ഗിന്നസ് റെക്കോഡ് നേടിയ സ്വാ ഡയമണ്ട്സിന്റെ മോതിരം | Photo: Special Arrangement
കോഴിക്കോട്: ഇന്ത്യയ്ക്ക് വീണ്ടും ലോകത്തിന്റെ കയ്യടി സ്വാ ഡയമണ്ട്സിലൂടെ.ലോകത്തില്‍ ഏറ്റവും കൂടുതല്‍ വജ്രം പതിപ്പിച്ച ഒറ്റമോതിരം എന്ന ഗിന്നസ് റെക്കോര്‍ഡ് ഇന്ത്യയില്‍ നിന്നുള്ള സ്വാ ഡയമണ്ട്സ് നേടിയത് ഏറെ പ്രാധാന്യത്തോടെ ലോക മാധ്യമങ്ങള്‍ ഏറ്റെടുത്തു. കേരളത്തിലെ മലപ്പുറം ഇന്‍കല്‍ എഡ്യുസിറ്റിയിലെ ഫാക്ടറിയിലാണ് സ്വാ ഡയമണ്ട്സ് മോതിരം നിര്‍മ്മിച്ചത്.
ഡയമണ്ട് ആഭരണ നിര്‍മ്മാണത്തില്‍ പ്രശസ്തമായ രാജ്യങ്ങളെ പിന്നിലാക്കി 24,679 വജ്രക്കല്ലുകള്‍ പതിപ്പിച്ച 'ദി ടച്ച് ഓഫ് ആമി' എന്ന ആ സ്വാ ഡയമണ്ട് മോതിരം നേടിയ റെക്കോര്‍ഡ് അത്ഭുതത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിഎന്‍എന്‍, ബിബിസി, ഫോക്സ് ന്യൂസ്, ബ്രൂട്ട്, വാഷിംഗ്ടണ്‍ എക്സാമിനര്‍ ഉള്‍പ്പെടെയുള്ള ആഗോള മാധ്യമങ്ങള്‍ ഈ ഇന്ത്യന്‍ നേട്ടത്തെ ലോകത്തിനു മുന്നില്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. സിഎന്‍എന്‍ അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ ഈ നേട്ടത്തെ പ്രകീര്‍ത്തിച്ചു.
സമൂഹമാധ്യമങ്ങളിലും ഗിന്നസ് റെക്കോര്‍ഡ് നേട്ടം വൈറലായി. ദി ടച്ച് ഓഫ് ആമിയെക്കുറിച്ചുള്ള വാര്‍ത്തകളും പോസ്റ്റുകളും നിരവധി പ്രൊഫൈലുകളിലും പേജുകളിലും നിറയുകയും ആയിരക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
ടര്‍ക്കിഷ്, അറബി, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ് തുടങ്ങി ആഗോള ഭാഷാ മാധ്യമങ്ങളിലെല്ലാം അത്ഭുത മോതിരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞു. രണ്ട് അവതാരകമാര്‍ പങ്കെടുത്ത സിഎന്‍എന്‍ ചാനലിന്റെ മോണിംഗ് ന്യൂസില്‍ മോതിരത്തെക്കുറിച്ച് രസകരമായ ചര്‍ച്ചകളാണ് നടന്നത്. ഫോക്സ് ന്യൂസും വാഷിംഗ്ടണ്‍ എക്സാമിനറുമടക്കമുള്ള മാധ്യമങ്ങള്‍ ദി ടച്ച് ഓഫ് ആമിയുടെ ആലോചനകള്‍ മുതലുള്ള ഘട്ടങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന വാര്‍ത്തകളാണ് ചെയ്തത്. മോതിരത്തെക്കുറിച്ച് കേട്ടറിഞ്ഞ പല മാധ്യമങ്ങളും വിശദാംശങ്ങള്‍ക്കായി സ്വാ ഡയമണ്ട്സിനെ നേരിട്ട് ബന്ധപ്പെടുകയും ചെയ്തു.
സ്വാ ഡയമണ്ട്സിന്റെ ഗിന്നസ് നേട്ടം ഇന്ത്യന്‍ വജ്രവിപണിക്ക് ആഗോള ശ്രദ്ധ നേടിക്കൊടുത്തു. ബെല്‍ജിയം പോലുള്ള യൂറോപ്യന്‍ വമ്പന്മാര് അടക്കി വാഴുന്ന വജ്രവിപണിയില് 'ദി ടച്ച് ഓഫ് ആമി' എന്ന ഒരൊറ്റ മോതിരത്തിലൂടെ ഇന്ത്യ സുപ്രധാന ശ്രദ്ധ നേടി. രത്നാഭരണ നിര്‍മ്മാണത്തില്‍ പ്രാചീന കാലം മുതല്‍ ഇന്ത്യയ്ക്കുള്ള പാരമ്പര്യം ലോകത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതായി ഈ നേട്ടം. ഇന്ത്യന്‍ വജ്രവിപണിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതാണ് ഈ നേട്ടം. ഇന്ത്യയിലെ ആഭരണ നിര്‍മാണ തൊഴിലാളികളുടെ വൈദഗ്ധ്യവും വൈവിധ്യവും ലഭ്യതയും ഉപയോഗപ്പെടുത്താനുള്ള ചര്‍ച്ചകളാണ് ഇവയില്‍ പ്രധാനം.
'ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ വജ്ര വിപണിയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആപ്പിള്‍ ഐ ഫോണിന് വജ്ര കവര്‍ നിര്‍മ്മിച്ചും നൈക്കി ഷൂവില്‍ വജ്രം പതിപ്പിച്ചുമെല്ലാം സ്വാ മുന്‍പും പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ലോകത്തിന്റെ പല കോണുകളില്‍ നിന്നും കസ്റ്റമസ് ചെയ്ത വജ്രാഭരണങ്ങള്‍ക്കായി സ്വാ ഡയമണ്ടില്‍ അന്വേഷണങ്ങള്‍ എത്തുന്നുണ്ട്. ലോക റെക്കോര്‍ഡ് നേടിയ ടച്ച് ഓഫ് ദി ആമിയുടെ വില്‍പ്പനയെ കുറിച്ചും അന്വേഷണങ്ങളുണ്ട്. വില്‍പ്പനയെ കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ല'- സ്വാ ഡയമണ്ട്സ് എംഡി അബ്ദുള്‍ ഗഫൂര്‍ ആനടിയാന് പറയുന്നു.
ദി ടച്ച് ഓഫ് ആമിക്ക് മുമ്പ് മാരി ഗോള്‍ഡ് എന്ന പേരിലുള്ള 12,638 കല്ലുകള്‍ പതിച്ച വജ്ര മോതിരത്തിനായിരുന്നു ഒറ്റ മോതിരത്തില്‍ ഏറ്റവും കൂടുതല്‍ വജ്രക്കല്ല് പതിപ്പിച്ചതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ്. സൂററ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെനാനി ജുവല്ലേഴ്സിന്റെ 2020ലെ ഈ റെക്കോര്‍ഡ് മറ്റൊരു ഇന്ത്യന്‍ ജ്വല്ലറി തന്നെ കേവലം രണ്ട് വര്‍ഷത്തിനുള്ളില്‍ തകര്‍ത്തുവെന്നത് വജ്ര നിര്‍മാണ മേഖലയിലെ രാജ്യത്തിന്റെ കരുത്തും വൈദഗ്ധ്യവുമാണ് പ്രകടമാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..