ഒരു ജനത എന്ന നിലയില്‍ നമ്മുടെ മാനസികാരോഗ്യം  


ഡോ. രഞ്ജിനി കൃഷ്ണന്‍

ഇന്ന് ലോക മാനസികാരോഗ്യദിനം

Representative Image | Photo: Gettyimages.in

സുസ്ഥിരവികസന സൂചികയില്‍ മാനസികാരോഗ്യത്തെ വളരെ പ്രധാനപ്പെട്ട ഒന്നായി പരിഗണിക്കണമെന്ന് ലോകരാജ്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങുന്ന സമയത്ത് ഇന്ത്യയുടെ വികസനസൂചികയില്‍നിന്നുപോലും മാനസികാരോഗ്യ സൂചികകള്‍ അപ്രത്യക്ഷമാകുന്ന പരിതാപകരമായ അവസ്ഥയാണ്.

ആരോഗ്യചര്‍ച്ചകളുടെ താഴെയാണ് മാനസികാരോഗ്യ ചര്‍ച്ചകള്‍ പൊതുവേ നമ്മള്‍ ഉള്‍പ്പെടുത്താറ്. എന്നാല്‍, ആരോഗ്യചര്‍ച്ചകള്‍ക്ക് ഒതുങ്ങാത്തത്രയും സങ്കീര്‍ണതകള്‍ നിറഞ്ഞതാണ് മാനസികാരോഗ്യം എന്ന സങ്കല്‍പനം. അത്രയെളുപ്പത്തില്‍ പിടിതരുന്നതല്ല മനസ്സ് എന്നതും മനസ്സും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധംതന്നെ അത്ര രേഖീയമല്ല എന്നതുമാണ് ഇതിനുകാരണം. ഒരു ദേശത്തിന്റെ സംസ്‌കാരം വിശ്വാസങ്ങള്‍, ജീവിതരീതികള്‍ എന്നിവയുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ് മനസ്സ്, മാനസികാരോഗ്യം എന്നിവ. നമ്മളെങ്ങനെ ചിന്തിക്കുന്നു, കാര്യങ്ങളെ അഭിമുഖീകരിക്കുന്നു അല്ലെങ്കില്‍ അനുഭവിക്കുന്നു, എങ്ങനെ ഈ ലോകത്തില്‍ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ആധുനിക മാനസികാരോഗ്യപദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങനെവരുമ്പോഴും അതിന് കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നത് വളരെ ശ്രമകരമാണ്.കോളനിക്കാലത്തുനിന്ന് എത്രദൂരം

