photo; Getty Images
സോഷ്യല്‍മീഡിയ അരങ്ങുവാഴാത്ത ഇരുപതാംനൂറ്റാണ്ടിന്റെ മധ്യം. വാട്സ്ആപ്പും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇല്ലാത്ത കാലം. സ്റ്റാറ്റസുകളും സ്റ്റോറികളും പാറിപ്പറക്കാത്ത നൂറ്റാണ്ട്. പക്ഷേ തിളങ്ങുന്ന കണ്ണുകളും പാറിപ്പറന്ന മുടിയിഴകളും അതുല്യമായ നൃത്തച്ചുവടുകളുമായി ഒരു അഞ്ചടി ഒമ്പതിഞ്ചുകാരന് ലോകത്തോട് സംവദിച്ചു. ലോകം ഒന്നടങ്കം അയാളുടെ കാല്ത്താളത്തിനൊപ്പം മതിമറന്നാടി. സാങ്കേതികാത്ഭുതങ്ങളുടെ അതിപ്രസരമില്ലാത്ത കാലത്ത് അയാള്‍ ഒരത്ഭുതമായിരുന്നു. അഞ്ച് പതിറ്റാണ്ടിനൊടുക്കം ആ ജീവിതയാത്രയ്ക്ക് നാന്ദികുറിക്കപ്പെട്ടു. തന്റേതുമാത്രമായ ഒരിടം ബാക്കിവെച്ച് അനശ്വരതയിലേക്കൊരു മൂണ്‍വാക്ക്. കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും ഒരുകാലത്തും ഭേദിക്കാനാവാത്ത രണ്ടക്ഷരങ്ങള്‍ ഹൃദയത്തില്‍ കോറിയിട്ടുകൊണ്ടാണ് അയാള്‍ കടന്നുപോയത്. എംജെ അഥവാ മൈക്കിള്‍ ജോസഫ് ജാക്സണ്.
1958 ഓഗസ്റ്റ് 29-ന് ഇന്ത്യാനയിലെ ഗാരി എന്ന സ്ഥലത്താണ് മൈക്കിള്‍ ജാക്സണ് ജനിക്കുന്നത്. അച്ചന് ജോ ജാക്സണും അമ്മ കാതറീനുമായിരുന്നു. ഒമ്പതുമക്കളില്‍ ഏഴാമനായി ജനിച്ച മൈക്കിള്‍ ജാക്സന്റെ ബാല്യം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. കുടുംബത്തിലെ പതിനൊന്നുപേരും താമസിച്ചിരുന്നത് രണ്ട് കിടപ്പുമുറികളുളള ചെറിയ വീട്ടിലാണ്. വീട്ടിലെ സാഹചര്യവും അച്ചന്റെ പെരുമാറ്റങ്ങളും മൈക്കിളിന്റെ ബാല്യകാലത്തെ കയ്പ്പുളളതാക്കി. കര്‍ക്കശക്കാരനായിരുന്നു പിതാവ് ജോ ജാക്സണ്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ വളരെ കടുത്തതായിരുന്നു. മൈക്കിളിനേയും സഹോദരന്മാരേയും മറ്റു കുട്ടികളുമായി ഇടപഴകുന്നതില്‍ നിന്ന് വിലക്കി. അവര്‍ കൂടുതല്‍ പേരുമായി സൗഹൃദം പങ്കിടുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. നിസാരമായ തെറ്റുകള്‍ക്ക് പോലും പിതാവില്‍ നിന്ന് കടുത്ത ശിക്ഷയായിരുന്നു നേരിടേണ്ടിവന്നത്.
ജോ ജാക്സണും കാതറീനും സംഗീതം ഇഷ്ടപ്പെട്ടവരായിരുന്നതിനാല് വീട് മുഴുവന്‍ സംഗീതോപകരണങ്ങളാല്‍ സമ്പന്നമായിരുന്നു. ഒരു സ്റ്റീല്‍ മില്ലിലെ ക്രെയിന്‍ ഓപ്പറേറ്ററായിരുന്ന ജോ ജാക്സണ് പല ബാന്‍ഡുകള്‍ക്കും വേണ്ടി ഗിറ്റാര്‍ വായിക്കുമായിരുന്നു. അമ്മ കാതറീന് പിയാനോയിലായിരുന്നു താല്‍പ്പര്യം. അവര്‍ക്ക് നേടാനാകാത്തത് മക്കളിലൂടെ നേടിയെടുക്കാനാണ് അവര്‍ ശ്രമിച്ചത്. അങ്ങനെയാണ് മൈക്കിളും സഹോദരന്മാരും സംഗീതത്തിലേക്ക് കടക്കുന്നത്.
മൈക്കിളിന്റെ മൂത്ത സഹോദരങ്ങളടങ്ങിയ ജാക്കി, ടിറ്റോ, ജെര്മെയിന് എന്നിവരുള്‍പ്പെടുന്ന 'ജാക്സണ് ബ്രദേഴ്സ്' എന്ന ബാന്‍ഡാണ് ആദ്യം രൂപീകരിക്കപ്പെടുന്നത്. 1964-ലാണ് മൈക്കിളും മാര്ലോണും ബാന്‍ഡിന്റെ ഭാഗമാകുന്നത്. അധികം വൈകാതെ തന്നെ സംഗീതത്തിലും നൃത്തത്തിലുമുളള മൈക്കിളിന്റെ അപാരമായ കഴിവ് കുടുംബം തിരിച്ചറിയുന്നു. എട്ടാം വയസ്സില്‍ തന്നെ സഹോദരന് ജെര്മെയിനോടൊപ്പം ജാക്സണ് വേദികളില്‍ പാടിത്തുടങ്ങി. തന്റെ കുട്ടികളുടെ കഴിവ് ജോ ജാക്സണെ വല്ലാതെ ആനന്ദിപ്പിക്കുന്നു.
.jpg?$p=7bc4dff&w=610&q=0.8)
തുടര്‍ന്നാണ് 'ജാക്സണ് 5' എന്നതിലേക്ക് ബാന്‍ഡിനെ പുനര്‍നാമകരണം ചെയ്യുന്നത്. ശേഷം ബാറുകളിലും ക്ലബ്ബുകളിലും പരിപാടികള്‍ അവതരിപ്പിക്കുന്നു. നിരവധി ടാലന്റ് ഷോകളില്‍ വിജയിക്കുന്ന ബാന്‍ഡ് പ്രശസ്തിയിലേക്ക് ദ്രുതവേഗത്തിലാണ് കുതിക്കുന്നത്. 1968-ല്‍ ജാക്സണ് 5, മോടൗണ്‍ റെക്കോഡ്സുമായി കരാറിലേര്‍പ്പെട്ടു. ആദ്യ ആല്‍ബമായ 'ഡയാന റോസ് പ്രസെന്റ്സ് ദി ജാക്സണ് 5', ഉഗ്രന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ആര്&ബി ചാര്‍ട്ടില്‍ ഒന്നാമതും പോപ് ആല്ബംസ് ചാര്‍ട്ടില്‍ അഞ്ചാമതുമെത്തി.
വേദികളില്‍ നിന്ന് വേദികളിലേക്ക് ജാക്സണ് 5 ഒഴുകിനടന്നു. എല്ലായിടത്തും ആരാധകരെ കോരിത്തരിപ്പിച്ചുകൊണ്ടാണ് അവര്‍ മുന്നേറിയത്. അവരുടെ പ്രകടനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തരംഗം തീര്‍ത്തു. വേദികളെ പ്രകമ്പനം കൊളളിച്ചുകൊണ്ട് കുതിച്ച ജാക്സണ് 5-ല്‍ കൂട്ടത്തിലെ ഏറ്റവും ഇളയവന് വേറിട്ടുനിന്നു. മറ്റാര്‍ക്കുമില്ലാത്ത താളവും ചുവടുകളുമായി 13-കാരന് മൈക്കിള്‍ പെട്ടെന്നാണ് കാണികളുടെ മനം കവര്‍ന്നത്.
അതിനിടയില്‍ വേറിട്ടു നടക്കാന്‍ മൈക്കിള്‍ ആഗ്രഹിക്കുന്നിടത്താണ് ഒരു ഇതിഹാസത്തിന്റെ അത്ഭുതയാത്ര ആരംഭിക്കുന്നത്. 1978-ല്‍ മ്യൂസിക് പ്രൊഡ്യൂസര്‍ ക്വിന്‍സി ജോണ്‍സിനെ കണ്ടുമുട്ടുകയും സോളോ കരിയറിലേക്ക് വേഗത്തില്‍ തന്നെ ചുവടുവെയ്ക്കുകയും ചെയ്യുന്നു. പിന്നീട് നിരവധി സോളോ ആല്‍ബങ്ങളാണ് പുറത്തിറങ്ങിയത്. 1979-ല്‍ പുറത്തിറങ്ങിയ 'ഓഫ് ദി വാള്' വന്‍ പ്രേക്ഷകപ്രശംസ നേടി. മികച്ച ആല്ബങ്ങളിലേക്കുളള മൈക്കിളിന്റെ പ്രയാണം പിന്നേയും തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെയാണ് ക്വിന്‍സി ജോണ്‍സണുമായി ചേര്‍ന്ന് 'ത്രില്ലര്‍' എന്ന ആല്‍ബം പുറത്തിറക്കുന്നത്. പോപ് സംഗീതചരിത്രത്തെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു അത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ആല്‍ബമായി 'ത്രില്ലര്‍' മാറി. എട്ട് ഗ്രാമി അവാര്‍ഡുകളും കരസ്ഥമാക്കി. വീട്ടിലെ പഴയ ഫ്രിഡ്ജില്‍ നിന്നുണ്ടാകുന്ന ശബ്ദത്തിനൊപ്പം ചുവടുവെച്ച ആ കുഞ്ഞു മൈക്കിള്‍ അപ്പോഴേക്കും ലോകത്തിന്റെ സ്പന്ദനങ്ങളെ തന്നിലേക്ക് ആവാഹിക്കാന്‍ കെല്പ്പുളെളാരു ഇതിഹാസമായി മാറിയിരുന്നു.
1983, മാര്‍ച്ച് 25- മോടൗണ്‍ 25; യെസ്റ്റര്‍ഡേ, ടുഡേ, ഫോറെവര്‍ ഷോയില്‍ ലോകം കണ്ണിമചിമ്മാതെ മൈക്കിള്‍ ജാക്സണെ കാത്തിരുന്നു. ആരവങ്ങള്‍ നിര്‍ത്താതെ അലയടിച്ച വേദിയെ അലകടലാക്കി കൊണ്ട് അയാള്‍ കടന്നു വന്നു. ഉന്മാദിയെപ്പോലെ ആനന്ദനൃത്തമാടി. അതിനിടയില്‍ ശരീരം മുന്നോട്ടു നീങ്ങുന്നതായി തോന്നിപ്പിക്കുമ്പോള്‍ അയാളുടെ കാലുകള്‍ പിന്നോട്ട് ചലിക്കുന്നതായി കാണപ്പെട്ടു. സെക്കന്റുകള്‍ മാത്രം നീണ്ടു നിന്ന കാഴ്ച. അനിര്‍വചനീയമായൊരു മൂണ്‍വാക്ക്. ലോകം അമ്പരന്നു നിന്നു. അയാള്‍ക്കുമാത്രം സാധ്യമാകുന്ന ഒന്ന്. പിന്നെ പിറന്നതൊക്കെയും ചരിത്രമാണ്. പോപ് രാജാവ് ആടിയും പാടിയും രചിച്ച ചരിത്രം.
പിന്നേയും ആല്‍ബങ്ങള്‍ പുറത്തിറങ്ങിക്കൊണ്ടേയിരുന്നു. ബാഡ്, ഡേഞ്ചറസ്, ഹിസ്റ്ററി; പാസ്റ്റ്, പ്രെസന്റ് ആന്റ് ഫ്യൂച്ചര്‍, ഇന്‍വിസിബിള്‍ എന്നിങ്ങനെ അയാളൊരു വിസ്മയലോകം തന്നെ തീര്‍ത്തു. 13 ഗ്രാമി പുരസ്കാരങ്ങള്‍, 26 അമേരിക്കന്‍ മ്യൂസിക് പുരസ്കാരങ്ങള്‍, 13 നമ്പര്‍ വണ്‍ സിംഗിള്‍സ് ഇന്‍ ദി യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരങ്ങള്‍, ഗിന്നസ് റെക്കോഡുകള്‍ എന്നിങ്ങനെ ആ ഇതിഹാസജീവിതത്തെ അംഗീകാരങ്ങള്‍ തേടിയെത്തിക്കൊണ്ടേയിരുന്നു. നൂറ്റാണ്ടിന്റെ കലാകാരന്, ദശാബ്ദത്തിന്റെ കലാകാരന്, ലോകത്തെ ഏറ്റവും കൂടുതല്‍ വിനോദിപ്പിച്ച വ്യക്തി- എംജെ എന്ന മനുഷ്യന് വിശേഷണങ്ങള്‍ക്കൊക്കെ അപ്പുറമായിരുന്നു. ഏറ്റവും കൂടുതല്‍ കാരുണ്യസ്ഥാപനങ്ങളെ സഹായിച്ച പോപ് താരമെന്ന നിലയിലും അദ്ദേഹം ഗിന്നസ് ബുക്കിലിടം നേടി.
പക്ഷേ ആ ആട്ടത്തിനിടയില്‍ പൊടുന്നനെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. നിരവധി ബാലപീഡന ആരോപണങ്ങളാണ് ജാക്സണെതിരേ ഉന്നയിക്കപ്പെട്ടത്. 1993-ല്‍ വീട്ടില്‍ വെച്ച് 13 വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചെന്നതായിരുന്നു ആരോപണം. 2003-ലും ബാലപീഡന ആരോപണമുയര്‍ന്നു. മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നെന്ന ആരോപണവും നേരിട്ടു. നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആരോപണങ്ങള്‍ കേട്ടപ്പോള്‍ തകര്‍ന്നുപോയെന്നായിരുന്നു മൈക്കിള്‍ ജാക്സണ് പ്രതികരിച്ചത്. 2005-ല്‍ വീട്ടില്‍ വെച്ച് പതിമൂന്നുകാരനെ പീഡിപ്പിച്ചെന്ന കേസില്‍ കോടതി മൈക്കിള്‍ ജാക്സണെ കുറ്റവിമുക്തനാക്കി.
.jpg?$p=e9c9c34&w=610&q=0.8)
2009-ല്‍ 'ദിസ് ഈസ് ഇറ്റ്' എന്ന ഷോയിലൂടെയാണ് മൈക്കിള്‍ ജാക്സണ് തിരിച്ചുവരവ് പ്രഖ്യാപിക്കുന്നത്. അയാളുടെ തിരിച്ചുവരവിനായി ലോകം ആവേശത്തോടെ കാത്തിരുന്നു. പക്ഷേ അതിന് മുന്നേ അനശ്വരതയിലേക്കയാള് ചുവടുവെച്ചു. അപ്രവചനീയമായൊരു മൂണ്വാക്കു പോലെ. മൈക്കിള്‍ ജാക്സന്റെ അവസാനത്തെ ഷോയുടെ പേര് 'ഫൈനല്‍ കര്ട്ടന്' എന്നായിരുന്നു. ആ ജീവിതത്തിനും അമ്പതാം വയസില്‍ ഫൈനല്‍ കര്ട്ടന് വീണു. മരണമില്ലാത്ത പാട്ടുകളും ചുവടുകളും ബാക്കിയാക്കി അയാളങ്ങനെ കടന്നുപോകുമ്പോള്‍ അവിശ്വസനീയതയോടെ ലോകം ഒന്നടങ്കം വിതുമ്പി- 'ഇല്ല മൈക്കിള്‍, നിങ്ങള്‍ ഒറ്റയ്ക്കല്ല'.
പതിറ്റാണ്ടുകള്‍ക്കിപ്പുറവും എംജെ ആവേശമാണ്. കാലങ്ങളും കാതങ്ങളും എത്ര കഴിഞ്ഞാലും അയാളിലെ പ്രതിഭയ്ക്ക് മങ്ങലേല്‍ക്കില്ല. ജനകോടികളുടെ ഹൃദയത്തില്‍ എക്കാലവും അയാളങ്ങനെ തന്നെ കിടക്കും. അദ്ദേഹത്തിന്റെ സഹോദരന് ജെര്മെയിന് പറഞ്ഞതിങ്ങനെയാണ്- 'മൈക്കിള്‍ ജാക്സണ് ലോകത്തിനുളള ദൈവത്തിന്റെ സമ്മാനമായിരുന്നു. ദൈവം അവന് ലോകം നല്കി. ഒരിക്കല്‍ ദൈവം തന്നെ അവനെ തിരിച്ചുവിളിച്ചു.' എംജെ എന്ന രണ്ടക്ഷരങ്ങള്‍ ആലേഖനം ചെയ്തുവെച്ച ഹൃദയവുമായി ഇവിടെ ഇങ്ങനെ കുറേപേര്‍ ആ പാട്ടുകളേയും ചുവടുകളേയും ഭ്രാന്തമായി നെഞ്ചേറ്റുമ്പോള്‍ അയാള്‍ക്കെങ്ങനെ തിരിഞ്ഞുനടക്കാനാകും ? ഇല്ല, അയാള്‍ക്കതിന് കഴിയില്ലെന്നുറപ്പാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..