കോവിഡാനന്തരം ഹൃദ്രോ​ഗ സാധ്യത കൂടുതലോ? ഡോക്ടറെ കാണേണ്ടത് എപ്പോൾ ?


ഡോ. മനോജ് കുമാർ പി.

Representative Image | Photo: Canva.com

കോവിഡാനന്തര കാലത്തെ ഹൃദയ പരിചരണം സംബന്ധിച്ച് ഗൗരവമായ ചർച്ചകൾ ആഗോളതലത്തിൽ നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. നേരത്തെ ഹൃദ്രോഗം ബാധിച്ചവർക്ക് കോവിഡ് രോഗം വന്നു മാറിയ ശേഷവും ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഈ ചർച്ചയ്ക്കു കാരണം. കോവിഡ് -19 രോഗം വന്നു ഭേദമായശേഷവും നെഞ്ചുവേദന, പെട്ടെന്നുള്ള കിതപ്പ്, ഹൃദയാഘാതം, ഹൃദയസ്തംഭനം, ഉയർന്ന വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ആഗോള തലത്തിൽ വർധിക്കുന്നതായാണ് റിപ്പോർട്ടുകളുള്ളത്.

കോവിഡ് വന്നു പോയവർക്ക് അവരുടെ ഹൃദയപേശികളിൽ ക്ഷതം സംഭവിക്കുന്നതു മൂലമാണ് ഹൃദയസ്തംഭനത്തിലേക്കു വരെ എത്താവുന്ന അവസ്ഥകളുണ്ടാകുന്നത്. രോഗം വന്നു പോയി മാസങ്ങൾ കഴിഞ്ഞും ഈ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. ശരീരത്തിൽ കടന്നു കൂടിയ വൈറസുമായി പ്രതിരോധ ശേഷി നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനിടെ ഹൃദയപേശികളിലും കോശങ്ങളിലുമുണ്ടാകുന്ന ക്ഷതങ്ങളാണ് ഇവിടെ വില്ലൻമാരാകുന്നത്. അതേസമയം ഹൃദയ സംബന്ധമായ രോഗങ്ങളൊന്നും ഇല്ലാതിരുന്ന നിരവധി പേർക്കും കോവിഡ് ബാധിച്ച ശേഷം ഹൃദയസംബന്ധമായ തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്.



ശ്വാസതടസ്സം, നെഞ്ചുവേദന, കഠിനമായ കിതപ്പ് തുടങ്ങിയവയൊക്കെ ഹൃദയവുമായി ബന്ധപ്പെട്ടുള്ളതാണ്. എങ്കിലും രോഗം കൊണ്ട് തളർന്നു പോയവർ, ദീർഘകാലം കിടപ്പിലായവർ, പ്രവർത്തനങ്ങളൊന്നുമില്ലാതെ നിർജീവാവസ്ഥയിൽ ആയിപ്പോയവർ എന്നിവരിലും ഇതേ ലക്ഷണങ്ങളൊക്കെ കാണാം.

കോവിഡ് വന്നു പോയ ശേഷം ഹൃദ്രോഗം നേരത്തേതിനെക്കാൾ വഷളായവരും, പുതുതായി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വന്നുതുടങ്ങിയവരും ഡോക്ടർമാരെ കാണാനുള്ള തിരക്കിലാണിപ്പോൾ.

ആറു മാസം കൂടുമ്പോഴെങ്കിലും ആവശ്യമായ പരിശോധനകൾ നടത്തണം. ഇ.സി.ജി., നെഞ്ചിന്റെ എക്സ്-റേ, എക്കോകാർഡിയോഗ്രാം തുടങ്ങിയവ പരിശോധിച്ച് ഹൃദയത്തിന്റെ പ്രവർത്തനത്തിന് ഏതെങ്കിലും വിധത്തിലുള്ള ക്ഷതമേറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

എല്ലാ പോഷകങ്ങളും ലഭിക്കും വിധത്തിൽ ഭക്ഷണ ക്രമീകരണം വരുത്തുക. പൊരിച്ചതും, എണ്ണ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. രുചി തേടി കൃത്രിമഭക്ഷണങ്ങളുടെ പിന്നാലെ പായാതിരിക്കുക, രക്തസമ്മർദ്ദവും കൊളസ്ട്രോളും അപകടകരമാകാത്ത വിധത്തിൽ കൈകാര്യം ചെയ്യുക, ദിനേന ആരോഗ്യം അനുവദിക്കും വിധത്തിൽ വ്യായാമം ചെയ്യുക, മദ്യം, പുകവലി പൂർണ്ണമായി ഒഴിവാക്കുക. ശരീരത്തിന്റെ അസാധാരണമായ മാറ്റങ്ങൾ അവഗണിക്കാതിരിക്കുക, ആവശ്യമെങ്കിൽ ഡോക്ടർമാരുടെ സഹായം തേടുക. ശ്വാസതടസ്സം, തളർച്ച, കിടക്കുമ്പോൾ ശ്വാസം മുട്ട് അനുഭവപ്പെടുക, കണങ്കാലിൽ മുഴയോ നീർക്കെട്ടോ വരിക, രാത്രി തുടർച്ചയായി മൂത്രമൊഴിക്കേണ്ടി വരിക തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഡോക്ടർമാരുടെ അഭിപ്രായം തേടുക.

ഹൃദ്രോഗികളല്ലാത്തവർ കോവിഡിനു ശേഷം ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ ആദ്യം കുടുംബ ഡോക്ടറെ കണ്ട് അവരുടെ നിർദേശപ്രകാരം ഹൃദ്രോഗ വിദഗ്ധനെ കണ്ടാലും മതിയാകും.

പ്രമേഹം ഇല്ലെങ്കിൽ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇതാണ് പ്രധാനം. സിലിനിയം, സിങ്ക്, സാച്വറേറ്റഡ് അല്ലാത്ത ഫാറ്റി ആസിഡ്സ് ഒക്കെ ലഭിക്കുന്ന അണ്ടിപ്പരിപ്പ്, ബദാം, പിസ്ത തുടങ്ങിയവ കഴിക്കാം.

വ്യായാമവും മറ്റും ശരീരത്തിന്റെ ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് മാത്രം പുനരാരംഭിക്കുക. പതുക്കെപ്പതുക്കെ മാത്രം വ്യായാമസമയം വർധിപ്പിച്ചുകൊണ്ടു വരിക.

വളരെ പ്രതീക്ഷാ നിർഭരമായൊരു മനസ്സു കാത്തുസൂക്ഷിക്കുക എന്നൊരു ജോലി കൂടി രോഗികൾക്കും അവരുടെ വീട്ടുകാർക്കുമുണ്ട്. ശരീരത്തിൽ അകാരണമായ ഭയം വന്നു നിറയുന്നത് രക്തസമ്മർദ്ദം കൂട്ടുകയും അതു മൂലം ശരീരത്തിന്റെ സംതുലിതാവസ്ഥ നഷ്ടമാകുകയും രോഗത്തിന് അടിമപ്പെട്ടു പോകുകയും ചെയ്യുന്ന അവസ്ഥയും വ്യാപകമാണ്. രോഗമില്ലാത്തവർക്ക് രോഗം വരാനും ഉള്ളവർക്ക് മൂർച്ഛിക്കാനുമൊക്കെ ഇത്തരം മാനസികസമ്മർദ്ദങ്ങൾക്കു പങ്കുണ്ട്.

കോവിഡിനു ശേഷം ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുമ്പോൾ ഡോക്ടറെ കാണേണ്ടത് എപ്പോഴാണെന്നു നോക്കാം.
ശ്വാസ തടസ്സമുള്ളവർക്ക് ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും, ചുണ്ടോ മുഖമോ നീലനിറമായി മാറുകയോ ചെയ്യുമ്പോൾ അടിയന്തര വൈദ്യ സഹായം തേടാം. അതേസമയം കിടക്കുമ്പോൾ ശ്വാസം മുട്ട് കൂടുതലാകുക, അസാധാരണമായ തളർച്ച അനുഭവപ്പെടുക പോലുള്ള സന്ദർഭങ്ങളിൽ ഡോക്ടർമാരെ ബന്ധപ്പെടുക. കടുത്ത നെഞ്ചുവേദനയും അതോടൊപ്പം ശ്വാസം മുട്ട്, തല കറക്കം, തളർച്ച, വിയർപ്പ്, അഞ്ചു മിനിട്ടിലേറെ നീണ്ടു നിൽക്കുന്ന ശ്വാസംമുട്ട് എന്നിവ അനുഭവപ്പെടുകയാണെങ്കിൽ അടിയന്തര സേവനം തേടാം. അതേസമയം, തുടർച്ചയായി നിൽക്കുന്ന കുറഞ്ഞ വേദന, 15 മിനിറ്റിനുള്ളിൽ അവസാനിക്കുന്ന വിധത്തിലുള്ള നെഞ്ചുവേദന തുടങ്ങിയവയുള്ള സാഹചര്യങ്ങളിൽ ഡോക്ടറുടെ ഉപദേശം തേടുകയുമാണ് വേണ്ടത്.

വീട്ടിൽ വിശ്രമത്തിലിരിക്കുന്നവർ, അത് ഹൃദ്രോഗം വന്നവരും, വന്ന് ചികിത്സ തേടിയവരും, വരാതെ നോക്കാൻ ശ്രദ്ധിക്കുന്നവരുമെല്ലാം ഒരു പോലെ പാലിക്കേണ്ട ചില ജീവിത ശൈലി രീതികളുണ്ട്. ആവശ്യമായ പോഷകങ്ങൾ ലഭിക്കും വിധത്തിലുള്ള ആഹാരം കഴിക്കുക, കൃത്യമായ വ്യായാമ മുറകൾ ശീലിക്കുക, മനസ്സിനെ പോസിറ്റീവ് ആയി പ്രതീക്ഷാ നിർഭരമായി നിലനിർത്തുക. സാമൂഹ്യമായ അകലം പാലിക്കൽ മൂലവും ഒറ്റപ്പെടൽ മൂലവും ആളുകൾ മാനസികമായി ശക്തമായ സമ്മർദ്ദം നേരിടുന്ന സാഹചര്യവുമുണ്ട്. സുഹൃത്തുക്കളോട് സംസാരിക്കുക, കുടുംബത്തോടൊപ്പം സന്തോഷമായിരിക്കാൻ ശ്രമിക്കുക.

കോവിഡ് രോഗ ബാധയ്ക്കു ശേഷം കടുത്ത തോതിലുള്ള ഹൃദ്രോഗങ്ങൾ സംബന്ധിച്ച പഠനങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നതേയുള്ളൂ. കോവിഡിനു ശേഷം ഹൃദയസ്തംഭനവും അതു മൂലം മരണവും സംഭവിക്കുന്ന സാഹചര്യങ്ങൾ കുറവാണെങ്കിലും ഹൃദയപേശിക്കുണ്ടാകുന്ന ക്ഷതം പിന്നീട് ശക്തിപ്പെടുത്തിയെടുക്കാൻ കഴിയാത്ത സന്ദർഭങ്ങളിലാണ് രോഗിക്ക് ജീവൻ നഷ്ടപ്പെടുന്നത്.

Content Highlights: heart problems after covid, world heart day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented