പാട്ടുകേട്ടാലോ, കരഞ്ഞാലോ അത് തീരണമെന്നില്ല; മടിക്കരുത്, മനസ്സിനെ ചികിത്സിക്കാന്‍


അഞ്ജന ശശിRepresentative Image | Photo: Gettyimages.in

നി, ചുമ എന്തിന്, ഒരു ജലദോഷം വന്നാല്‍വരെ ഡോക്ടറെ കണ്ട് മരുന്നു കഴിക്കുന്നവരാണ് മലയാളികളിലേറെയും. എന്നാല്‍ മനസ്സിന് വിഷമം വന്നാലോ? 'അതൊന്ന് കരഞ്ഞാല്‍ തീരും, സമയമെടുത്ത് ശരിയാവും' എന്നാവും ഉപദേശം. ചികിത്സയില്‍ ശരീരത്തിന് കൊടുക്കുന്ന അതേ പ്രാധാന്യം മനസ്സിനുകൊടുക്കാന്‍ പലരും മടിക്കുന്നു. ഒടുവില്‍ ആത്മഹത്യയിലേക്കും അപകടങ്ങളിലേക്കും കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുന്നതാണ് പൊതുവേ രീതി.

മാനസികാരോഗ്യം ഒരാളുടെ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. വ്യക്തികളുടെ ക്ഷേമത്തിനും ഫലപ്രദമായ പ്രവര്‍ത്തനത്തിനുമുള്ള അടിത്തറയാണിത്. മാനസിക ക്ഷേമം, മാനസിക വൈകല്യങ്ങള്‍ തടയല്‍, ചികിത്സ, പുനരധിവാസം എന്നിവയെല്ലാം മാനസികാരോഗ്യ ചികിത്സയുടെ പരിധിയില്‍ വരുന്നു. സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. ലിംഗ, പ്രായ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെയുള്ളവരില്‍ ഇന്ന് മാനസിക പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്.മറ്റ് വികസിത, വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇന്നും മാനസികാരോഗ്യത്തിനുള്ള ചികിത്സ എന്നത് കാര്യക്ഷമമല്ല. മാനസികരോഗ വിഗദ്ധനെ സമീപിക്കുന്നതില്‍ മുഖം തിരിക്കുന്നവരാണ് ഭൂരിഭാഗവും. മാനസികാരോഗ്യം ശാരീരിക ആരോഗ്യം പോലെത്തന്നെ പ്രധാനമായ ഒന്നാണെന്നുള്ള കാഴ്ചപ്പാടില്‍നിന്നും ഏറെ അകലെയാണ് സമൂഹം ഇപ്പോഴും. ശരീരത്തിനു രോഗം വന്നാല്‍ ചികിത്സിക്കുന്നതുപോലെത്തന്നെയാണ് മനസ്സിന് രോഗം വന്നാലും എന്ന അവബോധം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കേണ്ടത് അതുകൊണ്ടുതന്നെ ഏറെ ആവശ്യവുമാണ്.

സൈക്കോളജിസ്റ്റോ, അതിനുമാത്രം എന്തസുഖം?

എപ്പോഴും ചിരിക്കുന്ന പ്രകൃതമാണ് കൊല്ലം സ്വദേശി അമൃതയെന്ന 32-കാരിക്ക്. ഐ.ടി. മേഖലയിലെ ജോലി കോവിഡ് കാലമായതോടെ വീട്ടിലിരുന്നായി. ജോലിഭാരം ഇരട്ടിയായി മാറി. വീടും കുട്ടികളും ജോലിയും ഒരുവശത്ത്. ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്തതിനാല്‍ വിഷമങ്ങള്‍ പങ്കുവെക്കാന്‍ ആളില്ലാത്തത് മറ്റൊരു പ്രശ്നം. പതിയെ അമൃതയുടെ മുഖത്തെ ചിരി മാഞ്ഞുതുടങ്ങി. ജോലി ചെയ്യാന്‍ താല്‍പര്യമില്ലാതായി. ജോലിയില്‍ പിഴവുകള്‍ വന്നുതുടങ്ങി. ഉറക്കം കിട്ടാതായി. ആകെ മടിപിടിച്ച അവസ്ഥ. സുഹൃത്തുക്കള്‍ ഒരുപാടുണ്ടെങ്കിലും ആരോടും മനസ്സ് തുറക്കാന്‍ തോന്നിയില്ല. സൈക്കോളജിസ്റ്റിനെ സമീപിക്കണം എന്ന് മനസ്സിലുറപ്പിച്ച് വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ത്തന്നെ അമ്മ എതിര്‍ത്തു. 'നിനക്കെന്താ അതിനുമാത്രം കുഴപ്പം, വെറുതെ ആളുകളെക്കൊണ്ട് അതുമിതും പറയിപ്പിക്കാന്‍' എന്നാണ് ചോദ്യം. മാനസികാരോഗ്യ വിദഗ്ധനെ കാണുന്നത് മറ്റാരെങ്കിലും കണ്ടാല്‍ നാണക്കേടാണെന്നതാണ് അമ്മയുടെ ചിന്ത. അമൃതയുടെ ചിന്തകള്‍ നാള്‍ക്കുനാള്‍ കാടുകയറി ഒടുവില്‍ ആത്മഹത്യാ ശ്രമത്തിലെത്തി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷമാണ് ചികിത്സ ആരംഭിച്ചത്. തുടക്കത്തില്‍ കൗണ്‍സിലിങ്ങിലൂടെ മാറാമായിരുന്ന വിഷാദ രോഗമാണ് കഠിനമായ മരുന്നുകളിലേക്ക് അമൃതയെ എത്തിച്ചത്.

പതിനാലുകാരനായ വിഷ്ണു ഡോക്ടറെ കാണാനെത്തിയത് ആത്മഹത്യാശ്രമത്തില്‍നിന്നും രക്ഷപ്പെട്ട ശേഷമാണ്. വീട്ടിലിരുന്ന മരുന്നുകളെല്ലാം എടുത്ത് കഴിച്ചെങ്കിലും ചികിത്സയ്ക്കൊടുവില്‍ ജീവന്‍ തിരികെ കിട്ടി. കുറെ ദിവസത്തെ കൗണ്‍സിലിങ്ങിനുശേഷമാണ് കുട്ടി കാര്യം തുറന്നു പറഞ്ഞത്. അച്ഛനും മകനും മാത്രമുള്ള ജീവിതം. അമ്മ അവന്‍ ജനിച്ച് അധികകാലം ആവുന്നതിനുമുമ്പ് മരിച്ചു. വീട്ടില്‍ മധ്യവയസ്‌കനായ ജോലിക്കാരന്‍കൂടിയുണ്ടായിരുന്നു. വീട്ടിലെ ഒരാളെപ്പോലെ കഴിഞ്ഞിരുന്ന ആ ജോലിക്കാരനില്‍നിന്ന് പലപ്പോഴായി നേരിട്ട ലൈംഗികാതിക്രമമാണ് അവനെ ഇങ്ങനെയൊരു കാര്യത്തിലേക്ക് എത്തിച്ചത്. കുട്ടിക്കാലത്തൊന്നും അവന് കാര്യം മനസ്സിലായിരുന്നില്ല. വേദനിക്കുമ്പോള്‍ കരയും. എന്താണെന്ന് അച്ഛന്‍ ചോദിച്ചാല്‍ മാമന്‍ ഉപദ്രവിച്ചെന്ന് പറയും. അവന്റെ വികൃതി കാരണമാകുമെന്നാണ് അച്ഛന്‍ അപ്പോള്‍ പറഞ്ഞിരുന്നത്. വലുതാവുംതോറും അവന് കാര്യം പിടികിട്ടിത്തുടങ്ങി. അച്ഛന് അയാളെ വലിയ വിശ്വാസമായതും കുട്ടിക്ക് പ്രശ്നമായി. അച്ഛനോട് പറയുമെന്ന് അവന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ വിശ്വസിക്കില്ലെന്നും നേരത്തെയൊക്കെ പറഞ്ഞിട്ട് എന്തായി എന്നും അയാള്‍ തിരിച്ചുചോദിച്ചു. താങ്ങാനാവാത്ത രീതിയില്‍ ഒരിക്കല്‍ ലൈംഗികാതിക്രമത്തിന് ഇരയായതോടെ അവന്‍ ആകെ തകര്‍ന്നു. പഠിത്തത്തിലെല്ലാം പിറകോട്ടായി. പഠനത്തില്‍ മോശമായതാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് അവന്റെ അച്ഛന്‍ ധരിച്ചിരുന്നത്. എന്നാല്‍ കാരണം ഇതാണെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും അച്ഛന്‍ വിശ്വസിച്ചില്ല. പോലീസ് അ്ന്വേഷണത്തില്‍ കുറ്റംതെളിഞ്ഞ് അറസ്റ്റിലായതോടെയാണ് അച്ഛന് വിശ്വാസം വന്നത്.

കുടുംബത്തില്‍നിന്നും കിട്ടേണ്ട പിന്തുണയുടെ അഭാവമാണ് മിക്ക കേസുകളിലും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നത്. സമൂഹത്തിന്റെ ഒരു വലിയ വിഭാഗം ഇത്തരം ചിന്തകളില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് തടയിടാനാവൂ.

മുംബൈയില്‍ ജോലിചെയ്യുന്ന മനുവിന് പറയാനുള്ളത് മറ്റൊരു കഥയാണ്. 45-കാരനായ മനു 15 വര്‍ഷമായി മുംബൈയിലാണ്. ഭാര്യയും മകനും നാട്ടില്‍ പോയ ഒരു ദിവസം രാത്രി ഉറക്കത്തിനിടയില്‍ പെട്ടന്ന് ഞെട്ടിയെണീറ്റു. പിന്നെ ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ. ഇരുന്നിട്ട് പോലും മനസ്സ് സ്വസ്ഥമാകുന്നില്ല. കുറെ നേരം നടന്നിട്ടും വെള്ളം കുടിച്ചിട്ടുമൊന്നും ഒരു മാറ്റവിമില്ല. അറിയാന്‍ വയ്യാത്ത ഒരുപേടി കടന്നുപിടിച്ചപോലെ. തന്നെ കരച്ചില്‍വരുന്ന അവസ്ഥ. രാവിലെ ആയതോടെ ഏതാണ്ട് ശരിയായി. എന്നാല്‍ അടുത്ത ദിവസങ്ങളിലും രാത്രികളില്‍ ഇത് ആവര്‍ത്തിച്ചു. ഉടനെത്തന്നെ ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചു. ഉത്കണ്ഠാ രോഗമായിരുന്നു മനുവിനെന്നും 10 ദിവസത്തെ മരുന്നു മാത്രം കഴിക്കാനും ഡോക്ടര്‍ ഉപദേശിച്ചു. അതോടെ മനു പഴയ രീതിയിലേക്ക് തിരിച്ചുവന്നു.

കോവിഡ് കാലം കഴിഞ്ഞ് സ്‌കൂളിലെത്തിയ ഗൗതമിന്റെ രോഗം അധികമാരും കേള്‍ക്കാത്തതായിരുന്നു. രണ്ടുതവണയാണ് അവന്‍ സ്‌കൂളില്‍നിന്നെത്തിയ ഉടന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. വിഷാദരോഗമാണെങ്കിലും കാരണം കണ്ടെത്താന്‍ നടത്തിയ ആദ്യശ്രമങ്ങളെല്ലാം പാഴായി. ഒ.സി.ഡി. എന്നപേരില്‍ പലര്‍ക്കും പരിചിതമായ ഒബ്സസീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍ എന്ന രോഗമാണ് വില്ലന്‍ എന്ന് ഒടുവില്‍ കണ്ടെത്തി. രോഗാണുക്കളെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നുമുള്ള ഭയമാണ് ഇത്തരക്കാരില്‍ പൊതുവെ കാണപ്പെടുന്നത്. വൃത്തിയില്ല എന്ന തോന്നല്‍ ഇത്തരക്കാരില്‍ അധികമായി കാണാം. കോവിഡ് കാലത്ത് വീട്ടില്‍ വൃത്തിയോടെയിരുന്ന് സ്‌കൂളില്‍ പോയപ്പോള്‍ അവിടെ പൊരുത്തപ്പെടാനാവാത്ത അവസ്ഥ വന്നു. സമയത്ത് കണ്ടെത്തി ചികിത്സിച്ചതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവാതെ രക്ഷപ്പെടുകയായികരുന്നു.

ഇന്ത്യയും മാനസികാരോഗ്യവും

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മാനസികരോഗങ്ങള്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വേ 2016-ല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 14% ത്തോളം ആളുകള്‍ക്ക് സജീവമായ മാനസികാരോഗ്യ ഇടപെടല്‍ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. കോവിഡ് കാലം കഴിഞ്ഞതോടെ ലോകം മുഴുവനും ഇതൊരു വലിയ വെല്ലുവിളിയായി മാറുകയും ചെയ്തു. ഏകദേശം 5.6 കോടി ഇന്ത്യക്കാരാണ് ഇന്ന് വിഷാദരോഗം അനുഭവിക്കുന്നത്. 3.8 കോടി ആളുകള്‍ ചില ഉത്കണ്ഠാ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നു. 2017-ലെ കണക്കുപ്രകാരം ഇന്ത്യയില്‍ പല തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നത്് 19.3 കോടി ജനങ്ങളാണ്. ഇവരില്‍ത്തന്നെ 21.1 ശതമാനമാണ് ആത്മഹത്യാനിരക്കെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരുവര്‍ഷം ശരാശരി രണ്ടുലക്ഷം ആത്മഹത്യകള്‍ നടക്കുന്നുവെന്നാണ് കണക്കാക്കുന്നത്. 2017-ലെ കണക്കു പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 11.63 ശതമാനം ആളുകള്‍ മാനസികമായ വെല്ലുവിളികളെ നേരിടുന്നവരാണ്.

ഇന്ത്യയില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നതെന്നാണ് കണ്ടെത്തല്‍. 3.8 ശതമാനം പുരുഷന്മാരും 3 ശതമാനം സ്ത്രീകളും ഭീഷണിപ്പെടുത്തലും ഇരയാക്കലും കാരണം ഉത്കണ്ഠാ രോഗങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. അഞ്ച് ശതമാനം പുരുഷന്മാരും ഏകദേശം 8.3 ശതമാനം സ്ത്രീകളും കുട്ടിക്കാലത്തുതന്നെ ലൈംഗികാതിക്രമത്തിന് ഇരയായവരാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ 10.8 ശതമാനം കുട്ടികളിലും മസ്തിഷ്‌ക വളര്‍ച്ച കുറയുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില വടക്കന്‍ സംസ്ഥാനങ്ങളും നിരവധി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ കാര്യത്തില്‍ മുമ്പില്‍നില്‍ക്കുന്നു. കേരളം, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഉത്കണ്ഠാ രോഗങ്ങളുള്ളത്.

വിദേശമോഡലുകള്‍ കൊണ്ടുവരണം

പല വികസിത രാജ്യങ്ങളിലും ശാരീരിക രോഗ പരിചരണത്തിനൊപ്പം തന്നെ മാനസികാരോഗ്യ പരിചരണവും നല്‍കി വരുന്നുണ്ട്. ഏതെങ്കിലും രോഗവുമായി ഡോക്ടറെ സമീപിക്കുമ്പോള്‍ത്തന്നെ രോഗത്തിന്റെ ഫലമായും മരുന്നുകള്‍ വഴിയുമുണ്ടാവുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് രോഗികളെ ബോധ്യപ്പെടുത്തുവാന്‍ അവര്‍ ശ്രമിക്കുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ മായയുടെ അഭിപ്രായം ഇങ്ങനെ, 'ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ ആത്മഹത്യ ചെയ്തു. അടുത്ത ദിവസം തന്നെ ഞങ്ങളിലോരോരുത്തര്‍ക്കും പ്രത്യേകം മാനസികരോഗ വിദഗ്ധന്റെ സെഷന്‍ ഉണ്ടായിരുന്നു. സംഭവം ഞങ്ങളെ ബാധിക്കാതിരിക്കാനും ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുമുള്ള അവബോധത്തിനായിരുന്നു അവര്‍ ഊന്നല്‍ നല്‍കിയത്. ഇന്ത്യയില്‍വെച്ച് ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടേയില്ല. ഇവിടെ മനസിന് അസ്വസ്ഥത തോന്നുമ്പോഴാണ് ശരീരത്തിനേക്കാള്‍ ആളുകള്‍ ഡോക്ടറെ കാണുന്നതെന്ന് തോന്നുന്നു. അനിവാര്യവുമാണത്.'

മാനസികാരോഗ്യ അവബോധം അനിവാര്യം

അടുത്തകാലത്തായി ആളുകള്‍ അവരുടെ ശാരീരികാരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്. അപ്പോഴും മാനസികാരോഗ്യം എന്നത് വലിയതോതില്‍ അവഗണിക്കപ്പെട്ടിരിക്കുന്നു. യുവജനങ്ങളില്‍ വലിയൊരുപങ്കും വികസന വൈകല്യങ്ങളാല്‍ ബുദ്ധിമുട്ടുന്നു. പ്രായമായര്‍ വിഷാദത്തിനും ഉത്കണ്ഠയ്ക്കും ഇരയാകുന്നു. 2012-2030 കാലയളവില്‍ മാനസികാരോഗ്യത്തിന്റെ വ്യാപനം കാരണം ഇന്ത്യയുടെ സാമ്പത്തിക നഷ്ടം 1.03 ട്രില്യണ്‍ ഡോളറാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്.

മാനസികാരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ സൈക്യാട്രിസ്റ്റുകളുടെയും സൈക്കോളജിസ്റ്റുകളുടെയും എണ്ണത്തില്‍ വലിയ കുറവുണ്ട്. അന്താരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം 1,00,000 ആളുകള്‍ക്ക് മൂന്ന് സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും മാത്രമാണ് ഇന്ന് രാജ്യത്തുള്ളത്. കോവിഡിന്റെ സ്വാധീനത്തില്‍ മാനസിക വൈകല്യമുള്ള രോഗികളുടെ എണ്ണം രാജ്യത്ത് 20 ശതമാനത്തിനടുത്താണ്.

ദേശീയ ആരോഗ്യ പദ്ധതികളും ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളും പ്രാഥമികാരോഗ്യ തലത്തില്‍ ഗുണനിലവാരമുള്ള പരിചരണം നല്‍കാനുള്ള കേന്ദ്രങ്ങളാണ്. ഡി അഡിക്ഷന്‍ സെന്ററുകളും പുനരധിവാസ സേവനങ്ങളും ഇവിടെ ലഭ്യമാണ്. എങ്കിലും സാഹചര്യത്തെ അഭിസംബോധന ചെയ്യുന്നതിന് അവബോധം വളര്‍ത്തുകയും മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ആരോഗ്യകരമായ ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ദേശീയ മാനസികാരോഗ്യ നയങ്ങളിലൂടെയും നിയമ ചട്ടക്കൂടുകളിലൂടെയും മാനസികാരോഗ്യ വൈകല്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും മാനസികാരോഗ്യ പ്രോത്സാഹനം ഉറപ്പിക്കുന്നതിനുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

Content Highlights: world mental health day, mental illness


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented