സിനിമയിലെ വില്ലനാണ് കിഷോര്‍, ജീവിതത്തില്‍ തനി പരിസ്ഥിതി സ്നേഹിയും കര്‍ഷകനും


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

3 min read
Read later
Print
Share

ചമയങ്ങളഴിച്ചു വച്ചാല്‍ കിഷോര്‍ കുമാറിന്റെ ജീവിതം പരിസ്ഥിതിയുമായി ഇണങ്ങിയ ഒരു കർഷകന്റേതായി മാറും. കൂട്ടിവച്ചതും  കടം വാങ്ങിയതുമായ പണം കൊണ്ടാണ് ഭൂമി വാങ്ങിയത്

കിഷോർ കുമാർ, ഭാര്യ വിശാലാക്ഷി പദ്മനാഭൻ മക്കൾ രുന്ദ്ര, വാലി എന്നിവർക്കൊപ്പം കിഷോർ കുമാർ

വെള്ളിത്തിരയിലെ വില്ലന്‍ വേഷങ്ങളിലൂടെ പരിചിതമായ മുഖമാണ് കിഷോര്‍ കുമാറിന്റേത്. തിരുവമ്പാടി തമ്പാന്‍, അച്ചാ ദിന്‍, പുലിമുരുഗന്‍, മിഖായേല്‍, എരിഡ, പോര്‍ക്കളം, ആടുകളം, വട ചെന്നൈ തുടങ്ങി നൂറോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയത് പ്രേക്ഷകരുടെ കയ്യടി നേടിയ അഭിനേതാവാണ് കിഷോര്‍. ചമയങ്ങളഴിച്ചു വച്ചാല്‍ കിഷോര്‍ കുമാറിന്റെ ജീവിതം പരിസ്ഥിതിയുമായി ഇണങ്ങിയ ഒരു കർഷകന്റേതായി മാറും. ബെംഗളൂരു നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ മാറി ബന്നാര്‍ഘട്ട ദേശീയ ഉദ്യാനത്തിന് സമീപമുള്ള ഒരു പുരയിടവും എട്ടേക്കര്‍ ഭൂമിയുമാണ് കിഷോറിന്റെ ലോകം.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം ഏറെ കാലം മനസ്സില്‍ സൂക്ഷിച്ച മോഹമായിരുന്നുവെന്നും തന്റെ ഏറ്റവും നല്ല തിരഞ്ഞെടുപ്പായിരുന്നുവെന്ന് കിഷോര്‍ പറയുന്നു. താനൊരു പരിസ്ഥിതി പ്രവര്‍ത്തകനല്ല എന്ന ആമുഖത്തോടെയാണ് കിഷോര്‍ കുമാര്‍ സംസാരിച്ചു തുടങ്ങിയത്. "പലര്‍ക്കും അവരാഗ്രഹിക്കുന്ന പോലെ ജീവിക്കാനുള്ള ഭാഗ്യം ലഭിക്കാറില്ല, എനിക്കത് സാധിച്ചുവെന്ന് മാത്രം", കിഷോര്‍ പറയുന്നു.

സിനിമയിലെ വില്ലന്‍ വേഷങ്ങളിലാണ് മലയാളികള്‍ക്ക് താങ്കളെ പരിചയം. താങ്കളുടെ വ്യക്തിജീവിതത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. പ്രകൃതിയോടും കൃഷിയോടുമുള്ള താത്പര്യം എവിടെ നിന്നാണ് ലഭിച്ചത്?

സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ ഞാന്‍ തിരഞ്ഞെടുത്തതല്ല, അതെന്നെ തേടിയെത്തിയതാണ് (ചിരിക്കുന്നു). പക്ഷേ അതെല്ലാം ഞാന്‍ ആസ്വദിക്കുന്നുവെന്ന് അടിവരയിടുന്നു. പ്രകൃതിയോടിണങ്ങിയുള്ള ജീവിതം എന്റെ തിരഞ്ഞെടുപ്പായിരുന്നു. വളരെ പതിയെയായിരുന്നു ഈ യാത്ര. എന്റെ മുത്തച്ഛന് കൃഷിയില്‍ വലിയ താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെ കൃഷി സ്ഥലത്ത് കുട്ടിക്കാലത്ത് ഞാന്‍ പോകാറുണ്ടായിരുന്നു. അവിടെ ഞാനെന്റെ നായയുമായി പോകുകയും മുത്തച്ഛന്‍ ജോലി ചെയ്യുന്നത് നോക്കിയിരിക്കുന്നതും പതിവായിരുന്നു. ക്രമേണ എന്റെയുള്ളിലും മണ്ണിനോടുള്ള പ്രണയം മൊട്ടിട്ടു. കോളേജ് കാലഘട്ടത്തില്‍ ഞാന്‍ വായിച്ചതും പഠിച്ചതുമായ സാഹിത്യകൃതികളിലെല്ലാം പ്രകൃതി വര്‍ണനകള്‍ ധാരാളമുണ്ടായിരുന്നു. കാരണം കന്നടയിലെ ഒരുപാട് സാഹിത്യപ്രതിഭകള്‍ പശ്ചിമഘട്ടത്തോട് ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ ജനിച്ചവരാണ്. അവരുടെ എഴുത്തുകളില്‍ പ്രകൃതി സ്വാഭാവികമായും കടന്നുവരും. എന്റെ അമ്മ നന്നായി വായിക്കുമായിരുന്നു. അമ്മ എനിക്കു പരിചയപ്പെടുത്തിയ പുസ്തകങ്ങളും ഇതേ വിഭാഗത്തില്‍പ്പെട്ടതായിരുന്നു. ഇതെല്ലാം എന്നില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

ആ യാത്രയെക്കുറിച്ച് പങ്കുവയ്ക്കാമോ? എത്രത്തോളം സാഹസികത നിറഞ്ഞതായിരുന്നു?

ബെംഗളൂരു സിറ്റിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ്. ഭൂമി വാങ്ങിക്കുന്ന സമയത്ത് അവിടെ കാര്യമായ ചെടികളോ മരങ്ങളോ യാതൊന്നും തന്നെയുണ്ടായിരുന്നില്ല. ബന്നാര്‍ഘട്ട ദേശീയ ഉദ്യാനത്തിനടുത്തുള്ള പ്രദേശത്തിന്റെയടുത്ത് എന്നത് തന്നെയായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു. വെള്ളത്തിന് ബുദ്ധിമുട്ടുവരാനുള്ള സാധ്യത വളരെ കുറവായിരിക്കും.

കൂട്ടിവച്ചതും കടം വാങ്ങിയതുമായ പണം കൊണ്ടാണ് ഭൂമി വാങ്ങിയത്. പതിയെ പതിയെയാണ് അതെല്ലാം വീട്ടിയത്. ആദ്യത്തെ രണ്ടു വര്‍ഷങ്ങള്‍ എനിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഒഴിവ് സമയങ്ങളില്‍ ഒരു പ്രേതത്തേ പോലെ ഞാന്‍ അവിടെ ചുറ്റിത്തിരിഞ്ഞു. സത്യത്തില്‍ അത് ആവശ്യമായിരുന്നു കാരണം. ഭൂപ്രദേശത്തെക്കുറിച്ചും മണ്ണ്, ജലസ്ത്രോതസ്സ് എന്നിവയെക്കുറിച്ച് മനസ്സിലാകണമെങ്കില്‍ അല്‍പ്പം സമയമെടുക്കും. ഭൂമിയില്‍ പണിയെടുക്കാനും സഹായത്തിനുമായി അധികം ആളുകളൊന്നും തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. ആദ്യം മരങ്ങള്‍ വയ്ച്ചു പിടിച്ചു. പിന്നീട് വീടു വയ്ച്ചു. കല്ല്, ഓട്, മരം, മണ്ണ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആവസ്യത്തിന് മാത്രം സൗകര്യമുള്ള വീടാണ് വച്ചത്. പലരും എന്നെ എതിര്‍ത്തു. പല കോണുകളിലും നിന്ന് എതിര്‍പ്പുണ്ടായിരുന്നു. വലിയ റിസ്‌കാണ് എടുക്കുന്നത് എന്നും മറ്റുമാണ് അവര്‍ പറഞ്ഞത്. എന്നാല്‍ എന്റെ ആഗ്രഹം അത്രയും ആഴത്തിലായിരുന്നു. അതില്‍ നിന്ന് പിന്‍മാറാന്‍ എനിക്ക് സാധിച്ചില്ല.

താങ്കളുടെ ഭാര്യ വിശാലാക്ഷി പദ്മനാഭന്‍ കര്‍ഷകരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ്, അവരുടെ പ്രവര്‍ത്തനങ്ങളെന്തൊക്കെയാണ്

ദീര്‍ഘനാളത്തെ പരിചയത്തിന് ശേഷമാണ് ഞാനും വിശാലാക്ഷിയും വിവാഹിതരായത്. ഞങ്ങള്‍ ഇരുവരുടെയും ചിന്തകളും ആശയങ്ങളും ഏതാണ്ട് സമാനമാണ്. എന്റെ മേഖല അഭിനയമാണെങ്കില്‍ വിശാലാക്ഷിയുടേത് സാമൂഹ്യപ്രവര്‍ത്തനമാണ്. കോര്‍പറേറ്റ് ജോലിയെല്ലാം ഉപേക്ഷിച്ചാണ് വിശാലാക്ഷി അതിലേക്ക് ഇറങ്ങിത്തിരിച്ചത്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കര്‍ഷകരെ ഏകോപിപ്പിക്കുന്ന ദ ബഫല്ലോ ബാക്ക് കളക്ടീവ് എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകയാണ്. കാര്‍ഷിക വിഭവങ്ങളും അവ ഉപയോഗിച്ചുണ്ടാക്കുന്ന അനുബന്ധ വില്‍പ്പന്നങ്ങളും വിറ്റഴിക്കാന്‍ കര്‍ഷരെ സഹായിക്കുക എന്നത് ദ ബഫല്ലോ ബാക്ക് കളക്ടീവിന്റെ ഉദ്യമങ്ങളിലൊന്നാണ്.

വിശാലാക്ഷി പദ്മനാഭന്‍

പ്രകൃതി താങ്കളെ പഠിപ്പിച്ച പാഠമെന്താണ്?

പ്രകൃതിയാണ് നമ്മുടെ ഏറ്റവും നല്ല വര്‍ക്കിങ് പാട്ണര്‍ എന്ന് ഞാന്‍ പറയും. അതൊരിക്കലും നമ്മെ ജഡ്ജ് ചെയ്യില്ല. നാം കൊടുക്കുന്നതിന്റെ പതിന്‍മടങ്ങ് തിരിച്ചു നല്‍കും എന്നാണ് എനിക്ക് തോന്നിയത്. ഭൗതികതലത്തിലല്ല, ആത്മീയമായി. പ്രവൃത്തി പരിചയം ഒന്നും ഇല്ലാതെയാണ് ഞാന്‍ ഇതിലേക്ക് ഇറങ്ങി ചെന്നത്. കൃഷി ചെയ്യുമ്പോള്‍ ഒരുപാട് സമയം ചെലവഴിക്കേണ്ടി വരും. എനിക്കത് സാധിക്കുമോ എന്നൊന്നും അറിയില്ലായിരുന്നു. എന്നാല്‍ സ്വാഭാവികമായി എന്റെ ജീവിതരീതിയുമായി അത് ഇഴ ചേര്‍ന്നു.

പ്രകൃതിയ്ക്ക് നമ്മളെ ആവശ്യമില്ല. നമുക്ക് പ്രകൃതിയെയാണ് ആവശ്യം. നമ്മള്‍ എന്തെങ്കിലും പ്രകൃതിയ്ക്ക് നല്‍കിയാല്‍ പ്രകൃതി നമുക്കും അത് മടക്കിത്തരും. മരം വെട്ടുന്നതിന് ഞാന്‍ എതിരൊന്നുമല്ല. എന്നാല്‍ ആവശ്യത്തിനായിരിക്കണം, ആര്‍ത്തിക്കുവേണ്ടിയാകരുത്. ഒരു മരം മുറിയ്ക്കേണ്ടി വന്നാല്‍ കുറഞ്ഞത് പകരമായി ഒരു മരം നട്ടുവളര്‍ത്തണം. കഴിഞ്ഞ തലമുറ ബാക്കി വച്ചതും, അവര്‍ പ്രകൃതിയ്ക്ക് നല്‍കിയതുമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. നമ്മളും എന്തെങ്കിലും നല്‍കണം. നല്ല വായുവും വെള്ളവും എല്ലാവരും അര്‍ഹിക്കുന്നു. പ്രകൃതി ദിനത്തില്‍ എനിക്ക് പ്രത്യേക സന്ദേശമൊന്നും പറയാനില്ല.

Content Highlights: Actor Kishore Kumar g, Farming, wife vishalakshi padmanabhan, buffalo back, Nature lover, Bengaluru

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented