ശാരീരിക പ്രത്യേകതകൾ എടുത്തുകാട്ടി മറ്റുള്ളവരെ അധിക്ഷേപിക്കുന്നവരുടെ മനശ്ശാസ്ത്രമെന്താണ്? 


ഡോ. സി.ജെ. ജോൺ         

Representative Image| Photo: Canva.com

ശരീരത്തിന്റെ നിറത്തിലോ രൂപത്തിലോ പ്രത്യേകതകളിലോ കേന്ദ്രീകരിച്ച് ആളുകളെ കളിയാക്കുന്നവരുണ്ട്. അതിന് ഇരയാകുന്നവർ എത്രമാത്രം വേദനിക്കുന്നുവെന്ന വസ്തുത അവർ ശ്രദ്ധിക്കുന്നതേയില്ല. ഇതുപോലെയുള്ള പരിഹാസവും വേർതിരിവുകളും കുട്ടിക്കാലംമുതൽ സഹിക്കേണ്ടിവരുമ്പോൾ വ്യക്തിത്വവികാസംപോലും താളംതെറ്റും. അത് വ്യക്തമാക്കുന്ന ഈ അനുഭവം വായിക്കുക:

''ഞാൻ 29 വയസ്സുള്ള അവിവാഹിതയാണ്. സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. എന്റെ നിറം കറുപ്പാണ്. ചില ആളുകൾ എന്റെ ഈ നിറത്തോട് പ്രകടിപ്പിക്കുന്ന മനോഭാവംമൂലം ഒരുപാട് മാനസിക പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.എന്റെ മാതാപിതാക്കൾക്ക് രണ്ട് മക്കളാണ്. ഞാൻ ഇളയവളാണ്. എന്റെ അച്ഛന്റെ സഹോദരങ്ങൾ കറുത്ത നിറമുള്ളവരാണ്. അച്ഛന് ഇരുനിറമാണ്. അമ്മയ്ക്ക് വെളുത്ത നിറവും. എന്റെ സഹോദരിക്ക് അമ്മയുടെ വെളുത്ത നിറം കിട്ടി. എനിക്ക് അച്ഛന്റെ പാരമ്പര്യവഴിയിലെ കറുപ്പ് നിറവും. ഞാൻ ജനിച്ചപ്പോൾ മുതൽ അമ്മയ്ക്ക് വിഷമമായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഈ നിറമുള്ള ഇവളെ എങ്ങനെ കല്യാണം കഴിച്ച് അയയ്ക്കുമെന്നൊക്കെയുള്ള വർത്തമാനം കുട്ടിക്കാലം മുതൽ എന്റെ ചെവിയിൽ വീണിട്ടുണ്ട്. ഞങ്ങൾ സഹോദരിമാർ രണ്ടാളും ഒരുമിച്ച് നിൽക്കുമ്പോൾ ചിലരുടെ സഹതാപം നിറഞ്ഞ നോട്ടം നേരിടേണ്ടിവന്നിട്ടുണ്ട്. എന്നെ ചൂണ്ടിക്കാട്ടി മാതാപിതാക്കളോട് ഇവളും നിങ്ങളുടെ മകളാണോയെന്ന് ചോദിക്കുന്നതും കേട്ടിട്ടുണ്ട്. എന്റെ സഹോദരിയും എന്നെ കളിയാക്കുമായിരുന്നു. പോരായ്മകളുള്ള മകളോടെന്ന മട്ടിൽ അമ്മയും അച്ഛനും ചിലപ്പോഴൊക്കെ കൂടുതൽ വാത്സല്യം പ്രകടിപ്പിച്ചിരുന്നു. തിരിച്ചറിവ് വന്നപ്പോൾ ഇത് എനിക്ക് വിഷമമുണ്ടാക്കി.

പള്ളിക്കൂടത്തിൽ പോകാൻ തുടങ്ങിയതോടെ കയ്‌പ്പേറിയ അനുഭവങ്ങൾ ഉണ്ടായിത്തുടങ്ങി. വെളുത്ത നിറമുള്ള എന്റെ ചേച്ചി ഉയർന്ന ക്ലാസിൽ പഠിക്കുന്നുണ്ടായിരുന്നു. ഞാൻ അനിയത്തിയാണെന്ന് പറയാൻ അവൾക്ക് നാണക്കേടായിരുന്നു. അതുകൊണ്ട് ആദ്യമൊന്നും ഒപ്പം കൂട്ടില്ലായിരുന്നു. സ്‌കൂളിലെ ചില കുട്ടികൾ കറുമ്പിയെന്ന പരിഹാസപ്പേരിട്ട് വിളിച്ചിരുന്നു. പന്ത്രണ്ടാംക്ലാസ് കഴിഞ്ഞ് പള്ളിക്കൂടത്തിൽനിന്നിറങ്ങുംവരെ ഇത് പലപ്പോഴും കേൾക്കേണ്ടിവന്നിട്ടുണ്ട്. ചില അധ്യാപകർ സമാധാനിപ്പിക്കും. അവരുടെ വർത്തമാനത്തിലെ സഹതാപം എനിക്ക് അസഹനീയമായിരുന്നു.

ഞാൻ പഠിക്കാൻ മിടുക്കിയായിരുന്നു. സ്‌കൂളിലെ മികച്ച വിദ്യാർഥിനിയായിരുന്നു. എന്റെ അറിവിനെയും കഴിവിനെയും ബഹുമാനിച്ചിരുന്നവരുമുണ്ടായിരുന്നു. അത് ഉപയോഗിച്ച് മുന്നേറാൻ പ്രോത്സാഹനം നൽകിയ ഒരു അധ്യാപിക ഹയർ സെക്കൻഡറിയിലുണ്ടായിരുന്നു. അവരായിരുന്നു ആശ്വാസം.

മെറിറ്റിൽത്തന്നെ ഞാൻ മികച്ച എൻജിനീയറിങ് കോളേജിൽ ചേർന്നു. അവിടെയും എന്നെ കറുമ്പിയെന്ന് വിളിച്ച് കളിയാക്കുന്ന വിദ്യാർഥികളുണ്ടായിരുന്നു. നല്ലപോലെ പഠിക്കുന്നതുകൊണ്ട് കറുമ്പി പഠിപ്പിസ്റ്റെന്നായിരുന്നു അസൂയാലുക്കൾ പരിഹസിച്ചിരുന്നത്. മിക്കവാറും എല്ലാ സഹപാഠികൾക്കും പ്രണയമുണ്ടായിരുന്നു. കൂടെ മുറിയിൽ താമസിക്കുന്നവർ കറുത്ത നിറമുള്ള നിന്നെയാരും പ്രേമിക്കില്ലെന്ന് പുച്ഛിക്കുമായിരുന്നു. ഇതൊക്കെ വിഷമമുണ്ടാക്കി.

ചില ആൺസുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഞാൻ നിറമില്ലാത്തവളാണെന്നാകും അവരൊക്കെ വിചാരിക്കുന്നതെന്ന മുൻവിധി എനിക്കുമുണ്ടായിരുന്നു. കാമ്പസിൽനിന്ന് ജോലിക്കായി തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തിന് വന്നവരിൽ ചിലരുടെ മുഖം തുടക്കത്തിൽ ചുളിയുന്നത് ഞാൻ ശ്രദ്ധിച്ചു. എന്നാൽ വിഷയങ്ങളിലുള്ള എന്റെ അറിവും, കിട്ടിയ മാർക്കും തുണയായി. എന്നാൽ അതിനുശേഷം 'ഇവളെ ആര് കല്യാണം കഴിക്കും' എന്നായി ചോദ്യങ്ങൾ.

ജോലിയിൽ മുഴുകാൻ തുടങ്ങിയതോടെ നിറത്തെക്കുറിച്ചുള്ള വേവലാതി കുറെ വിട്ടുമാറിയിരുന്നു. ചിലരൊക്കെ കുത്തുവാക്കുകൾ പറയുമ്പോൾ താത്കാലികവിഷമം തോന്നും, അത്രമാത്രം. നന്നായി പഠിച്ച് വേഗംതന്നെ ജോലിയിൽ കയറിയെങ്കിലും ഞാൻ പോരായെന്ന ബോധം ഉള്ളിൽ എപ്പോഴുമുണ്ടായിരുന്നുവെന്നത് വാസ്തവമാണ്. ജോലിയിലുള്ള അർപ്പണമനോഭാവത്തെയും മിടുക്കിനെയും ടീം ലീഡർമാർ വാഴ്ത്തുമായിരുന്നു. ജോലിക്കയറ്റങ്ങൾ വേഗംതന്നെ ലഭിക്കുമായിരുന്നു. എന്റെ സഹോദരിക്ക് കുട്ടിയായി. അവൾ ഭർത്താവുമൊത്ത് സന്തോഷത്തോടെ കഴിയുന്നത് കാണുമ്പോൾ വിവാഹത്തെക്കുറിച്ചോർക്കും. പല വിവാഹാലോചനകളും എന്റെ നിറത്തെച്ചൊല്ലി ഒഴിവായി.

വിവാഹം അടഞ്ഞ അധ്യായമാണെന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു സഹപ്രവർത്തകൻ എന്നോട് താത്പര്യം കാട്ടാൻ തുടങ്ങിയത്. എന്റെ കഴിവുകളെ വാഴ്ത്തിയാണ് അടുപ്പം തുടങ്ങിയത്. മതിപ്പ് വളരുംവിധത്തിൽ സംസാരിക്കാൻ തുടങ്ങി. സ്നേഹവും അംഗീകാരവും അയാൾ തന്നിരുന്നു.

വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ ലിവിങ് ടുഗതറല്ലേ നല്ലതെന്ന് നിർദേശിച്ചു. തർക്കിക്കാനൊന്നും പോയില്ല. എന്നാൽ, അയാൾ മറ്റൊരു വിവാഹംകഴിക്കാൻ പോവുകയാണെന്ന വിവരം കിട്ടി. കാര്യം തിരക്കിയപ്പോൾ അയാൾ പറഞ്ഞ വാക്കുകൾ എന്നെ പൂർണമായും തകർത്തു. നിന്നെ ഭാര്യയായി ആളുകളുടെ മുൻപിൽ എങ്ങനെകൊണ്ടുപോകുമെന്നായിരുന്നു പ്രതികരണം. ആ പുച്ഛവും പരിഹാസവും എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.

ഞാൻ രാജിക്കത്തെഴുതി. എല്ലാ വിവരങ്ങളും എച്ച്.ആർ. വിഭാഗമറിഞ്ഞിരുന്നു. എന്നെപ്പോലൊരാളെ ഒഴിവാക്കാൻ കമ്പനി തയ്യാറല്ലായിരുന്നു. ആളുകളെ അഭിമുഖീകരിക്കാനുള്ള പ്രയാസമാണെങ്കിൽ വീട്ടിലിരുന്ന് ജോലിചെയ്യാമെന്ന നിർദേശം നൽകി. ഞാനത് സ്വീകരിച്ചു. കുറേ മാസങ്ങൾ കഴിഞ്ഞപ്പോൾ കോവിഡ് വന്നു. ഞാനിപ്പോൾ വീട്ടിലെ എന്റെ മുറിയിൽനിന്ന് പുറത്തിറങ്ങാറില്ല. എനിക്ക് ഒട്ടും ആത്മധൈര്യമില്ല. കമ്പനിയിൽ ആളുകളെ അഭിമുഖീകരിച്ച് ജോലിചെയ്യണമെന്ന സാഹചര്യം വന്നാൽ ഞാൻ ജോലി രാജിവെക്കും. വിവാഹം വേണ്ടെന്ന നിലപാടിലെത്തി. എന്റെ മാതാപിതാക്കൾ വല്ലാതെ വിഷമിക്കുന്നുണ്ട്. വരുമാനമുള്ളതുകൊണ്ടും ജോലിയിൽ ഉയർച്ചവരുന്നതുകൊണ്ടും ഒന്നും പറയുന്നില്ല. ഞാൻ എന്താണു ചെയ്യേണ്ടത്? എനിക്ക് എന്തെങ്കിലും മാനസികാസ്വാസ്ഥ്യമാണോ?''

ആരായിരിക്കും ഈ യുവതിയുടെ യഥാർഥ ശത്രു? മനസ്സിനുള്ളിലെ അപകർഷബോധം പരത്തുന്ന ഇരുട്ടാണോ? ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിൽ അവഹേളിച്ച ചില വിവേകശൂന്യരായ വ്യക്തികളാണോ?

തൊലിപ്പുറത്തെ നിറത്തിന്റെയോ ശരീരത്തിന്റെ പ്രത്യേകതകളെയോ ചൂണ്ടിക്കാട്ടി വ്യക്തികളെ അവഹേളിക്കുന്ന പ്രവണത സമൂഹത്തിലുണ്ട്. വ്യക്തികളെ നിറത്തിന്റെ അടിസ്ഥാനത്തിൽ താഴ്ത്തിപ്പറയുന്നവരുമുണ്ട്. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലുമൊക്കെ ഇതുണ്ടാകാം. ഈ യുവതിയുടെ അനുഭവങ്ങളിൽ അത് വ്യക്തം. നിഷേധപരാമർശങ്ങൾ മനസ്സിലേക്കാവാഹിച്ച് സ്വയം വിലയിടിക്കാൻ തുടങ്ങിയാൽ പ്രതിസന്ധികൾ ഉറപ്പാണ്. ഈ യുവതിക്ക് സംഭവിച്ച അപകടമിതാണ്.
കഴിവുകളും കാര്യപ്രാപ്തിയുമാണ് വ്യക്തിത്വത്തിന്റെ സൗന്ദര്യമെന്ന് ഇളംമനസ്സിൽതന്നെ മാതാപിതാക്കൾക്ക് കുറിച്ചിടാനാകണം. പരമ്പരാഗത സങ്കല്പങ്ങളുടെ സ്വാധീനത്തിൽ പെട്ടുപോകുന്ന പല കുടുംബങ്ങൾക്കും ഇത്തരമൊരു വളർത്തൽശൈലി സ്വീകരിക്കാൻ പറ്റാതെ പോകുന്നു. പുറംലോകത്തിലുണ്ടാകുന്ന നാണംകെടുത്തലുകളെ നേരിടാനുള്ള പ്രാപ്തിയുണ്ടാക്കാൻ കഴിയുന്നുമില്ല. 'നിറം കുറവുള്ള കുട്ടി'യെന്ന പരിഗണനയിൽ മാതാപിതാക്കൾ നൽകിയ അമിത വാത്സല്യം അസഹനീയമായിരുന്നുവെന്ന് യുവതി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത്തരം ഇടപെടലുകളും സഹതാപവുമൊക്കെ അപകർഷബോധത്തെ പോഷിപ്പിക്കുന്നു.

പലരും പല ഘട്ടങ്ങളിലും അപമാനിക്കുന്ന തരത്തിൽ(Shaming) ഇടപെട്ടിരുന്നുവെങ്കിലും അവയൊന്നും പഠിപ്പിനെയോ മറ്റ് രീതിയിലുള്ള ജീവിതമുന്നേറ്റങ്ങളെയോ ബാധിച്ചില്ലെന്നത് നല്ല കാര്യം. അത് ഉള്ളിലെ കരുത്തിന്റെ സൂചനയാണ്. അപകർഷബോധത്തിൽ പെട്ടതുകൊണ്ട് ഈ നേട്ടങ്ങൾ സ്വയംമതിപ്പിന്റെ കണക്കുപുസ്തകത്തിൽ വേണ്ടവിധം രേഖപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് ഞാൻ പോരായെന്ന വിചാരത്തിന്റെ ഇരുട്ട് വർധിച്ചുകൊണ്ടേയിരുന്നു.

സ്വാഭാവികമായും ആളുകളിൽനിന്ന് ദൂരം പാലിക്കാൻ ശ്രമിച്ചു. ഇത്തരം ഒരു ശൂന്യതയും അരക്ഷിതാവസ്ഥയും കൃത്യമായി മനസ്സിലാക്കിയാണ് സഹപ്രവർത്തകൻ സൗഹൃദം സ്ഥാപിച്ചത്. വലിയ പ്രതീക്ഷകളോടെ മുന്നോട്ടുപോയ കൂട്ടുകെട്ടിൽ നിന്നുപോലും അപമാനം സഹിക്കേണ്ടി വന്നപ്പോൾ യുവതിക്കുണ്ടായ മാനസികാവസ്ഥ ആർക്കും മനസ്സിലാവും. സ്വന്തം കഴിവുകളിൽ വിശ്വസിച്ച് ശക്തമായി തിരിച്ചുകയറി ജീവിതത്തിലേക്ക് വരുവാനുള്ള ഇച്ഛാശക്തിയല്ല ഈ യുവതി ഇപ്പോൾ പ്രകടിപ്പിക്കുന്നത്. സ്വയം തോറ്റുകൊടുക്കുകയാണ്. ഉൾവലിയുകയാണ്. ഇതല്ല ശരിയായ വഴി.

ഈ യുവതിയുടെ ഏറ്റവും മൂല്യവത്തായ ധനമേതാണ്? അവളുടെ തൊഴിൽമേഖലയിലുള്ള അറിവും ആ ജോലി നന്നായി ചെയ്യാനുള്ള വൈദഗ്ധ്യവുമാണ്. വീട്ടിലിരുന്നാണെങ്കിലും ഇപ്പോഴും ആ മിടുക്ക് കാട്ടുന്നുണ്ട്.

ശാരീരിക പ്രത്യേകതകൾ എടുത്തുകാട്ടി മറ്റുള്ളവരെ അധിക്ഷേപിക്കുന്നവരുടെ മനശ്ശാസ്ത്രമെന്താണ്? ഒരു വ്യക്തിയെ സമഗ്രതയിൽ കാണാനുള്ള കഴിവോ വകതിരിവോ ഇല്ലാത്തവരാണ് അവർ. കുത്തുവാക്കുകൾ പറഞ്ഞ് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ആസ്വദിക്കും. വൈകല്യമുള്ള ഒരു മനസ്സും ഈ വ്യക്തികൾക്കുണ്ട്. കുഴപ്പം അവഹേളിക്കുന്നവർക്കാണ്. അവഹേളിക്കപ്പെടുന്നവർക്കല്ല.
സ്വന്തം മിടുക്കുകളുടെ പിന്തുണയിൽ സൃഷ്ടിക്കുന്ന ഒരു പോസിറ്റീവ് ഊർജം എപ്പോഴും കൂടെയുണ്ടാകണം. തളരാതെ ആത്മവിശ്വാസത്തോടെ നേരിടുന്നുവെന്നറിയുമ്പോൾ പരിഹസിക്കൽരോഗമുള്ളവർ പിൻവാങ്ങും. മനസ്സിലെ അരക്ഷിതാവസ്ഥ മാറുമ്പോൾ കൂട്ടുകാരെ തിരിച്ചറിയാനും സാധിക്കും.

തന്നെ കളിയാക്കാനിടയുള്ള ഒരു ലോകമാണ് പുറത്തെന്ന ധാരണയിൽ ഒരു കുമിള സൃഷ്ടിച്ച് അതിൽ ഒളിച്ചിരുന്നാൽ ഇതിനൊന്നും കഴിയില്ല. കുമിള പൊട്ടിച്ച് പുറത്തിറങ്ങിവരണം. പെരുമാറ്റങ്ങളിലെയും പ്രവൃത്തികളിലെയും മികവാണ് സൗന്ദര്യമെന്ന് ലോകത്തെ അറിയിക്കാൻ പ്രാപ്തിയുള്ളവർ അത് ചെയ്യാതിരിക്കുന്നതല്ലേ വലിയ കുറ്റം?

Content Highlights: world mental health day, importance of mental health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented