വിനായക് ശശികുമാർ| Image Courtesy: https://www.instagram.com/p/CThiWycDvYy/
പതിനെട്ടാംവയസ്സില്‍, ആദ്യ സിനിമാഗാനരചന. പിന്നീടിങ്ങോട്ടുള്ള പതിനൊന്നുകൊല്ലത്തിനിടെ എണ്ണം പറഞ്ഞ പാട്ടുകള്‍. ഉയിരിന് നദിയേ, പവിഴമഴയേ, രതിപുഷ്പം, പറുദീസ, ആരാധികേ... തുടങ്ങി അവയിലേറെയും വമ്പന്‍ഹിറ്റുകള്‍. സംഗീതദിനത്തില്‍ സിനിമാഗാന രചനാവിശേഷങ്ങള്‍ പങ്കുവെക്കുകയാണ് വിനായക് ശശികുമാര്‍.
സിനിമാഗാന രചനയിലേക്ക്
സംഗീതത്തോടുള്ള പാഷന്, അതാണ് വിനായക് ശശികുമാറിനെ ഗാനരചയിതാവാക്കി മാറ്റിയ ഘടകം. ചെറുപ്പത്തില്‍ ഹിന്ദുസ്ഥാനിസംഗീതവും കര്‍ണാടക സംഗീതവും അഭ്യസിച്ചിട്ടുള്ള വിനായക്, കീ ബോര്‍ഡ്, പിയാനോ, പെര്‍കഷന്‍ തുടങ്ങിയവയും പഠിച്ചിട്ടുണ്ട്. പിന്നീട്, സുഹൃത്തുക്കളില്‍ സംഗീതം അറിയുന്നവര്‍ തയ്യാറാക്കുന്ന ഈണത്തിന് അനുസരിച്ച് വരികള്‍ എഴുതിത്തുടങ്ങി. ഒഴിവുസമയങ്ങളിലും മറ്റും സുഹൃത്ത് കമ്പോസ് ചെയ്യുന്ന ഈണത്തിന് അനുസരിച്ച് വരികളെഴുതി വിനായകിലെ ഗാനരചയിതാവ് തെളിഞ്ഞുതുടങ്ങി.
മദ്രാസ് സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ ബിരുദത്തിന് ഒന്നാംവര്‍ഷം പഠിക്കുമ്പോഴാണ് സിനിമയിലേക്കുള്ള വിനായകിന്റെ അരങ്ങേറ്റം. ഗിന്നസ് പക്രു സംവിധാനം ചെയ്ത 'കുട്ടീം കോലും' എന്ന സിനിമയിലെ കരളില്‍ ഒഴുകും എന്ന ഗാനത്തിലൂടെയായിരുന്നു ഇത്. അമ്മ ഉള്‍പ്പെടെയുള്ളവര്‍ തന്ന ആത്മവിശ്വാസത്തിന്റെ പുറത്ത്, സംവിധായകനെ വിളിച്ച് അവസരം ചോദിക്കുകയും പാട്ടെഴുതുകയായിരുന്നെന്ന് വിനായക് പറയുന്നു. കുട്ടീം കോലും സിനിമയ്ക്കു ശേഷം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, പറവ, ഗപ്പി, മായാനദി, വരത്തന്, ട്രാന്‍സ്, മധുരം, ട്വല്‍ത്ത് മാന്‍ അങ്ങിനെ നിരവധി സിനിമകളുടെ ക്രെഡിറ്റ് കാര്‍ഡില്‍ വിനായക് ശശികുമാര്‍ എന്ന പേര് തെളിഞ്ഞു. ഹിറ്റ് പ്ലേ ലിസ്റ്റുകളില്‍ വിനായകിന്റെ പാട്ടുകള്‍ ഇടംപിടിക്കുകയും ചെയ്തു.
