പ്രതീകാത്മക ചിത്രം | Photo-PTI
1972 സ്റ്റോക്ക്ഹോമില്‍ നടന്ന യു.എന്‍. പരിസ്ഥിതി സമ്മേളനത്തിലാണ് എല്ലാ വര്‍ഷവും ജൂണ്‍ അഞ്ച് ലോകപരിസ്ഥിതി ദിനമായി ആചരിക്കാന്‍ തീരുമാനിക്കുന്നത്. .എന്നാല്‍ അതിനും ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1968-ലാണ് ദിനാചരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. ആ വര്‍ഷം ഡിസംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ ഇരുപത്തിമൂന്നാമത്തെ സമ്മേളനത്തില്‍ സ്വീഡന്റെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം നയതന്ത്ര പ്രതിനിധിയായിരുന്ന സ്വേര്ക്കര് ആസ്ട്രോമിന്റെ നേതൃത്വത്തില്‍ മനുഷ്യനും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്ന പേരില്‍ ഒരു പ്രമേയം അവതരിപ്പിക്കപ്പെട്ടു. ഈ പ്രമേയം യുഎന്‍ പൊതു സഭ ഐകകണ്ഠ്യേന പാസാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 1972 ജൂണ്‍ 5 മുതല്‍ 16 വരെ സ്വീഡനിലെ സ്റ്റോക്ഹോമില് മനുഷ്യ പരിസ്ഥിതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം ചേരുന്നത്.
അന്ന് സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച സുപ്രധാന രേഖ ഒരേ ഒരു ഭൂമി എന്നതായിരുന്നു. ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ദ്ധയായ ബാര്‍ബറ വാര്‍ഡ്, അമേരിക്കന്‍ മൈക്രോ ബയോളജിസ്റ്റായ റെനേ ഡൂബോസ് എന്നിവര്‍ തയ്യാറാക്കി അവതരിപ്പിച്ച ആ രേഖ പ്രഖ്യാപിച്ചത് - ഈ ഭൂമി പോയ തലമുറകളില്‍ നിന്ന് നമുക്ക് പൈതൃകമായി കിട്ടിയ സ്വത്തല്ല. ഭാവി തലമുറകളില്‍ നിന്ന് നാം കടം വാങ്ങിയതാണ് എന്നായിരുന്നു. ഇന്ന് 50ാം വാർഷികത്തിലേക്കെത്തുമ്പോൾ ഒരേ ഒരു ഭൂമി എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശവും.
.jpg?$p=0b415db&w=610&q=0.8)
പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക, പൊതുസമൂഹത്തിലും രാഷ്ട്രീയ നേതൃത്വത്തിലും ഇത്തരം പ്രശ്നങ്ങളുടെ പ്രാധാന്യം എത്തിക്കുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
അമൃതദേവിയുടെ ജീവത്യാഗം
രാജ്യത്ത് ആദ്യമായി പരിസ്ഥിതി പ്രവര്‍ത്തകരായി രേഖപ്പെടുത്തിയത് ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലെ ബിഷ്നോയി വിഭാഗക്കാരെയാണ്. ഇവരുടെ പരിസ്ഥിതി സ്നേഹവുമായി ബന്ധപ്പെട്ട് പ്രശസ്തമായ ഒരു കഥയുണ്ട്. ഖേജ്രി മരങ്ങള്‍ നിറഞ്ഞ രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ ഖെജാര്‍ലി ഗ്രാമത്തില്‍ എ ഡി 1730 സെപ്റ്റംബറില്‍ നടന്ന സംഭവമാണിത്. മാര്‍വാറിലെ മഹാരാജാ അഭയ് സിങിന്റെ ഭരണത്തിലായിരുന്നു അന്ന് ഗ്രാമം. അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ബിഷ്നോയി വിഭാഗക്കാര്‍ പവിത്രമായി കണ്ടിരുന്ന ഖേജ്രി മരങ്ങള്‍ മുറിച്ച് കത്തിക്കാന്‍ തീരുമാനിച്ചു. ഇതിനായി മഹാരാജാവിന്റെ മന്ത്രി ഗിരിധര്‍ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗ്രാമത്തിലെത്തി.
.jpg?$p=ba16ed1&w=610&q=0.8)
ഈ സമയം ഗ്രാമവാസിയായ അമൃതദേവിയുടെ നേതൃത്വത്തിൽ വിശ്വാസികള്‍ മരങ്ങളെ കെട്ടിപ്പിടിച്ചു നിന്ന് അവ മുറിച്ച് മാറ്റുന്നത് തടയാന്‍ തുടങ്ങി. ഒരു മനുഷ്യന്റെ തലയ്ക്കു പകരം ഒരു മരംവച്ച് സംരക്ഷിച്ചാ പോലും അതൊരു വലിയ കാര്യമാണെന്ന് പറഞ്ഞുകൊണ്ട് അമൃത ദേവിയും അവരുടെ മൂന്ന് പെണ്മക്കളും അടക്കം 365 മനുഷ്യ ജീവനുകള്‍ മരങ്ങളെ സംരക്ഷിക്കുവാന്‍ ബലിയാടായത്. ആ രക്ത ചൊരിച്ചിലില്‍ സ്തംഭിച്ച് പോയ മഹാരാജാ അഭയ് സിംഗ് മരങ്ങള്‍ വെട്ടിമാറ്റുന്നത് അവസാനിപ്പിച്ചു. നൂറ്റാണ്ടുകള്‍ക്ക് ശേഷം, ഈ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് 1970 ഹിമാലയത്തിലെ മണ്ഡല് ഗ്രാമത്തില്‍ മരങ്ങള്‍ വെട്ടിമാറ്റുന്നത് തടയാന്‍ ചിപ്കോ പ്രസ്ഥാനം അഥവാ ചിപ്കോ ആന്ദോളന് രൂപപ്പെട്ടത്. ചിപ്കോ എന്നാൽ കെട്ടിപിടിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്.
ഭരണഘടനയില്‍ തുടങ്ങുന്ന ഇന്ത്യന്‍ പരിസ്ഥിതി സംരക്ഷണം
1972 സ്റ്റോക്ഹോം വിജ്ഞാപനത്തിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാവുന്നത്. സ്റ്റോക്ഹോം സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പങ്കെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായി പല രാജ്യങ്ങള്‍ക്കും ഒപ്പം ഇന്ത്യയിലും പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ വന്നു തുടങ്ങി. 1970-കളിലെ സൈലന്റ് വാലി പദ്ധതിക്കെതിരെ നടന്ന ജനകീയ മുന്നേറ്റങ്ങളെ അംഗീകരിക്കാനും പദ്ധതി ഉപേക്ഷിക്കാനും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് പ്രചോദനമായത് സ്റ്റോക്ഹോം സമ്മേളനവും പിന്നാലെ വന്ന നിയമങ്ങളുമാണ്. മറ്റൊരു പ്രധാന കാര്യം ഇന്ത്യയിലെ പരിസ്ഥിതി നിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമായാണ് രൂപപ്പെട്ടിരിക്കുന്നത് എന്നതാണ്.
- പരിസ്ഥിതിയെയും പ്രകൃതിയെയും ജീവജാലങ്ങളെയും കരുതുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നു ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 51 (ജി) എ അനുശാസിക്കുന്നു.
- 1976 നടപ്പാക്കിയ 42ാം ഭരണഘടനാ ഭേദഗതി അനുച്ഛേദം 48 എ അനുസരിച്ച് പരിസ്ഥിതിയെ നിരന്തരം മെച്ചപ്പെടുത്തി വനങ്ങളുടെ സംരക്ഷണവും വന്യജീവികളുടെ സുരക്ഷയും ഉറപ്പാക്കുന്നതില്‍ രാജ്യം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതാണ്. അനുച്ഛേദം 21 മൗലിക അവകാശങ്ങളുടെ പട്ടികയി ഉള്‍പ്പെടുത്തി മാന്യമായി ജീവിക്കാനുള്ള അവകാശം ഉറപ്പു തരുന്നു. 2010ൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ വരുന്ന പരാതികളില്‍ തീര്‍പ്പു കല്പിക്കാനും ആവശ്യമായ ശിക്ഷാ നടപടികളും നഷ്ടപരിഹാരങ്ങളും നിശ്ചയിക്കാനുമായി ഒരു ദേശീയ ഹരിത ട്രിബ്യൂണലും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം രൂപീകരിക്കപ്പെട്ടു.
- ഭരണകൂട നയരൂപീകരണത്തിനു വേണ്ടിയുള്ള മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ പരിസ്ഥിതിയെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും രാജ്യത്തെ വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം എന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണവും വനപരിപാലനവും സംസ്ഥാനത്തിന്റെ ചുമതലകളാക്കി കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
- 1972 വന്യജീവി സംരക്ഷണ നിയമവും 74-ല്‍ ജല മലിനീകരണത്തിവും ഇന്ത്യയില്‍ നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടു.
- 1980-ല്‍ വനസംരക്ഷണ നിയമം പാസാക്കുകയും പരിസ്ഥിതി വകുപ്പ് രൂപീകരിക്കുകയും ചെയ്തു.1984-ലെ ഭോപാല്‍ ദുരന്തത്തിനു ശേഷമാണ് ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണത്തിനെതിരായ ശക്തമായ നിയമം രൂപപ്പെട്ടത്. 1985 പരിസ്ഥിതി വനം മന്ത്രാലയമായി വിപുലീകരിക്കപ്പെട്ടു.
.jpg?$p=a02abd4&w=610&q=0.8)
തുടര്‍ന്ന് 1994 പാരിസ്ഥിതികാഘാത പഠനവും നിര്‍ബന്ധിതമാക്കി. 1986 പരിസ്ഥിതി സംരക്ഷണ നിയമവും ചട്ടങ്ങളും 1991 പബ്ലിക് ലയബിലിറ്റി ഇന്‍ഷ്വറന്‍സ് നിയമവും, 1994 പരിസ്ഥിതി ആഘാത നിര്‍ണയ നോട്ടിഫിക്കേഷനും, 1995 നാഷണ എന്‍വയോണ്‍മെന്റ ട്രൈബ്യൂണൽ ആക്റ്റും, 1997 നാഷണ എന്‍വയോണ്‍മെന്റ് അപ്പെലറ്റ് അതോറിറ്റിയും, 2001 ഊര്‍ജ സംരക്ഷണ നിയമം, പരിസ്ഥിതി ആഘാത പഠന(2002)വും ജൈവ വൈവിധ്യ ആക്റ്റ് പിന്നീടു വന്നു.
നേട്ടങ്ങളും ലക്ഷ്യങ്ങളും
ലോക പരിസ്ഥിതി ദിനം അഞ്ച് പതിറ്റാണ്ടിലെത്തി നില്ക്കുമ്പോള് രാജ്യവും മുന്നോട്ട് തന്നെയാണ്. 2020-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജൈവേതര സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ശേഷി ഇപ്പോള്‍ ഏകദേശം 38 ശതമാനമായിട്ടുണ്ട്. ഏപ്രില്‍ 2020 മുതല്‍ രാജ്യം ഭാരത് 6 ഇന്ധന നിലവാരത്തിലേയ്ക്ക് മാറിക്കഴിഞ്ഞു. ഇത് യൂറോ 6 ഇന്ധന നിലവാരത്തിനു തുല്യമാണ്. 2030 ഇന്ത്യയുടെ പ്രകൃതി വാതക വിഹിതം 15 ശതമാനത്തിലെത്തിക്കാന്‍ പരിശ്രമിച്ചുവരികയാണ്.
.jpg?$p=852623b&w=610&q=0.8)
ഹൈഡ്രജനെ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള ദേശീയ ഹൈഡ്രജന്‍ ദൗത്യം തുടങ്ങി കഴിഞ്ഞു. പിഎം കുസും എന്ന പേരി ഉചിതവും വികേന്ദ്രീകൃതവുമായ മാതൃകാ സൗരോര്‍ജ്ജ ഉത്പാദന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷമായി ഇന്ത്യയിലെ കാടുകളുടെ വിസ്തൃതി ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. സിംഹം, പുലി, കടുവ, കുളക്കോഴി എന്നിവയുടെ എണ്ണവും വര്‍ധിച്ചു.
ഗ്ലാസ്ഗോ ഉച്ചകോടി 2021 പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ രാജ്യം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങള്‍. സിഒപി 26 ഉച്ചകോടിയിലെ പഞ്ചാമൃതം എന്ന പേരില്‍ ഇന്ത്യ ലക്ഷ്യമിടുന്ന അഞ്ച് നിര്‍ദേശങ്ങളാണ് ഇതിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.
1) 2030 ആകുമ്പോഴേക്കും ഫോസില്‍ ഇതര ഇന്ധന ഉത്പാദനം 500 ജിഡബ്ല്യു വര്‍ധിപ്പിക്കും.
2) 2030 ആകുമ്പോഴേക്കും ഇന്ത്യ പുനരുപയോഗ ഊര്‍ജം 50% വര്‍ദ്ധിപ്പിക്കും.
3) കാര്‍ബണ്‍ പുറന്തള്ള 1 ബില്യണ്‍ ടണ്‍ കുറയ്ക്കും.
4) കാര്‍ബണ്‍ 40% ആയി കുറയ്ക്കും.
5) 2070 ഓടെ സീറോ എമിഷന്‍ എന്ന ലക്ഷ്യം കൈവരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..