വാശിയോടെ ചെയ്യേണ്ടതല്ല വർക്കൗട്ട്, ​ഹൃദ്രോ​ഗ ലക്ഷണങ്ങളെ ​ഗ്യാസെന്നു കരുതി അവ​ഗണിക്കുന്നവരും ഏറെ


വീണ ചിറക്കൽ(veenacr@mpp.co.in)

Representative Image| Photo: Canva.com

ലോകമെമ്പാടുമുള്ള മരണങ്ങളിൽ മുക്കാൽ ഭാ​ഗത്തിനും പിന്നിൽ ഹൃദ്രോ​ഗം, ഡയബറ്റിസ്, കാൻസർ തുടങ്ങിയ സാംക്രമികേതര രോ​ഗങ്ങളാണെന്ന ലോകാരോ​ഗ്യസംഘടനയുടെ റിപ്പോർട്ട് അടുത്തിടെയാണ് പുറത്തുവന്നത്. അതിൽ തന്നെയും ഹൃദ്രോ​ഗമാണ് മരണത്തിന് കാരണമാകുന്ന പ്രധാനികളിൽ ഒന്ന് എന്നും അതു മൂലം 1.7കോടി പേർ വർഷംതോറും മരണപ്പെടുന്നുവെന്നുമാണ് കണക്കുകൾ പറയുന്നത്. ലോകഹൃദയദിനത്തോട്(സെപ്തംബർ 29) അനുബന്ധിച്ച് ഹൃദയാരോ​ഗ്യം കാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പങ്കുവെക്കുകയാണ് മെയ്ത്ര ഹോസ്പിറ്റലിൽ കാർഡിയാക് സർജറി വിഭാ​ഗം ചെയർമാനും പ്രശസ്ത ഹൃദ്രോ​ഗ വിദ​ഗ്ധനുമായ ഡോ.മുരളി വെട്ടത്ത്.

കോവിഡാനന്തരം ഹൃദ്രോഗങ്ങൾ വർധിച്ചുവെന്നു ചില വാർത്തകൾ പുറത്തുവന്നിരുന്നു. കോവിഡ് ഹൃദയാരോഗ്യത്തെ ബാധിച്ചിട്ടുണ്ടോ?കോവിഡിനു ശേഷം ഹൃദ്രോഗങ്ങൾ വർധിച്ചു എന്നതു സംബന്ധിച്ച വ്യക്തമായ പഠനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. കോവിഡ് വൈറസോ വന്നപ്പോഴോ അതിനുശേഷമോ നേരിട്ട് ഹൃദയത്തിന്റെ രക്തക്കുഴലുകളെ ബാധിക്കുന്നതു സംബന്ധിച്ച് ശാസ്ത്രീയമായ രേഖകളൊന്നും ലഭ്യമല്ല.

അടുത്തിടെയായി ജിമ്മിലും വർക്കൗട്ട് ചെയ്യുന്നതിനിടെയുമൊക്കെ ഹൃദയാഘാതം സംഭവിച്ചുള്ള മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏറ്റവുമൊടുവിൽ കൊമേഡിയനായ രാജു ശ്രീവാസ്തവ മരണപ്പെട്ടതും ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴ‍ഞ്ഞുവീണായിരുന്നു. ഇത്തരം മരണങ്ങൾ കൂടുകയാണോ?

നേരത്തേ മുതൽ തന്നെ അമിതമായ വ്യായാമം മൂലവും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടയിലുമൊക്കെയുള്ള ഹൃദയാഘാത മരണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അടുത്തിടെയായി നിരവധി സെലിബ്രിറ്റികൾ ഈ സാഹചര്യത്തിൽ മരണപ്പെട്ട വാർത്ത വർധിച്ചതോടെ വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയെന്നു മാത്രം. ഇരുപതു വയസ്സുമുതലാണ് ബ്ലോക്കുകൾ ആരംഭിച്ചു തുടങ്ങുക. പ്രായം കൂടുംതോറും അതു കൂടിവരും. ഷട്ടിൽ കളിക്കുന്നവരിലൊക്കെ പലപ്പോഴും കളിക്കിടെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുന്നത് കാണാറുണ്ട്. ചിലരിൽ ഷട്ടിലിനിടെ ബി.പി 200 വരെയൊക്കെ കൂടുന്നതും കാണാറുണ്ട്. ചെറുപ്പക്കാരുടേത് നേരിയ രക്തക്കുഴലുകൾ ആയതിനാൽ പെട്ടെന്ന് പൊട്ടലുണ്ടായി ഹൃദയാഘാതം സംഭവിക്കാം. ജിമ്മുകളിലും മറ്റും ഇത്തരം സാഹചര്യത്തെ പ്രതിരോധിക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്. ഹൃദയം ഒരു താളത്തിൽ മിടിക്കുന്നത് തെറ്റിപ്പോവുകയാണ് സംഭവിക്കുന്നത്. ഒരിക്കലും വ്യായാമമോ വർക്കൗട്ടോ വാശിയോടെ എന്തെങ്കിലും ജയിക്കാൻ പോകുന്നതു പോലെ ചെയ്യേണ്ട കാര്യമല്ല. അവ വളരെ ആയാസരഹിതമായി ആസ്വദിച്ച് ചെയ്യേണ്ട കാര്യമാണ്. ഇരുപതു വയസ്സിനു മുകളിൽ പ്രായമുള്ളവരെല്ലാം വർക്കൗട്ട് ആരംഭിക്കും മുമ്പ് ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. 15 മുതൽ ഇരുപത്തിയഞ്ചു വയസ്സു വരെ പ്രായമുള്ളവരിൽ ഇടയ്ക്കിടെ തലകറക്കമോ ഓർമയില്ലാതാവുകയോ ഒക്കെ ചെയ്താൽ ഇലക്ട്രോ ഫിസിയോ സ്റ്റഡി നടത്തി ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. പലപ്പോഴും ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങളാണ് നിങ്ങൾക്കെന്നു പറയുമ്പോൾ ഞങ്ങൾ കൃത്യമായി വ്യായാമം ചെയ്തിരുന്നു, യോഗ ചെയ്തിരുന്നു, ഭക്ഷണം നിയന്ത്രിച്ചിരുന്നു എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ ഇവയൊക്കെ ഉണ്ടാകുമ്പോഴും നിങ്ങൾ പൂർണമായി ഹൃദ്രോഗത്തിൽ നിന്ന് സുരക്ഷിതരാണ് എന്നു പറയാനാവില്ല. പ്രായമാകുന്നതിനൊപ്പം അപകടസാധ്യതകളും കൂടും. ഭക്ഷണരീതിയായാലും വ്യായാമമായും എല്ലാം മിതമായി കൊണ്ടുപോവുക എന്നതാണ് പ്രധാനം.

ഡോ.മുരളി വെട്ടത്ത്

തൊട്ടടുത്തുള്ളയാൾക്ക് സംഭവിക്കുന്നത് ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞാൽ ഉടനടി പ്രാഥമിക ശുശ്രൂഷ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്?

പലപ്പോഴും നേരത്തേ രോഗം തിരിച്ചറിയാത്തതും ആശുപത്രിയിൽ എത്തിക്കാത്തതുമാണ് സ്ഥിതി വഷളാക്കുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന ഘട്ടങ്ങളിൽ അടിയന്തിരമായി ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ച് ഓരോരുത്തരും ബോധവാന്മാരായിരിക്കണം. ഓരോ മിനിറ്റുകളും വിലപ്പെട്ടതാണെന്ന ബോധ്യത്തോടെയാകണം പ്രവർത്തിക്കേണ്ടത്. ചിലർ ഹൃദയാഘാതമാണെന്ന് തോന്നിക്കഴിഞ്ഞാൽ വലിയ ആശുപത്രികളിലേക്ക് രോഗിയുമായി പോകുന്നതു കാണാം. അങ്ങനെയല്ല ചെയ്യേണ്ടത്, രോഗി കുഴഞ്ഞുവീഴുകയോ മറ്റോ ചെയ്താൽ ഉടൻ സി.പി.ആർ ചെയ്തിരിക്കണം. തലച്ചോറിലേക്കുള്ള രക്തചംക്രമണം നിൽക്കാതിരിക്കാനാണ് ഉടൻ തന്നെ സി.പി.ആർ ചെയ്യണം എന്നു പറയുന്നത്. ഹൃദയമിടിപ്പ് തിരികെ വന്നാലും മരണം സംഭവിക്കുന്നത് തലച്ചോറിലേക്കുള്ള രക്തചംക്രമണം നിൽക്കുന്നതു കൊണ്ടാണ്. ഹൃദയാഘാതം സംഭവിച്ച് രണ്ടു മിനിറ്റോ അതിലധികമോ ആയിക്കഴിഞ്ഞാൽ തന്നെ അപകടസാധ്യത കൂടുതലാണ് എന്നു പറയാം. ഹൃദയാഘാതം സംഭവിച്ചു കഴിഞ്ഞുള്ള ഓരോ മിനിറ്റും തലച്ചോറിലേക്കുള്ള ഹൃദയത്തിന്റെ ഒഴുക്ക് കുറയുകയാണ് ചെയ്യുന്നത്.

പലപ്പോഴും ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. പല ലക്ഷണങ്ങളും ഗ്യാസിന്റേതാണെന്നു കരുതി അവഗണിക്കുന്നവർ നിരവധിയാണ്. എന്താണ് അതേക്കുറിച്ച് പങ്കുവെക്കാനുള്ളത്?

ഹൃദ്രോഗം നേരത്തേ കണ്ടുപിടിക്കുക എന്നതും പ്രധാനമാണ്. ബ്ലോക്കിന്റെ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയാനാവും. പലരും നെഞ്ചുവേദനയും നെഞ്ചെരിച്ചിലുമൊക്കെ ഗ്യാസിന്റെയാണെന്നു കരുതി അവഗണിക്കാറുണ്ട്. പലപ്പോഴും നെഞ്ചുവേദനയോ മറ്റോ ആയി വരുന്നവരോട് മുമ്പ് സമാനമായി എന്തെങ്കിലും അനുഭവപ്പെട്ടിരുന്നു എന്നു ചോദിക്കാറുണ്ട്. അപ്പോഴായിരിക്കും രോഗികൾ വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്ന ചില കാര്യങ്ങൾ പുറത്തുപറയുന്നത്. രാത്രി ഉറങ്ങുന്നതിനിടെ അസ്വസ്ഥത തോന്നി, വെള്ളം കുടിച്ച് കിടന്നപ്പോഴേക്കും അതു മാറി എന്നൊക്കെ ചിലർ പറയാറുണ്ട്. അവയൊക്കെ ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാവാൻ ഇടയുണ്ട്. രാത്രികാലങ്ങളിൽ വരുന്ന നെഞ്ചുവേദനയെയും നെഞ്ചെരിച്ചിലിനെയുമൊക്കെ അവഗണിച്ചുകൂടാ. നിർബന്ധമായും അത്തരം സന്ദർഭങ്ങളിൽ കാർഡിയോളജിസ്റ്റിന്റെ അഭിപ്രായം എടുക്കേണ്ടതാണ്. ചിലർക്ക് പടികൾ കയറുന്നതിനിടെ പെട്ടെന്ന് നെഞ്ചിലൊരു പിടുത്തം പോലെ അനുഭവപ്പെടാറുണ്ട്. അതും അവഗണിക്കരുത്.

പൊതുവേ ഹൃദ്രോഗം സംബന്ധിച്ച കേസുകളിലെല്ലാം പുരുഷന്മാരുടെ നിരക്കാണ് കൂടുതൽ. സ്ത്രീകളിൽ ഹൃദയാഘാതം ഉൾപ്പെടെയുള്ളവ രേഖപ്പെടുത്തുന്നത് കുറവാണ് കാണപ്പെടാറുള്ളത്. എന്തുകൊണ്ടാവാം അങ്ങനെ?

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദ്രോഗ പ്രശ്നങ്ങൾ കുറവാണ് കാണപ്പെടാറുള്ളത്. ഒരുപരിധിവരെ അതിന് ഈസ്ട്രജൻ ഹോർമോണും കാരണമാകാറുണ്ട്. അതിനാൽ തന്നെ പെരിമെനോപോസൽ വരെ ഈസ്ട്രജൻ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ അപകടസാധ്യത കുറയുന്നു. പക്ഷേ മുമ്പത്തെപ്പോലെയല്ല, ഇന്ന് 10 മുതൽ 15 ശതമാനം വരെ സ്ത്രീകൾക്ക് ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങളാൽ ആശുപത്രിയിലെത്താറുണ്ട്. സമ്മർദം നിറഞ്ഞ ജീവിതം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ അതിന് കാരണമാകുന്നുണ്ട്.

ഹൃദയത്തിന്റെ രക്തക്കുഴലുകൾക്ക് അല്ലാതെ വാൽവിന് അസുഖങ്ങൾ വന്നാൽ എങ്ങനെ കണ്ടുപിടിക്കാം?

അടുത്തിടെയായി വാൽവിലെ തകരാറുകൾ മൂലം ഹൃദ്രോ​ഗവുമായി എത്തുന്നവർ കൂടുന്നുണ്ട്. നാൽപതും അമ്പതും വയസ്സ് പ്രായമുള്ളവർ പെട്ടെന്ന് ചെക്കപ് ചെയ്യുമ്പോഴാണ് ഹൃദയത്തിന്റെ അയോട്ടിക് വാൽവിൽ ബ്ലോക് ഉണ്ടെന്ന് തിരിച്ചറിയുക. ബൈക്കസ്പിഡ് അയോട്ടിവ് വാൽവ്(Bicuspid aortic valve) ആണ് പ്രധാനമായും കാണപ്പെടാറുള്ളത്. ഹൃദയത്തിന്റെ അയോട്ടിക് വാൽവിന് മൂന്ന് വാതിൽപ്പാളികളാണ്. രണ്ടെണ്ണം ഒട്ടിപ്പോയാൽ അവയൊന്നാവും. അത് ജന്മനാ സംഭവിക്കുന്നതാണ്. മിക്കവാറും നാൽപതു വയസ്സിനുശേഷമാവും കാണപ്പെടുക. ഈ പ്രശ്നമുള്ളവർക്ക് നാൽപതും അമ്പതുമൊക്കെ പ്രായമാവുമ്പോൾ വാൽവ് അടയാൻ തുടങ്ങും. അതിന് ലക്ഷണങ്ങളും ഉണ്ടാവില്ല. ചെക്കപ്പ് ചെയ്യുകയോ എക്കോ എടുക്കുകയോ ഒക്കെ ചെയ്യുമ്പോഴേ തിരിച്ചറിയാനാവൂ. ഇപ്പോൾ മുപ്പതുശതമാനം പേരിൽ ഈ അവസ്ഥ കാണാറുണ്ട്. നേരത്തേ കണ്ടെത്തിയാൽ മാത്രമേ അതിനു പ്രതിവിധി തേടാനാവൂ. ഓർമ നഷ്ടമാവുക, നെഞ്ചുവേദന, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് അയോട്ടിക് വാൽവ് അടയുന്നതിന്റെ ലക്ഷണങ്ങൾ. ഇവ കണ്ടുതുടങ്ങിയാൽ ഒരുകൊല്ലത്തിനുള്ളിൽ ചികിത്സ തേടിയില്ലെങ്കിൽ ​അവസ്ഥ ​ഗുരുതരമാകാൻ സാധ്യതയുണ്ട്.

ഹൃദ്രോഗം സംബന്ധിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ട വിഭാഗങ്ങൾ ആരൊക്കെ?

കുടുംബരമായി ആർക്കെങ്കിലും മുമ്പ് ഹൃദ്രോഗ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെങ്കിൽ നിർബന്ധമായും പിൻതലമുറക്കാർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ജീവിതരീതിയെ ആശ്രയിച്ച് അവ നേരത്തെയോ അല്ലെങ്കിൽ വളരെ വൈകിയോ പിടിപെട്ടേക്കാം. ഡയബറ്റിസ്, ഹൈപ്പർടെൻഷൻ മുതലായവ ഉള്ളവരും കൂടുതൽ ശ്രദ്ധിക്കണം. അവ പരമാവധി നേരത്തേ കണ്ടെത്തി ചികിത്സ തേടുന്നത് ഒരുപരിധി വരെ ഹൃദ്രോഗത്തെ അകറ്റി നിർത്താനാവും. ഭക്ഷണവും വ്യായാമവും മിതമായ രീതിയിൽ കൊണ്ടുപോകുന്നതും ഗുണകരമാണ്.

Content Highlights: cardiac surgeon dr murali vettath speaking, world heart day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented