ശക്തമായ ക്ഷീണവും വിയർപ്പുമായും ഹൃദയാഘാതം വന്നേക്കാം; കരുതൽ വേണം ഈ കാര്യങ്ങളിൽ


ഡോ. സുനീഷ് കള്ളിയത്ത്

Representative Image | Photo: Canva.com

ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യുന്ന ഡോക്ടർമാർ, ജനറൽ പ്രാക്ടീഷനേഴ്‌സ്, ഫിസിഷ്യൻ മാർ എന്നിവർ ദൈനംദിനം അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ്- ''ഡോക്ടർ എനിക്ക് നെഞ്ചുവേദനയുണ്ട്, അത് ഹൃദയാഘാതത്തിന്റെ ആണോ? അതോ ഗ്യാസിന്റേതാണോ?'' എന്നത്. വളരെ സാധാരണയായി നമ്മൾ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണിത്. ഹൃദയാഘാതത്തിന്റെ അല്ലെങ്കിൽ ഹാർട്ടിലെ ബ്ലോക്കിന്റെ വേദന സാധാരണയായി നെഞ്ചിന്റെ മധ്യഭാഗത്താണ് അനുഭവപ്പെടുന്നത്. യഥാർഥത്തിൽ നെഞ്ചിൽ ഒരു ഭാരം കയറ്റിവച്ചപോലെയാണ് രോഗികൾ ഇത് വിവരിക്കാറുള്ളത്. ഒരു പ്രത്യേക ഭാഗത്ത് വിരൽകൊണ്ട് തൊട്ട് സൂചിപ്പിക്കുവാൻ സാധിക്കാത്ത തരത്തിലുള്ള വേദനയായാണ് സാധാരണ അനുഭവപ്പെടാറ്.

ഇടനെഞ്ചിൽ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനുനടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടി എല്ലുകളിലും മാത്രമായി വേദന അനുഭവപ്പെടാറുണ്ട്. സാധാരണയായി നെഞ്ചിൽ മധ്യഭാഗത്ത് തുടങ്ങുന്ന ശക്തമായ ഭാരം കയറ്റിവെച്ചതു പോലുള്ള അല്ലെങ്കിൽ വലിഞ്ഞുമുറുകുന്ന പോലെയുള്ള വേദന, അവിടെനിന്നും വ്യാപിച്ച് ഇടത് കൈകളിലേക്കും പുറകിലേക്കും ഈർന്നിറങ്ങുന്ന പോലെ അനുഭവപെടാറുണ്ട്. ഇതിന് അനുബന്ധമായി മറ്റു ലക്ഷണങ്ങളായ അതിശക്തമായ വിയർപ്പ്, കഠിനമായ ക്ഷീണം, ശ്വാസ തടസ്സം, ഓക്കാനം എന്നിവയും ഹൃദയാഘാതത്തിന്റെ മറ്റു പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു. ചിലപ്പോൾ നെഞ്ചുവേദന അനുഭവപ്പെടാതെ ശക്തമായ ക്ഷീണവും ഗംഭീരമായ വിയർപ്പും മാത്രമായും ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽ ഹൃദയാഘാതം സംശയിക്കേണ്ടിയിരിക്കുന്നു.

