സൈക്ക്യാട്രി മരുന്നുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ നിര്‍ത്താനേ പറ്റില്ല എന്നത് വെറും തെറ്റിദ്ധാരണ


ഡോ. ഷാഹുല്‍ അമീന്‍      

Representative Image| Photo: Canva.com

ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യദിനം. മുജ്ജന്മപാപങ്ങളുടെയോ പിശാചുബാധയുടെയോ ഒന്നും അനന്തരഫലമല്ല മനോരോഗങ്ങള്‍. മനസ്സ് ദുര്‍ബലമായതു കൊണ്ടോ വളര്‍ത്തുദോഷം കൊണ്ടോ സ്വഭാവദൂഷ്യം കൊണ്ടോ വരുന്നതുമല്ല. മറിച്ച്, ജനിതക കാരണങ്ങളോ ഗര്‍ഭാവസ്ഥയിലോ ജനനശേഷമോ ഏല്‍ക്കുന്ന ക്ഷതങ്ങളോ മൂലം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന പാകപ്പിഴകളുടെ ഫലമാണ്.

ജനിതക കാരണങ്ങള്‍മനോരോഗ ബാധിതരുടെ ബന്ധുക്കള്‍ക്ക് മനോരോഗം വരാനുള്ള സാധ്യത മറ്റുള്ളവരുടേതിനേക്കാള്‍ സ്വല്‍പം കൂടുതലാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ജീനുകളിലെ ചില അപാകതകള്‍ തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ ഫലമാണിത്. (എന്നുവെച്ച് ഇതൊരു നൂറു ശതമാനം റിസ്‌ക്കൊന്നുമല്ല. രോഗം ബാധിച്ചവരുടെ ബന്ധുക്കളില്‍ പത്തു ശതമാനത്തില്‍ത്താഴെ മാത്രം പേര്‍ക്കേ പൊതുവെ രോഗം വരാറുള്ളൂ. ലഹരിയുപയോഗം വര്‍ജിക്കുക, നല്ല വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക, സമ്മര്‍ദ സാഹചര്യങ്ങളെ നേരിടുന്നതെങ്ങനെ എന്ന പരിശീലനം നേടുക, നന്നായി ഉറങ്ങാനും ശാരീരികാരോഗ്യം നിലനിര്‍ത്താനും മനസ്സിരുത്തുക തുടങ്ങിയവ വഴി രോഗസാധ്യത പിന്നെയും കുറയ്ക്കാനുമാകും.)

മനോരോഗഹേതുവാകുന്ന ക്ഷതങ്ങള്‍ തലച്ചോറിന് വിവിധ കാരണങ്ങളാല്‍ ഏല്‍ക്കാം. അമിത മദ്യപാനം, ലഹരിയുപയോഗം, തലയ്ക്കു പരിക്കുപറ്റുന്നത് എന്നിവ ഉദാഹരണങ്ങളാണ്. തൈറോയ്ഡ് രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ ശാരീരികരോഗങ്ങളും അപസ്മാരം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ മസ്തിഷ്‌കരോഗങ്ങളും ചില മസ്തിഷ്‌കകേന്ദ്രങ്ങളെ ബാധിച്ച് മനോരോഗങ്ങള്‍ക്കു നിദാനമാകാം.

മാനസികരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

മാനസികരോഗം ബാധിച്ചയാള്‍ എന്നു കേള്‍ക്കുമ്പോള്‍ പലരുടേയും മനസ്സിലേക്ക് ആദ്യമെത്തുന്ന ചിത്രം താടിയും മുടിയും നീട്ടി, മുഷിഞ്ഞ വസ്ത്രങ്ങളുമണിഞ്ഞ്, എന്തൊക്കെയോ പിറുപിറുത്ത് അലഞ്ഞു നടക്കുന്നവരുടേതാണ്. എന്നാല്‍ മാനസികരോഗ ബാധിതരുടെ നന്നേ ചെറിയൊരു ശതമാനം മാത്രമാണ്, വിശേഷിച്ചും തക്ക സമയത്ത് അനുയോജ്യ ചികിത്സ ലഭിക്കാതെ പോയവരാണ്, ആ ഒരവസ്ഥയിലേക്കു നീങ്ങുന്നത്. മാനസിക പ്രശ്‌നങ്ങളുള്ളവരില്‍ ഭൂരിഭാഗവും പുറമേയ്ക്ക് ഒരു കുഴപ്പവും കാണാത്ത രീതിയില്‍, മറ്റേതൊരു വ്യക്തികളെയും പോലെതന്നെ, സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. സാധാരണമായ ചില മാനസിക രോഗങ്ങളുടെ മുഖ്യലക്ഷണങ്ങള്‍ ഒന്നു പരിചയപ്പെടാം:

വിഷാദം (ഡിപ്രഷന്‍): അകാരണമായ നിരാശ, തളര്‍ച്ച, ദൈനംദിന കാര്യങ്ങളില്‍ ഉത്സാഹം നഷ്ടമാവുക, വിശപ്പില്ലായ്ക, ഉറക്കക്കുറവ്, ജീവിതത്തില്‍ പ്രത്യാശയില്ലാതാവുക.

ഒബ്‌സസ്സീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി.): അനാവശ്യ ചിന്തകളും പേടികളും സംശയങ്ങളും നിരന്തരം അലട്ടുക, കഴുകുവാനും കുളിക്കുവാനുമൊക്കെ ഏറെ സമയം വേണ്ടിവരിക.

ഡെല്യൂഷണല്‍ ഡിസോര്‍ഡര്‍ (സംശയരോഗം): ജീവിത പങ്കാളിക്ക് പലരോടും അടുപ്പമുണ്ട്, തനിക്ക് ഏറെ ശത്രുക്കളുണ്ട്, ഏതോ മാരകരോഗം തന്നെ ബാധിച്ചിട്ടുണ്ട് എന്നൊക്കെയുള്ള ദൃഢവിശ്വാസങ്ങള്‍, ഒരു തെളിവുമില്ലാതെയും, വെച്ചുപുലര്‍ത്തുക.

പാനിക് ഡിസോര്‍ഡര്‍: അമിതമായ പേടി, നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, കൈകാല്‍ വിറയല്‍ തുടങ്ങിയവ, ഒരു പ്രകോപനവുമില്ലാത്തപ്പോഴും, ഇടയ്ക്കിടെ അനുഭവപ്പെടുക.ഇപ്പറഞ്ഞ രോഗങ്ങളുള്ളവരെ അങ്ങനെയൊരു പ്രശ്‌നമുള്ള ആളാണ് എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനായേക്കില്ല.

രാഷ്ട്രീയം, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ പല പ്രശസ്തരും മാനസികരോഗ ബാധിതരായിരുന്നു എന്നതും പ്രസ്താവ്യമാണ്. ചാള്‍സ് ഡാര്‍വിന്‍, ഐസക് ന്യൂട്ടന്‍, ചാള്‍സ് ഡിക്കന്‍സ്, വിര്‍ജീനിയ വൂള്‍ഫ്, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് എന്നിവര്‍ ഇതില്‍പ്പെടുന്നു.

ഒരാള്‍ മനോരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുമ്പോള്‍ അതിനെ അവഗണിക്കുന്നതും അതൊക്കെ നോര്‍മലോ പ്രായസഹജമോ മാത്രമാണെന്ന് വ്യാഖ്യാനിച്ച് ചികിത്സയൊന്നും തേടാതിരിക്കുന്നതും മറ്റൊരു രീതിയാണ്. ഉദാഹരണത്തിന്, എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന രോഗം ബാധിച്ച കുട്ടികള്‍ അതിന്റെ ലക്ഷണങ്ങളായ തീരെ അടങ്ങിയിരിക്കായ്ക, മുന്‍കോപം, ഏകാഗ്രതക്കുറവ് എന്നിവ കാണിക്കുമ്പോള്‍ അതൊക്കെ വെറും കുസൃതിയോ അനുസരണക്കേടോ മാത്രമാണെന്നു വിധിയെഴുതുന്നവരുണ്ട്.

സ്‌കിസോഫ്രീനിയ എന്ന രോഗം പ്രകടമായിത്തുടങ്ങുക പൊതുവെ കൗമാരാന്ത്യത്തോടെയാണ്. ആ ഘട്ടത്തില്‍ അത്തരം കുട്ടികള്‍ പഠനത്തില്‍ പിന്നാക്കമാകാന്‍ തുടങ്ങുന്നത് അവരുടെ മടിയും അഹങ്കാരവുമൊക്കെയായി വിലയിരുത്തപ്പെടാറുണ്ട്. അതുപോലെതന്നെ, പ്രായമായവര്‍ ഡിമന്‍ഷ്യ എന്ന രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളായി അമിതമായ ഓര്‍മക്കുറവ്, ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള പ്രാപ്തിക്കുറവ് തുടങ്ങിയവ കാണിച്ചു തുടങ്ങിയാല്‍ അതൊക്കെ വാര്‍ധക്യസഹജം മാത്രമാണെന്നു തീരുമാനിച്ച് അവഗണിക്കുന്നവരുമുണ്ട്.

തെറ്റിദ്ധാരണ മരുന്നുകളെക്കുറിച്ചും

സൈക്ക്യാട്രിയില്‍ ഉപയോഗിക്കപ്പെടുന്ന മരുന്നുകളെക്കുറിച്ചും ഏറെ വികലധാരണകളുണ്ട്. അവയെല്ലാം ഉറക്കഗുളികകള്‍ മാത്രമാണ്, ചുമ്മാ തളര്‍ത്തിയിടാന്‍ കൊടുക്കുന്നവയാണ് എന്നൊക്കെപ്പോലെ. മിക്ക മനോരോഗങ്ങളിലും തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം തകരാറിലാകുന്നുണ്ട്. അതു പരിഹരിക്കുകയാണ് ഭൂരിഭാഗം സൈക്ക്യാട്രിമരുന്നുകളും ചെയ്യുന്നത്.

ഒരിക്കല്‍ ഉപയോഗിച്ചാല്‍ അവയ്ക്ക് അഡിക്ഷനായിപ്പോകും എന്ന ഭീതി മൂലം മരുന്നു കഴിച്ചു തുടങ്ങാന്‍ വൈമനസ്യം കാണിക്കുന്നവരുമുണ്ട്. ഒരാള്‍ക്ക് ഒരു വസ്തുവിന് അഡിക്ഷനായി എന്നുപറയുക അതുപയോഗിക്കണമെന്ന ആസക്തി സദാ ഉയര്‍ന്നുകൊണ്ടിരിക്കുക, എല്ലാ ഉത്തരവാദിത്തങ്ങളെയും വിസ്മരിച്ച് ആള്‍ അതിന്റെ പിറകെ മാത്രം കൂടുക എന്നൊക്കെയുള്ളപ്പോഴാണ്. കാലക്രമത്തില്‍, ആ വസ്തു മുമ്പത്തേതിലും കൂടിയ അളവില്‍ ഉപയോഗിച്ചാലേ ഫലം ലഭിക്കൂ എന്ന അവസ്ഥയും വരാം. സൈക്ക്യാട്രിമരുന്നുകളുടെ കാര്യത്തില്‍ ഇതൊന്നുംതന്നെ സംഭവിക്കുന്നില്ല കാലക്രമേണ ഡോസ് പതിയെപ്പതിയെ കുറയ്ക്കുകയാണ് പൊതുവേ ചെയ്യാറ്, അല്ലാതെ അഡിക്ഷനുകളിലെപ്പോലെ കൂട്ടിക്കൂട്ടിപ്പോവുകയല്ല.

സൈക്ക്യാട്രി മരുന്നുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഒരിക്കലും നിര്‍ത്താനേ പറ്റില്ല എന്നൊരു ധാരണയുമുണ്ട്. നല്ലൊരു ശതമാനം രോഗികള്‍ക്കും ഏതാനും മാസങ്ങളിലോ ഒന്നോ രണ്ടോ വര്‍ഷങ്ങളിലോ മരുന്നു പൂര്‍ണമായും നിര്‍ത്താനാകാറുണ്ട്. കാലതാമസം കൂടാതെ ചികിത്സ തുടങ്ങിയവരും തീവ്രത കുറഞ്ഞ രോഗമുള്ളവരും ഉദാഹരണമാണ്. എന്നാല്‍ ചിലര്‍ക്ക്, ഉദാഹരണത്തിന് രോഗം തുടങ്ങിയിട്ട് ഏറെക്കാലമായവര്‍ക്കും, മരുന്നു നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രോഗം വീണ്ടും വരുന്നവര്‍ക്കും, വേറെയാളുകള്‍ക്കും രോഗമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കുമൊക്കെ, കുറച്ചധികം കാലം മരുന്നെടുക്കേണ്ടി വരാറുമുണ്ട് ഷുഗറോ പ്രഷറോ കൊളസ്‌ട്രോളോ അപസ്മാരമോ ഒക്കെ ബാധിച്ചവരെപ്പോലെതന്നെ.

സൈക്യാട്രി മരുന്നുകള്‍ ഏറെ പാര്‍ശ്വഫലങ്ങള്‍ ഉള്ളവയാണ്, കിഡ്‌നി കേടാക്കും, ഭാവിയില്‍ പല കുഴപ്പങ്ങളും സൃഷ്ടിക്കും എന്നൊക്കെയുള്ള വിശ്വാസങ്ങളും സജീവമാണ്. ഏതൊരു മരുന്നുകളെയും പോലെ സൈക്ക്യാട്രി മരുന്നുകള്‍ക്കും ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നതു വാസ്തവമാണ്. വൈഷമ്യങ്ങള്‍ വല്ലതും തോന്നിത്തുടങ്ങിയാല്‍ ഉടന്‍ ഡോക്ടറെ അറിയിക്കുക, ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഇടവേളകളില്‍ ഫോളോഅപ്പുകള്‍ക്കു ചെല്ലുകയും പരിശോധനകള്‍ക്കും ടെസ്റ്റുകള്‍ക്കും വിധേയരാവുകയും ചെയ്യുക എന്നിവ ഇത്തരം പാര്‍ശ്വഫലങ്ങളെ താമസംവിനാ തിരിച്ചറിയാനും പരിഹരിക്കാനും സഹായിക്കും. സൈക്ക്യാട്രിയില്‍ ഉപയോഗിക്കപ്പെടുന്ന മുപ്പതിലേറെ മരുന്നുകളില്‍ ലിഥിയം എന്ന മരുന്നു മാത്രമാണ്, അതും ഏറെക്കാലം അതുപയോഗിച്ചവരില്‍ നന്നേ ചെറിയൊരു ശതമാനത്തില്‍ മാത്രം, കിഡ്‌നിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുത്താറുള്ളത്. ഏതൊരു മരുന്നിന്റെയും പാര്‍ശ്വഫലങ്ങള്‍ അവ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലത്തേ പ്രത്യക്ഷപ്പെടൂ, അല്ലാതെ മരുന്നു നിര്‍ത്തി ഏറെക്കാലം കഴിഞ്ഞു തലപൊക്കുന്ന ഒരു പാര്‍ശ്വഫലവും സൈക്ക്യാട്രിയിലില്ല.

കൗണ്‍സലിങ് മാത്രം പോരാ

കൗണ്‍സലിങ്ങാണ് സുരക്ഷിതം, അതു ഫലിച്ചില്ലെങ്കില്‍ മാത്രം ഡോക്ടറെയോ സൈക്ക്യാട്രിസ്റ്റിനെയോ കണ്ടാല്‍മതി എന്ന ധാരണ പലര്‍ക്കുമുണ്ട്. ചില പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സലിങ് തികച്ചും മതിയാകും. പരീക്ഷാപ്പേടി, ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍, ചേരേണ്ട കോഴ്‌സിനെയോ ജോലിയെയോ സംബന്ധിച്ച ചിന്താക്കുഴപ്പം എന്നിവ ഉദാഹരണമാണ്. എന്നാല്‍ സാരമായ ലക്ഷണങ്ങളുള്ളപ്പോള്‍ അവ മസ്തിഷ്‌കപരമോ ശാരീരികമോ ആയ പ്രശ്‌നങ്ങളുടെ ഭാഗമല്ല എന്നു പരിശോധിച്ചുറപ്പുവരുത്താന്‍ ഒരു ഡോക്ടറെയോ സൈക്ക്യാട്രിസ്റ്റിനെയോ കാണുന്നതാകും നല്ലത്. സാരമായ രോഗങ്ങള്‍ മിക്കതിനും പ്രധാനമായും മരുന്നുകളെടുക്കുക, ഒപ്പം കൗണ്‍സലിങ്ങോ സൈക്കോതെറാപ്പിയോ കൂടി ഉപയോഗപ്പെടുത്തുക എന്ന രീതിയാണ് കൂടുതല്‍ ഫലപ്രദം. അതേസമയം, തീവ്രമല്ലാത്ത വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയവക്ക് സൈക്കോതെറാപ്പി മാത്രമാണെങ്കിലും ഫലം കിട്ടാം.

ഹിപ്പ്‌നോട്ടിസത്തിലൂടെ മാറ്റാമോ

പണ്ടെന്നോ ഉള്ളില്‍ക്കയറിയ ഏതോ ഭയം ഉപബോധമനസ്സില്‍ ഒളിഞ്ഞു കിടക്കുന്നതു കൊണ്ടാണ് മനോരോഗങ്ങള്‍ വരുന്നതെന്നും ഹിപ്പ്‌നോട്ടിസത്തിലൂടെ അതിനെ പുറന്തള്ളുകയാണ് വേണ്ടതെന്നുമുള്ള വിശ്വാസം, സിനിമകളുടെയും മറ്റും സ്വാധീനത്താലാകണം, പലര്‍ക്കുമുണ്ട്. എന്നാല്‍, ''ഹിസ്റ്റീരിയ'' എന്നു പൊതുവെ വിളിക്കപ്പെടാറുള്ള 'ഡിസോസിയേറ്റീവ് ഡിസോര്‍ഡറു'കളുടെ ആവിര്‍ഭാവത്തിലേ ഇപ്പോള്‍ ഉപബോധമനസ്സിനു സാരമായ പങ്കു കരുതപ്പെടുന്നുള്ളൂ. ലളിതവും ഫലപ്രദവുമായ അനേകം പുതിയ തെറാപ്പികള്‍ രംഗത്തെത്തിയതിനാല്‍ത്തന്നെ, ക്ലിനിക്കല്‍ സൈക്കോളജിയിലോ സൈക്ക്യാട്രിയിലോ പരിശീലനം നല്‍കുന്ന പ്രമുഖ കേന്ദ്രങ്ങളിലൊന്നും ഹിപ്പ്‌നോട്ടിസം പഠിപ്പിക്കപ്പെടുന്നുമില്ല.

മനോരോഗങ്ങള്‍ യഥാസമയം തിരിച്ചറിയുക, അവ ഏതെങ്കിലും ശാരീരികപ്രശ്‌നം മൂലം വന്നതാണോ എന്നു മനസ്സിലാക്കുക, വേണ്ട ചികിത്സകള്‍ ആവശ്യമുള്ളത്രയും കാലം സ്വീകരിക്കുക എന്നിവ വഴി മനോരോഗങ്ങള്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിലും സൃഷ്ടിക്കുന്ന കെടുതികള്‍ ലഘൂകരിക്കാനാകും.

Content Highlights: world mental health day, things to know about psychotropic medications


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented