മനോരോഗത്തിന് ചികിത്സ സ്വീകരിക്കാത്തതുമൂലം പങ്കാളി കഷ്ടപ്പെടുമ്പോൾ


ഡോ. സി.ജെ ജോൺ

Representative Image | Photo: Gettyimages.in

നിരന്തരം ഉപദ്രവിക്കുന്ന ഭർത്താവിന്റെ അക്രമവാസനയെ നിയന്ത്രിക്കാനായി അയാൾ അറിയാതെ മരുന്ന് നൽകി പോലീസ്പിടിയിലായ യുവതിയെക്കുറിച്ചുള്ള ഒരു വാർത്ത വന്നിരുന്നു. ഇത്തരം സ്ത്രീകൾ ഭയങ്കരികളാണെന്ന് വിധിയെഴുതാമോ? ഈ ചോദ്യത്തിന് ഉത്തരം നൽകുംമുൻപേ മറ്റൊരു യുവതിയുടെ ആവലാതി കേൾക്കാം. മുപ്പത്തിയഞ്ചുവയസ്സുണ്ട് ഇവർക്ക്. വിവാഹിത. രണ്ട് കുട്ടികളുടെ അമ്മ. ഭർത്താവിന് മികച്ച വരുമാനമുള്ള ജോലിയുണ്ട്. ഈ യുവതിയും ഹൈസ്‌കൂൾ അധ്യാപികയാണ്.

മറ്റുള്ളവർക്ക് പ്രശ്‌നമൊന്നും കണ്ടെത്താൻകഴിയാത്ത ദാമ്പത്യമാണ്. വിവാഹം കഴിഞ്ഞനാൾമുതൽ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ലെന്നതാണ് യുവതിയുടെ സങ്കടം. ഇവൾ മറ്റ് പുരുഷന്മാർ ഉപയോഗിച്ചിട്ടുള്ള പെണ്ണെന്ന ആരോപണം ഭർത്താവ് ആദ്യരാത്രിതന്നെ പറഞ്ഞു. അവൾപോലും കേട്ടിട്ടില്ലാത്ത ചില യുക്തികൾ പറഞ്ഞും ശരീരഭാഗങ്ങളെ വിലയിരുത്തിയാണ് ഇതയാൾ പ്രഖ്യാപിച്ചത്. വിവാഹത്തിനുമുൻപ് ഒരു പ്രണയമുണ്ടായിട്ടുണ്ടെന്നും ശരീരഭാഗങ്ങളിൽ തൊട്ടുള്ള ഒരു പരിപാടിക്കും നിന്നുകൊടുത്തിട്ടില്ലെന്നും അവൾ ആണയിട്ട് പറഞ്ഞു. അയാൾക്ക് വിശ്വാസം വന്നില്ല. ക്രമേണ ഭർത്താവിന്റെ സ്വഭാവം മാറുമെന്നവൾ കരുതി. ഒരു മാറ്റവും ഉണ്ടായില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും രണ്ട് കുട്ടികളുണ്ടായിട്ടും അയാൾ ഇതേ പല്ലവി പാടിക്കൊണ്ടിരുന്നു. അവിഹിതകഥയിലെ കഥാപാത്രങ്ങളെ ഭർത്താവ് മാറ്റിമാറ്റി പ്രതിഷ്ഠിച്ചുകൊണ്ടിരുന്നു. ടീനേജ് വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപികയാണിവർ. ആ കുട്ടികളെപ്പോലും വിവാഹേതരബന്ധത്തിന്റെ ചിത്രത്തിൽ കൂട്ടിച്ചേർത്തു. സംശയംപറച്ചിലും ചോദ്യംചെയ്യലും മൂർധന്യത്തിലെത്തുമ്പോൾ കലി വർധിക്കും. മയമില്ലാതെ തല്ലുകയും ചെയ്യും.അയാളുടെയും അവളുടെയും വീട്ടുകാർക്ക് ഇതൊക്കെ അറിയാം. ഭാര്യയും ഭർത്താവും തമ്മിലുള്ള അസ്വാരസ്യമെന്ന ന്യായം പറഞ്ഞ് ആരും ഇടപെട്ടില്ല. മറ്റ് സാഹചര്യങ്ങളിൽ ഇദ്ദേഹം തികഞ്ഞ മാന്യനാണ്. ആകർഷകമായി സംസാരിക്കും. തൊഴിലിടത്ത് ചടങ്ങുകൾ സംഘടിപ്പിക്കാൻ നേതൃത്വമെടുക്കും. പ്രശ്‌നം വീട്ടിൽ മാത്രം. പൊതുകൂട്ടായ്മകളിൽ ഭാര്യയെ ഒപ്പം കൂട്ടും. മടങ്ങിവന്നാൽ അവർക്ക് ദുരിതം ഉറപ്പാണ്. കാമാർത്തിയോടെ ആണുങ്ങളെ നോക്കിയെന്ന പഴിപറച്ചിൽ കേൾക്കേണ്ടിവരും. ഇത് പേടിച്ച് പോകേണ്ടെന്ന് തീരുമാനിച്ചാൽ അതിനും വഴക്കുകേൾക്കേണ്ടിവരും. ഞാൻ വൈകിവരുമെന്ന് തീർച്ചയുള്ളതുകൊണ്ട് ആരെയെങ്കിലും വിളിച്ച് കയറ്റാനാണെന്നാവും ആരോപണം. മറ്റാരെങ്കിലുമായി ലൈംഗികബന്ധം പുലർത്തിയോയെന്നറിയാൻ ചിലപ്പോൾ ദേഹപരിശോധനകൾ ചെയ്യും. അവളുടെ വ്യക്തിത്വത്തോട് ഒരു ആദരവും കാട്ടാത്ത ഈ ഏർപ്പാട് നടക്കുമ്പോൾ ഉള്ളിൽ അമർഷം തിളച്ചുമറിയും. എന്നാൽ എതിർത്താൽ അടികിട്ടും. പരിശോധിച്ച് എന്തെങ്കിലുമൊക്കെ ചൂണ്ടിക്കാട്ടി അവിഹിതബന്ധമുണ്ടായിട്ടുണ്ടെന്ന് സ്ഥാപിക്കും. ഇതൊരു രോഗമാണെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ സമ്മതിക്കില്ല. വിവാഹം തകരാതിരിക്കാൻവേണ്ടി പൊരുത്തപ്പെടാനാണ് അവളുടെ വീട്ടുകാർ നിർദേശിക്കുന്നത്. കുടിയില്ലെന്നും പുകവലിയില്ലെന്നും വീട്ടുകാര്യങ്ങൾ നന്നായി നോക്കുന്നുണ്ടെന്നുമൊക്കെ ചൂണ്ടിക്കാണിക്കും. ഈ സംശയമല്ലാതെ വേറെ എന്ത് കുഴപ്പമാണെന്ന് ചോദിക്കും. പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ അവർ വിശ്വസിക്കില്ല. അത്രയ്ക്ക് നല്ല മനുഷ്യനാണ്.

മാനസികാരോഗ്യവിദഗ്ധനെ കാണാൻ അയാൾ റെഡിയാണ്. എന്നാൽ ഭാര്യയുടെ കാമാർത്തിക്കുള്ള ചികിത്സയ്ക്കുവേണ്ടിയാണത്. ഒരിക്കൽ പോവുകയുംചെയ്തു. കക്ഷിക്ക് സംശയരോഗമാണെന്ന് ഡോക്ടർ പറഞ്ഞതോടെ കലഹിച്ച് സ്ഥലംവിട്ടു. ഭാര്യ തെറ്റ്‌ചെയ്യുന്നുവെന്ന് കക്ഷിക്ക് ഉറപ്പാണ്. ഇത് സംശയരോഗമാണെന്ന് അംഗീകരിക്കുകയുമില്ല. ചാരിത്ര്യശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങൾ കേട്ട് അവൾക്ക് മടുത്തു. തല്ല് കൊണ്ട് വയ്യാതെയായി. ഭർത്താവ് അറിയാതെ നൽകാവുന്ന എന്തെങ്കിലും മരുന്ന് പ്രയോഗിക്കാമോയെന്നാണ് യുവതി കത്തിലൂടെ ചോദിക്കുന്നത്. ചികിത്സയുമായി സഹകരിക്കാൻ പറ്റാത്തവിധത്തിൽ എത്തിച്ചേരുന്ന രോഗികളുടെ ബന്ധുക്കൾ ഇത്തരം ആവശ്യങ്ങൾ ഉയർത്തുന്നതും പതിവാണ്.

ഈ യുവതിയുടെ അനുഭവങ്ങൾ വായിക്കുന്ന പലർക്കും ഭർത്താവ് സംശയരോഗിയാണെന്ന് മനസ്സിലാകും. ഭാര്യയുടെ വിശ്വസ്തതയെകുറിച്ചുള്ള ഒരൊറ്റ സംശയത്തിലൊതുങ്ങുകയും മറ്റെല്ലാ രംഗങ്ങളിലും തികച്ചും നോർമലായിരിക്കുകയും ചെയ്യുമ്പോൾ ഇത് രോഗമാണെന്ന് തിരിച്ചറിയാനും ചികിത്സക്ക് വിധേയമാകാനും പലർക്കും കഴിയാറില്ല. ഇത്തരം ഘട്ടങ്ങളിലാണ് പീഡനമനുഭവിക്കുന്ന ഭാര്യ, അറിയാതെ നൽകാവുന്ന ഔഷധം വേണമെന്ന അപേക്ഷയുമായി എത്തുന്നത്. പരിസരബോധവും സമനിലയും നഷ്ടമായി മറ്റുള്ളവർക്കോ അവനവനോ അപകടമുണ്ടാക്കുന്ന വിധത്തിൽ പെരുമാറുന്നവർക്ക് താത്കാലിക പരിഹാരമായി ഇതൊക്കെ ചെയ്യാവുന്നതാണ്. സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് നഷ്ടമായവരെ സമ്മതമില്ലാതെ മാനസികാരോഗ്യകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ച് ചികിത്സിക്കുവാൻ പോന്ന നിയമങ്ങളുമുണ്ട്.

ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും സാധാരണമട്ടിൽ പെരുമാറുകയും ജീവിതപങ്കാളിയുടെ വിശ്വസ്തതയുടെ കാര്യത്തിൽ അടിസ്ഥാനമില്ലാതെ സംശയിക്കുകയും ചെയ്യുന്ന വ്യക്തികളെ ചികിത്സയുമായി സഹകരിപ്പിക്കുക എളുപ്പമല്ല. എന്നാൽ അതിന് ഇരയാകുന്ന പങ്കാളി ദുരിതമനുഭവിക്കുകയാണെന്നതാണ് യാഥാർഥ്യം.

സമാനമായ അവസ്ഥകൾ വേറെയുമുണ്ട്. ശാരീരിക വൈകല്യങ്ങളുണ്ടെന്നോ ദേഹത്ത് പുഴുക്കൾ ഇളകുന്നുവെന്നോ മൂക്കിൽനിന്നും വായിൽനിന്നും ദുർഗന്ധം വമിക്കുന്നുവെന്നോ ഒക്കെയുള്ള മിഥ്യാധാരണകളുമായി കഴിയുന്നവരുണ്ട് (Delusional DisorderSomatic type). മനസ്സിന്റെ വികൃതിയാണെങ്കിൽപ്പോലും ഇവരൊക്കെ ഇതിനെ തികഞ്ഞ വസ്തുതയായിട്ടാണ് ഉൾക്കൊള്ളുന്നത്. സ്വാഭാവികമായും അവർ വിവിധ ഡോക്ടർമാരെ മാറിമാറി കാണുന്നു (Doctor Shopping). ശാരീരികാവസ്ഥയിൽ നിന്നുമുള്ളതാണിതെന്ന് പരിശോധനകളിലൂടെ സ്ഥാപിക്കാൻ കഴിയുന്നില്ലെന്നും ഇത് വെറും തോന്നലാണെന്നുമുള്ള നിഗമനങ്ങൾ ആവർത്തിച്ചുകേട്ടാലും ഇവർ വിശ്വസിക്കില്ല. മാനസികാരോഗ്യ വിദഗ്ധനെ കാണാൻ നിർദേശിച്ചാൽ ഇവർ കോപിക്കും. മനസ്സിന്റെ രോഗത്തിനുള്ള ഔഷധങ്ങൾ ഉപയോഗിച്ചാൽ പലരുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും. അറിയാതെ മരുന്നുനൽകി ഇത് സാധ്യമാക്കുന്ന ബന്ധുക്കളുണ്ട്.

ദീർഘകാലം നൽകേണ്ട ചികിത്സകളുടെ കാര്യത്തിൽ ഈ ഒളിച്ചുകളി പ്രായോഗികമാവില്ല. പിടിക്കപ്പെടുമ്പോഴുണ്ടാകുന്ന വൈകാരിക വിക്ഷോഭങ്ങൾ മറ്റൊരു പ്രശ്‌നം. എന്നാലും ഗതികെടുമ്പോൾ രോഗിയുടെ ബന്ധുക്കൾ, അറിയാതെ നൽകാവുന്ന ഔഷധത്തിനായി ആവശ്യപ്പെട്ട് മാനസികാരോഗ്യ വിദഗ്ധനെ തേടിയെത്തുന്നു. വ്യക്തിത്വവൈകല്യത്തിന്റെ ഭാഗമായി വരുന്ന കടുത്ത അക്രമാസക്തിയും വൈരാഗ്യബുദ്ധിയുമൊക്കെയാണ് മറ്റൊരു സാഹചര്യം. ഈ കലിതുള്ളൽ മയപ്പെടുത്താൻ മരുന്ന് തരുമോയെന്നതാണ് അപ്പോൾ അപേക്ഷ.
രോഗമുണ്ടെന്ന് തിരിച്ചറിയാൻ പറ്റാതെപോകുന്ന അവസ്ഥകൾ ചില മനോരോഗങ്ങളിലുണ്ടാകാമെന്നതുകൊണ്ട് രോഗികൾ അറിയാതെ നൽകാവുന്ന വിധത്തിൽ ദ്രാവകമായിട്ടൊക്കെ രൂപപ്പെടുത്തിയ ഔഷധങ്ങൾ ലഭ്യമാണ്. എന്നാൽ ഇത് ആ വ്യക്തിയറിയാതെ നൽകുന്നതിലെ ന്യായവും അന്യായവുമൊക്കെ ശാസ്ത്രവേദികളിൽതന്നെ തർക്കവിഷയമാണ്. രോഗിയുടെ മനുഷ്യാവകാശത്തിന് പ്രാധാന്യം നൽകുന്നവർ ഇത് ഒരു കാരണവശാലും പാടില്ലെന്ന് വാദിക്കാറുണ്ട്. ഒരു വ്യക്തിയുടെ പെരുമാറ്റ വൈകല്യംമൂലം ക്ലേശങ്ങളും പീഡനങ്ങളുമനുഭവിക്കുന്ന ഉറ്റവരുടെ പക്ഷത്തുനിന്ന് ചിന്തിക്കുന്നവർ ചില നിബന്ധനകളോടെ ഈ നടപടി സ്വീകരിക്കാമെന്ന് നിർദേശിക്കുന്നു. രോഗിയെ നേരിട്ട് കണ്ടിരിക്കണമെന്നതാണ് ഒരു നിബന്ധന. രോഗനിയന്ത്രണം കൃത്യമായിരിക്കണമെന്നതാണ് മറ്റൊരു നിർദേശം. അറിയാതെയുള്ള ഈ ചികിത്സ നടപ്പിലാക്കിയില്ലെങ്കിൽ രോഗിയുടെയോ ഒപ്പംകഴിയുന്ന മറ്റുള്ളവരുടെയോ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന ഗുരുതരാവസ്ഥ പരിഗണിക്കണം. എങ്കിലും ഇത് സ്ഥിരം സംവിധാനമാകാൻ പറ്റില്ല. പെരുമാറ്റവൈകല്യങ്ങളുടെ കാഠിന്യം കുറയുമ്പോൾ പറഞ്ഞുമനസ്സിലാക്കി, സ്‌നേഹപൂർവം സമ്മതിപ്പിച്ച് സ്വയം മരുന്നുകഴിക്കുന്ന മനോനിലയിലെത്തിക്കാനുള്ള ഉത്തരവാദിത്വം ഉറ്റവർ ഏറ്റെടുക്കുകയും വേണം. ഇത് ചില കേസുകളിൽ സാധ്യമാകാറില്ലെന്നതാണ് വസ്തുത. കഴിക്കുന്ന ഭക്ഷണത്തിലൂടെയോ പാനീയങ്ങളിലൂടെയോ ഔഷധങ്ങൾ നൽകിയെന്ന് മനസ്സിലാക്കുമ്പോഴുള്ള പ്രതികരണങ്ങൾ എത്തരത്തിലാകുമെന്ന് പ്രവചിക്കാനാവില്ല. മരുന്ന് എഴുതിക്കൊടുക്കുന്ന ഡോക്ടറും അത് രോഗിക്ക് നൽകുന്ന ഉറ്റവരും ഈ പ്രത്യേക സാഹചര്യത്തിൽ മുൾമുനയിലാവും എന്നതാണ് യാഥാർഥ്യം.

രോഗനിയന്ത്രണവും രോഗിയുടെയും ഉറ്റവരുടെയും സ്വാസ്ഥ്യവും ഉറപ്പാക്കണമെന്ന നല്ല ലക്ഷ്യത്തോടെ ഇത്തരം ശാസ്ത്രീയ തീരുമാനമെടുത്തതിന്റെ പേരിൽ കോടതി കയറേണ്ടിവന്ന ബന്ധുക്കളും ഡോക്ടർമാരുമുണ്ട്. ഭാര്യയുടെ ദുർനടപ്പ് എളുപ്പമാക്കാൻ എന്നെ ഡോക്ടറുടെ സഹായത്തോടെ രോഗിയാക്കാൻ നോക്കുന്നുവെന്ന ആരോപണംകൂടി കേട്ടുവെന്ന് വരാം. വേണ്ട സന്ദർഭങ്ങളിലാണെങ്കിൽപോലും അറിയാതെ നൽകുന്ന ഇത്തരം ചികിത്സകളിൽ ഒരു വ്യവഹാര സാധ്യതയുണ്ട്. യുക്തി മനസ്സിലാക്കി കോടതി തീർപ്പാക്കുംവരെ മറ്റൊരു പ്രതിസന്ധിയുണ്ടാകാം.

മനോരോഗമില്ലെന്ന് ശാഠ്യംപിടിക്കുന്ന രോഗിയെപ്പോലും സ്‌നേഹപൂർവം സമ്മർദം ചെലുത്തി ചികിത്സയിലേക്ക് പ്രേരിപ്പിക്കുന്നതാണ് അഭികാമ്യം. ഫലിച്ചില്ലെങ്കിൽ നിയമപരമായ മാർഗത്തിലൂടെ മാനസികാരോഗ്യ നിരീക്ഷണത്തിനും വിശകലനത്തിനും വിധേയമാക്കി ചികിത്സിക്കേണ്ടിവരും. രണ്ടും സാധിച്ചില്ലെങ്കിൽ സഹവാസം ഒഴിവാക്കുന്നതും പരിഗണിക്കേണ്ടിവരും. പ്രത്യേകിച്ചും സംശയരോഗത്തിന്റെ കാര്യത്തിൽ. മനോരോഗത്തിന് ചികിത്സ സ്വീകരിക്കാത്തതുമൂലം പങ്കാളി കഷ്ടപ്പെടുന്നുവെങ്കിൽ അതിനെയും ദാമ്പത്യത്തിലെ ക്രൂരതയായി കണക്കാക്കാമെന്ന് കോടതിയുടെ ഒരു പരാമർശം വന്നത് ഓർക്കുന്നു. എന്നാൽ മുറിച്ചുമാറ്റാനാവാത്ത രക്തബന്ധങ്ങളുടെ കാര്യത്തിൽ ഇത് പറ്റില്ലല്ലോ.

മനസ്സിനെ പൊള്ളിക്കുന്ന പല ഗാർഹികക്രൂരതകളും അടുത്ത കാലത്ത് വാർത്തയാകുന്നു. സഹോദരൻ മറ്റൊരു സഹോദരനെയും അമ്മാവനെയും വെടിവെച്ചുകൊല്ലുന്നു. സ്വന്തം മകനെയും ഭാര്യയെയും പിഞ്ചുപേരക്കുട്ടികളെയും ഒരു വ്യക്തി കത്തിച്ച് കൊല്ലുന്നു. ഭാര്യയെ ഭർത്താവ് ക്രൂരമായി വധിക്കുന്നു. ഇത്തരം സംഭവങ്ങളിൽ ക്രൂരകഥാപാത്രങ്ങളാകുന്ന ചിലരെങ്കിലും ചികിത്സ ലഭിക്കേണ്ട മാനസികാസ്വാസ്ഥ്യമുള്ളവരായിരിക്കാം. പുറമേ ദൃശ്യമാകുന്ന സമചിത്തതയുടെ മറവിൽ ഒരു മനോരോഗി പതിയിരുന്നിട്ടുണ്ടാവാം.

ഇത് തിരിച്ചറിയാനുള്ള ഉൾക്കാഴ്ച അയാൾക്കുണ്ടാവില്ല. എന്നാൽ അടുത്ത് പെരുമാറിയിട്ടുള്ള ചിലരെങ്കിലും ഇതൊക്കെ മനസ്സിലാക്കിയിട്ടുണ്ടാകാം. എന്നാൽ ചികിത്സയ്ക്ക് പ്രേരിപ്പിക്കുന്നതെങ്ങനെയെന്ന ധർമസങ്കടത്തിൽ പെട്ടിട്ടുണ്ടാകാം. ഇവർ ചെയ്ത കുറ്റകൃത്യങ്ങൾക്ക് പ്രതിരോധം തീർക്കാൻ ചിലപ്പോൾ തക്കസമയത്തെ ചികിത്സകൾക്ക് കഴിയുമായിരുന്നു. അതിനായി പ്രയോഗിക്കുന്ന ഏർപ്പാടെന്ന നിലയിൽ അറിയാതെ ഔഷധം നൽകുന്നത് ന്യായീകരിച്ചുകൂടെയെന്ന ചോദ്യം പ്രസക്തം. എന്നാൽ ചെയ്യുന്നത് കുറ്റമെന്ന തികഞ്ഞബോധത്തോടെ, ആസൂത്രിതമായി കുറ്റകൃത്യം ചെയ്താൽ നിയമത്തിന്റെ കണ്ണിൽ കുറ്റവാളിതന്നെയാകും. ശിക്ഷിക്കപ്പെടും. മനോരോഗം എന്ന വാദം അപ്പോൾ രക്ഷിക്കില്ലെന്ന കാര്യംകൂടി ഓർക്കണം. കുറ്റം ചെയ്തശേഷം മനോരോഗത്തിന് ചികിത്സിച്ചിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റ് തേടി നടക്കുന്നവർ പ്രത്യേകിച്ചും ഇത് ഓർക്കുക.

കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ചീഫ് സൈക്യാട്രിസ്റ്റ് ആണ് ലേഖകൻ

Content Highlights: world mental health day, importance of mental health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented