Photo: AFP
"പ്രിയപ്പെട്ട ഒപ്പ,
എന്നെ ഞാനാക്കി മാറ്റിയതിന് നന്ദി, സ്നേഹിക്കാൻ പഠിപ്പിച്ചതിന്, എന്റെ ഇരുളാർന്ന ജീവിതത്തിൽ വെളിച്ചമായി മാറിയതിന്, സ്വയം സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചതിനു നന്ദി. സംഗീതത്തിലൂടെ എനിക്ക് സന്തോഷവും പ്രതീക്ഷയും നൽകിയതു നിങ്ങളാണ്"
(ഒപ്പ - മൂത്തോൻ എന്നർത്ഥം വരുന്നത്, കൊറിയൻ ഭാഷ)
'സ്നേഹമുള്ള BANGTAN,
ഈ കത്ത് വായിക്കില്ലെന്നറിയാം, എങ്കിലും ഇതെഴുതുന്നതിൽ ഞാൻ വല്ലാത്തൊരാനന്ദം കണ്ടെത്തുന്നുണ്ട്. നിങ്ങൾ വന്ന നിമിഷം ഇന്നു വരെ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങളായിരുന്നു. ഒരുപാട് നന്ദി, എന്നെ ഒരു നല്ല മനുഷ്യനാക്കി മാറ്റിയതിന്, എന്റെ ചുറ്റുപാടുള്ളവർ ഇത്ര മനോഹരമാണെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി"
"പ്രിയ ബി.ടി.എസ്,
എന്റെ ഏറ്റവും മോശമായ അവസ്ഥയിൽ എന്നെ ചിരിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ്, ഞാൻ ഭയന്നൊളിച്ചപ്പോൾ എന്നെ അതിൽ നിന്ന് പുറത്തു കടക്കാൻ സഹായിച്ചത് നിങ്ങളാണ്. എന്റെ ഇരുളാർന്ന ജീവിതത്തിൽ ഒരു വെളിച്ചമായതിന് ഒരുപാട് നന്ദി"
ഉള്ളു തുറന്നുള്ള പല എഴുത്തുകളും ആരാധനകളും നമ്മൾ കണ്ടിട്ടുണ്ട്. സിനിമാ ലോകത്തും, കായിക ലോകത്തും, സംഗീത ലോകത്തും മറ്റും തങ്ങളുടെ ആരാധ്യർക്ക് വേണ്ടി ജീവൻ പോലും നൽകാൻ തയ്യാറായ ആരാധകരേയും കണ്ടിട്ടുണ്ട്. മുകളിൽ നൽകിയിട്ടുള്ളതും അത്തരത്തിൽ ആരാധകർ ഒരു ഗായക സംഘത്തിന് എഴുതിയ എഴുത്തുകളാണ്. ഇന്ന് ലോകത്തിന്റെ തന്നെ നെറുകയിൽ നിൽക്കുന്ന ബി.ടി.എസ് എന്ന പേരിൽ അറിയപ്പെടുന്ന കൊറിയൻ ബാൻഡിന്.
ആര്‍.എം (കിം നാം ജൂൺ), ജങ് കുക് (ജോൺ ജങ് കൂക്), ജെ ഹോപ് (ജങ് ഹൊസോക്), ജിൻ (കിം സോക് ജിൻ), വി (കിം തേഹ്യോങ്), സൂഗ (മിൻ യൂൻഗി), പാര്‍ക് ജിമിൻ എന്നീ ഏഴ് ചെറുപ്പക്കാർ ലോകത്തിന് മുമ്പിൽ സംഗീതം കൊണ്ട് മായാലോകം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് വർഷം 9 കഴിഞ്ഞു. ലോകത്തിന്റെ വിവിധ കോണിൽ ആരാധകവൃന്ദങ്ങളെക്കൊണ്ട് വീർപ്പുമുട്ടുന്ന തരത്തിലേക്ക് ചുരുങ്ങിയ വർഷം കൊണ്ട് തന്നെ ബി.ടി.എസ് ഉയർന്നു. 7 ചെറുപ്പക്കാർ വന്ന് ലോകത്തിന്റെ ഹൃദയം കീഴടക്കിയത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. ഇറങ്ങുന്ന ആൽബങ്ങളും പാട്ടുകളും കോടിക്കണക്കിനാളുകൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്. കൂടെ വന്നവർ പലരും സൈഡ് സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ ബി.ടി.എസ്. തങ്ങളുടെ പോപ്പുലാരിറ്റി വർധിപ്പിച്ചു കൊണ്ട് മുന്നോട്ട് നീങ്ങുകയാണ്. ഇനിയും നിങ്ങൾ ബി.ടി.എസിനെക്കുറിച്ച് അറിയില്ലെങ്കിൽ പരിചയപ്പെടാനുള്ള പ്രധാന സമയം കൂടിയാണ് ഇത്.
'No More Dream'മുമായി ബി.ടി.എസിന്റെ തുടക്കം
2010 - 11ലാണ് 7 പേരടങ്ങുന്ന സംഘം രൂപം കൊള്ളുന്നത്. Big Hit Entertainmentന്റെ കീഴിൽ ഓഡീഷനിൽ കൂടിയായിരുന്നു ഇത്തരത്തിൽ ഒരു ടീമിന് രൂപം കൊടുക്കുന്നത്. 2012ൽ ഓഡീഷൻ പ്രോസസുകൾ പൂർത്തിയാക്കി 2013ൽ ബി.ടി.എസ് ആദ്യമായി പ്രേക്ഷകർക്ക് മുമ്പിലെത്തി. 2 Cool 4 Skool ആൽബവുമായിട്ടായിരുന്നു ബി.ടി.എസിന്റെ എൻട്രി. “No More Dream” എന്ന ഗാനമായിരുന്നു ആദ്യത്തേത്.
ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൌട്ട് എന്ന് അർത്ഥം വരുന്ന Bangtan Sonyeondan എന്ന കൊറിയൻ വാക്കിൽ നിന്നായിരുന്നു ബി.ടി.എസിന്റെ ഉത്ഭവം. 2017ൽ ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് വേണ്ടി തങ്ങളുടെ പേര് 'Beyond the Scene' എന്നാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എന്തൊക്കെ പേര് മാറ്റിയാലും ലോകത്തിന് മുമ്പിൽ ഇപ്പോൾ ബി.ടി.എസ് എന്നത് മാത്രമാണ് ആരാധകർക്ക്.
ബാൻഡിന് കാലാവധി നിശ്ചയിച്ച ജനങ്ങളും, ഉയിർത്തെഴുന്നേൽപ്പും
ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും പോപ്പുലറായി മാറി എന്ന് പറയുമ്പോൾ തന്നെ അതിലേക്ക് എത്തിപ്പെടാൻ എടുത്ത പ്രതിസന്ധികളും അത്ര ചെറുതല്ലായിരുന്നു. കൊറിയൻ യുവാക്കൾ നേരിടുന്ന സാമൂഹിക സമ്മർദ്ദങ്ങളെ പരിഹസിച്ചു കൊണ്ടുള്ള ബി.ടി.എസിന്റെ ആദ്യ ആൽബം ജനങ്ങൾ ഏറ്റെടുത്തില്ല എന്ന് മാത്രമല്ല, ഈ ബാൻഡ് അധികകാലം മുമ്പോട്ട് പോകില്ലെന്ന് വിധിയെഴുതുകയും ചെയ്തു. എന്നാൽ 2015ലാണ് ബി.ടി.എസിന്റെ കരിയറിൽ വൻ വഴിത്തിരിവുണ്ടാകുന്നത്. 'Most Beautiful Moment in Life Pt 1' ആൽബത്തിലെ “I Need You” എന്ന ഗാനം യുവാക്കളുടെ ഹരമായി മാറി. പിന്നീട് ബി.ടി.എസിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി അവാർഡുകൾ വാരിക്കൂട്ടിക്കൊണ്ട് ബി.ടി.എസ് കുതിച്ചു. 2016ലിറങ്ങിയ വിങ്സില 'Blood, Sweat, and Tears' ബി.ടി.എസിന്റെ കുതിപ്പിന് മറ്റൊരു കാരണം കൂടിയായിരുന്നു. പിന്നീട് അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
യുവജനങ്ങളായിരുന്നു ബി.ടി.എസിന്റെ പ്രധാന പ്രേക്ഷകർ
പ്രതീക്ഷകളായിരുന്നു ബി.ടി.എസ് തങ്ങളുടെ പാട്ടുകളിൽ പ്രേക്ഷകർക്ക് വേണ്ടി കരുതിവെച്ചിരുന്നത്. നിരാശകളകറ്റുന്ന, സാന്ത്വനിപ്പിക്കുന്ന വരികൾ മലയാളികൾ പോലും ഏറ്റെടുത്തു. കൊറിയൻ ഭാഷയിൽ നിന്നുള്ള തർജ്ജമകൾ തേടിപ്പിടിച്ച് കണ്ടെത്തി വരികളിലെ വാക്കുകളുടെ അർത്ഥം മനസ്സിലാക്കി കേൾക്കാൻ തുടങ്ങി. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട, നിരാശപ്പെടുന്ന യുവജനങ്ങളുടെ മുമ്പിലേക്കാണ് പ്രതീക്ഷയേകുന്ന വരികളുമായി ബി.ടി.എസ് എത്തുന്നത്. അതുകൊണ്ട് തന്നെയാണ് കോവിഡ് കാലത്ത് ബി.ടിഎസ് പുറത്തിറക്കിയ 'Dynamite' എന്ന ഗാനം 24 മണിക്കൂറിനുള്ളിൽ നൂറ് മില്യണിലേറെ പേരാണ് കണ്ടത്.
പ്രതീക്ഷ നഷ്ടപ്പെട്ട് വീടുകളിൽ അടച്ചിരിക്കുന്ന ലോകത്തിന് മുമ്പിലേക്കെത്തിയ ബി.ടി.എസിനെ വരവേറ്റത് കൌമാരക്കാർ മാത്രമായിരുന്നില്ല. പ്രായഭേദമന്യേ എല്ലാവരും നെഞ്ചേറ്റിയിരുന്നു.
വെറും ഗാനങ്ങളല്ല, നിരാശയിൽ നിന്ന് പ്രതീക്ഷയിലേക്ക്
മാനസികമായി ഏറെ സംതൃപ്തി നൽകുന്ന മെന്റൽ ഹെൽത്തിന് ഏറെ പ്രാധാന്യം നൽകുന്ന തരത്തിലുള്ള ഗാനങ്ങളായത് കൊണ്ട് തന്നെ ഈ ഗായകർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തപ്പെട്ടു നിൽക്കുന്നു. നിരാശർക്കുള്ള പ്രതീക്ഷകളായി ബി.ടി.എസ് മാറുന്നത് അങ്ങനെയാണ്. 2018 സെപ്റ്റംബറിൽ, ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിൽ സംസാരിക്കുന്ന ആദ്യത്തെ കെ-പോപ്പ് ഗ്രൂപ്പായി ബിടിഎസ് മാറി. UNICEF-ന്റെ പങ്കാളിത്തത്തോടെ ആഗോള വിദ്യാഭ്യാസവും യുവാക്കളെ തൊഴിൽ പരിശീലനത്തിനും പ്രാപ്തരാക്കുന്ന "Love Myself" എന്ന ക്യാമ്പയിനും ബി.ടി.എസ് ആരംഭിച്ചു.
എന്തുകൊണ്ട് പോപ്പുലറായി?
ബി.ടി.എസ് എന്തു കൊണ്ട് ഇത്ര പോപ്പുലറായി? നമ്മുടെ പിള്ളേർക്ക് ഇത്രയധികം ബി.ടി.എസ് ജ്വരം പിടിക്കാൻ കാരണം എന്ത് എന്ന് ചോദിച്ചാൽ അതിനുള്ള ഒരേയൊരു ഉത്തരം സോഷ്യൽ മീഡിയ എന്ന് പറയേണ്ടി വരും. കോടിക്കണക്കിന് ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയയാണ് ബി.ടി.എസിന്റെ ശക്തി.
ട്വിറ്ററിൽ, ബി.ടി.എസ് ഹാൻഡിലിന് 46.4മില്യൺ ഫോളോവേഴ്സ്, ബി.ടി.എസ് ഒഫീഷ്യൽ പേജിന് 39.8 മില്യൺ ഫോളോവേഴ്സ്, ഇൻസ്റ്റഗ്രാമിൽ 65.4 മില്യൺ ഫോളോവേഴ്സ്, യൂട്യൂബിൽ 68.3 മില്യൺ ഫോളോവേഴ്സ്, ഇതിന് പുറമെ ബി.ടി.എസ് ആർമികളെന്ന പേരിൽ ആരാധക ഗ്രൂപ്പുകളും പേജുകളും വേറെയും, കൂടാതെ മറ്റു സോഷ്യൽ പ്ലാറ്റ് ഫോമുകളിലും ബി.ടി.എസ് സജീവമായി. ആരാധകർ തന്നെയാണ് ബി.ടി.എസിന്റെ ഏറ്റവും വലിയ ശക്തിയും. അതുകൊണ്ട് തന്നെ ടീം അംഗങ്ങൾ ആരാധകരുമായി സമൂഹ മാധ്യമങ്ങളിൽ കൂടി നിരന്തരം സംവദിച്ചു കൊണ്ടിരുന്നു. ഇത് അവരുടെ പ്രീതി വർധിപ്പിക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ ട്വിറ്റർ എൻഗേജ്മെന്റുള്ള ഗിന്നസ് വേൾഡ് റെക്കോർഡും ബി.ടി.എസ് 2018ൽ സ്വന്തമാക്കിയിരുന്നു. 2017 -18 കാലയളവിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്തത് ബി.ടി.എസ് ആയിരുന്നു എന്നാണ് അവകാശവാദം. 2017ൽ ആദ്യമായി ഒരു കൊറിയൻ ബാൻഡ് ബിൽബോർഡ് മ്യൂസിക് അവാർഡ് സ്വന്തമാക്കി, അത് ബി.ടി.എസ് ആയിരുന്നു.ജസ്റ്റിൻ ബീബർ, സെലീന ഗോമസ് തുടങ്ങിയവരെ പിന്തള്ളിക്കൊണ്ടായിരുന്നു ഇത്.
2018ൽ ഇറങ്ങിയ "Love Yourself: Answer" ഉം "Love Yourself: Tear" വൻ ഹിറ്റായി മാറി. ഇതിന് പിന്നാലെ 2019ൽ പുറത്തിറക്കിയ "Map of the Soul: Persona", 2020ൽ പുറത്തിറങ്ങിയ "Map of the Soul: 7" തുടങ്ങിയവ ബിൽ ബോർഡ് ചാർട്ടിൽ ഇടം നേടുകയും ചെയ്തു.
ഇതിനിടെ തങ്ങൾ പിരിയുന്നു എന്ന വാർത്ത പുറത്തു വന്നിരുന്നു. ലോകത്തുള്ള ബി.ടി.എസ്. ആരാധകർ ഞെട്ടലോടെയാണ് വാർത്ത കേട്ടത്. കേട്ടത് സത്യമാവരുതെ എന്ന് പ്രാർത്ഥിച്ച കോടിക്കണക്കിന് ആരാധകരിലേക്ക് അവർ വിശദീകരണവുമായി എത്തി. തങ്ങൾ പിരിയുന്നു എന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നും വാർത്തകളിൽ തർജ്ജമ ചെയ്യുമ്പോഴുണ്ടായ പിഴവാണെന്നും വ്യക്തമാക്കിക്കൊണ്ട് ബി.ടി.എസ്. തന്നെ രംഗത്തെത്തി. ഇതോടെ ആരാധകർ ആഘോഷമാക്കുകയും ചെയ്തു.
മലയാളികളും ബി.ടി.എസ്. ആർമിയും
തേടിപ്പിടിച്ച് കൊറിയൻ ത്രില്ലറുകുളം സീരിസുകളും കണ്ടു തുടങ്ങിയ മലയാളികൾക്കിടയിലും ഒരു വലിയ ആരാധകവൃന്ദത്തെ ബി.ടി.എസിന് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്താണ് ബി.ടി.എസിന് ഇത്രയധികം ആരാധകരും ആര്‍മിയും കേരളത്തില്‍ ഉണ്ടാകുന്നത്. ബി.ടി.എസിന്റെ ഇംഗ്ലീഷ് ആൽബമായ ഡൈനാമൈറ്റ് അതിനൊരു കാരണമായിട്ടുണ്ട് എന്ന് വേണം കരുതാൻ.
ആര്‍മി [ARMY (Adorable Representative M.C. For Youth)] എന്നാണ് ബി.ടി.എസ്. ആരാധകർ അറിയപ്പെടുന്നത്. കേരള ജനസംഖ്യയെക്കാള്‍ അധികം വരുന്ന ഈ ആര്‍മിയില്‍ മലയാളികളുമുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പെൺകുട്ടികളാണ് ആരാധകവൃന്ദത്തിലേറെയും. പോസിറ്റീവ് മാത്രം നൽകുന്ന Spread Love തീമുമായി മുമ്പോട്ട് പോകുന്ന ഏഴു പേരടങ്ങുന്ന സംഘത്തെ വലിപ്പച്ചെറുപ്പമില്ലാതെ ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. ഇതിനു മുമ്പെങ്ങും മറ്റൊരാൾക്കും കിട്ടാത്തത്ര സ്വീകാര്യതയാണ് ബി.ടി.എസിന്റെ ഓരോ ആൽബങ്ങൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.
വ്യക്തമായ കാഴ്ചപ്പാടുള്ള സംഗീതയാത്ര
സംഗീതം വെറുമൊരു ആസ്വാദനത്തിന് വേണ്ടി മാത്രമുള്ളതാക്കിത്തീർക്കാതെ തങ്ങളുടെ കാഴ്ചപ്പാടുകളേയും സമൂഹത്തിനും ലോകത്തിനും മുമ്പിൽ എത്തിക്കുക കൂടി ചെയ്യുന്നുണ്ട് ഇവർ.
ഏഷ്യന്‍ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരെ അമേരിക്കയില്‍ വെച്ച് പ്രസിഡന്റ് ജോ ബൈഡന്റെ മുമ്പിൽ ബി.ടി.എസ് സംഘം സംസാരിക്കുകയും ചെയ്തിരുന്നു.
'വ്യത്യസ്തരാകുന്നതില്‍ തെറ്റില്ല എന്നും വ്യത്യസ്തതകള്‍ അംഗീകരിക്കുമ്പോഴാണ് സമത്വം ഉണ്ടാകുന്നത്' എന്നാണ് ബി.ടി.എസ് അംഗമായ ‘ഷുഗ’ വൈറ്റ് ഹൗസില്‍ വെച്ച് നടന്ന ഏഷ്യന്‍-പസഫിക്ക് ഹെറിറ്റേജ് ആഘോഷത്തിന്റെ സമാപന ചടങ്ങിൽ പറഞ്ഞത്.
'നല്ല ആളുകള്‍ എതിര്‍ത്ത് സംസാരിക്കുമ്പോഴാണ് ഇത്തരം വിവേചനങ്ങള്‍ ഇല്ലാതാവുക' എന്നായിരുന്നു ബി.ടി.എസ്. പറഞ്ഞ കാര്യങ്ങള്‍ക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മറുപടി.
യു.എൻ.ഒയിൽ വെച്ച് ആരാധകവൃന്ദത്തെ അഭിസംബോധന ചെയ്തു കൊണ്ട് ബി.ടി.എസ്. അംഗങ്ങൾ പറഞ്ഞത് ഇപ്രകാരമായിരുന്നു;
"നിങ്ങളുടെ കഥ എന്നോട് പറയൂ, എനിക്ക് നിങ്ങളുടെ ശബ്ദം കേൾക്കണം, നിങ്ങളുടെ ബോധ്യത്തെക്കുറിച്ച് എനിക്ക് മനസ്സിലാക്കണം. നിങ്ങൾ ആരാണ് എന്നത് കാര്യമാക്കേണ്ടതില്ല, നിങ്ങൾ ആരായാലും, എവിടെ നിന്നായാലും, നിങ്ങളുടെ തൊലി നിറം എന്തു തന്നെ ആയാലും, നിങ്ങളുടെ ജെൻഡർ ഏത് തന്നെ ആയാലും നിങ്ങൾ നിങ്ങളോട് തന്നെ സംസാരിക്കൂ..."
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..