'ഇന്ത്യയിലെ ആളോഹരി പ്ലാസ്റ്റിക് ഉപഭോഗം 2021-ൽ ഒരാൾക്ക് 15 കിലോ'


ഡോ. സി . ജോർജ് തോമസ് | കേരള സ്റ്റേറ്റ് ബയോഡെെവേഴ്സിറ്റി ബോർഡ് ചെയർമാൻ

5 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: Gettyimages

ക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ മനുഷ്യ പരിസ്ഥിതിയെക്കുറിച്ചുള്ള സ്റ്റോക്ക്ഹോം കോൺഫറൻസ് (United Nations Conference on the Human Environment) നടക്കുന്നത് 1972 ജൂൺ 5 മുതൽ 16 വരെയുള്ള തീയതികളിലാണ്. ഈ കോൺഫറൻസിന്റെ പ്രാധാന്യം അംഗീകരിച്ച് കൊണ്ടാണ് ആ വർഷം നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി സ്റ്റോക്ക്ഹോം കോൺഫറൻസ് ആരംഭിച്ച ജൂൺ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിക്കുന്നത്. അന്നേ ദിവസം തന്നെ, യു. എൻ. ജനറൽ അസംബ്ലി അംഗീകരിച്ച മറ്റൊരു പ്രമേയം യു.എൻ.ഇ.പി യുടെ (United Nations Environment Programe) സൃഷ്ടിയിലേക്കും നയിച്ചു. "ഒരേയൊരു ഭൂമി മാത്രം" എന്ന മുദ്രാവാക്യത്തോടെയാണ് ലോക പരിസ്ഥിതി ദിനം ആദ്യമായി ആഘോഷിക്കുന്നത്. 1973-ൽ തുടങ്ങിയത് മുതൽ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (UNEP) നേതൃത്വത്തിലാണ് ലോക പരിസ്ഥിതി ദിനം സംഘടിപ്പിക്കുന്നത്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഈ ദിനാചരണം ലോകം നേരിടുന്ന സമ്മർദ്ദകരമായ പാരിസ്ഥിതിക വെല്ലുവിളികളെ ആഗോള ശ്രദ്ധയിൽപ്പെടുത്തുന്നു. എല്ലാ വർഷവും 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഐക്യരാഷ്ട്രസഭ നേതൃത്വം നല്കുന്ന ഈ അന്താരാഷ്ട്ര ദിനത്തിൽ പങ്കാളികളാകുന്നു. കൂടുതൽ സുസ്ഥിരമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സർക്കാരുകളുടെയും വ്യക്തികളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ഉദ്യമങ്ങൾക്ക് ഇത് തീർയായും ശക്തി പകരും. ഈ യു.എൻ. അന്താരാഷ്ട്ര ദിനം പരിസ്ഥിതി സംരക്ഷണത്തിനുള്ള ഏറ്റവും വലിയ ആഗോള വേദിയായി മാറിയിരിക്കയാണ്.

ഇന്ദിര ​ഗാന്ധി | Photo: Wiki/By Prime Minister's Office - https://www.pmindia.gov.in/en/former_pm/smt-indira-gandhi/, GODL-India, https://commons.wikimedia.org/w/index.php?curid=122751621

1972 ലെ സ്റ്റോക്ക്ഹോം കോൺഫറൻസിൽ അന്നത്തെ നമ്മുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ധിരാ ഗാന്ധി നടത്തിയ ഒരു പ്രസ്താവനക്ക് ഇന്നും പ്രസക്തിയുണ്ട്. “പരിസ്ഥിതിയെ കൂടുതൽ ദരിദ്രമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എന്നിട്ടും വലിയൊരു കൂട്ടം ജനങ്ങളുടെ ദാരിദ്ര്യം നമുക്ക് ഒരു നിമിഷം പോലും മറക്കാൻ കഴിയില്ല. ദാരിദ്ര്യവും ആവശ്യങ്ങളും അല്ലേ ഏറ്റവും വലിയ മലിനീകാരികൾ?"

We do not wish to impoverish the environment any further and yet we cannot for a moment forget the grim poverty of large numbers of people. Are not poverty and need the greatest polluters?”

ദാരിദ്ര്യം ഉച്ചാടനം ചെയ്യുകയും ആവശ്യങ്ങൾ (needs) അത്യാഗ്രഹങ്ങൾ (greeds) ആയി മാറാതെ നോക്കുകയുമാണ് സുസ്ഥിര ലോകത്തിന് വേണ്ടത്. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളും കാർബൺ കൂടുതലായി പുറത്തു വിടുന്ന വസ്തുക്കളുമുണ്ടാക്കുന്നത് അവശ്യങ്ങളുടെ സ്ഥാനത്ത് അനാവശ്യവും ആഡംബരവും വരുന്നത് കൊണ്ടാണ്.

Photo: Gettyimages

മരം നടീലല്ല പരിസ്ഥിതി ദിനം

പരിസ്ഥി ദിനമെന്നാൽ “മരം നടീൽ” എന്നാണ് പലരും വിചാരിച്ചു വെച്ചിരിക്കുന്നത്. ഓരോ വർഷവും ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്കുള്ള ഓരോർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ഈ വർഷത്തെ പരിസ്ഥിതി ദിനം പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കാനുള്ള ആഹ്വാനമാണ്. എല്ലാ വർഷവും, ലോകമെമ്പാടും 430 ദശലക്ഷം ടൺ പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കപ്പെടുന്നു. അതിൽ പകുതിയും ഒരിക്കൽ മാത്രം ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അതിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് റീസൈക്കിൾ ചെയ്യുന്നത്. പ്രതിവർഷം 19-23 ദശലക്ഷം ടൺ തടാകങ്ങളിലും നദികളിലും കടലുകളിലും എത്തിച്ചേരുന്നു. അതായത്, ഓരോ ദിവസവും, പ്ലാസ്റ്റിക് നിറച്ച 2000-ലധികം മാലിന്യ ട്രക്കുകൾക്ക് തുല്യമായത് നമ്മുടെ സമുദ്രങ്ങളിലേക്കും നദികളിലേക്കും തടാകങ്ങളിലേക്കും വലിച്ചെറിയപ്പെടുന്നുവെന്നാണ് കണക്ക്. സമുദ്ര മാലിന്യങ്ങൾ 800-ലധികം ഇനങ്ങളെ ദോഷകരമായി ബാധിക്കുന്നു. എല്ലാ പക്ഷികളുടെയും മത്സ്യങ്ങളുടെയും (90 ശതമാനത്തിലധികം) വയറ്റിൽ പ്ലാസ്റ്റിക് കണങ്ങൾ ഉണ്ടെന്ന് കരുതുന്നു. ഓക്സിജനും വെളിച്ചവും സ്വീകരിക്കുന്നതിൽ നിന്ന് ജലജീവികളെ തടയാൻ പ്ലാസ്റ്റിക്കിന് കഴിയും.

ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക് നിർമ്മിക്കുന്നത്. കൂടുതൽ ഫോസിൽ ഇന്ധനം ഉപയോഗിച്ചാലേ കൂടുതൽ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കാൻ കഴിയൂ. ഇത് കാലാവസ്ഥാ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്നു. ഇതിന് പരിഹാരങ്ങളുണ്ടോ? ഉണ്ട്, കഴിഞ്ഞ വർഷം, ആഗോള സമൂഹം പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനുള്ള നിയമപരമായ ഉടമ്പടിക്കു വേണ്ടി ചർച്ചകൾ തുടങ്ങി. ഇതൊരു നല്ല ചുവടുവയ്പ്പാണ്. യു. എൻ. പരിസ്ഥിതി പ്രോഗ്രാമിന്റെ ഒരു പുതിയ റിപ്പോർട്ട് കാണിക്കുന്നത് പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം, പുനഃസംയോജനം, വൈവിധ്യവൽക്കരണം എന്നിവയ്ക്കായി ഇപ്പോഴേ പ്രവർത്തിച്ചു തുടങ്ങിയാൽ 2040-ഓടെ പ്ലാസ്റ്റിക് മലിനീകരണം 80 ശതമാനം കുറയ്ക്കാനാകുമെന്നാണ്.

പ്രതീകാത്മക ചിത്രം| Photo: AP

മൈക്രോപ്ലാസ്റ്റിക് എന്ന വില്ലൻ

പ്ലാസ്റ്റിക്കിന്റെ ചെറിയ കണങ്ങളായ 5 മില്ലിമീറ്ററിൽ താഴെ വ്യാസമുള്ള മൈക്രോപ്ലാസ്റ്റിക് (Microplastic) നമ്മുടെ പരിസ്ഥിതിക്കും ചുറ്റുപാടുകൾക്കും മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും ഭീഷണിയായി മാറുകയാണ്. ഇവ ഭക്ഷണം, വെള്ളം, വായു എന്നിവയിലേക്ക് വഴി കണ്ടെത്തുന്നു. പ്ലാസ്റ്റിക് കുപ്പികൾ, ടിഫിൻ കണ്ടെയ്‌നറുകൾ, ചിപ്‌സ് പാക്കറ്റുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌ട്രോകൾ എന്നിവയിൽ നിന്ന് ഉത്ഭവിക്കുന്ന മൈക്രോപ്ലാസ്റ്റിക്‌സ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നത് മനുഷ്യന്റെ ആരോഗ്യത്തെയും ജൈവവൈവിധ്യത്തെയും ദോഷകരമായി ബാധിക്കുകയും പർവതശിഖരങ്ങൾ മുതൽ സമുദ്രത്തിന്റെ അടിത്തട്ട് വരെയുള്ള എല്ലാ ആവാസവ്യവസ്ഥയെയും മലിനമാക്കുകയും ചെയ്യുന്നു. ചെറിയ കുട്ടികൾ നിത്യോപയോഗ വസ്തുക്കൾ വായിൽ ഇടുന്നതിനാൽ മൈക്രോപ്ലാസ്റ്റിക് ഉള്ളിലെത്താനുള്ള സാധ്യത കൂടുതലാണ്. മൈക്രോപ്ലാസ്റ്റിക് ദഹനപ്രശ്നങ്ങൾ, വീക്കം, പോഷകങ്ങളുടെ ആഗിരണം തടസ്സപ്പെടുത്തൽ എന്നിവയ്ക്ക് കാരണമാകും. അവ കുട്ടികളുടെ ആരോഗ്യകരമായ വളർച്ചക്കും വിഘാതമാണ്. മൈക്രോപ്ലാസ്റ്റിക്സുമായി സമ്പർക്കം പുലർത്തുന്നത് തടയുകയും ഏതെങ്കിലും തരത്തിലുള്ള പ്ലാസ്റ്റിക് പാക്കേജിംഗ്, കുപ്പികൾ അല്ലെങ്കിൽ ലഞ്ച്ബോക്സ് എന്നിവയിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

Read also-മുലപ്പാലിൽ ആദ്യമായി മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞ് ഗവേഷകർ

1950-കൾ മുതൽ 1970-കൾ വരെ, ചെറിയ അളവിൽ മാത്രമാണ് പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്നത്. അതിന്റെ ഫലമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ താരതമ്യേന എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ, 1970-നും 1990-നും ഇടയിൽ, പ്ലാസ്റ്റിക് മാലിന്യ ഉൽപ്പാദനം മൂന്നിരട്ടിയിലധികമായി. 2000 ത്തിന്റെ തുടക്കത്തിൽ ഒരു ദശകത്തിൽ നാം ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കഴിഞ്ഞ 40 വർഷത്തേക്കാൾ കൂടുതലായി ഉയർന്നു. ഇന്ന്, ലോകം പ്രതിവർഷം 430 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്നു! ആശങ്കാജനകമായ മറ്റ് പ്രവണതകളും കാണാം. 1970-കൾ മുതൽ, പ്ലാസ്റ്റിക് ഉൽപാദന നിരക്ക് മറ്റേതൊരു വസ്തുക്കളേക്കാളും വേഗത്തിൽ വളർന്നു. ചരിത്രപരമായ വളർച്ചാ പ്രവണതകൾ തുടരുകയാണെങ്കിൽ, പ്ലാസ്റ്റിക്കിന്റെ ആഗോള ഉൽപ്പാദനം 2050-ഓടെ 1100 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു! ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളിലേക്കുള്ള ആശങ്കാജനകമായ മാറ്റവും ഭീതിയുന്നർത്തുന്നതാണ്. ഉൽപ്പാദിപ്പിക്കുന്ന എല്ലാ പ്ലാസ്റ്റിക്കുകളുടെയും ഏകദേശം 36 ശതമാനവും പാക്കേജിംഗിൽ ഉപയോഗിക്കുന്നു, ഭക്ഷണ പാനീയ പാത്രങ്ങൾക്കുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉൾപ്പെടെ, ഏകദേശം 85 ശതമാനവും മാലിന്യക്കൂമ്പാരങ്ങളിലോ അനിയന്ത്രിതമായ മാലിന്യങ്ങളായോ അവസാനിക്കുന്നു.

Gettyimages

പ്ലാസ്റ്റിക് മലിനീകരണ പ്രതിസന്ധി പ്രധാനമായും ഉണ്ടാകുന്നത് നിലവിൽ, പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കപ്പെടുകയും, ഉപയോഗിക്കുകയും (പലപ്പോഴും ഒരിക്കൽ മാത്രം), ഉപേക്ഷിക്കുകയും ചെയ്യുന്നു എന്ന വസ്തുതയിൽ നിന്നാണ്. പ്ലാസ്റ്റിക് മലിനീകരണം കൈകാര്യം ചെയ്യുന്നതിന് പ്ലാസ്റ്റിക്കിന്റെ ജീവിതചക്രത്തിന്റെ എല്ലാ ഘട്ടങ്ങളെയും, ഉൽപ്പാദനം മുതൽ ഉപഭോഗം വരെ, അഭിസംബോധന ചെയ്യുന്ന ഒരു സമീപനം ആവശ്യമാണ്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കൊപ്പം സാമ്പത്തിക ആവശ്യങ്ങളും സന്തുലിതമാക്കാൻ ഈ ജീവിതചക്ര സമീപനം സഹായിക്കുന്നു. ഇന്ത്യയിലെ ആളോഹരി പ്ലാസ്റ്റിക് ഉപഭോഗം 2021-ൽ ഒരാൾക്ക് 15 കിലോഗ്രാം എന്ന കണക്കിനാണ്. 2022 ജൂലൈ 1 മുതൽ പ്ലേറ്റുകൾ, കപ്പുകൾ, സ്‌ട്രോകൾ, ട്രേകൾ, പോളിസ്റ്റൈറൈൻ തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും വിൽപ്പനയും ഉപയോഗവും ഇന്ത്യ നിരോധിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗാണ് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ പ്രമുഖം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ മൂലമുണ്ടാകുന്ന മലിനീകരണം പരിഹരിക്കുന്നത് എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പാരിസ്ഥിതിക വെല്ലുവിളിയായി മാറിയിരിക്കുന്നു.

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ മൂലമുണ്ടാകുന്ന മലിനീകരണം ലഘൂകരിക്കാൻ ഭാരത സർക്കാർ ദൃഢമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സ്റ്റിക്കുകൾ, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുള്ള പോളിസ്റ്റൈറൈൻ (തെർമോകോൾ), പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, കട്ട്ലറികളായ ഫോർക്കുകൾ, സ്പൂണുകൾ, കത്തികൾ, ട്രേകൾ, സ്വീറ്റ് ബോക്സുകൾക്ക് ചുറ്റും ഫിലിമുകൾ പൊതിയുകയോ പാക്ക് ചെയ്യുകയോ ചെയ്യുന്നവ, ക്ഷണപത്ര കാർഡുകൾ, സിഗരറ്റ് പാക്കറ്റുകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ പിവിസി ബാനറുകൾ, തുടങ്ങിയവ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു .

ലോകം ഈ പ്രശ്‌നത്തിന്റെ ഗൌരവം മനസ്സിലാക്കി ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ലോക രാജ്യങ്ങളുടെ സർക്കാരുകൾക്ക് ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, നിരോധനങ്ങളിലൂടെയും അത് ഫലപ്രദമായി നടപ്പിലാക്കുന്നതിലൂടെയും. മാത്രമല്ല, നമുക്ക് ആവശ്യമുള്ള പ്ലാസ്റ്റിക്കുകൾ അവയുടെ പുനരുപയോഗം അനുവദിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്യുകയും സമ്പദ്‌വ്യവസ്ഥയിലേക്ക് കൊണ്ടുവരുകയും ചെയ്യേണ്ടതുണ്ട്. സുസ്ഥിരതയ്‌ക്കായി ഉൽപ്പന്നങ്ങൾ പുനർരൂപകൽപ്പന ചെയ്യുന്നതിലൂടെയും ബിസിനസ്സ് മോഡലുകൾ നവീകരിക്കുന്നതിലൂടെയും പ്രശ്‌നകരമോ അനാവശ്യമോ ആയ പ്ലാസ്റ്റിക് പാക്കേജിംഗോ ഉൽപ്പന്നങ്ങളോ ഇല്ലാതാക്കാനും കഴിയും. ലഭ്യമായ ശാസ്ത്രവും പ്രശ്‌നപരിഹാരത്തിനുള്ള മർഗ്ഗങ്ങളും ഉപയോഗിച്ച്, സർക്കാരുകളും, വ്യവസായികളും, ബിസിനസ്സ് സ്ഥാപനങ്ങളും, മറ്റ് പങ്കാളികളും, വ്യക്തികളും ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം. പ്ലാസ്റ്റിക്കിനോടുള്ള ആസക്തി ഇല്ലാതാക്കുക, മാലിന്യം ഒഴിവാക്കുക, പുനരുപയോഗം സാധ്യമാക്കുക—എന്നിവയിലൂടെ ആരോഗ്യകരമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാം.

Content Highlights: 'Per capita plastic consumption in India reached 15 kg per person by 2021'

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented