2019ലെ ഉരുൾപൊട്ടലിനുശേഷം കവറപ്പാറയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: മധുരാജ് (Photo: Madhuraj)
ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്ക് കൊടുങ്കാറ്റ് കവരുന്ന മേല്‍ക്കൂര, ഉമ്മറപ്പടി കടന്നെത്തുന്ന മലവെള്ളം, മണ്ണിനടിയിലാകുന്ന ജീവനുകള്‍... കേരളം ഈ സംഭവങ്ങളില്‍ വിറങ്ങലിച്ചുനില്ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായി. വര്‍ഷാവര്‍ഷം വിരുന്നെത്തുന്ന ദുരിതപ്പെയ്ത്തും പ്രളയവും ബാക്കിവയ്ക്കുന്നതു പെറുക്കിക്കൂട്ടി വേണം അവര്‍ക്ക് പുതിയ ജീവിതത്തിലേക്ക് കാലൂന്നാന്‍. അതിനു ചിലപ്പോള്‍ സ്വന്തം മണ്ണും പ്രിയപ്പെട്ടതൊക്കെയും ഉപേക്ഷിച്ച് പുതിയ കരയിലേക്ക് കുടിയേറേണ്ടിവരും! കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളില്‍ ഒന്നാണ് കാലാവസ്ഥാ കുടിയേറ്റം.
2008-ല്‍ മാത്രം ലോകത്താകെ 2 കോടി ജനങ്ങളാണ് കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് അഭയാര്‍ഥികളായത്. ഇത് 20 കോടിയാവാന്‍ അധിക കാലം വേണ്ടിവരില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കടലാക്രമണം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വരള്‍ച്ച തുടങ്ങി പ്രകൃതി ദുരന്തങ്ങള്‍ കാരണം ഇന്ത്യയ്ക്കകത്തും ആളുകള്‍ സ്വന്തം നാടുപേക്ഷിച്ച് മറ്റുസ്ഥലങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങിക്കഴിഞ്ഞു. 2020ല്‍ മാത്രം മൂന്ന് ചുഴലിക്കൊടുങ്കാറ്റുകളാണ് രാജ്യത്തെ ആയിരക്കണക്കിനുപേരെ ഭവനരഹിതരാക്കിയത്.
.jpg?$p=27f6399&w=610&q=0.8)
സൂര്യതാപവും പ്രളയവുമടക്കം 2020-21 വര്‍ഷത്തില്‍ ആറായിരത്തോളം കുടുംബങ്ങള്‍ക്ക് വീടുപേക്ഷിച്ചുപോകേണ്ടിവന്നു. പശ്ചിമബംഗാളിലെ സുന്ദര്ബന്സിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്കും കാലാവസ്ഥാ കുടിയേറ്റങ്ങള്‍ നടക്കുന്നതായി സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ളൂസീവ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ് ഡയറക്റ്റര്‍ ബിനോയ് പീറ്റര്‍ വ്യക്തമാക്കുന്നു. കേരളത്തിനകത്തും കാലാവസ്ഥാ കുടിയേറ്റങ്ങള്‍ കൂടി വരികയാണ്. കുട്ടനാടാണ് ഇതില്‍ പ്രധാനം. സമുദ്രനിരപ്പില്‍ നിന്ന് രണ്ട് മീറ്റര്‍താഴെ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചതുപ്പുപ്രദേശമായ കുട്ടനാട്ടില്‍ കാലാവസ്ഥാ വ്യതിയാനം കാര്‍ഷികവൃത്തിയെ അപ്പാടെ ബാധിച്ചു. കൃഷിയോഗ്യമല്ലാത്ത പാടങ്ങളും എപ്പോള്‍ വേണമെങ്കിലും പേമാരി കവര്‍ന്നേക്കാവുന്ന കിടപ്പാടങ്ങളുമുപേക്ഷിച്ച് കുട്ടനാട്ടുകാരും കുടിയേറ്റം തുടങ്ങിക്കഴിഞ്ഞു.
എന്താണ് കാലാവസ്ഥാ കുടിയേറ്റം?
പെട്ടെന്നോ ദീര്ഘകാലകാലമായോ ഉണ്ടാകുന്ന കാലാവസ്ഥാ പ്രശ്നങ്ങളെ തുടര്‍ന്ന് സ്ഥലവും വീടും ഉപേക്ഷിച്ച് ജനങ്ങള്‍ക്ക് മറ്റു സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടി വരുന്നതാണ് കാലാവസ്ഥാ കുടിയേറ്റം. വരള്‍ച്ച, മരുഭൂമിവല്‍ക്കരണം, സമുദ്രനിരപ്പ് ഉയരുന്നത്, ചുഴലിക്കൊടുങ്കാറ്റ്, അസ്വാഭാവികമായ കാലാവസ്ഥ തുടങ്ങിയവ കാരണം വര്‍ഷങ്ങളായി താമസിച്ചുവരുന്ന പ്രദേശങ്ങളില്‍ താമസിക്കാന്‍ കഴിയാതെ വരികയും കൃഷിചെയ്യാന്‍ പറ്റാതിരിക്കുകയും ചെയ്യുന്നതോടെ കിടപ്പാടം വിട്ടിറങ്ങാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു. ഇതോടെ താല്‍ക്കാലികമായോ സ്ഥിരമായോ ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റപ്പെടുന്നു. പ്രകൃതി ചൂഷണവും അതിനെ തുടര്‍ന്ന് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും വിരല്‍ചൂണ്ടുന്ന സുപ്രധാന വിഷയമാണ് കാലാവസ്ഥാ കുടിയേറ്റം.
.jpg?$p=6f0159f&w=610&q=0.8)
ലോകം മറക്കുന്ന അഭയാര്‍ഥികള്‍
ആരാണ് കാലാവസ്ഥാ കുടിയേറ്റക്കാര്‍? അമേരിക്കന്‍ പരിസ്ഥിതി വിധഗ്ദനായ ലെസ്റ്റര്‍ ബ്രൗണ്‍ 1976ലാണ് പരിസ്ഥിതി അഭയാര്‍ഥികള്‍ (Environmental Refugees) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. പരിസ്ഥിതി അഭയാര്ഥികളിലെ ഒരു വിഭാഗമാണ് കാലാവസ്ഥാ അഭയാര്‍ഥികള്‍ (Climate Refugees). എന്നാല്‍ ലോകരാജ്യങ്ങളോ ഐക്യരാഷ്ട്രസഭയോ ഇവരെ ഇനിയും അഭയാര്‍ഥികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രണ്ടാം ലോകമഹായുദ്ധാനന്തരം ഉരുത്തിരിഞ്ഞുവന്ന 'അഭയാര്‍ഥി' എന്ന വാക്കില്‍ ഇനിയും കാലാവസ്ഥാ അഭയാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടില്ല. അന്താരാഷ്ട്ര കുടിയേറ്റ നിയമത്തിലും കാലാവസ്ഥാ കുടിയേറ്റക്കാരെ കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്ക് അഭയാര്‍ഥി നിയമത്തിന്റെ സംരക്ഷണവും നിഷേധിക്കപ്പെടുന്നു.
ഇന്റേണല്‍ ഡിസ്പ്ലേസ്മെന്റ് മോണിറ്ററിങ് സെന്ററിന്റെ കണക്കുകള്‍ പ്രകാരം 2019ല്‍ മാത്രം ലോകത്ത് വിവിധ രാജ്യങ്ങള്‍ക്കകത്ത് 7 ദശലക്ഷം പേര്‍ക്കാണ് കഠിനമായ കാലാവസ്ഥ കാരണം കിടപ്പാടംവിട്ട് പോകേണ്ടിവന്നത്. ഇതേ കാലയളവില്‍ യുദ്ധവും മറ്റും കാരണം അഭയാര്ത്ഥികളായവരുടെ എണ്ണത്തിന്റെ ഇരട്ടിയോളം വരുമിത്. ഏഷ്യ-പസിഫിക് മേഖലയില്‍ 2010-11 വര്‍ഷങ്ങളില്‍ 42 ദശലക്ഷത്തോളം പേര് കിടപ്പാടം ഉപേക്ഷിച്ചു. കാലാവസ്ഥാ അഭയാര്‍ത്ഥികളില്‍ 80 ശതമാനത്തോളം പേര് സ്ത്രീകളാണെന്ന് ബിബിസിയുടെ 2018 ലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ അഭയാര്‍ഥികള്‍
2020 ല്‍ മാത്രം 3,856,000 പേര്‍ക്കാണ് ഇന്ത്യയില്‍ പാരിസ്ഥിക പ്രശ്നങ്ങള്‍ കാരണം മറ്റിടങ്ങളിലേക്ക് കുടിയേറേണ്ടി വന്നതെന്ന് ഇന്റേണല്‍ ഡിസ്പ്ലേസ്മെന്റ് മോണിറ്ററിങ് സെന്ററിന്റെ കണക്കുക്കള്‍ പറയുന്നു. യുണൈറ്റഡ് നേഷന്റെ പഠനമനുസരിച്ച് ലോകത്ത് കാലാവസ്ഥാ പ്രശ്നങ്ങള്‍ തീവ്രമായി ബാധിക്കുന്ന ഏഴാമത്തെ രാജ്യമാണ് ഇന്ത്യ. ഗംഗ, ബ്രഹ്മപുത്ര പോലുള്ള നദികള്‍ കാലാകാലങ്ങളായി കരകവിഞ്ഞൊഴുകി പ്രളയത്തിന് കാരണമാകാറുണ്ട്. എന്നാല്‍ മനുഷ്യന്റെ ഇടപെടലും കാലാവസ്ഥാ മാറ്റവും കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയാണ്. രണ്ട് വര്‍ഷത്തിനിടെ നാല് ചുഴലിക്കൊടുങ്കാറ്റുകളോട് പൊരുതേണ്ടിവന്ന പശ്ചിമബംഗാളിലെ സുന്ദര്ബന്സിലെ ഗോരുമാറ, മൂസുനി ദ്വീപുകള്‍ പൂര്‍ണമായി ഒഴിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ഇവ രണ്ടും വാസയോഗ്യമല്ലാതായി മാറിക്കഴിഞ്ഞു.
.jpg?$p=c58b103&w=610&q=0.8)
പുനരധിവാസം പോയിട്ട് പഠനങ്ങള്‍ പോലുമില്ല- ബിനോയ് പീറ്റര്‍
കാലാവസ്ഥാ അഭയാര്‍ഥികളായി കേരളത്തിലേക്കും ആളുകള്‍ എത്തുന്നുണ്ട്. ഇവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ പഠനങ്ങള്‍ പോലും കുറവാണെന്ന് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ളൂസീവ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ് ഡയറക്റ്റര്‍ ബിനോയ് പീറ്റര്‍ വ്യക്തമാക്കുന്നു.

''കേരളത്തിലേക്ക് പ്രധാനമായും എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ് കാലാവസ്ഥാ പ്രശ്നങ്ങള്‍ കാരണം ആളുകള്‍ എത്തുന്നത്. തമിഴ്നാട്, കര്‍ണാടക, പശ്ചിമബംഗാള്‍, അസാം, ഒറീസ, ജാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍ പ്രദേശ് എന്നിവ.ഇതില്‍ പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി സ്ഥിതിചെയ്യുന്ന സുന്ദര്‍ബന്‍സ് ആണ് കാലാവസ്ഥാ പ്രതിസന്ധി നേരിടുന്ന പ്രധാന സ്ഥലം. ഒഡീഷയിലെ കേന്ദ്രപറ ജില്ലയില്‍ നിന്ന് നിരവധി കുടുംബങ്ങളാണ് വര്‍ഷാവര്‍ഷം കടല്‍നിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് മറ്റു പ്രദേശങ്ങളിലേക്ക് താമസം മാറുന്നത്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ പുറംകടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളില്‍ ഏറെയും പശ്ചിമബംഗാളിലെ സുന്ദര്ബന്സില് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്. കുടിയേറി കേരളത്തിലെത്തി നിര്മ്മാണപ്രവര്ത്തകരാകുന്ന നിരവധി തൊഴിലാളികളാണ് ഓരോ വര്‍ഷവും മരണപ്പെടുന്നത്. എന്നാല്‍, കുടിയേറ്റക്കാരുടെ പ്രശ്നങ്ങളില്‍ കൃത്യമായ പഠനങ്ങളോ ഇവര്‍ക്ക് ആവശ്യമായ സാമൂഹ്യ സുരക്ഷിതത്വമോ നല്കുന്നതില് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര ശദ്ധ നല്‍കാറില്ല. ഇത്തരം വലിയ പ്രശ്നങ്ങളിലേക്കാണ് കാലാവസ്ഥാ കുടിയേറ്റങ്ങള്‍ വിരല്‍ ചൂണ്ടുന്നത്."
പെരുമ്പാവൂര്‍, ബേപ്പൂര്‍, പുതിയാപ്പ, പൊന്നാനി തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ ജോലിചെയ്യുന്നതായും സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ളൂസീവ് ഡെവലപ്മെന്റിന്റെ മറൈന്‍ ഫിഷിങ് എന്ന ലേഖനത്തിൽ പറയുന്നു.
.jpg?$p=2a363fe&w=610&q=0.8)
കൂടൊഴിയുന്ന കുട്ടനാട്
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ 62 ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് കുട്ടനാട്. വേമ്പനാട്ടുകായല്‍ ചതുപ്പിനോട് ചേര്‍ന്നുകിടക്കുന്ന, രാജ്യത്തെ തന്നെ രണ്ടാമത്തെവലിയ ചതുപ്പുപ്രദേശമാണിത്. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. നെല്ലാണ് കുട്ടനാട്ടിലെ പ്രധാന കൃഷി. എന്നാല്‍, പ്രളയം, പേമാരി, ഉപ്പുവെള്ളം, മടവീഴ്ച തുടങ്ങി ദുരന്തങ്ങള്‍ താങ്ങാന്‍ കഴിയാതെ കൃഷിയുപേക്ഷിച്ച് വീടൊഴിഞ്ഞ് ഇന്നാട്ടുകാര് മറ്റിടങ്ങളിലേക്ക് കുടിയേറാന്‍ ആരംഭിച്ച് കഴിഞ്ഞു. 2019-ല്‍ പ്രളയം കവര്‍ന്ന കവളപ്പാറയിലും പുത്തുമലയിലും വീടുനഷ്ടമായവരുടെ പുനരധിവാസം പോലും ഇനിയും പൂര്‍ത്തിയായിട്ടില്ല. പ്രകൃതി എപ്പോള്‍ എങ്ങനെ പെരുമാറുമെന്നറിയാതെ ഈ പ്രദേശങ്ങളിലെ താമസമവസാനിപ്പിച്ച് പലരും മലയിറങ്ങിക്കഴിഞ്ഞു. കേരളം നേരിടാനിരിക്കുന്ന മറ്റൊരു പാരിസ്ഥിതിക പ്രത്യാഘാതത്തിന്റെ സൂചനയാണിത്.
ഉത്തരമില്ലാതാകുന്ന കുടിയിറക്കലുകള്‍
പരിസ്ഥിതി സംരക്ഷണം പോലെ, പ്രകൃതി ദുരന്തങ്ങളെ ചെറുക്കുന്നതുപോലെ അനിവാര്യമാണ് കാലാവസ്ഥാ വ്യതിയാനം തെരുവിലാക്കുന്നവരുടെ പുനരധിവാസം. ലോകത്തിന്റെ അഭയാര്ഥിപ്പട്ടികയില് കൃത്യമായി ഉള്‍പ്പെട്ടിട്ടില്ലാത്ത, അഭയാര്‍ഥി നിയമസംരക്ഷണത്തിനകത്ത് പെടാതെ പുറത്തുനില്‍ക്കുന്ന കാലാവസ്ഥാ അഭയാര്‍ഥികളുടെ പ്രശ്നങ്ങള്‍ ദേശീയ അന്തര്‍ദേശീയ ശ്രദ്ധ അനിവാര്യമായ വിഷയമാണ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലമാണ് ഇത്തരം കുടിയേറ്റങ്ങള്‍ കൂടുതലായി നടക്കുന്നതെങ്കിലും അഭയാര്‍ഥികളാകുന്നവരുടെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ഇന്ത്യയ്ക്കകത്ത് ഇത്തരത്തില്‍ അഭയാര്ഥികളാകുന്നവരിലേറെയും മത്സ്യത്തൊഴിലാളികളും പരമ്പരാഗത കര്‍ഷകത്തൊഴിലാളികളും അടങ്ങുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. അതിഥി തൊഴിലാളികള്‍ എന്ന വിഭാഗത്തില്‍ മാത്രം ഇവര്‍ ഉള്‍പ്പെടുന്നതോടെ ഇത്തരം കുടിയേറ്റങ്ങളുടെ യഥാര്‍ഥ കാരണവും പലപ്പോഴും കൃത്യമായി രേഖപ്പെടുത്തുന്നില്ല. ഇവര്‍ നാടും വീടും പരമ്പരാഗത തൊഴിലുകളും ഉപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്കെത്തിപ്പെടുന്നു. ഇതില്‍ കേരളത്തിലെത്തുവരില് ഭൂരിഭാഗം പേരും നിര്‍മ്മാണത്തൊഴിലിന്റെ ഭാഗമാകുന്നു. കേരളത്തിലും ഇവര്‍ക്ക് പാരിസ്ഥിതിക ആഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു. പ്രകൃതി ദുരന്തബാധിത പ്രദേശങ്ങളിലെ താമസവും ജീവിതവും മറ്റിടങ്ങളിലും ഇവര്‍ക്ക് ശാശ്വതമായ പുനരധിവാസം സാധ്യമാക്കാതെ വരുന്നു...
'കാലാവസ്ഥ വ്യതിയാനം ലോകത്തെയാകെ ബാധിക്കുന്നുണ്ട്. എന്നാല്‍ എല്ലാവരെയും ഇത് ഒരുപോലെയല്ല ബാധിക്കുന്നത്' ഐക്യരാഷ്ട്രസഭയുടെ മുന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഒരിക്കല്‍ പറഞ്ഞ ഈ വാക്കുകള്‍ ഏറെ ശ്രദ്ധയോടെ ലോകം കണക്കിലെടുക്കേണ്ടിയിരിക്കുന്നു!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..