11 കൊല്ലത്തെ സംഗീത ജീവിതത്തില്‍ വിനായക് വളരെ ഹാപ്പിയാണ്. പാട്ടെഴുത്തില്‍ എന്ത് എഴുതാം, എന്ത് എഴുതിക്കൂടാ, ആളുകള്‍ക്ക് എന്താണ് ഇഷ്ടപ്പെടുക എന്ന കാര്യങ്ങളെ കുറിച്ച് ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ പഠിപ്പിച്ചതായും അദ്ദേഹം പറയുന്നു. ത്രസിപ്പിക്കുന്ന ആശയം, എഴുതി അവസാനിപ്പിക്കുമ്പോള്‍ ഗാനരചയിതാവിനുണ്ടാകുന്ന സംതൃപ്തി, സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തിന്റെയും സംതൃപ്തി- ഈ മൂന്നു ഘടകങ്ങള്‍ പലപാട്ടുകള്‍ക്കും പലവിധത്തിലാണ്. അത് അനുസരിച്ചാണ് അതിന്റെ രചനാസമയവും വ്യത്യാസപ്പെടുന്നതെന്നും വിനായക് കൂട്ടിച്ചേര്‍ക്കുന്നു. അതിവേഗം പാട്ടെഴുതി പൂര്ത്തിയാക്കാനാവുമെങ്കിലും സമയം എടുത്ത് എഴുതാനാണ് വിനായകിന് താല്പര്യം. ഒരു മണിക്കൂറില്‍ എഴുത്തുപൂര്ത്തിയാക്കിയ പാട്ടുകളും തന്റെ പേരിലുണ്ടെന്ന് വിനായക് പറയുന്നു. വരത്തനിലെയും കുമ്പളങ്ങി നൈറ്റ്സിലെയും ചില പാട്ടുകളാണ് മണിക്കൂറിനുള്ളില്‍ രൂപംകൊണ്ടത്.
സ്വന്തം പാട്ട് കേള്‍ക്കാത്ത പാട്ടെഴുത്തുകാരന്
എഴുതിയ പാട്ടുകള്‍, അവ പുറത്തെത്തിയ ശേഷം ആവര്‍ത്തിച്ചു കേള്‍ക്കുന്ന പതിവുള്ളയാളല്ല വിനായക്. പാട്ട് ഇറങ്ങുന്നതിന് മുന്‍പുമാത്രം കേള്‍ക്കുകയാണ് പതിവ്. നന്നായി വന്നിട്ടുണ്ടോ മെച്ചപ്പെടുത്തേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഈ അവസരത്തില്‍ ശ്രദ്ധിക്കുക. പാട്ടു പുറത്തെത്തിയ ശേഷം മറ്റുള്ളവര്‍ അതേക്കുറിച്ച് പറയുന്ന അഭിപ്രായങ്ങളാണ് കേള്‍ക്കുക.
പാട്ടെഴുത്തിലെ വെല്ലുവിളികള്‍
നല്ലൊരു തുടക്കം കിട്ടുക എന്നതാണ് പാട്ടെഴുത്തിലെ വലിയ വെല്ലുവിളിയെന്നാണ് വിനായകിന്റെ അഭിപ്രായം. അത് കിട്ടിയാല്‍ അന്‍പതുശതമാനം ആശ്വാസമാണ്. പലപ്പോഴും അനുപല്ലവികള്‍ വളരെ പെട്ടെന്ന് കിട്ടും. പക്ഷേ പല്ലവിയ്ക്കു വേണ്ടി ചിലപ്പോള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവരും. പാട്ടിനുണ്ടാവേണ്ട വ്യക്തിത്വം, അത് സംവിധായകനും മറ്റും ഇഷ്ടമാകണം, കേഴ്വിക്കാരനെ പിടിച്ചുനിര്ത്തുന്നതാകണം തുടങ്ങിയ ഘടകങ്ങളാണ് ഈ സമയദൈര്‍ഘ്യത്തിനു പിന്നിലുള്ള കാരണങ്ങള്‍.
വാക്ക്... എഴുത്ത് ...
പാട്ടെഴുത്തില്‍ കുഴപ്പിക്കുന്ന സംഗതി വാക്കുകള്‍ കിട്ടായ്കയല്ലെന്ന് വിനായക് പറയുന്നു. മലയാളത്തില്‍ പാട്ടെഴുത്തിന് ഉപയോഗപ്പെടുത്താവുന്ന വാക്കുകളുടെ എണ്ണം പരിമിതമാണ്. മിക്കവാക്കുകളും പാട്ടെഴുത്തിന് യോജിച്ചവയല്ല. മാത്രമല്ല, മുന്‍കാലത്ത് ഉപയോഗിച്ചിരുന്ന പലവാക്കുകളും ഇന്ന് ഉപയോഗിക്കാവുന്നതുമല്ല. ഇനി തമിഴില്‍ ചെയ്യുന്നതു പോലെ ഇംഗ്ലീഷ് ഭാഷാ പദങ്ങള്‍ മലയാളഗാനങ്ങളുടെ വരികളില്‍ ഉള്‍ക്കൊള്ളിച്ചാല്‍ അത് പലപ്പോഴും മുഴച്ചുനില്ക്കുകയും ചെയ്യും. ഇനി, പരീക്ഷണാത്മകമായി ചിലവാക്കുകള്‍ ഉപയോഗിച്ചാല്‍ കേള്‍വിക്കാര്‍ ഒന്നു മുഖംചുളിക്കാനും അത് പാട്ടെഴുത്തുകാരന് തിരിച്ചടിയാവുകയും ചെയ്തേക്കാം. ലഭ്യമായ വാക്കുകള്‍കൊണ്ട് മനോഹരമായ ഗാനങ്ങള്‍ക്ക് പിറവി കൊടുക്കുക എന്ന പ്രക്രിയയെ മധുരം നിറഞ്ഞ വെല്ലുവിളിയായാണ് വിനായക് കണക്കാക്കുന്നത്. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ വിനായക് പാട്ടെഴുതിയിട്ടുണ്ട്. മലയാളത്തിലേതില്നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷില്‍ വാക്കുകളെ ധാരാളിത്തത്തോടെ ഉപയോഗപ്പെടുത്താനാകുമെന്ന സാക്ഷ്യവും ട്വല്‍ത്ത് മാനിലെ പാട്ടിനെ ചൂണ്ടി വിനായക് വ്യക്തമാക്കുന്നു.
പാട്ടെഴുത്തുകാരന്റെ സംവിധാനം
വിദൂരഭാവിയിലെങ്കിലും സംവിധാനത്തിലേക്കോ തിരക്കഥാരചനയിലേക്കോ കൂടി തിരിയണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് 'ഹായ് ഹലോ കാതല്‍' എന്ന ഷോര്‍ട്ട് ഫിലിമിന്റെ പിറവിക്കു പിന്നിലെന്ന് വിനായക് പറയുന്നു. ഷോര്‍ട്ട് ഫിലിമിന്റെ കഥ, സംവിധാനം, ഗാനരചന എന്നിവ വിനായകിന്റേതാണ്. ക്യാമറ, സംഗീതം തുടങ്ങി മറ്റു മേഖലകളില്‍ അറിവുള്ള സുഹൃത്തുക്കളും വിനായകിനൊപ്പം ചേര്‍ന്നപ്പോള്‍ 'ഹായ് ഹലോ കാതല്‍ 'യാഥാര്‍ഥ്യമായി. ആര്‍ട്ടിസ്റ്റുകളെ സമീപിക്കുന്നതു മുതല്‍ വിവിധ ലെന്‍സുകള്‍ ഉപയോഗിക്കുന്നതു വരെയുള്ള സിനിമയുമായി ബന്ധപ്പെട്ടു നടക്കുന്ന വിവിധ ജോലികളെ കുറിച്ച് കൗതുകം കലര്‍ന്ന ആകാംക്ഷ ഉണ്ടായിരുന്നു. അവയൊക്കെ അനുഭവിക്കണമെന്ന മോഹവും ആ ഷോര്‍ട്ട് ഫിലിം പൂര്‍ത്തിയാക്കിയതിലൂടെ സാധിച്ചെന്നും വിനായക് പറയുന്നു. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു 'ഹായ് ഹലോ കാതലി'ന്റെ സാക്ഷാത്കരണം. പക്ഷേ അതിനെ ഒരു പഠനപ്രക്രിയയായി കാണാനാണ് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രൊമോഷനും കൂടാതെ തന്നെ ഇതിനകം എഴുപത് ലക്ഷം കാഴ്ചക്കാരാണ് ഹായ് ഹലോ കാതല്‍ കണ്ടത്.
പ്രിയപാട്ടെഴുത്തുകാരും പാട്ടുകളും
പി. ഭാസ്കരന്, ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം, യൂസഫലി കേച്ചേരി തുടങ്ങിയവരാണ് വിനായകിന്റെ പ്രിയപാട്ടെഴുത്തുകാരുടെ പട്ടികയിലെ ആദ്യപേരുകാര്‍. എം.എസ്. ബാബുരാജ്, വിദ്യാസാഗര്‍ തുടങ്ങിയവരാണ് പ്രിയസംഗീതസംവിധായകര്. പിന്നെയും പിന്നെയും, നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ തുടങ്ങിയവയാണ് പ്രിയപ്പെട്ട പാട്ടുകള്‍. വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത 'വാശി'യാണ് വിനായക് പാട്ടെഴുതി പുറത്തെത്തിയ പുതിയ സിനിമ. ലാല്‍ജോസ്-വിദ്യാസാഗര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'സോളമന്റെ തേനീച്ചകളാ'ണ് വിനായകിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..