ഇന്ത്യയില്‍ ആദ്യത്തെ ആധുനിക മാനസികാരോഗ്യകേന്ദ്രം നില്‍വില്‍വന്നത് ഈസ്റ്റിന്ത്യ കമ്പനിയുടെ മുന്‍കൈയിലാണ്. കമ്പനിരാജിനെ എതിര്‍ത്ത ആളുകളെ മാനസികപ്രശ്‌നമുള്ളവരാക്കി മുദ്രകുത്തി ഒതുക്കാനാണ് അന്ന് ഈ സ്ഥാപനത്തെ ഉപയോഗിച്ചത്. പൂര്‍ണ മാനസികവളര്‍ച്ചയെത്താത്തവരായാണ് ഇത്തരം ചര്‍ച്ചകളില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെക്കുറിച്ച് സംസാരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യവാഞ്ഛയെ ബ്രിട്ടന് വട്ടായാണ് തോന്നിയത്. ആദ്യകാല സ്വാതന്ത്ര്യസമരസേനാനികള്‍ രാഷ്ട്രീയതടവുകാരായി പരിഗണിക്കപ്പെടാന്‍പോലും ബുദ്ധിമുട്ടിയെന്ന് റാഞ്ചിയിലെ ആദ്യ മാനസികാരോഗ്യകേന്ദ്രത്തിലെ റെക്കോഡുകള്‍ സൂചിപ്പിക്കുന്നു. ജനാധിപത്യപരമായ എതിര്‍പ്പിനെ അയുക്തിയായി ചിത്രീകരിക്കുന്നത് സമഗ്രാധിപത്യത്തിന്റെ എക്കാലത്തെയും സ്വഭാവമാണ്. സായിപ്പ് പോയെങ്കിലും മറന്ന കവാത്ത് തിരിച്ചുകിട്ടാത്ത പ്രശ്‌നം എല്ലാ കോളനിയും അനുഭവിക്കുന്ന ഒന്നാണ്. ബ്രിട്ടീഷുകാര്‍ പോയെങ്കിലും ഇന്ത്യപോലെ ഒരു നാടിന്റെ വൈവിധ്യം നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു മാനസികാരോഗ്യനയം ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ക്ലിനിക്കലല്ലാത്ത അനേകം ബന്ധങ്ങള്‍ മാനസികപ്രശ്‌നങ്ങളോട് സാധ്യമാണെന്നിരിക്കെ, തീര്‍ത്തും പാശ്ചാത്യവും ക്ലിനിക്കലുമായ ബന്ധങ്ങള്‍ക്കാണ് വര്‍ത്തമാന ഇന്ത്യയില്‍ ദൃശ്യതയും ആധികാരികതയുമുള്ളത്. സര്‍ക്കാര്‍ പോളിസികളില്‍ തുടങ്ങി ജനപ്രിയ സംസ്‌കാരത്തില്‍വരെ ഇതുകാണാം. ക്ലിനിക്കലല്ലാത്ത ബന്ധങ്ങള്‍ അശാസ്ത്രീയമോ അനാവശ്യമോ പ്രാകൃതമോ ഒക്കെയായി വളരെപ്പെട്ടെന്ന് മുദ്ര കുത്തപ്പെടുന്നു.

ക്ലിനിക്കലല്ലാത്ത ഇടങ്ങള്‍

എന്താണ് ക്ലിനിക്കലല്ലാത്ത ബന്ധം അല്ലെങ്കില്‍ ക്ലിനിക്കലല്ലാത്ത ഇടം? ഇവയില്‍ തീരേ അടഞ്ഞതും വളരെ അയഞ്ഞതുമായ രണ്ടിടങ്ങള്‍ ഇന്ത്യയിലുണ്ട്. ആദ്യത്തേത്, കടുത്ത പാരമ്പര്യവാദവും ശുദ്ധതാസങ്കല്‍പങ്ങളും, സ്വന്തം വിശ്വാസങ്ങള്‍ ശ്രേഷ്ഠവും അല്ലാത്തതെല്ലാം മ്ലേച്ഛവുമാണെന്ന മുന്‍വിധിയും കലര്‍ന്ന ഒന്ന്. മിക്കവാറും ഇത്തരം ഇടങ്ങളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി കാണാം.

എന്നാല്‍, വളരെ വലിയ ഒരു ശമനിക് പാരമ്പര്യമുള്ള നാടാണ് ഇന്ത്യ. മനുഷ്യരുടെ ദുഃഖത്തെയും ദുരിതത്തെയും അതിന്റെ ഏറ്റവും അയുക്തികലര്‍ന്ന ആവിഷ്‌കാരങ്ങളെയും വരെ തള്ളിക്കളയാതെ ചേര്‍ത്തുപിടിച്ച് സ്വാസ്ഥ്യത്തിലേക്കുള്ള വഴി എന്താണെന്ന് ആലോചിച്ചതിന്റെ ഓര്‍മ സിരകളിലൂടെ ഇപ്പോഴും ഒഴുകുന്ന നാട്. ശുദ്ധമായതെന്ന് ഊറ്റംകൊള്ളുന്നതിനെക്കാള്‍ കലര്‍പ്പുകളിലൂടെ സ്വയം വീണ്ടെടുക്കുന്ന ഈ ചിന്താസരണികളോട് വേണ്ടവിധത്തില്‍ സംവദിക്കാനോ അവയില്‍നിന്ന് പുതിയ ലോകത്തിനുവേണ്ടത് വേര്‍തിരിച്ചെടുക്കാനോ നമ്മുടെ മാനസികാരോഗ്യ വ്യവഹാരത്തിന് സാധിച്ചിട്ടില്ല.

ക്ലിനിക്കല്‍ ഇടങ്ങള്‍ പൂര്‍ണമാണോ

ഇനി ക്ലിനിക്കലായ ബന്ധത്തില്‍ത്തന്നെ ബയോ മെഡിക്കല്‍ സൈക്യാട്രിയുടെ ഭാഷയില്‍മാത്രം മനസ്സിനെ അതിന്റെ സാധ്യതകളെയും വെല്ലുവിളികളെയും മനസ്സിലാകുന്ന രീതി ഇന്ത്യയില്‍ പൂര്‍ണമായും വേരോടിക്കഴിഞ്ഞു. നിംഹാന്‍സ്പോലെ നിര്‍ണായകമായ പല സ്ഥാപനങ്ങളും അവയുടെ ആരംഭകാലത്ത് പലതരം ചിന്താപദ്ധതികളെയും ചികിത്സാപദ്ധതികളെയും അവയുടെ പ്രയോഗമണ്ഡലത്തില്‍ കൊണ്ടുവന്നിരുന്നെങ്കിലും ബയോമെഡിക്കല്‍ മാതൃകകളാണ് ഇന്ന് അവിടെ കൂടുതലുമുള്ളത്. സൈക്യാട്രിക്കും ന്യൂറോ സയന്‍സിനുമാണ് ഇതില്‍ അവിടെ മേല്‍ക്കൈ.

നിംഹാന്‍സ് മുന്നോട്ടുവെക്കുകയും ഇന്ത്യയില്‍ മുഴുവന്‍ സ്വീകരിക്കപ്പെടുകയും ചെയ്ത ഒന്നാണ് മാനസികാരോഗ്യത്തെ സംബന്ധിച്ച ബയോസൈക്കോ സോഷ്യല്‍ മോഡല്‍. ശാരീരികവും മാനസികവും സാമൂഹികവുമായ പലഘടകങ്ങളുടെ ആകത്തുകയാണ് ഒരാളുടെ മാനസികാരോഗ്യം എന്നാണ് ഈ മാതൃക പറയാന്‍ ശ്രമിക്കുന്നത്. ഒരു വ്യക്തിയുടെ ആന്തരിക ശക്തിദൗര്‍ബല്യങ്ങളില്‍നിന്ന് മാറി കുറച്ചുകൂടി വിശാലമായ ഇടത്തിലേക്ക് മാനസികാരോഗ്യത്തെ കൊണ്ടുവരാനുള്ള ശ്രമം. ഒറ്റനോട്ടത്തില്‍ സമതുലിതമായി തോന്നാമെങ്കിലും പ്രയോഗത്തില്‍ വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഈ മാതൃക. ബയോവൈദ്യശാസ്ത്രത്തിനും സോഷ്യല്‍ സാമൂഹികശാസ്ത്രങ്ങള്‍ക്കും കൊടുത്താല്‍ ബാക്കിയാകുന്ന സൈക്കോളജിക്കലിനെ പ്രയോഗത്തില്‍ വീണ്ടും വൈദ്യശാസ്ത്രത്തിനുതന്നെ തിരിച്ചേല്‍പ്പിക്കുകയാണ് ഈ മോഡല്‍ പലപ്പോഴും.

ഇന്ത്യ പുകയുന്ന അഗ്‌നിപര്‍വതം

ക്ലിനിക്കല്‍ ഭാഷയില്‍ ഇന്ത്യയിലെ മാനസികാരോഗ്യത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കണക്കുകള്‍ കുറച്ച് ബുദ്ധിമുട്ടുള്ള ഒരു ചിത്രമാണ് വെക്കുന്നത്. ഇന്ത്യ മാനസികാരോഗ്യരംഗത്ത് പുകയുന്ന ഒരു അഗ്‌നിപര്‍വതത്തിനുമുകളിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകത്തില്‍ ഏറ്റവുമധികം മാനസികാരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് നമ്മള്‍. ഒരു ലക്ഷത്തില്‍ 21 പേര്‍ എന്നതാണ് ഇന്ത്യയിലെ ആത്മഹത്യനിരക്ക്. ഇത് ലോകത്തിലെത്തന്നെ ഏറ്റവും കൂടിയ നിരക്കുകളിലൊന്നാണ്. ഇന്ത്യയിലെ മികച്ച തലച്ചോറുകള്‍ എത്തിപ്പെടുന്ന ഐ.ഐ.ടി., ഐ.ഐ.എസ്സി. പോലുള്ള കാമ്പസുകളും ആത്മഹത്യപ്രശ്‌നങ്ങള്‍കൊണ്ട് ഉഴറുകയാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങളാല്‍ നഷ്ടപ്പെടാനിടയുള്ള തൊഴില്‍ദിനങ്ങളും കാര്യക്ഷമതയില്‍ വരുന്ന കുറവും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ ബാധിക്കാവുന്ന ഒന്നാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

യുവാക്കളെ ശ്രദ്ധിക്കുക

കണക്കുകള്‍ നോക്കിയാല്‍ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ വെല്ലുവിളികളായിരിക്കും വരുംവര്‍ഷങ്ങളില്‍ ഇന്ത്യയെ ഏറ്റവും വലയ്ക്കുക. നാട്ടിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്നതും ആഗോളമത്സരവിപണിയിലേക്ക് ആവശ്യമുള്ള നൈപുണികള്‍ ആര്‍ജിക്കാന്‍ കഴിയാത്തതും വലിയൊരു വിഭാഗം യുവജനങ്ങളെ ചെകുത്താനും കടലിനും ഇടയിലാക്കുന്നു. വ്യക്തി ജീവിതത്തില്‍ ഇത്തരം സാമൂഹികാവസ്ഥകള്‍ ഉണ്ടാക്കാവുന്ന വൈകാരിക പ്രതിസന്ധികളെ മനസ്സാന്നിധ്യത്തോടെ നേരിടാനുള്ള പരിശീലനം വിദ്യാഭ്യാസത്തില്‍നിന്നോ വീട്ടകങ്ങളില്‍നിന്നോ ഇവര്‍ക്ക് കിട്ടുന്നുമില്ല. വെറും നിരാശയില്‍നിന്ന് കഠിനവിഷാദത്തിലേക്ക് വീണുപോകുന്നവരുടെ എണ്ണം കൂടിവരുകയുമാണ്. ആഗോള സന്തോഷസൂചികയിലും ഇന്ത്യ വളരെ പിറകിലാണ് എന്നത് ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

കോവിഡും മനസ്സും

കോവിഡുണ്ടാക്കിയ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ മാനസികാരോഗ്യത്തെ ഏതുരീതിയില്‍ ബാധിച്ചുവെന്നതിന്റെ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല. എന്തായാലും കൂടുതല്‍ ആളുകള്‍ വിഷാദത്തിലേക്കും മാനസിക പിരിമുറുക്കത്തിലേക്കും വീണുപോയ നാളുകളാണ് കടന്നുപോകുന്നത്. ഇവര്‍ക്കെല്ലാം ആവശ്യമായ ചികിത്സയോ സമാനമായ മാനസിക-വൈകാരിക പിന്തുണയോ നല്‍കുകയെന്നത് ഇന്ത്യയെപ്പോലൊരു ദരിദ്രരാജ്യത്തിനുമേല്‍ ഉണ്ടാക്കുന്ന ആഘാതം വലുതാണ്. ഒരുലക്ഷം ആളുകള്‍ക്ക് ഒരു സൈക്യാട്രിക് കിടക്കപോലുമില്ലാത്ത അവസ്ഥയിലാണ് ഇന്ത്യ. ശ്രീലങ്കയ്ക്ക് മൂന്നിലധികവും ദക്ഷിണാഫ്രിക്കയ്ക്ക് നാലിലധികവും കിടക്കകളുള്ള സ്ഥലത്ത് ഇന്ത്യയുടെ അരക്കിടക്ക ഒരു വികസനപരാജയംതന്നെയാണ്.

മനസ്സിനെ മനസ്സിലാക്കാത്ത രാജ്യം

ഒരു ജനത എന്നനിലയില്‍ പിരിമുറുക്കവും വിഷാദവുമാണ് ഇന്ത്യയെ ചൂഴ്ന്നുനില്‍ക്കുന്നത് എന്ന് എല്ലാകണക്കുകളും പറയുന്നു.
ഇതിനിടയില്‍ നിതി ആയോഗിന്റെ ആരോഗ്യസൂചികയില്‍നിന്ന് മാനസികാരോഗ്യ സൂചിക അപ്രത്യക്ഷമായിരിക്കുന്നു. കൃത്യമായ ഡേറ്റയുടെ അഭാവമാണ് ഇതിനുകാരണമായി പറയുന്നതെങ്കിലും അതൊരു കാരണമേയല്ലെന്ന് മാനസികാരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പത്തിലധികം സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നുതന്നെ നിര്‍ണായകമായ ഈ വിവരണശേഖരണം നടത്താമെന്നിരിക്കെ രാജ്യത്തെ ആസൂത്രണ ഏജന്‍സിതന്നെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് പറയുന്നത് അംഗീകരിക്കാവുന്നതല്ല. ഒരു പ്രശ്‌നം പരിഹരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി ആ പ്രശ്‌നമില്ലെന്ന് ഭാവിക്കുകയാണ്. സുസ്ഥിരവികസനത്തിന്റെ സൂചികയില്‍ മാനസികാരോഗ്യത്തെ വളരെ പ്രധാനപ്പെട്ട ഒന്നായി പരിഗണിക്കണമെന്ന് ലോക രാജ്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങുന്ന സമയത്ത് ഇന്ത്യയുടെ വികസനസൂചികയില്‍നിന്നുപോലും മാനസികാരോഗ്യ സൂചികകള്‍ അപ്രത്യക്ഷമാകുന്നത് വളരെ സങ്കടകരമാണ്.

'വെളിവിന്റെ സൂക്ഷ്മശ്രുതി'* (പ്രയോഗത്തിന് കടപ്പാട് കെ. ജി.എസ്.) കൈമോശം വരാതിരിക്കാന്‍ ഇന്ത്യക്കുകഴിയുമോ എന്നതാണ് ഏറ്റവും കാതലായ ചോദ്യം. അത് മാനസികാരോഗ്യത്തില്‍മാത്രം ഒതുങ്ങുന്ന ചോദ്യമല്ല. ബഹുലമായ സാംസ്‌കാരിക സ്മൃതികളുള്ള ഒരു രാജ്യത്തിന്റെ പലതരം അടരുകള്‍ തൊട്ടുപോകുന്ന ഒരു ചോദ്യമാണ്. ആ ഇടങ്ങളില്‍നിന്നുതന്നെ ഊര്‍ജം സ്വീകരിച്ച് ഈ അന്വേഷണംനടത്താന്‍ ഇന്ത്യക്കുകഴിയുമെന്നും ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന ഈ ഗ്രഹണത്തില്‍നിന്ന് ഇന്ത്യ പുറത്തുകടക്കുമെന്നും കരുതാം.

Content Highlights: world mental health day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented