.
ലോകത്ത് മനുഷ്യസാന്നിധ്യമുള്ള ഏതുകോണിലും സംഗീതത്തിന്റെ നേരിയ അലപോലുമിളകാത്ത ഒരു ദിനം പോലുമുണ്ടാവുക അസാധ്യം. ലോകവുമായി അത്രത്തോളം ബന്ധമുണ്ട് സംഗീതത്തിന്. മനുഷ്യമനുസ്സിനെ ആര്ദ്രമാക്കാന് സംഗീതത്തിനുള്ള ശേഷി മറ്റൊന്നിനുമില്ല. പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ നൊമ്പരവും ഏകാന്തതയില്‍ അഭയവുമൊക്കെ പകരാന്‍ സംഗീതത്തിനാവും. സംഗീതത്തിന് വേണ്ടിയൊരു അന്താരാഷ്ട്രദിനം. ജൂണ്‍ 21 സംഗീതദിനമായി ആദ്യം ആഘോഷിക്കപ്പെട്ടത് 1982 ലാണ്. പകലിന് ഏറ്റവും ദൈര്‍ഘ്യമുള്ള വര്‍ഷത്തിലെ രണ്ട് ദിനങ്ങളിലൊന്ന് സംഗീതദിനമായി ആചരിക്കാനുള്ള തീരുമാനം മികച്ചതായി, കാരണം ഏതിരുട്ടിലും വെളിച്ചമേകുന്ന സംഗീതത്തിനായി അത്തരമൊരു ദിവസം തന്നെയാണ് ഏറ്റവും അഭികാമ്യം. പാരിസിലാണ് ആദ്യമായി ആഘോഷം നടന്നതാണ്. ഫ്രഞ്ച് സാസ്കാരികമന്ത്രി ജാക്ക് ലാങ്, സംഗീതജ്ഞന് മൗറിസ് ഫ്ളൂറെറ്റ് എന്നിവരായിരുന്നു ആശയത്തിന് പിന്നില്‍. ഇപ്പോള്‍ 120 ഓളം രാജ്യങ്ങള്‍ സംഗീതദിനം ആഘോഷിക്കുന്നു.
പടിഞ്ഞാറൻ സംഗീതം
യൂറോപ്യന്‍ സംസ്കാര സന്തതിയാണ് പാശ്ചാത്യസംഗീതം. ഗ്രീക്ക്, റോമന്‍ സംസ്കാരങ്ങള്‍ അതിന് ഉണര്‍വേകി. ഗ്രീക്ക് സംഗീത ദേവതയുടെ-മ്യൂസസ്- പേരില്‍ നിന്നാണ് മ്യൂസിക് എന്ന പദം ഉത്ഭവിച്ചതു തന്നെ. ഇറ്റലിക്കാരനായ പാലസ് ട്രീന ജിയോവാനി ആണ് പാശ്ചാത്യസംഗീത പിതാമഹനെങ്കിലും സിംഫണിയെന്ന ശാസ്ത്രീയസംഗീതത്തിന്റെ ശില്പി ജര്‍മന്‍കാരനായ ജോണ്‍ സെബാസ്റ്റിന് ബാക് ആയിരുന്നു. തുടര്‍ന്ന്, ജോര്‍ജ് ഫ്രെഡറിക് ഹാന്‍ ഡെല്‍, ജോസഫ് ഹെയ്ഡന്, മൊസാര്‍ട്ട്, ബീഥോവന് തുടങ്ങിയവരൊക്കെ മനോഹരമായ സിംഫണി രചിച്ചവരാണ്.
ലഹരി സംഗീതം
'സിംഫണി'ക്കു ശേഷം ജനകീയ പോപ് മ്യൂസിക് പ്രചാരത്തിൽ വന്നു. അമേരിക്കന്‍ കറുത്ത വര്‍ഗക്കാരുടെ ആടിപ്പാടിയുള്ള മ്യൂസിക് ഷോകളായി അത് രൂപാന്തരപ്പെട്ടു. റോക്ക് ആന്‍ഡ് റോള്‍, ഡിസ്കോ, ജാസ്, റോക്ക്, ഹെവിമെറ്റല്‍, റാപ്, റെഗ്ഗെ തുടങ്ങിയ സംഗീത രീതിഭേദങ്ങള്‍ ഇന്ന് ഇതിനുണ്ട്. മൈക്കല്‍ ജാക്സനും മഡോണയിലേക്കുമെത്തുമ്പോള് ആധുനിക പാശ്ചാത്യസംഗീതം 'നാദ സൗന്ദര്യം' വെടിഞ്ഞ് 'ശബ്ദ ഗാംഭീര്യം' എന്ന നിലയിലെത്തി!
സംഗീതമെന്ന മരുന്ന്
ചൈനക്കാരുടെ വൈദ്യശാസ്ത്രത്തിലും ഹീബ്രുക്കളുടെ 'കബല'യിലും ഒക്കെ പണ്ടേ സംഗീതചികിത്സാ സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. 1944-ല്‍ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മ്യൂസിക് തെറാപ്പി കണ്ടുപിടിച്ചു. സംഗീതത്തിന്, നാഡീകോശങ്ങളെ ഉത്തേജിപ്പിച്ചുണര്ത്തി ശാന്തിയും സന്തോഷവും പകരാനും ശ്രദ്ധയും സിദ്ധിയും പരിപോഷിപ്പിക്കാനും (മൊസാര്‍ട്ട് ഇഫെക്ട്) കഴിയുമെന്ന് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയും തെളിയിച്ചിട്ടുണ്ട്. 'ഹീലിങ് വിത്ത് ദ വോയ്സ്' എന്ന ഗ്രന്ഥത്തില്‍ ജെയിംസ് ഡി. ആഞ്ചലോ നാദചികിത്സ എന്ത്? എങ്ങനെ? എന്ന് വിവരിക്കുന്നുമുണ്ട്.
സംഗീതം ഭാരതത്തില്‍
ഭാരതീയ സംഗീതത്തിന് 'കര്‍ണാടക സംഗീതം,' 'ഹിന്ദുസ്ഥാനി സംഗീതം' എന്നീ രണ്ട് പാരമ്പര്യവഴികളുണ്ട് ('കര്ണാട്ടിക്കി'ന് വൈദികവും 'ഹിന്ദുസ്ഥാനി'ക്ക് രാജകീയവുമായ പൈതൃകം) വായ്പ്പാട്ടു മാത്രമല്ല ഗീത-വാദ്യ- നൃത്ത-ത്രയ സമന്വയമാണ്(തൗര്യത്രികം) ഭാരതീയ സംഗീതം വിവക്ഷിക്കുന്നതെന്ന് ശാര്ങ്ഗദേവന് 'സംഗീത രത്നാകര'ത്തില്‍ പറയുന്നു. വൈദിക സംഗീതത്തെ 'മാര്‍ഗം' (ഭാഗവത സംഗീതം) എന്നും ലൗകിക സംഗീതത്തെ 'ദേശി'യെന്നും സംഗീത ദാമോദരം നമ്മളെ പഠിപ്പിക്കുന്നു.
ത്രിമൂര്‍ത്തികള്‍
കര്‍ണാടക സംഗീതത്തിന് 15-ാം നൂറ്റാണ്ടില്‍ അടിസ്ഥാനശിലയിട്ട പുരന്ദരദാസരാണ് സംഗീതപിതാമഹനെങ്കിലും ഗാനകലയ്ക്ക് രൂപഭദ്രതയേകിയ ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രി എന്നിവരാണ് ദക്ഷിണേന്ത്യന്സംഗീത ത്രിമൂര്‍ത്തികള്‍. സ്വാതിതിരുനാളും ഇരയിമ്മന്‍ തമ്പിയും കെ.സി. കേശവപിള്ളയും മലയാളി സംഗീത ത്രിമൂര്ത്തികളത്രെ.
എന്തരോ മഹാനുഭാവുലു...
ആറുകാലങ്ങളില്‍ അഷ്ടപദി പാടിയ അദ്ഭുതകണ്ഠനായിരുന്നു രാമമംഗലത്തുകാരന്‍ ഗോവിന്ദമാരാര്‍. സാധാരണമായി ത്രികാലബന്ധിതമായാണ് (വിളംബം, മധ്യമം, ദ്രുതം) സംഗീതാലാപനം. ഇതില്‍നിന്നു വിഭിന്നനായി 1842-ല്‍ സ്വാതി തിരുനാളിന്റെ സദസ്സില്‍നിന്ന് ത്യാഗരാജസദസ്സിലെത്തിയ മാരാര്‍, 'ചന്ദനചര്‍ച്ചിത നീലകളേബര...' അഷ്ടപദി, 'പന്തുവരാളി'യിലാരംഭിച്ച് 'രാഗമാലിക'യില്‍ ആറുകാലങ്ങളില്‍ (അത്യതി വിളംബം, അതിവിളംബം, വിളംബം, മധ്യമം, ദ്രുതം, അതിദ്രുതം) പാടി സഭയില്‍ അദ്ഭുതം സൃഷ്ടിച്ചു. ആ ആലാപാദ്ഭുതമാണ് മാരാരെ 'ഷട്കാല ഗോവിന്ദ മാരാരാ'ക്കിയതും സാക്ഷാല്‍ ത്യാഗബ്രഹ്മത്തിന് 'ശ്രീരാഗ' പഞ്ചരത്നകീര്‍ത്തനം - ''എന്തരോ മഹാനു ഭാവുലു''വിന്റെ സൃഷ്ടിക്ക് പ്രചോദനമായതും. അനുഷ്ഠാനമായി ചെണ്ടയും മദ്ദളവും കൊട്ടിയിരുന്ന മാരാര്‍ക്ക് ആയിരത്തിലധികം വയസ്സുള്ള കേരളീയ മേളകലയാവണം (നാലും അഞ്ചും കാലങ്ങളുള്ള പാണ്ടി-പഞ്ചാരി മേളങ്ങള്‍) ഇങ്ങനെയൊരു ആലാപനക്രമം ഭാവനംചെയ്ത് പാട്ടില്‍ പരീക്ഷിക്കാന്‍ ഉത്തേജനമായത്.
'സഞ്ജീവനി അഷ്ടപദി'
അഷ്ടപദി-വദസി യദി.... പാടി, മരിച്ച ഭാര്യ പദ്മാവതിയെയും ത്യാഗരാജസ്വാമികള്‍ 'നാ ജീവാധാര....' ('ബിലഹരി' രാഗം) പാടി, ചരമമടഞ്ഞ ഭക്തനെയും പുനരുജ്ജീവിപ്പിച്ചതായി കഥകള്‍ ഉണ്ട്. വീണ വായിച്ച് അക്ബര്ചക്രവര്ത്തീപത്നിക്ക് രോഗവിമുക്തി നല്കിയ സ്വാമി ഹരിദാസ്, അമൃതവര്‍ഷിണി ആലപിച്ച് മേഘവര്ഷം സാധ്യമാക്കിയ മുത്തുസ്വാമി ദീക്ഷിതര്‍, 'മേഘ്' രാഗം കൊണ്ട് മഴയും 'ദീപക്' രാഗംകൊണ്ട് അഗ്നിജ്വാലയും സൃഷ്ടിച്ച മിയാന്‍ താന്സന് എന്നിവരൊക്കെയും നമുക്ക് സംഗീത ദൈവങ്ങള്‍ തന്നെ. ഇത്തരം പല സംഗീതാദ്ഭുത സിദ്ധികളും സംഗീത ചികിത്സാ പദ്ധതികളില്‍ ശാസ്ത്രീയമായി ഉപയോഗപ്പെടുത്താമെന്ന് വിഖ്യാത സംഗീതജ്ഞന് ഡോ. ബാലമുരളീകൃഷ്ണയും സംഗീത ഗവേഷക ഡോ. സുവര്‍ണ നാലപ്പാട്ടും ഒക്കെ വര്‍ത്തമാനകാലത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദുസ്ഥാനി സംഗീതം
പേര്‍ഷ്യന്‍-അറബി സംഗീത സംബന്ധത്താല്‍ രൂപപരിണാമം സംഭവിച്ച ഉത്തരേന്ത്യന്‍ സംഗീതമാണ് ഹിന്ദുസ്ഥാനി സംഗീതം. പ്രയോഗ വ്യത്യാസത്തില്‍ മാത്രമല്ല ദേശഭേദങ്ങള്ക്കനുസരിച്ച സമ്പ്രദായ ഭേദങ്ങളും - 'ഘരാന'കള്‍ - ഈ സംഗീത സവിശേഷതയാണ്. പതിഞ്ഞ മട്ടില്‍ രാഗാലാപനപ്രധാനമായ അവതരണശൈലി. പ്രധാന ഗാനരൂപമായ ധ്രുപദ് (കൃതി), ജനപ്രിയതയുള്ള ഖയാല്‍, ശൃംഗാര രസപ്രധാനമായ ഠുമ്രി, ദാദ്ര, ടാപ്പ (ജാവലി), തരാന (തില്ലാന), ധമാര്‍, ഗസല്‍, ഈശ്വരസ്തുതിപരങ്ങളായ അഭംഗ്, ഭജന്‍, കീര്ത്തന് തുടങ്ങിയവയൊക്കെയാണ് വായ്പാട്ട് വകഭേദങ്ങള്‍.
സിനിമാഗാനം
പുതുതലമുറയുടെ ഭൂരിഭാഗത്തിനും സംഗീതമെന്നാല്‍ ചലച്ചിത്രസംഗീതം മാത്രമാണ്! നൗഷാദ് അലി, ദേവരാജന്‍ മുതല്‍ ഏറെപ്പേര്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയിട്ടുണ്ട്. മുഹമ്മദ് റഫി-യേശുദാസ്, ലതാമങ്കേഷ്കര്‍-സുശീല..... ആയിരം മധുരമധുരനാദങ്ങള് ഇന്നിന്റെ ഈ ജനകീയ സംഗീതത്തെ ഇന്ത്യന്‍ മനസ്സിലെത്തിച്ചവരാണ്. 'ബാലന്' എന്ന ചലച്ചിത്രത്തിനു വേണ്ടി 1938-ല്‍ സംഗീതമൊരുക്കിയ കെ.കെ. അരൂര്‍ ആണ് ആദ്യ മലയാള ചലച്ചിത്ര സംഗീത സംവിധായകന്. ടി.കെ. ഗോവിന്ദറാവുവും സരോജിനി മേനോനുമാണ് (നിര്‍മല 1948) ആദ്യ മലയാള പിന്നണിഗായകര്‍. തനിമയുള്ള ശാസ്ത്രീയ സംഗീതത്തിലും ജനകീയ സിനിമാസംഗീതത്തിലും ഒരുപോലെ വ്യാപരിച്ച് പ്രസിദ്ധനായ ഒരേയൊരു മലയാളി, ഗാനഗന്ധര്വന് യേശുദാസ് മാത്രം.
അറിയുമോ?
നരഭോജിയും ഏകാധിപതിയുമായിരുന്ന ഈദി അമീന് പോലും രാത്രിയുടെ അന്ത്യയാമങ്ങളില്‍ വന്യമായ ആഫ്രിക്കന്‍സംഗീതം കേള്‍ക്കുമായിരുന്നു. ക്രൂരനായ ഔറംഗസീബ് തന്ത്രിവാദ്യം വായിക്കുമായിരുന്നത്രെ. ലോകപ്രശസ്തനായ ഒരാള്‍ സംഗീതവിരോധിയായിട്ടുണ്ടായിരുന്നു. മറ്റാരുമല്ല മനശ്ശാസ്ത്രജ്ഞനായ സാക്ഷാല്‍ സിഗ്മണ്ട് ഫ്രോയ്ഡ്.
(പുനഃപ്രസിദ്ധീകരണം)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..