കീബോർഡിൽ '2' ഇല്ല, കളിപ്പാട്ടത്തിനും കാരിബാഗിനും 'നോ'; പ്ലാസ്റ്റിക് പടി കടത്തി ബിജിബാൽ


അജ്മൽ എൻ.എസ്.

6 min read
Read later
Print
Share

പ്ലാസ്റ്റിക് കവറായതിനാല്‍ അത് വാങ്ങാതെ തുണികള്‍ കൈയിലെടുത്ത് കൊണ്ടുപോയി, ഇത് കണ്ട് ആളുകള്‍ ചിരിക്കുന്നുണ്ടായിരുന്നു - ബിജിബാല്‍

ബിജിബാൽ | PHOTO: MATHRUBHUMI, FACEBOOK/BIJIBAL

പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം ഭാവിയില്‍ ലോകം നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകളെക്കുറിച്ചുള്ള പഠനം വായിക്കാനിടയാകുന്നു. പിന്നീട് അയാള്‍ പ്ലാസ്റ്റിക്കിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ്, ഒരു ഒറ്റയാള്‍ പോരാട്ടം. പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കാന്‍ ആരംഭിച്ചു, പാന്റുകളുടെ കാലുകള്‍ സഞ്ചികളായി മാറി. ടൈപ്പ് ചെയ്യുന്ന കീബോര്‍ഡില്‍ വെള്ളം വീണ് '2' എന്ന കീ പ്രവർത്തിക്കാതായിട്ട്‌ മൂന്ന് വര്‍ഷം തികഞ്ഞിട്ടും അദ്ദേഹമത് മാറ്റിയിട്ടില്ല. ആദ്യം അദ്ദേഹത്തെ പരിഹസിച്ചവര്‍ പിന്നീട് കൈയടിച്ചു, ചിലര്‍ അതേ പാത സ്വീകരിച്ചു. പറഞ്ഞുവരുന്നത് മലയാളികള്‍ മൂളി നടക്കുന്ന ഒരുപിടി മനോഹര ഗാനങ്ങള്‍ ഒരുക്കിയ ബിജിബാല്‍ എന്ന സംഗീത സംവിധായകനെക്കുറിച്ചാണ്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ബിജിബാൽ | ഫോട്ടോ: അഖിൽ.ഇ.എസ്. \ മാതൃഭൂമി

തന്റെ കുട്ടികള്‍ക്ക് പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്തിട്ടേയില്ലെന്ന് പറയുകയാണ് ബിജിബാല്‍. ബന്ധുക്കളുടെ കുട്ടികള്‍ കളിപ്രായം കഴിയുമ്പോള്‍ അവരുടെ കളിക്കോപ്പുകള്‍ തരുന്നതൊഴിച്ചാല്‍ തന്റെ മക്കള്‍ പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഉത്സവപ്പറമ്പില്‍ കൗതുകമുള്ള കളിപ്പാട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് 'അച്ഛാ ഇത് പ്ലാസ്റ്റിക് ആണോ' എന്ന് മൂന്നാം വയസില്‍ മകന്‍ ദേവന്‍ ചോദിക്കുമ്പോള്‍ വെളിവാകുന്നത് പ്ലാസ്റ്റിക്കിനെതിരെയുള്ള അവബോധവും അത് ഒഴിവാക്കാനുള്ള പ്രയത്‌നവുമാണ്.

പ്രകൃതിയെ പലരും പലതരത്തില്‍ സ്‌നേഹിക്കുന്നു. ഒരു തലമുറയെത്തന്നെ മാരകമായ രോഗത്തിനടിമയാക്കാന്‍ കെല്‍പ്പുള്ള പ്ലാസ്റ്റിക്കിനെ തന്റെ ജീവിതത്തില്‍നിന്നു പരമാവധി അകറ്റിനിര്‍ത്തിക്കൊണ്ടാണ് ബിജിബാല്‍ പ്രകൃതിയോടുള്ള തന്റെ കടപ്പാടും സ്‌നേഹവും പ്രകടമാക്കുന്നത്, ഒരു നല്ല മനുഷ്യനാകുന്നത്. പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിന്റെ കഥ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് ബിജിബാല്‍.

ലോഹപാത്രത്തിന്റെ പിടി പ്ലാസ്റ്റിക് ആണെങ്കില്‍ പോലും ഒഴിവാക്കും, അതൊരു ശീലമായി മാറി

2000-ന്റെ തുടക്കത്തിലാണ് പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ഒരു ലേഖനം ഞാന്‍ വായിക്കാനിടയാകുന്നത്. പ്ലാസ്റ്റിക്കിന്റെ ഡീഗ്രഡേഷന്‍ പ്രാക്ടിക്കലി പോസിബിള്‍ അല്ലെന്നും അഞ്ഞൂറിലേറെ വര്‍ഷം ഭൂമിക്കടിയില്‍ കിടന്നാലും നശിക്കാത്ത ഒരു വസ്തുവാണ് പ്ലാസ്റ്റിക് എന്നുമുള്ള തിരിച്ചറിവാണ് മാറ്റത്തിനായി എന്നെ പ്രേരിപ്പിച്ചത്. പ്ലാസ്റ്റിക് വിമുക്തജീവിതം എന്നൊന്നും ഞാന്‍ സ്വപ്നം കണ്ടിട്ടില്ല. പക്ഷേ, നിത്യജീവിതത്തില്‍ ഒഴിവാക്കാനാകുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കാമെന്ന് തീരുമാനിച്ചു. അത് പിന്നീട് തീവ്രമായി പിന്തുടര്‍ന്നു. ഒരു കാലത്ത് അതിതീവ്രമായി പ്ലാസ്റ്റിക് ഒഴിവാക്കി. പിന്നീട് ഒന്ന് മയപ്പെടുത്തി.

ജീവിതത്തിലെ നിത്യോപയോഗ സാധനങ്ങളില്‍നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. കുട്ടികള്‍ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, പാത്രങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ലോഹപാത്രങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. വാങ്ങുന്ന ലോഹപാത്രത്തിന്റെ പിടി പ്ലാസ്റ്റിക് ആണെങ്കില്‍ പോലും ഒഴിവാക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തി. അതൊരു ശീലമായി മാറി.

പ്ലാസ്റ്റിക് മാലിന്യം; പ്രതീകാത്മക ചിത്രം | Photo: Gettyimage

എല്ലാവരും ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളില്‍ കൂടുതലും പ്ലാസ്റ്റിക് ആണ്. കാറും ബൈക്കും ഫോണും അതിന്റെ കവറും എല്ലാം പ്ലാസ്റ്റിക് തന്നെയാണ്. പുറത്തുനിന്ന് പ്ലാസ്റ്റിക് കുപ്പിയിലുള്ള വെള്ളം വാങ്ങിക്കാതിരിക്കാന്‍ ശ്രമിക്കും. പുറത്തുപോകുമ്പോള്‍ വെള്ളം കൊണ്ടുപോകാറാണ് പതിവ്. ഇത് കുറെനാളായി പരിശീലിച്ച് വരികയാണ്. ഇപ്പോഴും ശീലിച്ച് പോകുന്നു. ഇത് എന്റെ വ്യക്തിപരമായ ശീലമാണ്.

പ്ലാസ്റ്റിക് കളിപ്പാട്ടമില്ല, പുറത്തുനിന്നുള്ള ഭക്ഷണവും കുറവ്

കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്റ്റുഡിയോ ഒക്കെ തുടങ്ങുന്ന സമയത്താണ് മാറ്റത്തെക്കുറിച്ച് ചിന്തിച്ചത്. അന്നത്തെക്കാലത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം താരതമ്യേന കുറവായിരുന്നു. തുണി സഞ്ചികളും വര്‍ഷങ്ങളോളം ഉപയോഗിക്കാനാകുന്ന നൈലോണ്‍ കവറുകളുമൊക്കെയായിരുന്നു കൂടുതല്‍. പിന്നീടാണ് ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് ജീവിതത്തിലേയ്ക്ക് കടന്നുവരുന്നത്. അപ്പോഴാണ് ഇതിന്റെ ഭീകരതയെക്കുറിച്ച് വേവലാതിപ്പെട്ടത്.

കുട്ടികള്‍ക്ക് പ്ലാസ്റ്റിക് കളിപ്പാട്ടം വാങ്ങിക്കൊടുക്കില്ലായിരുന്നു. കുട്ടികളും അത് ക്രമേണ പരിശീലിച്ചു. കളിപ്പാട്ടം കാണുമ്പോള്‍ തന്നെ പ്ലാസ്റ്റിക് ആണോ എന്ന് മകന്‍ ചോദിക്കും. പരമാവധി പുറത്തുനിന്നുള്ള ഭക്ഷണം വാങ്ങാതിരിക്കാന്‍ ശ്രമിക്കും. കൂടുതലും പ്ലാസ്റ്റിക് പാത്രങ്ങളിലാണല്ലോ ഭക്ഷണം ലഭിക്കാറുള്ളത്. ഇതൊരു ശീലമായി മാറി, അതില്‍ എത്രമാത്രം ശരിയുണ്ടെന്നോ തെറ്റുണ്ടെന്നോ അറിയില്ല. ഞാന്‍ പ്ലാസ്റ്റിക് കത്തിക്കാറില്ല. വീട്ടില്‍ എന്തെങ്കിലും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉണ്ടെങ്കില്‍ കോര്‍പ്പറേഷന്‍ എടുത്തുകൊണ്ട് പോവുകയാണ് ചെയ്യുന്നത്. അവരുടെ മാലിന്യസംസ്‌കരണം എങ്ങനെയാണെന്ന് അറിയില്ല.

കൈയും വീശി കടയില്‍ പോയി പ്ലാസ്റ്റിക് കവര്‍ മേടിക്കും, അതിലെന്താണ് തെറ്റെന്ന് ചോദിക്കും

പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധത്തിന്റെ കാര്യത്തില്‍ പണ്ഡിതനും പാമരനും നമ്മുടെ നാട്ടില്‍ ഒരുപോലെയാണ്. നമുക്ക് ഏറ്റവും കൂടുതല്‍ സൗകര്യം തന്നിട്ടുള്ള വസ്തുവാണ് പ്ലാസ്റ്റിക്. കൈയും വീശി കടയില്‍ പോയിട്ട് പ്ലാസ്റ്റിക് കവര്‍ മേടിക്കും. എന്നിട്ട് അതിലെന്താണ് തെറ്റെന്ന് നമ്മള്‍ ചോദിക്കും.

ബിജിബാൽ, ബ്രഹ്മപുരം തീപിടിത്തം | photo: facebook /bijibal, വി.കെ.അജി

ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് കത്തിയപ്പോഴും അതിന്റെ പുക മൂന്ന് ദിവസം കഴിഞ്ഞ് പോകുമെന്നും പ്രശ്‌നമൊന്നും ഇല്ലെന്നുമാണ് ആളുകളുടെ ധാരണ. സിസ്റ്റവും ഇത് തന്നെയാണ് പറഞ്ഞുപഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, അത് അങ്ങനെയല്ല. വര്‍ഷങ്ങളോളം രാസമലിനീകരണം വായുവിലുണ്ടാകും. ഭാവിയില്‍ ഒരുപാട് അസുഖങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകും. നമ്മള്‍ ഇതിനെതിരെ ഒച്ചയെടുത്തിട്ടൊന്നും ഒരു കാര്യവുമില്ല. സിസ്റ്റത്തിന്റെ ഭാഗത്തുനിന്നുള്ള ബോധവത്കരണമാണ് വേണ്ടത്. ബ്രഹ്മപുരത്ത് ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയില്ല.

പ്ലാസ്റ്റിക് ദോഷമാണെന്ന് എല്ലാവര്‍ക്കുമറിയാം, വ്യാപ്തി മനസിലാക്കിയാല്‍ ഇവിടെ പലതും അലങ്കോലപ്പെടും

പ്ലാസ്റ്റിക് ദോഷമാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഇത് എത്രത്തോളം ദോഷമാണെന്ന് അധികമാരും ചിന്തിക്കാറില്ല. അതിന്റെ തീവ്രതയെക്കുറിച്ച് ആളുകള്‍ ബോധവാന്മാരല്ല. ഹോട്ടലിലെ ഭക്ഷണത്തില്‍ രുചിക്കുവേണ്ടി ചേര്‍ക്കുന്നവ ദോഷകരമാണെന്ന് ആളുകള്‍ക്കറിയാം. പക്ഷേ, എത്രപേര്‍ ഹോട്ടലില്‍ പോകാതെയിരിക്കും. ചെറിയ ദോഷങ്ങളൊക്കെ സഹിക്കാന്‍ ആളുകള്‍ തയ്യാറാണ്. പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോഴുള്ള ദോഷത്തിന്റെ വ്യാപ്തി ആളുകളെ മനസിലാക്കിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. ആളുകള്‍ ഇത് മനസിലാക്കുകയും പേടിക്കുകയും ചെയ്താല്‍ ഇവിടെ പലതും അലങ്കോലപ്പെടും. പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചാല്‍ വ്യാപാരി വ്യവസായികള്‍ സമരം ചെയ്ത് അത് തിരികെക്കൊണ്ടുവരും. അത്രയ്ക്ക് ഉത്തരവാദിത്തമേ എല്ലാവര്‍ക്കുമുള്ളു.

പ്ലാസ്റ്റിക് വളരെ സൗകര്യപ്രദമാണ്. അക്കാര്യം തള്ളിക്കളയാനാകില്ല. പ്ലാസ്റ്റിക്കിന്റെ കണ്ടുപിടിത്തം ഒരു വിപ്ലവം തന്നെയാണ്. നമുക്ക് അതിന്റെ ഉപയോഗം കുറയ്ക്കാനാകും. പലവ്യഞ്‌ന സാധങ്ങള്‍ ഒക്കെ പ്ലാസ്റ്റിക് കവറിലാണ് ലഭിക്കുന്നത്. ഇതിന്റെ ഉപയോഗം കുറച്ചാല്‍ത്തന്നെ വലിയൊരു മാറ്റമുണ്ടാക്കാന്‍ സാധിക്കും. പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ടുള്ള കടകള്‍ ഒക്കെയായി വിപ്ലവകരമായ മാറ്റമുണ്ടാകാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് അവരുടെ വ്യക്തിപരമായ യോഗ്യതയെയാണ് കാണിക്കുന്നത്.

സമുദ്രത്തില്‍ ഉദ്ദേശം 150 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉണ്ടെന്നാണ് കണക്ക്. | Photo: Gettyimage

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ ഞാന്‍ തീരുമാനിക്കുമ്പോള്‍ ആഗോളതലത്തിലുള്ള ഒരു ആശയം തന്നെയായിരുന്നു എന്റെ മനസില്‍ ഉണ്ടായിരുന്നത്. മീനുകളുടെ വയറ്റില്‍ പ്ലാസ്റ്റിക്, സമുദ്രത്തില്‍ പ്ലാസ്റ്റിക് നിറയുന്നു, ആനയുടേയും പശുവിന്റെയും ഒക്കെ വയറ്റില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ എത്തുന്നുകയും അവയ്ക്ക് പ്രശ്‌നം ഉണ്ടാവുകയും ചെയ്യുന്നു, മണ്ണില്‍ പാലിന്റെ പ്ലാസ്റ്റിക് കവറുകളെല്ലാം അടിഞ്ഞുകൂടി വെള്ളം പോകാത്ത അവസ്ഥയുണ്ടാകുന്നു. പലതും ഇനി വരാനിരിക്കുന്നതേ ഉള്ളൂ. ഇങ്ങനെ എന്തുമാത്രം പ്രശ്‌നങ്ങളാണ് പ്ലാസ്റ്റിക് ഉണ്ടാക്കുന്നത്. നമ്മുടെ ഭാഗത്ത് നിന്നും കുറച്ചെങ്കിലും കര്‍മ്മ പരിപാടി ചെയ്യുകയാണെങ്കില്‍ കുറച്ചുകൂടി നല്ല വ്യവസ്ഥ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.

പ്ലാസ്റ്റിക് കവറാണെങ്കില്‍ തുണികള്‍ കൈയിലെടുത്ത് കൊണ്ടുപോകും, ആളുകള്‍ ഇതുകണ്ട് ചിരിക്കും

സ്റ്റീല്‍ സ്‌ട്രോ ഒക്കെ ഉപയോഗിക്കുന്നവരെ കളിയാക്കുന്ന ഒരു പ്രവണതയുണ്ട്. ഇത്തരം കളിയാക്കലുകള്‍ മനുഷ്യസഹജമാണ്. അവര്‍ കണ്ടിട്ടില്ലാത്ത കാര്യങ്ങളെ പരിഹസിക്കാനുള്ള പ്രവണത. പണ്ട് തുണിക്കടയില്‍ പോകുമ്പോള്‍ പ്ലാസ്റ്റിക് കവര്‍ ആണെങ്കില്‍ ഞാന്‍ വാങ്ങില്ല. തുണികള്‍ കൈയിലെടുത്ത് കൊണ്ടുപോകും. ഇത് കണ്ട് ആളുകള്‍ ചിരിക്കുന്നത് കണ്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് ബുക്ക് വാങ്ങാനായി പോയ സമയത്ത് പ്ലാസ്റ്റിക് കവര്‍ തന്നപ്പോള്‍ വേണ്ട അല്ലാതെ കൊണ്ടുപൊയ്‌ക്കോളാം എന്ന് പറഞ്ഞു. അപ്പോള്‍ അവിടുത്തെ പെണ്‍കുട്ടി കവര്‍ ഫ്രീയാണെന്ന് പറഞ്ഞു. ഫ്രീ ആയതുകൊണ്ടല്ല, വേണ്ടാത്തതുകൊണ്ടാണെന്ന് പറഞ്ഞു. കുഴപ്പമില്ലെന്ന് കുട്ടി ആവര്‍ത്തിച്ചു. എനിക്ക് കുഴപ്പം ഉണ്ടെന്നും ഞങ്ങള്‍ വീട്ടിലിത് ഉപയോഗിക്കില്ലെന്നും ഞാന്‍ പറഞ്ഞു. സൗജന്യം പറ്റുന്നത് താത്പര്യം ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ വാങ്ങാത്തതാണെന്നാവും അവര്‍ ചിന്തിച്ചിട്ടുണ്ടാവുക. അവര്‍ക്കത് മനസിലാകുന്നില്ല.

'2, @' ഉപയോഗിക്കാനാകാത്ത കീബോര്‍ഡ്, പ്ലാസ്റ്റിക് കവര്‍ നല്‍കാത്ത കടയിലെ ചേട്ടന്‍

ഇ-വേസ്റ്റ് വളരെയധികം ആപത്കരമാണ്. എന്റെ ടൈപ്പിങ് കീബോര്‍ഡില്‍ ഇടയ്ക്ക് വെള്ളം വീണ് '2' എന്ന കീ ചീത്തയായിട്ട് മൂന്ന് വര്‍ഷമാകുന്നു. ഇതുവരെ കീബോര്‍ഡ് മാറ്റിയിട്ടില്ല. '@' ടൈപ്പ് ചെയ്യണമെങ്കില്‍ ജീ മെയില്‍ ഓപ്പണ്‍ ചെയ്തിട്ട് കോപ്പി പേസ്റ്റ് ചെയ്യണം. അവര്‍ക്ക് കാര്യം അറിയാമെങ്കിലും പല കൂട്ടുകാരും കളിയാക്കാറുണ്ട്. ഇപ്പോള്‍ അവര്‍ കളിയാക്കാറില്ല. 'ഇ വേസ്റ്റ്' ഒരെണ്ണം ഒഴിവാക്കാമല്ലോ എന്ന ചിന്തയാണ് എനിക്ക്. ചെറിയൊരു അധ്വാനം മതിയല്ലോ. ഇനിയും കുറച്ചുകൂടി മുന്നോട്ട് പോകുമ്പോള്‍ കീ ബോര്‍ഡ് മാറ്റേണ്ടിവരും.

ബിജിബാല്‍, ബിജിബാൽ പങ്കുവെച്ച കീ ബോർഡിന്റെ ദൃശ്യം | PHOTO: Mathrubhumi, Facebook/Bijibal

എന്റെ വീട്ടിലെ എല്ലാവരും ഇപ്പോള്‍ പ്ലാസ്റ്റിക് ഉപയോഗം കുറവാണ്. സ്റ്റുഡിയോയില്‍ ഏറ്റവും അടുപ്പമുള്ളവര്‍ ഇപ്പോള്‍ പ്ലാസ്റ്റിക് കൊണ്ടുവരാറില്ല. അവരൊക്കെ ചെറിയ രീതിയിലെങ്കിലും മാറി ചിന്തിക്കാന്‍ തുടങ്ങി. ഇവിടേയ്ക്ക് പലഹാരം കൊണ്ടുവരുന്നെങ്കില്‍ പോലും ന്യൂസ് പേപ്പറിലോ കടലാസ് പൊതിയിലോ പൊതിഞ്ഞ് കൊണ്ടുവരാന്‍ തുടങ്ങി. വീടിനടുത്തുള്ള കടയിലെ ഖാദറിക്ക ഇവിടുന്ന് ആര് സാധനം മേടിച്ചാലും 'ബിജിച്ചേട്ടന്‍ സമ്മതിക്കില്ല' എന്ന് പറഞ്ഞ് കവര്‍ കൊടുക്കാതിരിക്കും. ആ ഒരു വൈബ് ആളുകള്‍ക്കുണ്ട്.

പേപ്പര്‍ കപ്പുകളിലൊക്കെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. പ്ലാസ്റ്റിക്ക് അല്ലല്ലോ എന്ന് പറഞ്ഞ് പകരം ഇത്തരം വസ്തുക്കള്‍ കൊണ്ടുവരികയാണ്. ഇതിന് പിന്നിലുള്ള കാഴ്ചപ്പാടാണ് മാറ്റേണ്ടത്. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ മനസിലാക്കി ചെയ്യുകയാണ് വേണ്ടത്. ഇതൊക്കെ പറഞ്ഞാലും നമ്മള്‍ ഉപയോഗിക്കുന്ന സാധനങ്ങളില്‍ ഒക്കെത്തന്നെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കാണാം. നമുക്ക് പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കാന്‍ സാധിക്കില്ല. ഞാന്‍ വായിക്കുന്ന കീ ബോര്‍ഡ് പ്ലാസ്റ്റിക് ആണ്. അതിന് പകരം മറ്റൊരു മാര്‍ഗമില്ല. അതാണ് മറ്റൊരു പ്രശ്‌നം. ഇത്തരം വസ്തുക്കള്‍ പരമാവധി ഉപയോഗിക്കുക എന്നതാണ് ആകെയൊരു പരിഹാരം. എനിക്ക് ചെടി വളര്‍ത്തല്‍ ഒരു ശീലമായിട്ടില്ല. നല്ല തൈകള്‍ പറമ്പില്‍ നടാറുണ്ട്. ചെടികളെക്കാളും മരത്തിന്റെ തൈകളാണ് നട്ടുവളര്‍ത്താറുള്ളത്. കായ്ഫലം ലഭിക്കുന്ന, ഭാവിയില്‍ ഉപയോഗപ്രദമായവ നടാറുണ്ട്.

പാട്ടും പരിസ്ഥിതിയും കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കുന്ന യുവതലമുറ

2011-ല്‍ മാതൃഭൂമിയുടെ കപ്പ ടിവിയില്‍ ഞങ്ങള്‍ ഒരു പരിപാടി ചെയ്തിരുന്നു. എന്റെ ബാന്റാണ് പരിപാടി ചെയ്തത്. എല്ലാ പാട്ടുകളും പരിസ്ഥിതിയെക്കുറിച്ചായിരുന്നു. പ്ലാസ്റ്റിക് എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും മണ്ണും മരവും പുഴയുമൊക്ക സംരക്ഷിക്കേണ്ടതിനെക്കുറിച്ചായിരുന്നു പാട്ടുകള്‍.

പുതിയ തലമുറ കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കുന്നുണ്ട്. അവരെ ബോധവത്കരിക്കാന്‍ വളരെ എളുപ്പമാണ്. പഴയ തലമുറയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കാന്‍ കുറച്ച് പ്രയാസമാണ്. പുതിയ തലമുറയെ പ്ലാസ്റ്റിക്കിന്റെ ഒക്കെ ദൂഷ്യവശങ്ങള്‍ പറഞ്ഞുമനസിലാക്കാം. അവര്‍ ഇക്കാര്യത്തെക്കുറിച്ച് ബോധവാന്മാരാണ്. കൂടുതല്‍പേരും ഇതിനെക്കുറിച്ച് അറിയുന്നവരാണ്. ഗതികേട് കൊണ്ട് പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരുണ്ട്.

ബ്രഹ്മപുരത്ത് തീ കത്തുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് യുവതലമുറ ഗൂഗിള്‍ ചെയ്ത് നോക്കും. അവര്‍ക്ക് കാര്യങ്ങള്‍ അറിയാം. തീ കത്തുമ്പോള്‍ ഏതൊക്കെ വാതകങ്ങളാണ് പുറന്തള്ളപ്പെടുന്നത് എന്നൊക്കെ അവര്‍ പരിശോധിക്കും. എയര്‍ പ്യൂരിറ്റി പരിശോധിക്കുന്ന ആപ്പ് ഉപയോഗിക്കുന്നവരുമുണ്ട്. എത്ര നാളെടുക്കും ഇതൊക്കെ മാറാന്‍ എന്നും കുട്ടികള്‍ നോക്കുന്നുണ്ട്. ഇവരില്‍ നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

Content Highlights: music director bijibal about his fight against plastic and his practice

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented