പെട്ടെന്ന് നെഞ്ചിടിപ്പ്, ശ്വാസം കിട്ടാത്ത അവസ്ഥ,മരിക്കാന്‍ പോകുന്നുവെന്ന തോന്നൽ;മനോരോ​ഗങ്ങൾ പലവിധം


Representative Image | Photo: Canva.com

ഒരു വ്യക്തിയുടെ സ്വഭാവമോ, വൈകാരികപ്രകടനങ്ങളോ അയാളുടെ സാമൂഹികജീവിതത്തെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുന്ന രീതിയിലേക്ക് വഷളാകുകയാണെങ്കില്‍ അയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മനോരോഗമുണ്ടെന്നു കരുതാം. ഉദാഹരണത്തിന്, ദേഷ്യം ഒരു സാധാരണ മാനസികവികാരമാണ്. എന്നാല്‍ ദേഷ്യം നിയന്ത്രിക്കാനാകാതെ, മറ്റുള്ളവരെ കൊല്ലാന്‍ ശ്രമിക്കുന്ന ഒരാള്‍ മാനസികമായി സാധാരണ നിലയിലാണെന്നു കരുതാനാകില്ല.

നമ്മുടെ വികാരങ്ങളെയും ചിന്താഗതികളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ചില പ്രത്യേകഭാഗങ്ങളില്‍ ചില രാസവസ്തുക്കളുടെ അളവില്‍ വ്യതിയാനം സംഭവിക്കുമ്പോഴാണ് മനോരോഗം ഉണ്ടാവുന്നത്. ഇത് ശാരീരിക രോഗങ്ങളെപ്പോലെത്തന്നെ ചികിത്സിച്ചു മാറ്റേണ്ടുന്ന രോഗം തന്നെയാണ്. എല്ലാ മാനസിക രോഗങ്ങളിലും നമ്മുടെ തലച്ചോറില്‍ ചില തകരാറുകള്‍ സംഭവിക്കുന്നുണ്ട്. അതിന് ചികിത്സയുണ്ട്, ചികിത്സിച്ചു മാറ്റാനും തയ്യാറാവണം.മനോരോഗമെന്നാല്‍ ഭ്രാന്ത് (Psychosis) ആണെന്നുള്ള വലിയൊരു വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ് ഭൂരിപക്ഷം പേരും. അതുകൊണ്ടുതന്നെ ചെറിയ ചെറിയ മാനസിക പ്രശ്നങ്ങള്‍ മറ്റുള്ളവരോട് സംസാരിക്കുവാനോ, അല്ലെങ്കില്‍ ഒരു സൈകാട്രിസ്റ്റിനെക്കണ്ട് ചികിത്സനേടുവാനോ പലരും മുതിരുന്നില്ല. എന്നാല്‍ യഥാര്‍ഥത്തില്‍ ഭ്രാന്ത്എന്ന അവസ്ഥ, അതായത് താടിയിലും മുടിയിലും ജട വളര്‍ന്ന്, പിച്ചും പേയും പറഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് വഴിയിലൂടെ നടന്ന് പോകുന്ന ഒരുവന്റെ സ്ഥിതി, മനോരോഗങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെപ്പേര്‍ക്ക് മാത്രമേ കണ്ടുവരാറുള്ളൂ.

ബഹുഭൂരിപക്ഷം പേരും ചെറിയ ചെറിയ മാനസികപ്രശ്നങ്ങളും രോഗങ്ങളും ഉള്ളവരാണ്. നിസ്സാരമായ മാനസിക പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയമായ ചികിത്സാരീതികള്‍ സ്വീകരിക്കാന്‍ നമ്മള്‍ വൈമുഖ്യം കാണിക്കുന്നതുമൂലം, പലപ്പോഴും സാമ്പത്തികമായും മറ്റുതരത്തിലും നമ്മള്‍ ചൂഷണം ചെയ്യപ്പെടാറുണ്ട്. ശാസ്ത്ര പരിചയമില്ലാത്തവരുടെ ഉപദേശ ചികിത്സയും പൂജകളും ജപിച്ചുനല്‍കലും ബാധയൊഴിപ്പിക്കലും മൂലം രോഗം മൂര്‍ച്ഛിച്ചുകാണുന്ന അവസ്ഥ വളരെ സാധാരണമാണ്.

ഭ്രാന്ത് മാത്രമല്ല മനോരോഗം

ശരീരത്തിന് പലതരം രോഗങ്ങള്‍ വരുന്നതുപോലെ മനസ്സിന്റെ പല ഘടകങ്ങളും അസുഖാവസ്ഥയിലേക്ക് നീങ്ങാറുണ്ട്. ഉദാഹരണത്തിന് വൈകാരികാവസ്ഥയിലുള്ള കാര്യമായ തകരാറാണ് വിഷാദ രോഗത്തിലേക്കോ (Depression), ഉന്മാദാവസ്ഥയിലേക്കോ (Mania) ഉത്ക്കണ്ഠാരോഗത്തിലേക്കോ (Anxiety Disorder) നയിക്കുന്നത്. എന്നാല്‍ നമ്മുടെ ചിന്താരീതിയിലുള്ള തകരാറാണ് OCD, Delutional disorder എന്നിങ്ങനെയുള്ള രോഗങ്ങളിലേക്ക് എത്തിക്കുന്നത്.

സ്‌കിസോഫ്രീനിയ എന്ന രോഗത്തില്‍ രോഗിയുടെ വ്യക്തിത്വം തന്നെ വിഭജിക്കപ്പെട്ട് അയഥാര്‍ഥമായ അനുഭവങ്ങളും ചിന്താഗതികളും മൂലം തന്റേതായ ലോകത്ത് ഒതുങ്ങിക്കൂടുന്ന അവസ്ഥയാകുന്നു. എന്നാല്‍ ഇത്തരം മാറ്റങ്ങളുടെയെല്ലാം അടിസ്ഥാനം മുമ്പ് വിവരിച്ച ചില പ്രത്യേക രാസവസ്തുക്കളുടെ അളവിലുണ്ടാവുന്ന വ്യതിയാനമാണ്. ഉദാഹരണത്തിന് തലച്ചോറില്‍ ലിംബിക് ലോബ് എന്ന ഭാഗത്ത് ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂടുമ്പോഴാണ് സ്‌കിസോഫ്രീനിയ രോഗം ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ശാരീരിക രോഗങ്ങളെപ്പോലെ മാനസിക രോഗങ്ങളോരോന്നിനും പ്രത്യേകം ലക്ഷണങ്ങളും പ്രത്യേക ചികിത്സാ രീതികളുമുണ്ട്.

അമിതമായ സന്തോഷവും സംസാരവും പൈസ കൂടുതലായി ചെലവഴിക്കുന്നതും ഭക്തി കൂടുന്നതുമൊക്കെ ഉന്മാദത്തിന്റെ ലക്ഷണമായി തിരിച്ചറിയാന്‍ വൈകുമ്പോള്‍ ചിലപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ കടക്കെണിയിലേക്ക് രോഗി എത്തിപ്പെട്ടേക്കാം. കൈകഴുകിയാല്‍ മതിയാവാത്ത, എന്തു ചെയ്താലും സംശയം തീരാത്ത, എന്തെങ്കിലും കാര്യം മനസ്സില്‍ വന്നാല്‍ അത് മനസ്സില്‍ നിന്ന് മായാത്ത OCD എന്ന അസുഖം മറ്റുള്ളവര്‍ക്ക് തമാശയായി തോന്നാറുണ്ടെങ്കിലും അനുഭവിക്കുന്നവര്‍ക്കത് വലിയൊരു ദുരിതമാണ്.

കാരണമൊന്നുമില്ലാതെ പെട്ടെന്ന് നെഞ്ചിടിപ്പ്, ശ്വാസം കിട്ടാത്ത അവസ്ഥ, മരിക്കാന്‍ പോകുന്നുവെന്ന തോന്നലുമുണ്ടാകുന്ന Panic disorder എന്ന അസുഖമുള്ള രോഗി സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നതിന് മുമ്പുതന്നെ ആയിരക്കണക്കിന് രൂപയുടെ അനാവശ്യമായ പരിശോധനകള്‍ നടത്തിക്കാറുണ്ട്. സ്വന്തം ഭാര്യ രാത്രി ഒന്നു ചുമച്ചുപോയാല്‍ കാമുകന് സിഗ്നല്‍ കൊടുത്തതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന സംശയ രോഗിയായ ഭര്‍ത്താവ് സംശയം മൂര്‍ച്ഛിച്ച് കൊലപാതക ശ്രമം നടത്തുമ്പോഴായിരിക്കും ചിലപ്പോള്‍ മറ്റുള്ളവര്‍ ഇതൊരു രോഗമാണെന്നരീതിയില്‍ചികിത്സയ്ക്ക് മുന്‍കൈയെടുക്കുന്നതും.

മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തത് കേള്‍ക്കുകയും കാണാന്‍ പറ്റാത്തത് കാണുകയും അടിയുറച്ച യാഥാര്‍ഥ്യമല്ലാത്ത ചില വിശ്വാസങ്ങള്‍, അതായത് ആരൊക്കെയോ കൊല്ലാന്‍ വരുന്നു, തന്നെപ്പറ്റി സംസാരിക്കുന്നു എന്നിങ്ങനെയൊക്കെ വിശ്വസിക്കുകയും ചെയ്യുന്ന ഒരു സ്‌കിസോഫ്രീനിയ രോഗിയെ അവന്റേതായ ലോകത്തുനിന്നും സാധാരണ ലോകത്ത് തിരിച്ചു കൊണ്ടുവരണമെങ്കില്‍ ശാസ്ത്രീയമായ ചികിത്സകളും അനിവാര്യമാണ്. ക്ലാസ്സില്‍ അടങ്ങിയിരിക്കാത്ത കുട്ടി കൂടെയുള്ളവരുടെ ബുക്ക് വലിച്ചുകീറുകയും ഇടയ്ക്കിടെ ഇറങ്ങിപ്പോവുകയും ക്ലാസ്സില്‍ യാതൊന്നും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവന് വികൃതി കൂടുതലാണ് എന്നുപറഞ്ഞ് പ്രശ്നം നിസ്സാരവത്കരിച്ചാല്‍ അവന്റെ ADHD എന്ന രോഗാവസ്ഥ തിരിച്ചറിയാതിരിക്കുകയും കാലാകാലം അവന്‍ പഠനത്തില്‍ പിന്നോക്കമാവുകയും ഭാവിയില്‍ സമൂഹവിരുദ്ധ വ്യക്തിത്വമുള്ളവനാവുകയും ചെയേ്തക്കാം.

മേല്‍വിവരിച്ച രോഗത്തിനൊക്കെ ഔഷധ ചികിത്സ മാത്രമാണ് പ്രതിവിധി എന്ന് തെറ്റിദ്ധരിക്കരുത്. പലരിലും ഔഷധ ചികിത്സയും കൗണ്‍സിലിങ് ചികിത്സയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട്. ഉദാഹരണത്തിന് Cognitive behavioural therapy അധികം കടുപ്പമില്ലാത്ത വിഷാദരോഗത്തിന് ഫലപ്രദമായ ചികിത്സാരീതിയാണ്. ഇവ കൂടാതെ ചില മാനസിക പ്രശ്നങ്ങള്‍ക്ക് അതായത് ഭാര്യാഭര്‍തൃബന്ധത്തിലെ ചേര്‍ച്ചയില്ലായ്മ (Marital discord)കുട്ടികളിലെ സ്വഭാവവൈകല്യങ്ങള്‍ (Conduct disorder) പഠനവൈകല്യങ്ങള്‍(Learning disorder)എന്നിവയിലൊക്കെ കൗണ്‍സിലിങ് ചികിത്സ മാത്രമേ ഫലപ്രദമായി കാണാറുള്ളൂ.

ചികിത്സയും മരുന്നും: തെറ്റിദ്ധാരണകള്‍

മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകളെപ്പറ്റിയും വളരെയധികം തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു, വ്യക്തിത്വം നഷ്ടപ്പെടുന്നു, ഒരു പ്രാവശ്യം തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല, രോഗിയെ മയക്കിക്കിടത്തും എന്നിവയാണ് ചില ധാരണകള്‍. യഥാര്‍ഥത്തില്‍ പഴയ കാലങ്ങളിലുള്ള മരുന്നുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്നുപയോഗിക്കുന്ന പുതിയതരം മരുന്നുകള്‍ മിക്കവയുടെയും പാര്‍ശ്വഫലങ്ങള്‍ നമ്മള്‍ സാധാരണ ശാരീരിക അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളുമായി താരതമ്യം ചെയ്യാവുന്ന തരത്തിലുള്ളതാണ്. വിഷാദരോഗത്തിനുള്ള പുതിയ പല മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്ന് പറയാവുന്നതാണ്.

Content Highlights: world mental health day, types of mental illness


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented