാം. ആളുകൾക്ക് അത്തരം കാര്യങ്ങൾ ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ വീണ്ടും എഴുതാൻ പ്രചോദനമാകും.

മനസ്സിനെ തൊട്ട അനുഭവങ്ങളെ കുറിച്ചേ എഴുതിയിട്ടുള്ളൂ. ചിലപ്പോൾ കരയിച്ചവയാകും. അല്ലെങ്കിൽ ചിരിപ്പിച്ചവ. കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ് ലഭിച്ച പൂർണേന്ദുമുഖി എന്ന പുസ്തകത്തിൽ അത്തരം വൈയക്തിക അനുഭവങ്ങൾ മാത്രമേയുള്ളൂ. ഇത്തരം ജീവിതാനുഭവങ്ങൾ പലരും എഴുതുന്നത് വളരെ ഹൃദയസ്പർശിയായി തോന്നിയിട്ടുണ്ട് - ചുള്ളിക്കാട്, സി ആർ ഓമനക്കുട്ടൻ, ജോയ് മാത്യു, ശാരദക്കുട്ടി, താഹ മാടായി, എ എസ് പ്രിയ, കെ രേഖ.... അങ്ങനെ പലരും.

എങ്ങനെയാണ് എഴുത്തിന്റെ രീതി? ചില അവസരങ്ങളില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് വെക്കുക അസാധ്യമാണല്ലോ, അത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് ഒഴുക്കായി എഴുതാനാവുന്നത്?

രണ്ടു തരത്തിലും എഴുതാറുണ്ട്. വിശേഷാവസരങ്ങളിലും പ്രമുഖരുടെ മരണാനന്തരവും കുറിപ്പുകൾ എഴുതേണ്ടിവരിക എന്നത് പത്രപ്രവർത്തകന്റെ യോഗമാണ്. ദുര്യോഗം എന്നും പറയാം. ജോലിയുടെ ഭാഗമായുള്ള അനിവാര്യദൗത്യം. പ്രത്യേകിച്ച് പ്ലാനിങ് ഒന്നുമില്ലാതെ എഴുതുന്നതാണ് അനുസ്മരണക്കുറിപ്പുകൾ-ഹൃദയത്തിൽ നിന്ന് വരുന്നത്. അതിന്റെ ഗുണവും ദോഷവും ആ കുറിപ്പുകൾക്കുണ്ടാവും. ഒരാളെ കുറിച്ച് പഠിച്ച് ഗവേഷണം നടത്തി എഴുതുമ്പോൾ ഈ പ്രശ്നമില്ല. സമയം യഥേഷ്ടം ലഭിക്കുമല്ലോ. എങ്കിലും പൊതുവെ ഒറ്റയിരുപ്പിൽ എഴുതുന്നതാണ് എന്റെ രീതി. ഏറിവന്നാൽ രണ്ടു ദിവസം. പിന്നീട് ഒന്നു തേച്ചുമിനുക്കും എന്ന് മാത്രം.

എഴുത്തിന് ഒഴുക്കുണ്ട് എന്ന് പറഞ്ഞുകേൾക്കുമ്പോൾ സന്തോഷം. അതും മനഃപൂർവമുള്ള ശ്രമമല്ല. വാചകങ്ങൾ തമ്മിൽ, ഖണ്ഡികകൾ തമ്മിൽ സ്വാഭാവികമായി വിളങ്ങിച്ചേർന്നാലേ വായിക്കാൻ സുഖമുണ്ടാകൂ. എം.ടി., വി.കെ.എൻ, പി. കുഞ്ഞിരാമൻ നായർ ഒക്കെ അക്കാര്യത്തിൽ അതിമാനുഷരാണ്. എഴുത്തിൽ എന്നെ ഏറെ സ്വാധീനിച്ച വിംസിയെയും മറക്കാനാവില്ല. നമ്മുടെ കണ്ണുകളിൽ നോക്കി സംസാരിക്കുന്നതു പോലെയാണ് അദ്ദേഹം എഴുതുക. ഇന്നും ഒരു വിസ്മയമാണ് എനിക്ക് ആ എഴുത്ത്. ഇംഗ്ലീഷിലെ ഏറ്റവും നല്ല ഫുട്ബാൾ റിപ്പോർട്ടർമാരിൽ ഒരാൾ എന്ന് വിംസി അദ്ദേഹത്തിന്റെ ആത്മകഥയിൽ വിശേഷിപ്പിച്ചതാണ് എഴുത്തുജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും അമൂല്യമായ അവാർഡ്.

സിനിമാസംഗീതമേഖലക്കപ്പുറം മറ്റ് സംഗീതശാഖകളുമായുള്ള ബന്ധത്തെ കുറിച്ച് ?

എല്ലാത്തരത്തിലുള്ള സംഗീതവും കേൾക്കും. ഏറ്റവും ഉന്നതമായ സംഗീതം എന്നൊന്നില്ല. എല്ലാ സംഗീത ശാഖയ്ക്കും അതിന്റെതായ ഔന്നത്യം ഉണ്ടെന്നാണ് എന്റെ വിശ്വാസം. നല്ല സംഗീതം, ചീത്ത സംഗീതം എന്ന വേർതിരിവ് തന്നെ തെറ്റാണ്, നമുക്ക് ഇഷ്ടമുള്ള സംഗീതം, ഇഷ്ടമില്ലാത്ത സംഗീതം എന്നേ പറയാനാകൂ.

ശാസ്ത്രീയ സംഗീതം കുട്ടിക്കാലത്തേ കേൾക്കാറും ആസ്വദിക്കാറുമുണ്ട്. റേഡിയോ ആയിരുന്നു അതിനുള്ള ഏക ആശ്രയം. ഞങ്ങൾ മൂന്ന് സഹോദരങ്ങളിൽ അനിയത്തി മാത്രമേ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുള്ളൂ. അഡയാർ കലാക്ഷേത്രയിൽ എം.ഡി. രാമനാഥന്റെയും ജോൺ ഹിഗ്ഗിൻസിന്റെയും ഒക്കെ ശിഷ്യയായിരുന്നു അവൾ. മൂന്ന് പേരും ഒരുപോലെ ഗാനപ്രേമികൾ ആയതിനാൽ ഞങ്ങളുടെ പൊതുസംഭാഷണവിഷയം മിക്കപ്പോഴും പാട്ടായിരിക്കും. കർണ്ണാട്ടിക്കിൽ മഹാരാജപുരം സന്താനം, ടി.എൻ. ശേഷഗോപാൽ, ചെമ്പൈ, എം.എസ്. സുബ്ബുലക്ഷ്മി, സുധാ രഘുനാഥൻ, ബോംബെ ജയശ്രീ, ഉണ്ണികൃഷ്ണൻ ഇവരുടെയൊക്കെ പാട്ടുകൾ ആസ്വദിക്കും. യേശുദാസിന്റെ ക്‌ളാസിക്കൽ മ്യൂസിക് പോരാ എന്ന് പറയുന്നവരെ ധാരാളം കണ്ടിട്ടുണ്ട്. പക്ഷേ എനിക്ക് ഇഷ്ടമാണ്. ഹിന്ദുസ്ഥാനിയിൽ പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ, പണ്ഡിറ്റ് ജസ്‌രാജ്, കിശോരി അമോങ്കർ, ഉസ്താദ് അമീർ ഖാൻ, കൗശികി ചക്രവർത്തി, അബ്ദുൾ റാഷിദ് ഖാൻ...എല്ലാവരും പ്രിയങ്കരർ.

എന്റെ തലമുറയിലെ മിക്കവരെയും പോലെ അബ്ബയിലൂടെയും ബോണി എമ്മിലൂടെയുമായിരുന്നു പാശ്ചാത്യസംഗീതത്തിലേക്കുള്ള പ്രവേശനം. കൺട്രി മ്യൂസിക്, ബ്ലൂസ്, റാപ്പ്, റോക്ക് തുടങ്ങി എല്ലാ വകഭേദങ്ങളും കേൾക്കും. പക്ഷേ അത്ര വലിയ പാഷൻ ഒന്നുമല്ല. സൈമൺ ആൻഡ് ഗാർഫങ്കിൽ, ലെഡ് സെപ്ലിൻ, എറിക് ക്ലാപ്റ്റൺ ഒക്കെ കേൾക്കാറുണ്ട്. അമേരിക്കയിൽ ലോസ് ആഞ്ജിലസിലുള്ള അനിയത്തിയുടെ മകൻ അവിടെ റാപ്പ് മ്യുസിഷ്യൻ ആണ്. എഴുതി കംപോസ് ചെയ്ത് പാടും. അവരുടെയൊക്കെ സംഗീതസങ്കൽപ്പങ്ങൾ രസകരമായി തോന്നാറുണ്ട്.

മാധ്യമപ്രവര്‍ത്തകനെന്നതിനപ്പുറം ഒരു കലാകാരനെന്ന നിലയില്‍ രവിമേനോനെ എത്തരത്തിലാണ് വായനക്കാര്‍ പരിചയപ്പെടേണ്ടത്?

വെറും ജേണലിസ്റ്റിക് വർക്ക് ആയല്ല, സാമൂഹ്യപ്രവർത്തനം കൂടിയായിട്ടാണ് എഴുത്തിനെ കാണുന്നത്. എഴുതിയിട്ടുള്ളത് ഏറെയും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്നു കഴിയുന്ന കലാകാരന്മാരെ കുറിച്ചാണ്. പാർശ്വവത്കൃതർ എന്ന് വേണമെങ്കിൽ പറയാം. ഒരു ഗ്രൂപ്പിന്റേയും കോക്കസിന്റെയും ഭാഗമാകാൻ കഴിയാതെ സിനിമയുടെ മുഖ്യധാരയിൽ നിന്ന് പുറന്തള്ളപ്പെട്ടവർ, അവസരം തേടി അലഞ്ഞ് ഒന്നുമാകാതെ കോടമ്പാക്കത്തെ പൈപ്പുവെള്ളം കുടിച്ചു ജീവിക്കുകയും ഒടുവിൽ ആരുമറിയാതെ മരിച്ചുപോകുകയും ചെയ്തവർ, ഏകാന്തതയിലേക്കും വിഷാദരോഗത്തിലേക്കും ഉൾവലിയാൻ വിധിക്കപ്പെട്ടവർ, അസാമാന്യ കലാകാരന്മാരായിട്ടും ആയുഷ്കാലം മുഴുവൻ പാട്ടുകളുടെ ഓർക്കസ്ട്രയിൽ വയലിനും ഫ്ലൂട്ടുമൊക്കെ വായിച്ചു വിസ്മൃതിയിൽ ഒടുങ്ങുന്നവർ...അങ്ങനെ ഒട്ടേറെ നിർഭാഗ്യവാന്മാരെ കുറിച്ച് എഴുതി. ഇപ്പോഴും എഴുതുന്നു. പലർക്കും പെൻഷൻ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്. പലരെയും വീണ്ടും ലൈംലൈറ്റിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തി തോന്നാൻ അതൊക്കെ ധാരാളം. അവരുടെയൊക്കെ സ്നേഹവും അനുഗ്രഹങ്ങളുമാണ് എന്നിലെ എഴുത്തുകാരന്റെ ശക്തി.

മാധ്യമപ്രവര്‍ത്തകന്‍ എന്ന ലേബലിനുപരിയായി ചിത്രകാരന്‍, കാര്‍ട്ടൂണിസ്റ്റ് എന്നിവയും രവി മേനോന്‍ എന്ന പേരിനൊപ്പം കേട്ടിട്ടുണ്ട്. അതിനെ കുറിച്ച് / സംഗീതവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. വരുംകാലത്ത് സിനിമാഎഴുത്തുകാരനായോ നോവലിസ്റ്റായോ രവി മേനോന്‍ എന്ന പേര് വരാനിടയുണ്ടോ, പദ്ധതികള്‍ എന്തെങ്കിലും?

ആദ്യകാലത്ത് ചിത്രം വരച്ചിരുന്നു. പെയിന്റിങ്ങിലും ഡ്രോയിങ്ങിലും യൂത്ത് ഫെസ്റ്റിവലിൽ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ യുവജനോത്സവത്തിൽ കഥാരചനയ്ക്കും സമ്മാനം ലഭിച്ചു. പക്ഷേ ആ വഴിയിലൂടെയല്ല പിന്നീട് യാത്ര ചെയ്‌തത്‌. ചിത്രകല തുടരാതെ പോയതിൽ ഇപ്പോൾ ചെറിയൊരു നഷ്ടബോധം തോന്നാറുണ്ട്. എങ്കിലും ഇടക്കൊക്കെ കാർട്ടൂണുകളും കാരിക്കേച്ചറുകളും വരക്കുന്നു. എന്റെ ഒരു സന്തോഷത്തിന് വേണ്ടി മാത്രം.

ചിത്രകലയെ കുറിച്ച് പറയുമ്പോൾ ഒരു സന്തോഷം പങ്കുവെക്കാതെ വയ്യ. കുറച്ചു കാലം മുൻപ് എന്റെ ഒരു ഛായാചിത്രം ഒരാൾ സ്നേഹപൂർവ്വം വരച്ചയച്ചു തന്നു. എനിക്കേറെ പ്രിയപ്പെട്ട ഒരാൾ-എസ് ജാനകി. ജാനകിയമ്മയുടെ ഉള്ളിൽ ഒരു ചിത്രകാരി ഉണ്ടെന്നത് പുതിയ അറിവായിരുന്നു. എന്റെ പഴയ ഫോട്ടോ നോക്കി വരച്ചതാണ്. ഇത്രയും സുന്ദരനോ ഞാൻ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു: ഇത് എന്റെ മനസ്സിലെ രവിമേനോൻ ആണ് എന്ന്...

എസ്. ജാനകി വരച്ച രവി മേനോന്റെ ചിത്രം

രചനാരീതിയുടെ പ്രത്യേകത കൊണ്ടാണോ എന്നറിയില്ല സിനിമയ്ക്ക് കഥയും തിരക്കഥയും എഴുതാൻ നിരവധി ഓഫറുകൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ലഭിക്കുന്നു. ഹരിഹരൻ സാർ, ഐ.വി. ശശി, ജയരാജ്, വി.കെ. പ്രകാശ് ഒക്കെ നിർബന്ധിച്ചിട്ടുണ്ട്. ധൈര്യം പോരാ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് പതിവ്. ഹരൻ സാർ ഇപ്പോഴും സ്നേഹപൂർവ്വം ശാസിക്കും. തിരക്കഥാരചന ഗൗരവത്തോടെ കാണണം എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ഇയ്യിടെ യേശുദാസിന്റെ സംഗീതജീവിതത്തെ കുറിച്ച് ഒരു സിനിമ എന്ന ആശയവുമായി സിനിമാരംഗത്തെ പ്രമുഖനായ ഒരു സുഹൃത്ത് വിളിച്ചിരുന്നു. എഴുതാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. നമ്മളെ കൊണ്ട് പറ്റുമോ എന്ന് സംശയമുള്ളതുകൊണ്ടാണ്. എങ്കിലും ഭാവിയിൽ ഒരു പരീക്ഷണം നടത്തിക്കൂടാ എന്നില്ല. പാട്ടിനെ കുറിച്ച് എഴുതേണ്ടിവരും എന്നുപോലും വിചാരിച്ചതല്ലല്ലോ.

പാട്ടെഴുത്ത് എന്ന ശാഖ ഇന്ന് മലയാളത്തിൽ മുൻപെന്നത്തേക്കാൾ സജീവമാണ്. അതിനൊരു നിമിത്തമായതിൽ സന്തോഷമുണ്ടോ?

പാട്ടെഴുത്തുകാരൻ എന്ന് ചിലരൊക്കെ വിശേഷിപ്പിച്ചു കേൾക്കുമ്പോൾ ജാള്യം തോന്നാറുണ്ട്. സത്യത്തിൽ ഗാനരചനയാണ് പാട്ടെഴുത്ത്. പാട്ടിനെ കുറിച്ചുള്ള പംക്തിക്ക് അന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ ആ പേര് നൽകിയപ്പോൾ ചോദിച്ചിട്ടുണ്ട്; അത് തെറ്റിദ്ധരിപ്പിക്കലല്ലേ എന്ന്. കുഴപ്പമില്ല ഭാവിയിൽ കളിയെഴുത്ത് എന്നൊക്കെ പറയും പോലെ ഇതും സ്വീകരിക്കപ്പെട്ടുകൊള്ളും എന്നായിരുന്നു മറുപടി. പതിനഞ്ചു കൊല്ലം ആഴ്ചപ്പതിപ്പിൽ ആ പംക്‌തി തുടർന്നുവെന്നത് ഇന്ന് അത്ഭുതമായി തോന്നുന്നു. ഇന്നും ആ കോളത്തെ കുറിച്ച് പലരും ഓർത്തെടുത്തു പറയുമ്പോൾ സന്തോഷം തോന്നും.

ചലച്ചിത്രഗാനങ്ങളെ കുറിച്ച് ഗൗരവത്തോടെ മുൻപും പലരും എഴുതിയിരുന്നു. ടി.പി. ശാസ്തമംഗലം, സി.എം. ഗോപാലകൃഷ്ണൻ, സാജൻ കൽപ്പറ്റ ഒക്കെ എഴുതിയ ലേഖനങ്ങൾ ഓർമ്മയിലുണ്ട്. ടി.പി. ആണ് ഇതൊരു ശാഖയാക്കി വളർത്തിയത്. രസകരമാണ് അദ്ദേഹത്തിന്റെ ശൈലി. പിന്നീട് അയിലൂർ രാമനാഥൻ, വി.ആർ. സുധീഷ്, മുകുന്ദനുണ്ണി, ഷാജൻ സി. മാത്യു, രമേശ് ഗോപാലകൃഷ്ണന്‍, ഷാജി ചെന്നൈ, ആർ.വി.എം. ദിവാകരൻ, എം.ഡി. മനോജ് അങ്ങനെ പലരും വന്നു. എല്ലാവർക്കും അവരവരുടേതായ ശൈലികൾ, കാഴ്ചപ്പാടുകൾ. പാട്ടുകാരായ ജി. വേണുഗോപാലും വി.ടി. മുരളിയും സുദീപ് കുമാറുമൊക്കെ നല്ല എഴുത്തുകാർ കൂടിയാണ്. ജനപ്രിയസംഗീതത്തെ കുറിച്ചുള്ള എഴുത്ത് അത്ര മോശം ഏർപ്പാടല്ല എന്ന് ഇപ്പോൾ ആളുകൾക്ക് ബോധ്യം വന്നിട്ടുണ്ട്. അതിലൊരു പങ്ക് എനിക്കും അവകാശപ്പെടാം എന്ന് തോന്നുന്നു. നന്ദി പറയേണ്ടത് എന്റെ വായനക്കാരോട് മാത്രം.

കുടുംബം?

കുടുംബത്തോടൊപ്പം

ഭാര്യ ലത. വീട്ടമ്മയാണ്. നല്ല സംഗീതപ്രേമിയാണ്. മകൾ മായ ആർ ആർ ഡോണെലിയിലും മരുമകൻ ശ്രീജിത്ത് ഇൻഫോസിസിലും ജോലി ചെയ്യുന്നു. മകൻ മാധവ് കഴിഞ്ഞ ദിവസം ക്യാപ്ജെമിനൈ എന്ന കമ്പനിയിൽ ജോയിൻ ചെയ്തു.

Content Highlights: Ravi Menon, World Music Day, Music Day, Interview, Malayalam News, Malayalam Movies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented