.
ഒരു ബാങ്ക് ഹാളില്‍ കേള്‍ക്കുന്ന പല ശബ്ദങ്ങളിലും സംഗീതമൊളിച്ചിരിപ്പുണ്ടെന്നും ആസ്വദിക്കാവുന്ന വിധത്തിലേക്ക് അവയെ മാറ്റിയെടുത്താല്‍ മനോഹരമായ ഈണമുണ്ടാകുമെന്നുള്ള ചിന്തയില്‍ നിന്നാണ് ഫെഡറല്‍ ബാങ്ക് ലോകസംഗീതദിനത്തില്‍ അവതരിപ്പിച്ച മ്യൂസിക്കല്‍ ലോഗോ വീഡിയോ. ഒരു ബ്രാന്‍ഡിനെ സംഗീതത്തിന്റെ ഭാഷ ഉപയോഗിച്ച് അവതരിപ്പിക്കുന്നതിനെയാണ് മ്യൂസിക്കല്‍ ലോഗോ എന്ന് വിശേഷിപ്പിക്കുന്നത്. പരിചിതമായിക്കഴിഞ്ഞാല്‍ ഒരു പ്രത്യേക ഈണം കേള്‍ക്കുമ്പോള്‍ തന്നെ ഏതു ബ്രാന്‍ഡിന്റേതാണെന്ന് നമുക്ക് തിരിച്ചറിയാനാവും.
ഫെഡറല്‍ ബാങ്കിന്റെ മ്യൂസിക്കല്‍ ലോഗോയായ മോഗോ ഗുണഭോക്താക്കള്‍ക്ക് പരിചിതമാണ്. ഫെഡറല്‍ ബാങ്കിന്റെ ആപ്പുപയോഗിക്കുമ്പോഴോ ബാങ്ക് ജീവനക്കാരെ വിളിക്കുമ്പോഴോ ഗുണഭോക്താക്കള്‍ കേള്‍ക്കുന്നത് ഈ മോഗോയുടെ ശകലമാണ്. രണ്ട് വര്‍ഷം മുമ്പ് ബാങ്ക് അവതരിപ്പിച്ച മോഗോയ്ക്കൊപ്പം ബാങ്കിനുള്ളില്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ കൂടി കൂട്ടിയിണക്കിയാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ബാങ്കിന്റെ വെബ്സൈറ്റിലും പ്രമുഖ ഓഡിയോ സ്ട്രീമിങ് ആപ്ലിക്കേഷനുകളിലും മറ്റും മ്യൂസിക്കല്‍ ലോഗോ ലഭ്യമാക്കിയിട്ടുണ്ട്.
എടിഎമ്മിലെ കീപാഡ്, മൗസ് ക്ലിക്ക്, കൗണ്ടിങ് മെഷീന്, സീല്‍ തുടങ്ങി ഒരു ബാങ്ക് ശാഖയ്ക്കുള്ളില്‍ ലഭ്യമായ ശബ്ദങ്ങളില്‍ നിന്ന് പകര്‍ത്തിയെടുത്ത ശബ്ദങ്ങള്‍ അണിനിരത്തിയാണ് സംഗീതദിനത്തിലേക്കായി മോഗോ തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടൊപ്പം വയലിന്, ഗിറ്റാര്‍, കീ ബോര്‍ഡ്, വീണ, ഓടക്കുഴല്‍, മൃദംഗം, തുടങ്ങിയ വ്യത്യസ്ത സംഗീതോപകരണങ്ങള്‍ക്കൊപ്പം ചൂളമടിയും ഉപയോഗിച്ചാണ് മോഗോ തയ്യാറാക്കിയിരിക്കുന്നത്. മോഗോയ്ക്ക് വേണ്ടിയുള്ള ഉപകരണസംഗീതമൊരുക്കാന് ജീവനക്കാര്‍ക്കായി ഒരു കോണ്ടസ്റ്റും ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ചു. ജീവനക്കാരില്‍ നിന്ന് വീഡിയോകള്‍ ക്ഷണിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. അവസാനവട്ടത്തിലെത്തിയ പതിനൊന്ന് ജീവനക്കാരുടെ കലാവൈദഗ്ധ്യമാണ് മോഗോയില് ഉള്‍പ്പെടുത്തിയത്.
ജീവനക്കാര്‍ അവതരിപ്പിച്ച മോഗോ വീഡിയോയും ബാങ്ക് വിവിധ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അമിത് കുമാര്‍-ഫ്ളൂട്ട്, സുന്ദരേശ്വരന്-മൃദംഗം, വിനി എബ്രഹാം-കീബോര്‍ഡ്, വീണ-വീണ, ഗായത്രി ഗണേഷ്- കീബോര്‍ഡ്, ജാക്സണ് ഐസക് ജോണ്‍സ്-ഗിറ്റാര്‍, ബ്ലെസ്സണ്‍ വര്‍ഗീസ്-വിസിലിങ്, വിമല്‍-കീബോര്‍ഡ്, ആന്റണി ജോസ്-കീബോര്‍ഡ്, വൈശാഖ് പി.രാജ്-ഗിറ്റാര്‍, സുമേഷ് കുമാര്‍ എം.എം.-കീബോര്‍ഡ് എന്നിവരാണ് മോഗോയില് പങ്കെടുത്ത ജീവനക്കാര്‍. ബ്രാന്‍ഡ് മ്യൂസിക്കാണ് ഫെഡറല്‍ ബാങ്കിനായി മോഗോ തയ്യാറാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..