അറിയാതെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍, ഇരുട്ടിനെ പേടി; നിസ്സാരമല്ല പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ


റോസ് മരിയ വിന്‍സെന്റ്

'ഒരു വിദഗധ സഹായം ആവശ്യമെന്ന് തോന്നുന്ന നിമിഷം അത് തേടാന്‍ ആരും മടിക്കരുത്, ആരോടെങ്കിലും നിങ്ങള്‍ക്ക് തോന്നുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ എത്ര ചെറുതാണെങ്കിലും തുറന്നുസംസാരിക്കാന്‍ ശ്രമിക്കുക...'

.

ഒരു കാരണവുമില്ലാതെ കരച്ചില്‍ വരുക... അടച്ചിട്ട മുറിയില്‍ ഒറ്റക്ക് ഇരിക്കാനോ കിടക്കാനോ പറ്റില്ല, വെളിച്ചമില്ലെങ്കില്‍ പറയേണ്ട, കഴുത്തില്‍ ആരോ ഞെക്കി പിടിക്കുന്നപോലെ... പകല്‍ ഉറങ്ങാനാവില്ല, ഒന്നുകില്‍ ദുഃസ്വപ്നങ്ങള്‍, അല്ലെങ്കില്‍ ഉണരുമ്പോള്‍ സ്ഥലകാല ബോധമേ ഇല്ലാത്തപോലെ നട്ടം തിരിയും... മരിച്ചു പോകുമോ എന്ന തോന്നലാണ്.. ഒപ്പം മനസ്സില്‍ നിറയുന്ന അറിയാത്ത ഭയങ്ങളും.. ചിലപ്പോള്‍ അവയൊക്കെ കയ്യി ന്റെയോ കാലിന്റെയോ വേദനകള്‍ ആയാണ് തോന്നുക.. കഠിനമായ വേദന... ഉച്ചയുറക്കമാണ് പേടിപ്പെടുത്തുന്നത്... തലയിലൂടെ വെള്ളം ഒഴിച്ചു കുളിക്കുമ്പോള്‍ ശ്വാസം മുട്ടും.. മഴ, പുസ്തകങ്ങള്‍, സിനിമ, ഭക്ഷണം ... അങ്ങനെ ഇഷ്ടപെട്ടതെല്ലാം മടുപ്പിക്കുന്നതായി...

നൈനിക പിറന്ന മനോഹരദിനങ്ങളുടെ ആദ്യ നാളുകള്‍ എനിക്ക് ഇങ്ങനെ എല്ലാമായിരുന്നു... പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ ആദ്യ ഘട്ടമായ പോസ്റ്റ്പാര്‍ട്ടം ബ്ലൂസിലൂടെയായിരുന്നു ഒന്നരമാസത്തെ എന്റെ യാത്ര... പ്രസവാനന്തര വിഷാദവും അതില്‍ നിന്നുള്ള കരകയറലും ഒട്ടും എളുപ്പമല്ല എന്നു മാത്രമേ ഈ അനുഭവത്തില്‍ നിന്ന് എനിക്കു പറയാനുള്ളു... അവളെന്ന മകളും ഞാന്‍ എന്ന അമ്മയും ഒരുമിച്ചു വളരുകയാണ് ഇപ്പോള്‍... എങ്കിലും ഒരു ആയുസ്സ് മുഴുവന്‍ ഓര്‍ക്കുന്ന പേടിപ്പിക്കുന്ന സ്വപ്നമാണ് ആ ദിനങ്ങള്‍...അവള്‍ പിറന്നു എട്ടാം ദിനമാണ്, രാവിലെ മുന്‍വശത്തെ മുറിയില്‍ മുറ്റത്തു പെയ്യുന്ന മഴയിലേക്കു നോക്കി ഇരിക്കുമ്പോള്‍ എവിടെനിന്നോ ഒരു ഇരുട്ട് എന്റെ ഉള്ളില്‍ വന്നു നിറയുന്നത് ഞാന്‍ അറിഞ്ഞത്.. ശ്വാസം കഴിക്കാന്‍ പോലും ആകാതെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി തുടങ്ങി. എന്തിനാണ് കരയുന്നതെന്ന ചോദ്യത്തിന് ആരോടും മറുപടി പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല... തണുപ്പും മഴയും ഒഴിയത്തിടത്തു കുഞ്ഞ് ഉറങ്ങുന്ന മുറിയുടെ ജനാലകള്‍ ഞാന്‍ തുറന്നിട്ടു.. ജയിലില്‍ കിടക്കുന്ന ഒരാളെ പോലെ ആ ഇത്തിരി കാഴ്ചകളെ നോക്കി നെടുവീര്‍പ്പിട്ടു... എന്തിനേറെ കുളിമുറിയുടെ ജനാല വരെ തുറന്നു വച്ചു, കുളിക്കാന്‍ പോകുമ്പോള്‍ വാതിലിനു പുറത്തു അനിയത്തിയെ കൂട്ടിനിരുത്തി, അവള്‍ അവിടെയുണ്ടോ എന്നു ഇടക്ക് ഇടക്ക് വിളിച്ചു നോക്കി... മോളെ നോക്കാന്‍ പോലും വയ്യാത്തവിധം മനസ് കൈവിട്ടു പോകുന്ന അവസ്ഥയായി.. പാല് കൊടുക്കാനല്ലാതെ അവളെ ഞാന്‍ കയ്യിലെടുക്കുക പോലും ചെയ്തിരുന്നില്ല.. പാവം... അടച്ചിട്ട മുറിയില്‍ ഇരിക്കാനുള്ള ബുദ്ധിമുട്ട് പലപ്പോഴും അവളുടെ കുഞ്ഞു വയറ്റിനെ പകുതി മാത്രം നിറച്ചു... അവള്‍ കരയുമ്പോള്‍ ഞാന്‍ നിസ്സഹായയായി. ഒരിക്കലും അനുഭവിക്കാത്ത ഭയങ്ങളെല്ലാം എന്റെ ഉള്ളില്‍ വന്ന് നിറഞ്ഞിരുന്നു. ചൂടുവെള്ളം മുതല്‍ മഴ, കാറ്റ്, വെയില്‍, ഇടുക്കിയിലെ എന്റെ വീടിനെ പറ്റിയുള്ള ചിന്തകള്‍ വരെ... എല്ലാം വിഷാദവാഹകരായി. ജീവിതത്തിലെ അരക്ഷിതാവസ്ഥകളെല്ലാം, എന്നോ മറികടന്നവയടക്കം ഭയമായി തിരിച്ചെത്തി. പകല്‍ ഉറക്കങ്ങള്‍ പേടി സ്വപ്നങ്ങള്‍ കൊണ്ടു വന്നു. ഭക്ഷണം പോലും നന്നായി കഴിക്കാനാവാതെ ഞാന്‍ മെലിഞ്ഞു. മോള്‍ക്കരികില്‍ അവളെ ചേര്‍ന്നു ഉറങ്ങാനാവാത്തത് അതിലും വലിയ സങ്കടമായി. പേടി തന്നെയായിരുന്നു അതിനു പിന്നിലും. അമ്മച്ചൂടറിയാതെ 56 ദിനങ്ങള്‍... അമ്മാമ്മയ്ക്കും ചെറിയമ്മയ്ക്കും ഒക്കെ ഒപ്പമുറങ്ങി അവള്‍ ഒരു വാശിയുമില്ലാത്ത കുഞ്ഞായി.

ഇക്കാലങ്ങളെ മറികടക്കാന്‍ ആദ്യം കൈത്താങ്ങായത് അനിയത്തിയാണ്... ഒരു നേരവും ഒറ്റക്ക് വിടാതെ അവള്‍ എപ്പോഴും പിന്നാലെ നടന്നു. ഒരു വിദഗ്ധ ഉപദേശം വേണമെന്നായപ്പോള്‍ ആദ്യം വിളിച്ചത് ബാല ഡോക്ടറിനെയാണ് (ഡോ.ബാലാ ഗുഹന്‍). നിനക്കൊരു കുഴപ്പവുമില്ല മോളെ എന്നു പറഞ്ഞു ഡോക്ടര്‍ എന്നെ ആശ്വാസിപ്പിച്ചു. കോഴിക്കോട് തന്റെ പരിചയത്തിലുള്ള ഒരു മനോരോഗ വിദഗ്ധന്റെ നമ്പര്‍ കൂടി ഡോക്ടര്‍ എനിക്ക് തന്നു. അപ്പോഴേക്കും ഞങ്ങള്‍ എറണാകുളത്തേക്ക് വന്നിരുന്നു. എത്രയായിട്ടും നേരെ നില്‍ക്കാത്ത എന്റെ മനസ്സിനെ ശാന്തമാക്കാന്‍ ഡോക്ടര്‍ മറ്റൊരു വഴി പറഞ്ഞു. മോള്‍ക്കൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന സെല്‍ഫികള്‍ അയക്കാന്‍. എല്ലാവരും അവളുടെ ചിത്രങ്ങള്‍ മാത്രം ചോദിക്കുന്നതിനിടയില്‍ ആദ്യമായാണ് ഒരാള്‍ ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഫോട്ടോ ചോദിക്കുന്നത്. ഡോക്ടറിനെ കാണിക്കാന്‍ വേണ്ടിയെങ്കിലും ഞാന്‍ ചിരിക്കുമല്ലോ? ഫോട്ടോയ്ക്കു വേണ്ടിയെങ്കിലും മോളെ ഞാന്‍ ചേര്‍ത്തു പിടിച്ചു. പകല്‍ സമയത്തെ ഉറക്കമില്ലായ്മയ്ക്കു പരിഹാരമായി പണിയെടുക്കൂ എന്ന് പറഞ്ഞത് ഒപ്പം ജോലി ചെയ്യുന്ന രേഖ ചേച്ചിയാണ്. താനും ഇതേ അവസ്ഥയിലൂടെ കടന്നു പോയിരുന്നെന്നും, അപ്പോഴുള്ള പ്രയാസ്സങ്ങള്‍ ഒഴിവാക്കാനായി കുട്ടിയുടെ വസ്ത്രങ്ങള്‍ അടുക്കി വയ്ക്കുക, മുറി റീ അറേഞ്ച് ചെയ്യുക പോലുള്ള രസകരമായ കാര്യങ്ങള്‍ ചെയ്യാനായിരുന്നു പുള്ളിക്കാരിയുടെ നിര്‍ദേശം. നിസ്സാരമെന്ന് തോന്നാമെങ്കിലും അത്തരം കാര്യങ്ങള്‍ പകലുറക്കത്തില്‍ നിന്നെന്നെ രക്ഷിച്ചു. ചേച്ചി അക്കാലം എങ്ങനെ മറികടന്നു എന്ന ചോദ്യത്തിന് ലഭിച്ച ഉത്തരം വേദനയുണ്ടാക്കുന്നതായിരുന്നു. 'ഞാനങ്ങ് സഹിച്ചടീ...' എന്ന്.
പിന്നെയുള്ള ദിവസങ്ങളിലെല്ലാം ഡോക്ടറിനെ കാണണമെന്ന തോന്നല്‍ ശക്തമാകുമ്പോള്‍ പോലും ചേച്ചിയുടെ ആ മറുപടി ഞാന്‍ ഓര്‍ത്തു. ഒരു ദിവസം കൂടി കഴിയട്ടേ എന്നിട്ട് നോക്കാം... എന്ന് ചിന്തിച്ചു.

കുഞ്ഞിന്റെ അമ്പത്താറ് എത്തിയപ്പോഴേക്കും മനസ്സ് പതിയെ കൈപ്പിടിയിലേക്കു വന്നെന്ന് തോന്നിത്തുടങ്ങി. തിരിച്ച് കോഴിക്കോടേക്ക് വരാന്‍ തീരുമാനിച്ചിരുന്നു. അത്ര നാളുകള്‍ക്ക് ശേഷം തിരിച്ചു പോരുമ്പോള്‍ ചുറ്റും കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നു. ചെറിയ കുഞ്ഞിനെയും കൊണ്ട് ഇത്ര ദൂരം യാത്ര, മാത്രമല്ല അച്ഛനും അമ്മയും വീട് വിട്ട് ഞങ്ങള്‍ക്കൊപ്പം വരുകയും വേണം. തിരിച്ചു പോകാനുള്ള ആഗ്രഹം എന്റേത് മാത്രമായിരുന്നു. അവിടെ വീടെത്തിയാല്‍ വിഷാദമെല്ലാം മാഞ്ഞുപോകുമെന്ന് ഒരു തോന്നല്‍. എന്നാല്‍ കാറിലിരിക്കുമ്പോള്‍ ചില്ലിലൂടെ പുറത്തുകണ്ട നനഞ്ഞ മങ്ങിയ വെളിച്ചമുള്ള വീടുകളെല്ലാം എന്നെ ഇടുക്കിയിലെ എന്റെ വീടിനെ ഓര്‍മിപ്പിച്ചു. ആ ഇരുട്ടില്‍ ഞാന്‍ വീണ്ടും കരഞ്ഞു. പാതിരാത്രി കോഴിക്കോട് വീടെത്തിയപ്പോള്‍ വിഷാദത്തിന്റെ ആദ്യ ദിനങ്ങളാണ് എനിക്ക് ഓര്‍മവന്നത്. ഇനിയും ആ സമയങ്ങളിലേക്ക് ഞാന്‍ തിരിച്ചു പോയാല്‍ എന്റെ ഒപ്പം നില്‍ക്കാന്‍ പോലും ഇവിടെ ആരുമുണ്ടാവില്ല എന്നത് മനസ്സില്‍ മുറിപ്പാട് വീഴ്ത്തി. പക്ഷേ ഒന്നും സംഭവിച്ചില്ല. എന്റെ മനസ്സ് കൈപ്പിടിയില്‍ ഭദ്രമായിരുന്നു. രാവിലെ അന്നത്തേതുപോലെ പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി അതേ മേശയക്കരികില്‍ ഞാന്‍ ഇരുന്നു. ആ ഇരുണ്ട ദിനങ്ങള്‍ എന്നെ വിട്ടുപോയി എന്നറിഞ്ഞു കൊണ്ട്.

വിഷാദ നാളുകളില്‍ സത്യത്തില്‍ ഞാന്‍ ഭാഗ്യവതിയായിരുന്നു. ചേര്‍ത്തു പിടിക്കാന്‍, കൂടെ നില്‍ക്കാന്‍ കുറേ നല്ലമനസ്സുകള്‍ ഒപ്പമുണ്ടായിരുന്നു. കുഞ്ഞുടുപ്പുകള്‍ക്കൊപ്പം അമ്മക്കൊരു ഉടുപ്പുകൂടി കരുതിയ അപ്രതീക്ഷിത സൗഹൃദങ്ങള്‍, ഇടയ്ക്കിടെ നീ ഓക്കെയല്ലേയെന്ന് ചോദിച്ച് അന്വേഷിച്ചു വന്ന ചേച്ചിമാര്‍, സുഹൃത്തുക്കള്‍, എന്റെ ഉറക്കമില്ലായ്മയെയും ദേഷ്യത്തെയും ആശങ്കകളെയുമെല്ലാം കാരുണ്യപൂര്‍വം പരിഗണിച്ചവര്‍, പ്രസവരക്ഷയെന്ന കൊടിയപീഡനത്തിലേക്ക് തള്ളിവിടാതിരുന്ന വീട്ടുകാര്‍... അങ്ങനെ അങ്ങനെ. പല സ്ത്രീകള്‍ക്കും ലഭിക്കാത്തതും അതു തന്നെയാണ്. ഒരു പക്ഷേ ഇതൊന്നുമില്ലായിരുന്നെങ്കില്‍ ഞാന്‍ വലിയൊരു ദുരന്തത്തിലേക്ക് വീണുപോയേനെ... കട്ടക്ക് കൂടെ നിന്നവര്‍ക്കൊപ്പം, ഇതൊക്കെ തോന്നാലാണെന്നു പറഞ്ഞു ഒറ്റപ്പെടുത്തിയവരും ധാരാളമുണ്ട്, അതും ഏതു ഇരുട്ടിലും കൂടെ നില്‍ക്കുമെന്ന് എന്നോ വാക്കു തന്നവര്‍.

എല്ലാവരും നല്‍കുന്ന ഉപദേശങ്ങള്‍, 'ഒരു വിദഗധ സഹായം ആവശ്യമെന്ന് തോന്നുന്ന നിമിഷം അത് തേടാന്‍ ആരും മടിക്കരുത്, ആരോടെങ്കിലും നിങ്ങള്‍ക്ക് തോന്നുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ എത്ര ചെറുതാണെങ്കിലും തുറന്നുസംസാരിക്കാന്‍ ശ്രമിക്കുക...' ഇതൊക്കെയാണ്. എന്നാല്‍ ഇതൊന്നും അത്രയെളുപ്പമല്ല. പലര്‍ക്കും താന്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നു പോകുകയാണെന്ന തിരിച്ചറിവു പോലും ഉണ്ടാവില്ല. അതുകൊണ്ട് എളുപ്പമായ കാര്യം നിങ്ങളുടെ അരികില്‍ ഒരു പുതിയ അമ്മ പിറന്നിട്ടുണ്ടെങ്കില്‍ ഒന്നുമാലോചിക്കാതെ അവരെ ചേര്‍ത്തുപിടിക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുക എന്നത് മാത്രമാണ്... ഇതൊന്നും വെറും തോന്നലല്ല മനുഷ്യരെ...

Content Highlights: postpartum depression, how to overcome postpartum depression, health, world mental health day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented