പുല്ലും പാഴ്‌ചെടികളും വളര്‍ന്നിരുന്ന തരിശുനിലം, താഴേക്ക് വിരല്‍ചൂണ്ടി ബാലേട്ടന്‍;മുന്നില്‍ നിബിഡവനം


എഴുത്തും ചിത്രങ്ങളും:മധുരാജ്‌

ബിര്‍ച്ചും ഓക്കും തണല്‍വിരിച്ച താഴ്‌വരയില്‍ മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും മെല്ലെ തിരിച്ചുവന്നു. ഒപ്പം മനുഷ്യജീവിതവും. മരങ്ങള്‍കൊണ്ട് ഒരു മനുഷ്യന്‍ തന്റെ കൊച്ചുലോകത്തെ സ്വര്‍ഗമാക്കിയതിന്റെ ദൃക്സാക്ഷിവിവരണമായിട്ടാണ് ഈ കഥ വികസിക്കുന്നത്. ഐശ്വര്യപൂര്‍ണമായ ഒരു ഗ്രാമം വരുംതലമുറയ്ക്ക് കൈമാറി വാര്‍ധക്യത്തിലും ആരാലും അറിയപ്പെടാതെ അയാള്‍ മരണംവരെ തന്റെ ദൗത്യം തുടര്‍ന്നു.

ഈ നിൽക്കുന്ന ചുടിയൻമലയും താഴ്‌വാരവും പണ്ട് വെറും തരിശായിരുന്നു. പുല്ലും പാഴ്‌ച്ചെടികളും ഒറ്റപ്പെട്ട കരിമ്പനകളും മാത്രം വളർന്നിരുന്ന വെറും തരിശുനിലം...’’ ബാലേട്ടൻ താഴേക്ക് വിരൽചൂണ്ടി. പച്ചപുതച്ച ഒരു വനം മുന്നിൽ അനാവൃതമായി. ആനയും വന്യമൃഗങ്ങളും വിഹരിക്കുന്ന ഒരു നിബിഡവനം!

പ്രപഞ്ചത്തിന്റെ അപാരചൈതന്യത്തില്‍ ലയിച്ചിരിക്കുന്ന ആ മനുഷ്യനെ നോക്കിനില്‍ക്കുമ്പോള്‍ ആല്‍പ്സ് പര്‍വതത്തിന്റെ ചെരിവിലൂടെ ആടുമേച്ച് ഒരാള്‍ എന്റെ മനസ്സിലേക്ക് നടന്നുവന്നു. എന്നോ വായിച്ച ലോകപ്രശസ്ത കഥ 'മരംനട്ട മനുഷ്യനി'ലെ ആട്ടിടയന്‍. ആല്‍പ്സിന്റെ താഴ്‌വാരത്തില്‍ ഏകനായി മരംനട്ടുപിടിപ്പിച്ച എല്‍സിയേര്‍ഡ് ബുഫിയര്‍. ഭാര്യയും ഏകമകനും മുമ്പേ മരണപ്പെട്ട് ഏകാകിയായിരുന്നു ഇയാള്‍. രണ്ട് ലോകയുദ്ധങ്ങള്‍ക്കിടയില്‍ രാജ്യങ്ങള്‍ രണ്ടായിപ്പിരിഞ്ഞ് പരസ്പരം കൊന്നുകൊലവിളിച്ച് ഭൂമി ഒരു മരുപ്പറമ്പാക്കിയ നാളുകളില്‍ എല്‍സിയേര്‍ഡ് ബോഫിയര്‍ എന്ന നിരക്ഷരന്‍ നിശ്ശബ്ദനായി ആല്‍പ്സ് പര്‍വതത്തിന്റെ ഊഷരമായ ചെരിവുകളില്‍ മരംനടുകയായിരുന്നു. ഏതോകാലത്ത്, ജീവിതം അസാധ്യമായ നാളുകളില്‍ മനുഷ്യര്‍ ഉപേക്ഷിച്ചുപോയ ആ തരിശുഭൂമിയില്‍ വര്‍ഷങ്ങള്‍കൊണ്ട് മെല്ലെ അരുവികള്‍ പുനര്‍ജനിച്ചു.

ബിര്‍ച്ചും ഓക്കും തണല്‍വിരിച്ച താഴ്‌വരയില്‍ മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും മെല്ലെ തിരിച്ചുവന്നു. ഒപ്പം മനുഷ്യജീവിതവും. മരങ്ങള്‍കൊണ്ട് ഒരു മനുഷ്യന്‍ തന്റെ കൊച്ചുലോകത്തെ സ്വര്‍ഗമാക്കിയതിന്റെ ദൃക്സാക്ഷിവിവരണമായിട്ടാണ് ഈ കഥ വികസിക്കുന്നത്. ഐശ്വര്യപൂര്‍ണമായ ഒരു ഗ്രാമം വരും തലമുറയ്ക്ക് കൈമാറി വാര്‍ധക്യത്തിലും ആരാലും അറിയപ്പെടാതെ അയാള്‍ മരണംവരെ തന്റെ ദൗത്യം തുടര്‍ന്നു. ആധുനികനാഗരികത വാരിപ്പുണരുന്ന വിനാശകരമായ സംസ്‌കാരത്തിനെതിരേ പ്രകൃതിയുടെ വഴി തിരഞ്ഞെടുത്താല്‍ മാത്രമേ മനുഷ്യരാശിക്ക് അതിജീവനം സാധ്യമാകൂ എന്നുപറയുന്ന ഒരു അന്യാപദേശകഥ.

വന്യജീവികളെ ഭക്ഷണത്തിനായി കൂവിവിളിക്കുന്ന ബാലന്‍, വന്യജീവികള്‍ക്ക് കല്ലൂര്‍ ബാലന്‍ നല്‍കിയ പഴങ്ങള്‍ കാട്ടുതീയില്‍ തിന്നുന്ന കുരങ്ങന്‍

ഫ്രഞ്ച് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഷോണ്‍ ഷീനോ എഴുതി, 1953-ല്‍ പുറത്തുവന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രൂപപ്പെട്ട പരിസ്ഥിതിപ്രസ്ഥാനങ്ങളെ വൈകാരികമായി ഏറെ സ്വാധീനിച്ചു. ബാലേട്ടനെ അങ്ങനെ നോക്കിനില്‍ക്കുമ്പോള്‍ എല്‍സിയേര്‍ഡ് ബോഫിയര്‍ എന്ന വൃദ്ധനായ ആട്ടിടയന്‍ മരിച്ചിട്ടില്ല എന്നുതോന്നി...

''ഈ നില്‍ക്കുന്ന ചുടിയന്‍മലയും താഴ്‌വാരവും പണ്ട് വെറും തരിശായിരുന്നു. പുല്ലും പാഴ്ച്ചെടികളും ഒറ്റപ്പെട്ട കരിമ്പനകളും മാത്രം വളര്‍ന്നിരുന്ന വെറും തരിശുനിലം...'' ബാലേട്ടന്‍ താഴേക്ക് വിരല്‍ചൂണ്ടി. പച്ചപുതച്ച ഒരു വനം മുന്നില്‍ അനാവൃതമായി. ആനയും വന്യമൃഗങ്ങളും വിഹരിക്കുന്ന ഒരു നിബിഡവനം! പുലര്‍വെയിലേറ്റ് കാട്ടിലെ മരത്തലപ്പുകള്‍ തിളങ്ങി. സാന്ദ്രമായ നേര്‍ത്ത നീരാവിയുടെ പുതപ്പിനുതാഴെ, ആലസ്യത്തോടെ ചുരുണ്ടുറങ്ങുകയാണ് ആരണ്യകം... ചീവീടുകളുടെ ഇടതടവില്ലാത്ത സിംഫണിയില്‍ പേരറിയാത്ത പലതരം പക്ഷികളുടെ കൂജനങ്ങള്‍... പ്രാവുകളുടെ കുറുകല്‍... ആ പറുദീസയില്‍ പ്രകൃതിയുടെ പ്രഭാതഭേരിക്കുമീതെ, മയിലുകളുടെ ഇണയെത്തേടിയുള്ള നീണ്ട വിളികള്‍ മുഴങ്ങി...

നൂറ് ഏക്കറിനുമീതെ വിസ്തൃതിയുള്ള ഈ കാട് ഒരു മനുഷ്യന്‍ വെച്ചുപിടിപ്പിച്ചതാണ് എന്നുപറഞ്ഞാല്‍ ആരു വിശ്വസിക്കും? പക്ഷേ, അതാണ് സത്യം. ആ മനുഷ്യനാണ് ഇപ്പോള്‍ കൂടെയുള്ളത്: ബാലേട്ടന്‍. കല്ലൂര്‍ ബാലന്‍ എന്ന് നാട്ടുകാര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന കല്ലൂരിലെ അരങ്ങാട്ടുവീട്ടില്‍ ബാലകൃഷ്ണന്‍. പച്ച ടീഷര്‍ട്ട്. അതേനിറത്തിലുള്ള ലുങ്കി. തലയില്‍ ഒരു പച്ച ബാന്‍ഡ്, ഇതാണ് ബാലേട്ടന്റെ സ്ഥിരം വേഷം. ബാലേട്ടന്‍ നമ്മള്‍ നില്‍ക്കുന്ന ഇടവും പരിസരവും ഒന്ന് പരിചയപ്പെടുത്തി. ''നാം നില്‍ക്കുന്ന ഈ ചുടിയന്‍മല അയ്യര്‍മലയുടെ ഭാഗമാണ്. പച്ചപുതച്ച അയ്യര്‍മല ജനവാസമേഖലയാണ്. എന്നാല്‍, ചുടിയന്‍മലയില്‍ ആള്‍വാസമില്ല. ഇതിനപ്പുറം, തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന കല്ലടിക്കോടന്‍ മല. ചുടിയന്‍ കാടായപ്പോള്‍ വന്യമൃഗങ്ങള്‍ പതിയെവന്ന് ഇവിടെ താമസംതുടങ്ങി. ആന, കുരങ്ങ്, പന്നി, മുള്ളന്‍പന്നി... അങ്ങനെ''. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ ഈ കാലത്ത്, ഊഹിക്കാലോ നാട്ടില്‍ എന്തു സംഭവിക്കുമെന്ന്. ജനങ്ങള്‍ പരാതിപ്പെട്ടു.

ബാലേട്ടനാണ് എല്ലാറ്റിനും കാരണമെന്ന്... പക്ഷേ, ആ വിമര്‍ശനങ്ങള്‍ക്ക് ബാലേട്ടന്‍ മറുപടിപറഞ്ഞു: ''ഈ ഭൂമി നമ്മുടെ മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും അമ്മയാണ്. അഭയവും ആവാസകേന്ദ്രവും. നാം ഒരു കാര്യം ഓര്‍ക്കണം; കാട്ടിന്റെ ആവാസവ്യവസ്ഥ മനുഷ്യന്‍ തകര്‍ത്തതുകൊണ്ടാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങിയത്. പ്രകൃതി മനുഷ്യനുനല്‍കുന്ന ശിക്ഷ. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ വീണ്ടും വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാന്‍ പോകുകയാണ്. അതിന് ഇടവരാതിരിക്കാനാണ് ഞാന്‍ മരംനട്ടത്.'' വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ ബാലേട്ടന്‍ ചെയ്യുന്ന മറ്റൊരു പ്രധാനകാര്യം കാട്ടിലേക്ക് അവര്‍ക്കുവേണ്ട ഭക്ഷണവും കുടിവെള്ളവും എത്തിക്കുകയെന്നതാണ്. അയ്യര്‍മലയിലെ വനപ്രദേശങ്ങളില്‍ പഴങ്ങളും കുടിവെള്ളവും ബാലേട്ടന്‍ നിത്യേന എത്തിക്കുന്നുണ്ട്, രാവിലെയും വൈകീട്ടും. മുണ്ടൂരിലെയും പാലക്കാട് മാര്‍ക്കറ്റിലെയും പഴക്കടകളില്‍നിന്ന് നിത്യേന ശേഖരിക്കുന്ന പഴങ്ങള്‍ (മാങ്ങ, വാഴപ്പഴം, ചക്ക, സപ്പോട്ട, ആപ്പിള്‍, മുന്തിരിങ്ങ, വത്തക്ക തുടങ്ങിയവ) കഴുകി വൃത്തിയാക്കി വണ്ടിയിലാക്കി എല്ലാ ദിവസവും കാട്ടിലെത്തിക്കുന്നു.

അയ്യര്‍മലയിലെ കാട്ടുവഴിയില്‍ ഒരു ഭക്ഷണ വിതരണം

പാലക്കാട് ജില്ലയിലെ മങ്കര പഞ്ചായത്തിലാണ് ചുടിയന്‍മല. പുലര്‍ച്ചെ നാലരയ്ക്ക് ഉണര്‍ന്നെണീറ്റ് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ബാലേട്ടന് ചിന്തിച്ചിരിക്കാന്‍ നേരമില്ല. കൈക്കോട്ടും കുട്ടയുമായി ചുടിയന്‍മലയിലേക്ക് ഒരു നടത്തം. ഈ മലയുടെ താഴ്‌വാരത്തിലാണ് ബാലേട്ടന്റെ വീട്. പുലര്‍വെട്ടംവീണ വഴിയില്‍ കരിമ്പനകള്‍ പൊഴിച്ച പനമ്പഴം ശേഖരിക്കുകയാണ് ആദ്യത്തെ ജോലി. പിന്നീട് മലയുടെ ഓരങ്ങളിലെ തിരിശുനിലങ്ങളില്‍ കുഴികുത്തി പനയുടെ വിത്തിട്ട് ബാലേട്ടന്‍ മെല്ലെ മലകയറുന്നു. മലയുടെ ഉച്ചിയില്‍ ബാലേട്ടന്‍ കുത്തിയ മഴക്കെട്ടുകളില്‍ വേനലിലും വറ്റാതെ ജലം. തവളകള്‍ക്കും ചെറുജീവികള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ആശ്വാസമാണവ. മലയുടെ പള്ളകളില്‍ കുഴികുത്തി ശ്രദ്ധാപൂര്‍വം വിത്തിറക്കാനുള്ള നേരംകൂടിയാണിത്. ആ നടത്തത്തിനിടയില്‍ ബാലേട്ടന്‍ ചില മരങ്ങളെ തൊടുന്നുണ്ട്; കുശലംപറയുന്നുണ്ട്, പാട്ടുപാടുന്നുണ്ട്... മലമുകളില്‍ പ്രഭാതസൂര്യന്റെ തിരനോട്ടത്തിനുള്ള നേരമായി. സൂര്യന്റെ ആദ്യകിരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ബാലേട്ടന്റെ യോഗയും ധ്യാനവും. കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന ദിനചര്യ.

തുടക്കം ഒരു ബൈക്കില്‍

2000-ലായിരുന്നു അത്. ഒരു ഇരുചക്രവാഹനത്തില്‍ ചെടികളും ഒരു കമ്പിപ്പാരയുമായി മഴയും വെയിലും മറന്ന് വഴിയോരങ്ങളില്‍ മരംനടുന്ന ഒരാളെ പലരും കണ്ടു. അവര്‍ പറഞ്ഞു, ഇയാള്‍ക്ക് പ്രാന്താണെന്ന്. 2011-ല്‍ സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് ഇയാളെ തേടിവന്നപ്പോള്‍ ആളുകളുടെ അഭിപ്രായം മെല്ലെ മാറിത്തുടങ്ങി. പക്ഷേ, ബാലേട്ടന്റെ 'പ്രാന്ത്' മാത്രം മാറിയില്ല. ചുടിയന്‍മലയുടെ ഓരങ്ങളില്‍ തുടങ്ങിയ ബാലേട്ടന്റെ ആ ഭ്രാന്തന്‍ യജ്ഞം മൂന്ന് ജില്ലകളിലേക്ക് വ്യാപിച്ചു. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍. പത്ത് വര്‍ഷംകൊണ്ട് പാലക്കാട് ജില്ലയിലെ ഒഴിഞ്ഞപ്രദേശങ്ങളിലും തൃശ്ശൂര്‍ ജില്ലയിലെ മെഡിക്കല്‍ കോളേജ് വരെ അത് നീണ്ടു (പാലക്കാട് ജില്ലയ്ക്ക് 2013-ല്‍ കേന്ദ്രത്തിന്റെ വനമിത്ര അവാര്‍ഡ് നേടിക്കൊടുത്തതില്‍ ബാലേട്ടന്റെ പങ്ക് ചെറുതല്ല). പാലക്കാട് ദേശീയപാതയിലും കല്ലടിക്കോട്, മുണ്ടൂര്‍ വഴിയോരങ്ങളിലും തണല്‍വീശി പച്ചവിരിച്ചുനില്‍ക്കുന്ന മരങ്ങള്‍ എന്നും ബാലേട്ടനെ സ്‌നേഹത്തോടെ ഓര്‍ക്കുന്നുണ്ടാകും. ''തനിച്ചും മറ്റ് സംഘടനകളുടെ സഹായത്തിലുമാണ് ഞാന്‍ ഇത് നടുന്നത്. വിളിച്ചാല്‍ ആളുകളുമായി പോകും. പലതരം വൃക്ഷങ്ങള്‍ - ആല്‍, അരയാല്‍, വേപ്പ്, ഉങ്ങ്. ഈ മരങ്ങള്‍ക്കാണ് മുന്‍ഗണന. അതിനുപുറമേ ഫലവൃക്ഷങ്ങളായ മാവ്, പ്ലാവ്, സപ്പോട്ട, നെല്ലി, ഞാവല്‍ തുടങ്ങിയവ. ഇപ്പോള്‍ പനയും തുടങ്ങിവെച്ചിട്ടുണ്ട്''.

കരിമ്പന വിത്തുകളുമായി ചുടിയൻ മലയിൽ കല്ലൂർ ബാലൻ | ഫോട്ടോ:മധുരാജ്‌

കരിമ്പനസംരക്ഷണം

''പാലക്കാടിന്റെ മുഖമുദ്രയാണ് കരിമ്പനകള്‍. പക്ഷേ, അത് നാശത്തിന്റെ വക്കിലാണ്.'' -ബാലേട്ടന്‍ പറയുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള ഒരു വലിയ ദൗത്യത്തിലാണ് അദ്ദേഹം. ''പനയുടെ ഇളനീരാണ് നൊങ്ങ്. ഒന്നിന് പത്തുരൂപയാണ് മാര്‍ക്കറ്റില്‍. ചിലപ്പോള്‍ ഇരുപത്തിയഞ്ചുവരെ പോകും. മനുഷ്യന് മാത്രമല്ല സകലജീവജാലങ്ങള്‍ക്കും ഭക്ഷണമാണ് അതിന്റെ മധുരമുള്ള ചാറ് (പറയുന്നതിനിടയില്‍ ബാലേട്ടന്‍ പനമ്പഴം കടിച്ച് മധുരം നുണയുന്നു). ചെറുപ്രായത്തില്‍ പട്ടിണിയും പരിവട്ടവുമായിനടന്ന കാലത്ത് ജീവന്‍ നിലനിര്‍ത്തിയത് ഈ പനമ്പഴമായിരുന്നു പനന്തടി വീടുകെട്ടാനും പനയോല പുരമേയാനും ഉപയോഗിച്ചിരുന്നു. മണ്ണിലെ ജലരാശിയെ നിലനിര്‍ത്താനുള്ള കഴിവ് ഇതിന്റെ വേരുകള്‍ക്ക് അപാരമാണ്. ഒരു പന ആയിരം ലിറ്റര്‍ ജലം ഭൂമിയില്‍ സംഭരിച്ചുവെക്കുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈസ് വലിച്ചെടുക്കാനുള്ള ശക്തി...'

സുഗതവനം

മരംനടല്‍ മാത്രമല്ല ബോധവത്കരണവും ബാലേട്ടന്‍ തന്റെ പരിസ്ഥിതിയജ്ഞത്തിന്റെ ഭാഗമായിക്കാണുന്നു. ബാലേട്ടന്റെ പിക്കപ്പ് വാന്‍ ഒരു വേറിട്ടകാഴ്ചയാണ്. ആഗോളതാപനവും സുഗതകുമാരി ടീച്ചറുടെ കവിതകളും തത്ത്വമസിയും ലഹരിക്കെതിരേയുള്ള തന്റെ നിലപാടുകളും വണ്ടിയില്‍ ചുവരെഴുത്തായിമാറുന്നു. കുട്ടികളോട് തന്റെ പരിസ്ഥിതിയനുഭവം പങ്കുവെക്കുന്നു. സുഗതകുമാരി ടീച്ചറുടെ പ്രവര്‍ത്തനങ്ങളും കവിതകളും വലിയ പ്രചോദനമായിക്കാണുന്ന ബാലേട്ടന്‍ ടീച്ചറുടെപേരില്‍ സ്‌കൂളുകളില്‍ നടപ്പാക്കിവരുന്ന പദ്ധതിയാണ് 'സുഗതവനം'. സ്‌കൂള്‍ കാമ്പസില്‍ കുട്ടികള്‍ക്കുവേണ്ടി ഒരു വനം.

ആ വലിയ ലക്ഷ്യത്തിലേക്ക്...

ഇതുകൊണ്ടുമാത്രം ബാലേട്ടന്‍ തൃപ്തനല്ല. ഇതുവരെ ഇരുപതുലക്ഷം മരമെങ്കിലും നട്ടുസംരക്ഷിച്ചിട്ടുണ്ട്. ''എങ്കിലും ഇനി വേഗത്തില്‍ വേണം. അതിന് ഒരു വണ്ടികൂടി വേണം. സാമ്പത്തികസഹായം വേണം. ഇത് പലരുടെയും ശ്രദ്ധയില്‍ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.'' -അദ്ദേഹം പ്രതീക്ഷയോടെ പറയുന്നു. മലപ്പുറം സ്വദേശികള്‍ നല്‍കിയ ഒരു ജീപ്പ്, ഇറാം മോട്ടോഴ്സ് എന്ന ബിസിനസ് ഗ്രൂപ്പ് നല്‍കിയ ഒരു പിക്ക് അപ്പ് വാന്‍. ഇതിലാണ് ബാലേട്ടന്റെ പതിവ് സഞ്ചാരം. സ്റ്റിയറിങ് ഈ എഴുപത്തിരണ്ടാം വയസ്സിലും ബാലേട്ടന്റെ കൈയില്‍ സുരക്ഷിതം. എന്നാല്‍, അത് പോരാ. കൂടുതല്‍പ്പേര്‍ പ്രകൃതിക്കുവേണ്ടി വളയംപിടിക്കണം. എന്നാലേ ആ വലിയ ലക്ഷ്യത്തിലേക്ക് വേഗം ഓടിച്ചെത്താന്‍ പറ്റൂ. നിശ്ചയദാര്‍ഢ്യത്തോടെ തന്റെ സ്വപ്നം വെളിപ്പെടുത്തുമ്പോള്‍ ബാലേട്ടന്റെ കണ്ണുകളില്‍ പ്രത്യാശയുടെ തിളക്കം. ''മരിക്കുംമുമ്പ് ഈ മണ്ണില്‍ ഒരു കോടി മരം നടണം.'' -വണ്ടിയില്‍ വിത്തും ജീവജാലങ്ങള്‍ക്ക് കഴിക്കാനുള്ള പഴങ്ങളും ശേഖരിച്ചുകഴിഞ്ഞപ്പോള്‍ എന്‍ജിന്‍ മുരണ്ടുതുടങ്ങി... കാടകത്ത് തന്നെ കാത്തിരിക്കുന്ന അനേകം ജീവജാലങ്ങള്‍.

അവരുടെ പശിയടക്കാനുണ്ട്. മണ്ണില്‍ കുഞ്ഞുവേരുകളുറപ്പിക്കാന്‍ തന്റെ പരിചരണം കാത്തുനില്‍ക്കുന്ന വൃക്ഷത്തൈകള്‍. അവയുടെ ക്ഷേമം അന്വേഷിക്കണം. കാണാത്ത ദൂരങ്ങളില്‍ പ്രതീക്ഷയോടെ നില്‍ക്കുന്ന തരിശിടങ്ങളെ പച്ചപുതപ്പിക്കാനുണ്ട്. ഇതിനെല്ലാം പുറമേ വേനലില്‍ ദാഹശമനിയായിനല്‍കുന്ന ബാലേട്ടന്റെ സംഭാരം പ്രസിദ്ധമാണ്. നാരകവും കറിവേപ്പിലയും ഔഷധയിലകളും അരച്ചുചേര്‍ത്ത് ഉണ്ടാക്കുന്നത്. വഴിയോരങ്ങളിലും ഉത്സവപ്പറമ്പുകളിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുദ്രാവാക്യം വിളിച്ച് കുഴഞ്ഞ തൊണ്ടകളിലും ബാലേട്ടന്‍ തണല്‍ച്ചില്ലയായി പടരുന്നു. രാവന്തിയോളം നീളുന്ന യജ്ഞം. കണ്ടുനില്‍ക്കുന്നവര്‍ തളര്‍ന്നാലും ബാലേട്ടന്‍ ക്ഷീണിക്കുന്നില്ല. ഈ ഉത്സാഹത്തിനുള്ള അംഗീകാരമായിട്ടാണ് 2011-ലെ കേരള സര്‍ക്കാരിന്റെ വനമിത്ര അവര്‍ഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ ബാലേട്ടനെ തേടിവന്നത്.

കോവിഡിന്റെ ഇരുണ്ടദിനങ്ങളില്‍...

ലോകം സ്തബ്ധമായ കോവിഡിന്റെ ഇരുണ്ടകാലത്തും ഒരു ദിവസംപോലും മുടങ്ങാതെ ബാലേട്ടന്‍ മരംനട്ടു. ജീവജാലങ്ങള്‍ക്ക് ഭക്ഷണം നല്‍കി. ''ഒട്ടേറെ സുമനസ്സുകളുടെ സഹായംകൊണ്ടാണ് അത് നടന്നത്. എന്നിട്ടും കുറെ കടംവന്നു. അഞ്ചുലക്ഷത്തോളം. മരുമകളുടെയും പേരക്കുട്ടികളുടെയും കഴുത്തിലെ സ്വര്‍ണം പണയംവെക്കേണ്ടിവന്നു. അത് എങ്ങനെയെങ്കിലും എടുത്തുകൊടുക്കണം (വര്‍ഷങ്ങള്‍ക്കുമുമ്പ് കടത്തില്‍ മുങ്ങി തന്റെ കൈവശമുണ്ടായിരുന്ന നാല്‍പ്പത് സെന്റ് ഭൂമിവിറ്റാണ് ബാധ്യതകളില്‍നിന്ന് ബാലേട്ടന്‍ കരകയറിയത്). ഒരു ദിവസം കടന്നുപോകാന്‍ നല്ല ചെലവുവരും. മിനിമം അഞ്ഞൂറുരൂപ ഡീസലിന് വേണം. ഞാന്‍ തനിച്ചല്ല പലപ്പോഴും കാര്യങ്ങള്‍ നടത്തുന്നത്. മരം നടാന്‍ സ്‌കൂളില്‍നിന്ന് കുട്ടികള്‍ വരും. അതുപോലെ പോലീസ് ക്യാമ്പില്‍നിന്നു പോലീസുകാര്‍... എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കണം. കുട്ടികള്‍ക്ക് പോക്കറ്റ് മണി. നടുംമുമ്പ് മെഷീന്‍വെച്ച് അടിക്കാട് വൃത്തിയാക്കാന്‍ മണിക്കൂറിന് നൂറ്റിയിരുപത്തിയഞ്ച് കൊടുക്കണം. നട്ടാല്‍ മാത്രം പോരല്ലോ, അവയെല്ലാം സംരക്ഷിക്കുകയും വേണ്ടേ...?''

നക്ഷത്രവനം

തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായ പിന്തുണതേടിയാണ് നക്ഷത്രവന പദ്ധതി ബാലേട്ടന്‍ നടപ്പാക്കുന്നത്. ജനിച്ച കുട്ടിയുടെ പേരില്‍ നക്ഷത്രവനം, മരിച്ചവരുടെപേരില്‍ സ്മൃതിവനം, സ്ഥാപനങ്ങളുടെപേരില്‍ പരസ്യവനം. മരംനടല്‍ മാത്രമല്ല അതിന്റെ സംരക്ഷണവും. ചെറിയ ഒരു തുക സംഭവന സ്വീകരിച്ചാണ് ബാലേട്ടന്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ആര്‍ക്കും സഹായിക്കാം (A.V. Balakrishnan, ഫോണ്‍: 9495385249, ബാങ്ക് Ac no. 10567719107, IFSC SBIN000 2237, SBI Mankara, kallur). കൂടുതല്‍ പേരുടെ ശ്രദ്ധയും സഹായവും തേടുകയാണ് ബാലേട്ടന്‍. ഒരു ദിവസം മൂന്നു പത്രമെങ്കിലും വായിക്കാതെ ഉറക്കമില്ല. വികസനത്തിന്റെപേരില്‍ നടപ്പാക്കുന്ന വിനാശകരമായ പദ്ധതികളെക്കുറിച്ച് ബാലേട്ടന് ചിലത് പറയാനുണ്ട്: ''ആവശ്യം, അനാവശ്യം, അത്യാവശ്യം. എന്നിങ്ങനെ മൂന്ന് കാര്യങ്ങളുണ്ട്. വിവാദമായ കെ-റെയില്‍ പദ്ധതി ഒരു അനാവശ്യമാണ്. കാരണം ധാരാളം പുതിയ പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനുപുറമേ വലിയ സാമ്പത്തികബാധ്യതയും ഇതുണ്ടാക്കും എന്നറിയുന്നു. അതുകൊണ്ട് ഈ പദ്ധതി ഉപേക്ഷിക്കാനുള്ള വിവേകം സര്‍ക്കാര്‍ കാട്ടണം. അതുപോലെ ഒരു പ്രദേശത്തെ സ്വാഭാവിക പച്ചപ്പുകള്‍ ഇല്ലാതാക്കി പ്രാദേശിക പരിസ്ഥിതിയെ നശിപ്പിക്കുന്നരീതിയില്‍ രാഷ്ട്രീയക്കാര്‍ക്ക് വോട്ടിനും തൊഴിലാളികള്‍ക്ക് വേതനത്തിനുംവേണ്ടി മാത്രമായി തൊഴിലുറപ്പ് പദ്ധതി മാറരുത്.''

താഴ്‌വാരത്തില്‍ നടാനുള്ള വിത്തുകളുമായി

ബാലേട്ടന്‍ എന്ന പോരാളി

1950-ല്‍ പാലക്കാട് മങ്കരയിലെ കല്ലൂര്‍ അരങ്ങാട്ട് വീട്ടില്‍ വേലു-കണ്ണമ്മ ദമ്പതിമാരുടെ മകനായി ജനിച്ച എ.വി. ബാലകൃഷ്ണന്‍ പത്താം ക്ലാസ് വരെ പഠിച്ചശേഷം അച്ഛന്റെ തൊഴിലായ കള്ളുവ്യാപാരത്തില്‍ ഇറങ്ങി. ചെറുപ്പത്തിലേ നാരായണഗുരുവിന്റെ ആശയസ്വാധീനത്തില്‍ വളര്‍ന്ന ബാലന് ആ മേഖലയോട് വെറുപ്പുതോന്നുക സ്വാഭാവികം. പിന്നീട് പല പണികള്‍ ചെയ്തു. നെല്ല്, കൊപ്ര, പലചരക്ക് വ്യാപാരം, വളം ഡിപ്പോ, ചുണ്ണാമ്പ് ചൂള... മുമ്പ് കൂടെയുണ്ടായിരുന്നവര്‍ കള്ളുവ്യാപാരം നടത്തി കോടീശ്വരന്മാരായപ്പോള്‍ ബാലേട്ടനും ഒരു ഒരു ലക്ഷപ്രഭുവായി. പണംകൊണ്ടല്ല, ലക്ഷക്കണക്കിന് മരങ്ങള്‍ വെച്ചുപിടിപ്പിച്ച്... ഭാര്യ: ലീല. മൂന്ന് മക്കള്‍: രാജേഷ്, രതീഷ്, രജനീഷ്. അവര്‍ക്ക് വിദ്യാഭ്യാസവും ജീവിക്കാനുള്ള ചുറ്റുപാടുകളുമായി എന്ന് ഉറപ്പായപ്പോള്‍ പ്രകൃതിക്കുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ഒരു തോന്നലുണ്ടായി. ആ പരിണാമത്തെക്കുറിച്ച് ബാലേട്ടന്‍ പറയുന്നത് ഇങ്ങനെ: ''അത് ഒരു ഉള്‍വിളിയായിരുന്നു. 2010-ല്‍ ഇടിഞ്ഞുപൊളിഞ്ഞ് ജീര്‍ണോദ്ധാരണം കഴിഞ്ഞ ക്ഷേത്രത്തില്‍ ആലും കൂവളവും വേപ്പും വെച്ചായിരുന്നു തുടക്കം. നല്ലൊരു ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ധാരാളം മാര്‍ഗതടസ്സങ്ങളുണ്ടാകും. ടെന്‍സിങ്ങും ഹിലാരിയും എവറസ്റ്റില്‍ എത്തിയത് മഞ്ഞുമലയിലെ ദുര്‍ഘടപാത താണ്ടിയാണ്. പ്രകൃതിയെ സംരക്ഷിച്ച്, വരുംതലമുറയ്ക്കു കൈമാറാനുള്ള എന്റെ യാത്രയില്‍ കുടുംബത്തില്‍നിന്നും സമുദായത്തില്‍നിന്നും നാട്ടുകാരില്‍നിന്നും ചിലര്‍ എതിര്‍പ്പുമായിവന്നു. അവരോട് ഞാന്‍ പറഞ്ഞു: 'നിങ്ങള്‍ കാറ്റിനെ പിടിച്ചുകെട്ടിക്കോളിന്‍, എന്നാല്‍, ബാലനെ നോക്കണ്ട. അതിന് ശ്രമിച്ചാല്‍ നല്‍കേണ്ട വില വലുതായിരിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെയും'. പിന്നീട് ആരും എന്നെ തടയാന്‍ വന്നില്ല.''

അയ്യര്‍മലയിലെ സായാഹ്നവഴികളില്‍ വരിവരിയായിനില്‍ക്കുന്ന ബാലേട്ടന്റെ ഉങ്ങുമരങ്ങള്‍. ഉടലിലും ഇലകളിലും ചുവന്ന വെയിലണിഞ്ഞ് അവ ജ്വലിച്ചുനിന്നു. ആ മരങ്ങള്‍ക്കിടയില്‍ മണ്ണില്‍ വേരാഴ്ത്തിയ ഒരു പേരാല്‍മരമായി ബാലേട്ടന്‍...

(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)

Content Highlights: about Kalloor Balan who is a true lover of nature

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented