വജ്രമാല | Photo: AP
വിവാഹവേളകളിലും പാര്‍ട്ടികളിലും വജ്രമാണിപ്പോഴത്തെ ഫാഷന്‍ തരംഗം. ഒരുപാട് സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് നടക്കുന്നതിനേക്കാള്‍ ലാളിത്യമുള്ള ഒരു വജ്രമാല ധാരാളം. അതിനാകട്ടെ സ്വര്‍ണത്തേക്കാള്‍ മൂല്യവും.കേരളത്തില്‍ വജ്രവില്പനയില് പ്രതിവര്‍ഷം 30 മുതല്‍ 50 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
2005 ല്‍ കേരളത്തില്‍ 400 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ വിറ്റഴിഞ്ഞ സ്ഥാനത്ത് 2008 ല്‍ 600 കോടി രൂപയിലെത്തുകയുണ്ടായി. ഇപ്പോള്‍ ഇതിലും എത്രയോ ഇരട്ടിയായി വില്പന.
കാരറ്റ് തൂക്കം, ക്ലാരിറ്റി ഗ്രേഡ്, കളര്‍, കട്ട് എന്നിവയ്ക്കു പുറമെ ആകൃതിയും വിലയിരുത്തിയാണ് വജ്രത്തിന്റെ വിലമതിക്കുന്നത്. അതായത് നാല് സിയും ഒരു എസ് ഉം. വജ്രത്തിന് ഒരിക്കലും ഒറ്റവിലയല്ല. നാല് സി പ്രകാരം മൂല്യത്തില്‍ വ്യത്യാസം വരും. 100 സെന്റ് അഥവാ 200 മില്ലിഗ്രാമാണ് ഒരു കാരറ്റ്. പൊതുവെ വജ്രത്തിന്റെ തൂക്കം ഗ്രാമില്‍ പറയാറില്ല. സെന്റിലാണ് രേഖപ്പെടുത്തുക. 100 സെന്റിലേറെയാണെങ്കില് കാരറ്റ് പറയും. വജ്രത്തിന്റെ അളവുകോല്‍ കാരറ്റാണ്. ഒരുസെന്റ് മുതല്‍ തൂക്കമുള്ള വജ്രമോതിരങ്ങള്‍ വിപണിയിലുണ്ട്.
സ്റ്റോണ്‍ വലിപ്പം കൂടുന്തോറും വജ്രത്തിന് വില ഉയരും. ഒരു കാരറ്റ് ഒറ്റസ്റ്റോണിലുള്ള സോളിറ്റയറാണെങ്കില് നാലുലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ വില വരും. എന്നാല്‍ ഒരു കാരറ്റില്‍ 10 മുതല്‍ 60 സ്റ്റോണ്‍ വരെ മിക്സ്ചെയ്ത് വാങ്ങിയാല്‍ 40,000 രൂപ മുതല്‍ ലഭിക്കും
ക്ലാരിറ്റി യഥാര്‍ഥത്തില്‍ ശുദ്ധിതന്നെ. സ്വര്‍ണത്തില്‍ 0.99 അഥവാ 916 എന്നു പറയും പോലെ. ലൂപ്ക്ലീന് (എല്‍സി) അഥവാ ഇന്റര്‍നാഷണലി ഫ്ളോലസ് (ഐഎഫ്) ആണ് ഏറ്റവും ഗുണമേറിയ വജ്രം. പിന്നെ വിവിഎസ്1, വിവിഎസ്2, വിഎസ്, വിഎസ്2, എസ്ഐ1, എസ്ഐ2, പി1, പി2, പി3 എന്നിങ്ങനെ പോവുന്നു ഗുണനിലവാര സൂചികകള്‍.
ഐഎഫ് വജ്രമാണ് ഏറ്റവും മുന്തിയതെങ്കില് തൊട്ടുതാഴെയുള്ള വിവിഎസ് 1 ല്‍ അല്പം അശുദ്ധിയുണ്ടാവും. എന്നാലിത് നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടുപിടിക്കാനാവില്ല. തുടര്‍ന്നുള്ള ഗ്രേഡുകളില്‍ ശുദ്ധികുറഞ്ഞുവരും. അതോടൊപ്പം വജ്രത്തിന്റെ തിളക്കവും കുറയും. കേരളത്തില്‍ ഏറ്റവുമേറെ പ്രചാരത്തിലുള്ളത് മുംബൈയില്‍ നിന്നു വരുന്ന വിവിഎസ്1, വിവിഎസ്2 ഗ്രേഡുകളാണ്.
വജ്രത്തിന്റെ പണിക്കൂലി രണ്ടുശതമാനം മാത്രമാണ്. അതായത് ഒറ്റക്കല്ലായ സോളിറ്റയറിന് രണ്ടുലക്ഷം രൂപയാണെങ്കില്‍ 4,000 രൂപ അധികം നല്‍കണം. വജ്രത്തിന് വിലകൂടുകയാണെങ്കില് മൂല്യവര്‍ധനയും നേടാം.
വജ്രത്തിന്റെ നിറം ഡി മുതല്‍ ഇസഡ് വരെയാണ് തിരംതിരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും മികച്ചത് ഡി മുതല്‍ എച്ച് വരെയാണ് . തൂവെള്ള നിറത്തിലുള്ളതായിരിക്കും ഇവ. പിന്നെ അല്പാല്പം മഞ്ഞ കലര്‍ന്ന നിറം വരും. വജ്രത്തിന്റെ പ്രഭ കുറയുകയും ചെയ്യും. 30 സെന്റിനു മുകളില്‍ സാധാരണ ഒറ്റസ്റ്റോണായ സോളിറ്റയറായിരിക്കും. അതിനു താഴെയാണെങ്കില്‍ കളര്ഗ്രേഡ് മിക്സുചെയ്താണ് പറയുക. കളര്‍ ഗ്രേഡ് തിരിച്ചറിയാന്‍ പ്രയാസമുള്ളപ്പോള്‍ ഒറ്റ കളര്ഗ്രേഡ് പറയില്ല. പകരം എഫ്ജി യെന്നോ ജിഎച്ച് അഥവാ ഡിഇ എന്നോ രേഖപ്പെടുത്തും. കളറിന്റെ തരംതിരിവ് ഇങ്ങനെയാണ്:
ഡി - എക്സലന്റ് വൈറ്റ്, ഇ - എക്സലന്റ് വൈറ്റ് , എഫ് - റെയര്‍ വൈറ്റ്, ജി - റെയര്‍ വൈറ്റ്, എച്ച് - വൈറ്റ്, ഐ ആന്റ് ജെ - സ്ലൈറ്റ്ലി ടിന്റഡ് വൈറ്റ്, കെ എല്‍ - ടിന്റഡ് വൈറ്റ്, എം മുതല്‍ ഇസഡ് - ടിന്റഡ് കളര്‍.പിന്നെ വിവിധ കട്ടുകളാണ് വിലയെ നിര്ണയിക്കുന്നഘടകം. റൗണ്ട് ബ്രില്യന്റ്, ഓവല്‍, മാര്‍ക്വിസ്, പീര്‍, ഹാര്‍ട്ട്, എമറാള്‍ഡ്, പ്രിന്‍സസ്, റേഡിയന്റ് എന്നിങ്ങനെയാണ് തരംതിരിവ്. ഇതില്‍ ഏറ്റവും മികച്ചത് റൗണ്ട് ബ്രില്യന്റാണ്. ഇതിനാണ് ഏറ്റവുമേറെ തിളക്കം.
വജ്രത്തിന്റെ കട്ട് 100 ശതമാനം പൂര്ണതയുള്ളതാണെങ്കില് മുകളില്‍ നിന്ന് ലെന്‍സ് വെച്ചു നോക്കിയാല്‍ എട്ട് 'ആരോ'കള്‍ കാണാം. താഴ്ഭാഗത്ത് 8 ഹൃദയങ്ങളും. അതുകൊണ്ടുതന്നെ ഹര്‍ട്സ് ആന്റ് ആരോ ഡയമണ്ടുകള്‍ക്ക് വിപണിയില്‍ പ്രിയമേറെയാണ്. കട്ടും പോളിഷിങ്ങും മികച്ചതായാലേ ഹാര്‍ട്ടും ആരോവും ദൃശ്യമാവൂ. ഇത് വളരെ അപൂര്‍വമാണ്. കട്ടില് പ്യൂര്‍, ഗുഡ്, വെരിഗുഡ്, എക്സലന്റ് എന്നിങ്ങനെയുള്ള വ്യത്യാസമനുസരിച്ച് വില വ്യത്യാസം അനുഭവപ്പെടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..