ഹൃദയാഘാത സാധ്യത കൂടുതലുള്ളവരിൽ കാണുന്ന നെഞ്ചുവേദന ഹൃദയാഘാതത്തിന്റെതല്ല എന്ന് വളരെ പെട്ടെന്ന്തന്നെ ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. പ്രമേഹരോഗികൾ, അമിത രക്തസമ്മർദമുള്ളവർ, തുടർച്ചയായ പുകവലിക്കാർ, പാരമ്പര്യമായി ഹൃദയാഘാത സാധ്യത കൂടുതലുള്ളവർ, അമിത കൊളസ്‌ട്രോൾ ഉള്ളവർ എന്നിവരിൽ ഹൃദയാഘാതത്തിനു സാധ്യത കൂടുതൽ ഉള്ളതിനാൽ നെഞ്ചുവേദന അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് തന്നെ വൈദ്യസഹായം തേടേണ്ടതാണ്. നെഞ്ചുവേദന അനുഭവപ്പെട്ടാൽ ആദ്യം തന്നെ ചെയ്യേണ്ടത് എത്രയും അടുത്തുള്ള ഒരു ആശുപത്രിയിലോ ക്ലിനിക്കിലോ പോയി ഒരു ഇ.സി.ജി. എടുക്കുക എന്നതാണ്. ഇ.സി.ജി. ഒരു ഡോക്ടറെ കാണിച്ച് അതിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പുവരുത്തുക. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള ആധുനിക സരകര്യങ്ങളുള്ള ഒരു ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്. ചിലപ്പോൾ ആദ്യമെടുത്ത ഇ.സി.ജി.യിൽ യാതൊരു ഹൃദയാഘാത ലക്ഷണങ്ങളും ഉണ്ടായിരിക്കണമെന്നില്ല. ഇത്തരം സാഹചര്യത്തിൽ രണ്ടോ മൂന്നോ ഈ.സി.ജി.കൾ ഒന്നോ രണ്ടോ മണിക്കൂറുകൾ ഇടവിട്ട് ഏടുത്ത് ഹൃദയാഘാത ലക്ഷണങ്ങളില്ല എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം അതീവഗുരുതരം ആയിട്ടുള്ള ഹൃദയാഘാതങ്ങളിൽ പോലും ചിലപ്പോൾ ആദ്യത്തെ രണ്ടോ മൂന്നോ മണിക്കൂറുകൾക്കുള്ളിൽ എടുക്കുന്ന ഇ.സി.ജിയിൽ കാര്യമായ വ്യത്യാസങ്ങൾ കാണണം എന്നില്ല. അതുകൊണ്ടുതന്നെ സംശയമുള്ള ലക്ഷണങ്ങൾ ഉള്ളവരിൽ രണ്ടോമൂന്നോ ഇസിജി എടുത്തു ഹൃദയാഘാതമില്ല എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

സാധാരണയായി നമ്മൾ നെഞ്ചുവേദനയുമായി ചെന്നാൽ ആദ്യത്തെ ഇ.സി.ജി നോർമൽ ആണെങ്കിൽ അവിടെ നിന്നും പോകുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഡോക്ടറുടെ നിർദേശത്തിനു വിരുദ്ധമായി, ഇ.സി.ജി നോർമൽ ആണല്ലോ എന്ന് സ്വയം ആശ്വസിച്ചു വീട്ടിൽ പോകുന്നവരിൽ നിർഭാഗ്യവശാൽ പിന്നീട് വീട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി അപകടങ്ങൾ സംഭവിക്കാറുണ്ട്. അതുകൊണ്ടുതന്നെ നെഞ്ചുവേദന അനുഭവപ്പെട്ടാൽ രണ്ടോമൂന്നോ ഈ.സി.ജി. എടുത്ത് ഹൃദയാഘാതമില്ല എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ചില സാഹചര്യങ്ങളിൽ ഹൃദയാഘാതത്തിന്റെ നെഞ്ചുവേദന ആണെങ്കിൽ പോലും ഇ.സി.ജി യിൽ പ്രകടമായ വ്യത്യാസങ്ങൾ കാണണമെന്നില്ല. ഇത്തരം സാഹചര്യത്തിൽ ഹൃദയാഘാതമില്ല എന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടി കാർഡിയാക് ബയോ മാർക്കേർസ് രക്തപരിശോധന ചെയ്യാറുണ്ട്. കാർഡിയാക് ട്രോപോണിൻ ടീ അല്ലെങ്കിൽ ട്രോപോണിൻ ഐ എന്നീ ടെസ്റ്റുകളാണ് സർവ്വസാധാരണമായി ഇന്ന് ചെയ്യാറുള്ളത്. സാധാരണയായി ചെയ്യുന്ന ട്രോപോണിൻ ടെസ്റ്റുകൾ നെഞ്ചുവേദന അനുഭവപ്പെട്ട ആറു മണിക്കൂറിനു ശേഷമേ രക്തത്തിൽ ഉയർന്ന നിലയിൽ കാണുകയുള്ളൂ, ഹൃദയാഘാതം ഉണ്ടെന്ന് ഉറപ്പു വരുത്തുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നെഞ്ചുവേദന ഹൃദയാഘാതത്തിന്റെതാണ് എന്ന് ഈ ടെസ്റ്റുകൾ വഴി ഉറപ്പു വരുത്തണമെങ്കിൽ നെഞ്ചുവേദന അനുഭവപ്പെട്ട് ആറു മണിക്കൂറിനു ശേഷം രക്തപരിശോധന ചെയ്യേണ്ടതാണ്. ഇങ്ങനെ രണ്ടോ മൂന്നോ ഈ.സി.ജിയും 6 മണിക്കൂറിനുശേഷം ട്രോപോണിൻ ടെസ്റ്റും ചെയ്തു നെഞ്ചുവേദന ഹൃദയാഘാതത്തിന്റെതല്ല എന്ന് ഉറപ്പുവരുത്തിയാൽ മിക്കവാറും രോഗികൾക്ക് സമാധാനത്തോടെ വീട്ടിലേക്ക് പോകാവുന്നതാണ്. എന്നാൽ ഇതുകൊണ്ടുമാത്രം ഹൃദ്രോഗം ഇല്ല എന്ന് ഉറപ്പു വരുത്താൻ സാധിക്കുകയില്ല. ഇത്തരം സാഹചര്യത്തിൽ ഹൃദ്രോഗത്തിനുള്ള ഗുളികകൾ നിർദ്ദേശിച്ചു രണ്ടോ മൂന്നോ ദിവസത്തിനുശേഷം ചെയ്തു ഹൃദ്രോഗം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രിയിൽ ചികിത്സ തേടുന്നതാണ് നല്ലത്. ഹൃദയാഘാതം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. മേജർ ഹാർട്ടറ്റാക്ക് അഥവ എസ്.ടി.എലിവേഷൻ എം.ഐ., മൈനർ ഹാർട്ട് അറ്റാക്ക് അഥവാ നോൺ എസ്.ടി. എലിവേഷൻ എം.ഐ.

എസ്.ടി. എലിവേഷൻ എം.ഐ. അഥവാ മേജർ ഹാർട്ട് അറ്റാക്ക്: ഹൃദയത്തിലെ ഏതെങ്കിലുമൊരു പ്രധാന രക്തധമനിയിൽ രക്തം കട്ടപിടിച്ച് 100 ശതമാനം രക്തപ്രവാഹം നിന്നു പോകുന്ന അവസ്ഥയാണിത്. ഈ സാഹചര്യത്തിൽ ഹൃദയത്തിലെ ഒരു പ്രത്യേക ഭാഗത്തുള്ള പേശികൾക്ക് രക്തം ലഭിക്കാതവരികയും, അവക്ക് നാശം സംഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

അതിനാൽ മേജർ ഹാർട്ട് അറ്റാക്കിന് ചികിത്സ എന്നുപറയുന്നത് എത്രയും പെട്ടെന്ന് രക്തധമനികളിലെ ബ്ലോക്ക് ഒഴിവാക്കുക എന്നുള്ളതാണ്. തന്മൂലം രക്തപ്രവാഹം പൂർവ്വസ്ഥിതിയിൽ ആകുകയും ഹൃദയപേശികളുടെ പ്രവർത്തനം വീണ്ടെടുക്കുകയും ചെയ്യുന്നു. ആയതിനാൽ മേജർ ഹാർട്ടറ്റാക്ക് ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ എത്രയും പെട്ടെന്ന് ആൻജിയോപ്ലാസ്റ്റി ചെയ്ത്
രക്തധമനികളിലെ ബ്ലോക്ക് നീക്കം ചെയ്യുവാൻ സരകര്യമുള്ള ഒരു ഒരു ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്. എന്നാൽ ഇത്തരം സാകര്യമുള്ള ആശുപത്രി വളരെ ദൂരെയാണെങ്കിൽ, രക്തക്കട്ട അലിയിച്ചു കളയുന്നതിനുവേണ്ടി ത്രോം ബോളിറ്റിക് മരുന്നുകൾ ഉപയോഗിക്കാറുണ്ട്. Streptokinase, Alteplase, Tenecteplase തുടങ്ങിയ മരുന്നുകൾ ഹൃദയധമനികളിൽ രക്തക്കട്ട അലിയിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നു. എന്നാൽ ഗുരുതരമായ രക്തസ്രാവം, മാരകമായ അലർജി എന്നിവ വളരെ ദുർലഭം ചിലർക്കെങ്കിലും ഈ മരുന്നുകൾ ഉപയോഗിക്കുന്നതുകൊണ്ട് കാണാറുണ്ട്.

അതുകൊണ്ടുതന്നെ ഇന്ന് ലോകത്ത് നിലവിലുള്ള ചികിത്സകളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഹൃദയാഘാതം സംഭവിച്ചവർക്ക് മരണസാധ്യത ഏറ്റവും കുറയ്ക്കുന്നതും ആയിട്ടുള്ള ചികിത്സ എന്നത് എമർജൻസി പ്രൈമറി ആൻജിയോപ്പാസ്റ്റിയാണ്. ഇത് ഹൃദയാഘാതം സംഭവിച്ചുതുടങ്ങി 22 മണിക്കൂറിനുള്ളിൽ ചെയ്യുകയാണെങ്കിൽ ഹൃദയാഘാതം സംഭവിച്ചതുകൊണ്ടുണ്ടാകുന്ന മരണസാധ്യത പരമാവധി കുറയ്ക്കാൻ സാധിക്കും. എന്നാൽ 12 മണിക്കൂർ എന്നത് വളരെ നീണ്ട ഒരു സമയമാണ്. എത്രയും പെട്ടെന്ന് പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യാൻ കഴിയുന്നുവോ അത്രയും ഗുണം രോഗികൾക്ക് ലഭിക്കും. നെഞ്ചുവേദന തുടങ്ങി ആറു മണിക്കൂറിനു ശേഷമാണ് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതെങ്കിൽ ഹൃദയപേശികളുടെ നാശം കുറെയൊക്കെ സംഭവിച്ചിട്ടുണ്ടാകും. ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളിലാണ് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതെങ്കിൽ ഹൃദയപേശികളുടെ നാശം വളരെ കുറവായിരിക്കും. ആൻജിയോപ്ലാസ്റ്റി സൗകര്യമുള്ള ആശുപത്രി വളരെ ദൂരെയാണെങ്കിൽ രക്തക്കുഴലുകളിലെ രക്തക്കട്ട അലിയിക്കുന്നതിനുള്ള ത്രോംബോളിറ്റിക് മരുന്നുകൾ കൊടുക്കാറുണ്ട്. ഏന്നാൽ ഈ മരുന്ന് കൊടുത്തതിനുശേഷം എത്രയും പെട്ടെന്ന് തന്നെ ആൻജിയോപ്ലാസ്റ്റി സരകര്യമുള്ള ഒരു ആധുനിക ആശുപത്രിയിലേക്ക് രോഗിയെ മാറ്റേണ്ടതാണ്.

ഹൃദയാഘാതത്തിനുള്ള ചികിത്സാരീതികൾ എന്തൊക്കെയാണ്?

ഹൃദയാഘാതത്തോട് അനുബന്ധിച്ചുള്ള 50 ശതമാനം മരണവും സംഭവിക്കുന്നത് ആദ്യത്തെ ഒരുമണിക്കൂറിൽ ആണ്. അതിനാൽ നെഞ്ചുവേദന അനുഭവപ്പെട്ടു കഴിഞ്ഞാൽ ഉടനെ തന്നെ എത്രയും പെട്ടെന്ന് വിദഗ്ധ വൈദ്യസഹായം തേടണം. ഹൃദയകോശങ്ങളുടെ ജീവൻ ഓരോ നിമിഷവും അപഹരിക്കപ്പെട്ടു കൊണ്ടിരിക്കുന്നതിനാൽ ഹൃദയാഘാതം ഉണ്ടായതായി രോഗനിർണയം ചെയ്തുകഴിഞ്ഞാൽ ഉടനെതന്നെ ചികിത്സ ആരംഭിക്കണം.

കൊറോണറി ത്രോംബോളിസിസ്

ഹൃദയഭിത്തികളിലേക്കുള്ള രക്ത സഞ്ചാരത്തെ സുഗമമാക്കുന്ന ആധുനിക ചികിത്സകളിൽ ഒന്നാണ് കൊറോണറി ത്രോംബോളിസിസ് എന്ന മരുന്നു ചികിത്സ. ഹൃദയത്തിലെ ഏതെങ്കിലും പ്രധാന രക്തധമനിയിൽ രക്തം കട്ടപിടിച്ചാലാണ് മേജർ ഹാർട്ടറ്റാക്ക് ഉണ്ടാകുന്നത്. ഇത്തരത്തിൽ ഹൃദയാഘാതത്തിനു കാരണമാകുന്ന രക്തക്കട്ട അലിയിച്ചു കളയുന്നതിനുള്ള മരുന്നുകളാണ് ത്രോംബോളിറ്റിക് ഏജന്റ്‌സ് എന്ന പേരിൽ വിപണിയിൽ ലഭ്യമായിരിക്കുന്നത്. ഈ ചികിത്സ നെഞ്ചുവേദന തുടങ്ങി ഏകദേശം ആറു മണിക്കൂറിനുള്ളിൽ ചെയ്യേണ്ടതാണ്. എന്നാൽ ആറ് മണിക്കൂറിനുശേഷം രക്തകട്ട കൂടുതൽ ദൃഢമാകുകയും മരുന്നുകൊണ്ട് അലിയിക്കാൻ കഴിയാതാവുകയും ചെയ്യുന്നു. ഇങ്ങനെ വരികയാണെങ്കിൽ ഇത് കൊണ്ട് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയും ഇല്ല. എങ്കിലും നെഞ്ചുവേദന തുടങ്ങി 22 മണിക്കൂർ വരെ ഈ മരുന്ന് കൊടുക്കാറുണ്ട്. ഹാർട്ട് അറ്റാക്കിന് കാരണമായ ഇത്തരം രക്തക്കട്ടകൾ അലിയിച്ചു കളയുന്ന ആധുനിക മരുന്നു ചികിത്സാരീതിയാണ് കൊറോണറി ത്രോംബോളിസിസ്. ഈ ചികിത്സമൂലം ഏകദേശം 50 ശതമാനം മുതൽ 80 ശതമാനം വരെ രക്തക്കുഴലുകളും വീണ്ടും പ്രവർത്തനനിരതമാക്കാനും ഹൃദ്രോഗത്തിന്റെ കാഠിന്യവും തുടർന്നുള്ള പ്രത്യാഘാതങ്ങളും കുറച്ചു കൊണ്ടുവരുവാനും ഒരു പരിധിവരെ സാധിക്കും.

ആൻജിയോപ്ലാസ്റ്റി

രക്തക്കുഴലുകളിലെ ബ്ലോക്ക് മൂലമുള്ള പ്രശ്‌നങ്ങൾ തരണം ചെയ്യുന്നതിനുള്ള ചികിത്സാമാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ആൻജിയോപ്ലാസ്റ്റി. മേജർ ഹാർട്ടറ്റാക്ക് സംഭവിച്ച രോഗികൾക്ക് ഹൃദയധമനികളിൽ രക്തക്കട്ട നീക്കംചെയ്തു ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം പുന:സ്ഥാപിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായതും ശാസ്ത്രീയമായതുമായ ചികിത്സാരീതി യാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റി. കയ്യിലെയോ കാലിലെയോ പ്രധാന രക്തക്കുഴലുകൾ വഴിയാണ് സാധാരണയായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്. ധമനികളിൽ ബ്ലോക്കുള്ള ഭാഗത്ത് ഒരു നേർത്ത ബലൂൺ എത്തിച്ച് അവിടെവച്ച് വികസിപ്പിക്കുന്നു. ബ്ലോക്കുള്ള ഭാഗത്ത് വെച്ച് ബലൂൺ സാവധാനം വികസിപ്പിക്കുമ്പോൾ തടസ്സം നീങ്ങുകയും രക്തപ്രവാഹം സുഗമമാക്കുകയും ചെയ്യും. വീണ്ടും രക്തക്കുഴൽ ചുരുങ്ങാതിരിക്കാൻ സ്റ്റെൻഡിങ് ഉൾപ്പെടെയുള്ള ചികിത്സാ രീതികൾ ചെയ്യാറുണ്ട്. മേജർ ഹാർട്ട് അറ്റാക്ക് സംഭവിച്ച രോഗിക്ക് രക്തം കട്ടപിടിക്കുന്നതിനുള്ള ഗുളികകൾ അടിയന്തിരമായി നൽകുന്നു. ഏത്രയും പെട്ടെന്ന് ആൻജിയോപ്ലാസ്റ്റി ചെയ്ത് ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കുക എന്നതാണ് ഏറ്റവും അനുയോജ്യമായ ചികിത്സ. ഇത് പ്രൈമറി ആൻജിയോപ്ലാസ്റ്റി എന്ന് അറിയപ്പെടുന്നു. എന്നാൽ മറ്റു തരത്തിലുള്ള ഹൃദയാഘാതങ്ങളായ മൈനർ ഹാർട്ട് അറ്റാക്ക് എന്നറിയപ്പെടുന്ന നോൺ എസ്.ടി.ഏലിവേഷൻ എം.ഐ. അല്ലെങ്കിൽ അൺസ്റ്റേബിൾ ആൻജൈന എന്നീ അസുഖങ്ങളിൽ സാധാരണയായി എമർജൻസി പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വരാറില്ല. ഇത്തരം സാഹചര്യങ്ങളിൽ ഹൃദയാഘാതത്തിന് ആദ്യപടിയായി മരുന്നു ചികിത്സയും പിന്നീട് അധികം വൈകാതെ ആൻജിയോഗ്രാമും ചെയ്യുന്നു. ആൻജിയോഗ്രാം ചെയ്തതിനുശേഷം രക്തധമനികളിൽ എത്രമാത്രം ബ്ലോക്ക് ഉണ്ട് എന്ന് തിട്ടപ്പെടുത്തി തുടർന്നുള്ള ചികിത്സ നിർദ്ദേശിക്കുന്നു. ബ്ലോക് തരണം ചെയ്യുന്നതിനുള്ള ചികിത്സാമാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ആൻജിയോപ്ലാസ്റ്റി. പ്രധാനപ്പെട്ട ബ്ലോക്ക് ഉണ്ടെങ്കിൽ അതിന് ശേഷം ആൻജിയോപ്ലാസ്റ്റി നിർദേശിക്കാറുണ്ട്.

എങ്ങനെയാണ് ആണ് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്?

രക്തധമനിയിൽ എവിടെയാണ് ബ്ലോക്ക് ഉള്ളതെന്ന് ആൻജിയോഗ്രാഫിയിലൂടെ ആദ്യം തിട്ടപ്പെടുത്തിയിരിക്കും. ആദ്യം തന്നെ കൊറോണറി ധമനിയിൽ നേരിയ ഒരു ട്യൂബ് അല്ലെങ്കിൽ കത്തീറ്റർ കടത്തിവിടും. ഒരു നേർത്ത വയറിന്റെ സഹായത്തോടെ വളരെ ചെറിയ ഒരു ബലൂൺ ബ്ലോക്ക് ഉള്ള ഭാഗത്ത് സ്ഥാപിക്കുന്നു. എക്‌സ്-റേ മോണിറ്ററിൽ കൃത്യമായി നോക്കിക്കൊണ്ടാണ് ബലൂൺ സ്ഥാപിക്കുന്നത്. തുടർന്ന് ബലൂൺ നിശ്ചിത മർദ്ദത്തിൽ അയഡിൻ ഡൈ ഉപയോഗിച്ച് വികസിപ്പിക്കുന്ന. കട്ടിയുള്ള കൊഴുപ്പ് അമർത്തപ്പെട്ട് ധമനിയുടെ ഉൾവ്യാസം കൂടുന്നു. ഒന്നോ രണ്ടോ മിനിറ്റ് ബലൂൺ അതേ അവസ്ഥയിൽ നിർത്തിയശേഷമാണ് സാവധാനം അതു ചുരുക്കുക. ബ്ലോക്ക് ഉണ്ടായ ഭാഗം വേണ്ടത്ര വികസിച്ചെന്നു ബോധ്യപ്പെട്ടാൽ ബലൂൺ കത്തീറ്റർ ഹൃദയധമനികളിൽ നിന്നും സാവധാനത്തിൽ പിൻവലിക്കുന്നു. ബലൂൺ ഉപയോഗിച്ച് ബ്ലോക്ക് ഉള്ള ഭാഗം വികസിപ്പിച്ച് അതിനുശേഷം പ്രസ്തുത ഭാഗത്ത് ആവശ്യത്തിന് വലിപ്പത്തിലുള്ള ഒരു സ്റ്റെൻഡ് സ്ഥാപിക്കുന്നു.

(കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റാണ് ലേഖകൻ)

Content Highlights: world heart day heart attack symptoms causes treatment and prevention


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented