വൃക്കകളെ തകരാറിലാക്കും, ലൈംഗിക ബന്ധത്തെ ബാധിക്കും; കരുതിയിരിക്കണം പ്രമേഹത്തിന്റെ അനുബന്ധ പ്രശ്നങ്ങളെ


ഡോ. ആനി എ. പുളിക്കല്‍

ഗര്‍ഭിണികളിലെ പ്രമേഹം അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ കാണേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Photo: canva.com|

അവഗണിച്ചാല്‍ അപകടത്തിലാക്കുന്ന രോഗമാണ് പ്രമേഹം. വളരെ പതുക്കെ അത് ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം താറുമാറാക്കും. ഒരുകൂട്ടം രോഗങ്ങളിലേക്ക് നയിക്കും. ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങള്‍, കാഴ്ചപ്രശ്‌നങ്ങള്‍ തുടങ്ങി പല രോഗങ്ങള്‍ക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന വില്ലന്‍ പലപ്പോഴും പ്രമേഹമായിരിക്കും.

രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയോ നിയന്ത്രണങ്ങളില്‍ വരുത്തുന്ന അശ്രദ്ധയോ ഒക്കെയാവും പ്രമേഹത്തെ കൂടുതല്‍ അപകടകാരിയാക്കുന്നത്.ശരിയായ ജീവിതക്രമത്തിലൂടെയും ചികിത്സാരീതിയിലൂടെയും രക്തത്തിലെ ഷുഗര്‍നില നിയന്ത്രിച്ചാല്‍ ഈ അപകടങ്ങളെ അകറ്റിനിര്‍ത്താനാകും എന്നതാണ് ആശ്വാസം. അതുകൊണ്ട് പ്രമേഹം കണ്ടെത്തുന്നതുമുതല്‍, സങ്കീര്‍ണതകള്‍ ഒഴിവാക്കാനുള്ള ശ്രദ്ധയാണ് വേണ്ടത്.

അപകടം രണ്ടുതരത്തില്‍

ഷുഗര്‍നില കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ രണ്ടുതരത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കാറുണ്ട്. പെട്ടെന്നുണ്ടാകുന്നതും ദീര്‍ഘകാലംകൊണ്ട് വരാവുന്നതും. രക്തത്തിലെ ഷുഗര്‍നില പെട്ടെന്ന് കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിയ, കീറ്റോഅസിഡോസിസ് എന്നിവയാണ് പെട്ടെന്നുണ്ടാകുന്ന സങ്കീര്‍ണത.

ഹൈപ്പോഗ്ലൈസീമിയ

പ്രമേഹമുള്ളവരില്‍ ചിലപ്പോള്‍ ഷുഗര്‍നില പെട്ടെന്ന് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. ഭക്ഷണം കഴിക്കാതിരിക്കുകയോ ഇന്‍സുലിന്റെ അളവ് കൂടുതലാവുകയോ ഒക്കെ ചെയ്യുമ്പോഴാണ് പൊതുവേ ഇങ്ങനെ സംഭവിക്കാറ്. കാഴ്ച മങ്ങുക, ഹൃദയസ്പന്ദന നിരക്ക് കൂടുക, തലവേദന, വിറയല്‍ എന്നിവയെല്ലാമാണ് ലക്ഷണങ്ങള്‍.

കീറ്റോഅസിഡോസിസ്

ഇന്‍സുലിന്റെ കുറവ് കാരണമോ ഇന്‍സുലിന്‍ ഇല്ലാത്തതുകൊണ്ടോ ശരീരത്തിന് ഗ്ലൂക്കോസിനെ ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴാണ് കീറ്റോ അസിഡോസിസ് എന്ന സങ്കീര്‍ണതയുണ്ടാകുന്നത്. കോശങ്ങള്‍ക്ക് ഊര്‍ജം ലഭിക്കാതാകുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് വിഘടിപ്പിച്ച് ഊര്‍ജം കണ്ടെത്താന്‍ തുടങ്ങും. ഇങ്ങനെ വിഘടിപ്പിക്കുമ്പോള്‍ അതിന്റെ ഭാഗമായി കീറ്റോണുകള്‍ ഉണ്ടാകുന്നു. രക്തത്തില്‍ കീറ്റോണ്‍ ആസിഡ് അളവ് കൂടുമ്പോള്‍ ഛര്‍ദി, വയറുവേദന, ശ്വസന വേഗം കൂടുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്.

ഹൃദ്രോഗങ്ങള്‍, വൃക്കരോഗം, സ്ട്രോക്ക്, നാഡികള്‍ക്കുണ്ടാകുന്ന തകരാറുകള്‍, കാഴ്ചപ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ദീര്‍ഘകാലംകൊണ്ട് സംഭവിക്കുന്ന സങ്കീര്‍ണതകളാണ്.

ദീര്‍ഘകാല സങ്കീര്‍ണതകള്‍

രക്തത്തിലെ ഷുഗര്‍നില ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ഗ്ലൈസീമിയ. പ്രമേഹം നിയന്ത്രണമില്ലാതെ തുടര്‍ന്നാല്‍ 10-15 വര്‍ഷങ്ങള്‍കൊണ്ട് അവയവങ്ങളെ അത് തകരാറിലാക്കിയേക്കാം. ചെറിയ രക്തക്കുഴലുകളെയും വലിയ രക്തക്കുഴലുകളെയും അത് ഒരുപോലെ കേടുവരുത്തും. ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുവരുത്തുമ്പോള്‍ അതിനെ മൈക്രോവാസ്‌കുലാര്‍ ഡിസീസ് എന്ന് പറയും. വലിയ രക്തക്കുഴലിനെ ബാധിക്കുന്നതാണ് മാക്രോവാസ്‌കുലാര്‍ ഡിസീസ്. പ്രമേഹത്തോടൊപ്പം അമിത രക്തസമ്മര്‍ദവും അമിത കൊളസ്ട്രോളുമുണ്ടെങ്കില്‍ ഈ സങ്കീര്‍ണതകളുടെ സാധ്യതകളും തീവ്രതയും കൂടും.

കാഴ്ചയെ തകരാറിലാക്കുമ്പോള്‍

അനിയന്ത്രിത പ്രമേഹം കാഴ്ചയെ പലതരത്തില്‍ തകരാറിലാക്കുന്നുണ്ട്. റെറ്റിനോപ്പതി, ഗ്ലക്കോമ, തിമിരം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കും. പ്രമേഹം കണ്ണിലെ നേര്‍ത്ത രക്തക്കുഴലുകളില്‍ കേടുപാടുകള്‍ വരുത്തുന്നതാണ് ഇതിന് കാരണം.

പ്രമേഹം കാരണം റെറ്റിനയില്‍ ഉണ്ടാകുന്ന തകരാറുകളെ പൊതുവേ ഡയബെറ്റിക് റെറ്റിനോപ്പതി എന്നാണ് പറയുക. റെറ്റിനയിലെ നേര്‍ത്ത രക്തക്കുഴലുകള്‍ അടഞ്ഞുപോകുകയോ ദുര്‍ബലമായിപ്പോവുകയോ ചെയ്യും. ആദ്യഘട്ടത്തില്‍ കാഴ്ചയെ കാര്യമായി ബാധിക്കാറില്ല. അതുകൊണ്ട് പലരും അവഗണിക്കും. കാഴ്ചപ്രശ്‌നങ്ങള്‍ വരുമ്പോഴേക്കും സ്ഥിതി കൂടുതല്‍ ഗൗരവതരമായിട്ടുണ്ടാകും.

റെറ്റിനയിലെ രക്തക്കുഴലുകള്‍ തകരാറിലാകുന്നതോടെ കോശങ്ങള്‍ക്ക് ആവശ്യമായ രക്തം ലഭിക്കാതാകും. അത് പരിഹരിക്കാന്‍ പുതിയ രക്തക്കുഴലുകള്‍ രൂപംകൊള്ളും. പക്ഷേ, ഇവ ദുര്‍ബലമായതിനാല്‍ പൊട്ടുകയും രക്തം കിനിയുകയും കട്ടപിടിക്കുകയും ചെയ്യും. ഇതോടെ കാഴ്ച തകരാറിലാകും. ഇതിനെ പ്രോലിഫറേറ്റീവ് റെറ്റിനോപ്പതി എന്ന് പറയും.

മാത്രമല്ല രോഗം തീവ്രമാകുമ്പോള്‍ പുതിയ രക്തക്കുഴലുകള്‍ രൂപംകൊള്ളുന്നത് റെറ്റിനയ്ക്ക് വലിച്ചിലുണ്ടാക്കും. അതിന്റെ ഫലമായി റെറ്റിന വലിഞ്ഞുനീങ്ങുകയും ചെയ്യും. റെറ്റിനല്‍ ഡിറ്റാച്ച്മെന്റ് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്.

വായന, ഡ്രൈവിങ് തുടങ്ങി സൂക്ഷ്മമായ കാഴ്ചയെ സഹായിക്കുന്ന റെറ്റിനയിലെ ഭാഗമാണ് മാക്യുല. പ്രമേഹം കാരണം മാക്യുലയില്‍ തകരാറുകള്‍ വന്ന് കാഴ്ചയെ ബാധിക്കുമ്പോഴാണ് അതിനെ ഡയബറ്റിക് മാക്യുലോപ്പതി എന്ന് പറയുന്നത്.

പ്രമേഹമുള്ളവരില്‍ ഗ്ലക്കോമയ്ക്കുള്ള സാധ്യതയുമുണ്ട്. കണ്ണിലെ മര്‍ദം കൂടുന്ന അവസ്ഥയാണിത്. മര്‍ദം നിയന്ത്രിച്ചുനിര്‍ത്തുന്ന കണ്ണിലെ ദ്രാവകത്തിന്റെ ഒഴുക്ക് പ്രമേഹത്തെത്തുടര്‍ന്ന് തടസ്സപ്പെടുന്നതാണ് ഇതിന് കാരണം. ഇതോടെ മര്‍ദം കൂടുകയും രക്തക്കുഴലുകള്‍ക്ക് തകരാര്‍ വരുകയും ചെയ്യും. പ്രമേഹമുള്ളവരില്‍ തിമിരം വരാനുള്ള സാധ്യത രണ്ടുമുതല്‍ അഞ്ചുമടങ്ങുവരെ കൂടുതലാണ്.

ഹൃദയ പ്രശ്‌നങ്ങള്‍

അനിയന്ത്രിതമായ പ്രമേഹമുള്ളവരില്‍ ഹൃദ്രോഗസാധ്യത മൂന്ന് മുതല്‍ നാല് മടങ്ങ് കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. പ്രമേഹം ഹൃദയരക്തക്കുഴലുകളെയും ഹൃദയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളെയും ബാധിക്കുമ്പോഴാണ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നത്.

രക്തക്കുഴലുകള്‍ അടഞ്ഞുപോകുന്നതോടെ ഹൃദയപേശികള്‍ക്കുള്ള ശുദ്ധരക്തം ലഭിക്കാതിരിക്കുകയും അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യും. പ്രമേഹത്തോടൊപ്പം അമിത ബി.പി.യും അമിത കൊളസ്ട്രോളുമുണ്ടെങ്കില്‍ ഹൃദ്രോഗസാധ്യത കൂടുന്നു.പ്രമേഹം കാരണം നാഡീതകരാറുകള്‍ ഉണ്ടായാല്‍ ഹൃദ്രോഗത്തിന്റെ ഭാഗമായ നെഞ്ചുവേദന പലപ്പോഴും തിരിച്ചറിയാന്‍ കഴിയണമെന്നില്ല. അപ്പോഴാണ് നിശ്ശബ്ദ ഹൃദയാഘാതം എന്ന് പറയുന്നത്. ഹൃദയപേശികള്‍ക്ക് വീക്കമുണ്ടാക്കുന്ന കാര്‍ഡിയോമയോപ്പതിയും പ്രമേഹം കാരണം ഉണ്ടാകാം.

വൃക്കയെ തകരാറിലാക്കുമ്പോള്‍

വൃക്കരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി അനിയന്ത്രിതമായ പ്രമേഹത്തെ കണക്കാക്കുന്നുണ്ട്. വൃക്കയിലെ അതിസൂക്ഷ്മമായ രക്തക്കുഴലുകള്‍ തകരാറിലാവുകയും വൃക്കയുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥ പ്രമേഹം കാരണം ഉണ്ടാകാം. ഇതിനെ ഡയബറ്റിക് നെഫ്രോപ്പതി എന്ന് പറയും.

വൃക്കയിലെ നെഫ്രോണുകളിലെ രക്തക്കുഴലുകളുടെ കൂട്ടമാണ് ഗ്ലോമറുലസ്. ഇതിലൂടെ കടന്നുപോകുമ്പോഴാണ് രക്തം ശുദ്ധീകരിക്കപ്പെടുന്നത്. പ്രമേഹം ഈ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കും. പ്രമേഹം ഗ്ലോമറുലസുകളില്‍ ചോര്‍ച്ചയുണ്ടാക്കുകയും അതിലൂടെ പ്രോട്ടീന്‍ മൂത്രത്തില്‍ കലരാന്‍ ഇടയാകുകയും ചെയ്യും. വൃക്കയിലെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുമ്പോള്‍ രക്തസമ്മര്‍ദം കൂടാന്‍ തുടങ്ങും. അമിത രക്തസമ്മര്‍ദം വൃക്കയുടെ പ്രവര്‍ത്തനങ്ങളെ വീണ്ടും അപകടത്തിലാക്കുകയും ചെയ്യും.

ലൈംഗിക പ്രശ്‌നങ്ങള്‍

പ്രമേഹ അനുബന്ധ ലൈംഗിക പ്രശ്‌നങ്ങള്‍ കൂടുതലും പ്രകടമാകുന്നത് പുരുഷന്മാരിലാണ്. ഉദ്ധാരണത്തിന് കൂടുതല്‍ സമയം വേണ്ടിവരുക, ഉദ്ധാരണം നഷ്ടമാകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

തലച്ചോറില്‍നിന്ന് സന്ദേശം നാഡികളിലൂടെ ലൈംഗിക അവയവങ്ങളിലേക്ക് എത്തുമ്പോഴാണ് ഉദ്ധാരണമുണ്ടാകുന്നത്. അപ്പോള്‍ ലിംഗത്തിലെ പ്രത്യേക അറകളിലേക്ക് രക്തം വന്നുനിറയും. എന്നാല്‍ അനിയന്ത്രിതമായ പ്രമേഹം രക്തക്കുഴലുകളെയും നാഡികളെയും തകരാറിലാക്കുന്നതിനാല്‍ ഈ സന്ദേശ കൈമാറ്റവും മറ്റും വേണ്ടവിധം നടക്കില്ല.

രക്തക്കുഴലിന്റെ ഉള്‍പാളിയായ എന്‍ഡോതീലിയത്തിലെ ചില രാസപദാര്‍ഥങ്ങളും ഉദ്ധാരണത്തിന് സഹായിക്കുന്നുണ്ട്. പ്രമേഹം എന്‍ഡോതീലിയത്തിലും തകരാറുകള്‍ ഉണ്ടാക്കും എന്നതുകൊണ്ട് അത്തരത്തിലും ലൈംഗികതയെ ബാധിക്കും.

പ്രമേഹം കാരണം സ്ത്രീകളില്‍ യോനി വരള്‍ച്ചയും അണുബാധയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ രണ്ട് അവസ്ഥയും ലൈംഗികബന്ധത്തെ ബുദ്ധിമുട്ട് നിറഞ്ഞതാക്കും.

നാഡികള്‍ക്ക് തകരാര്‍

ഗൗരവമുള്ളതും എന്നാല്‍ പൊതുവേ കാണുന്നതുമായ പ്രമേഹ സങ്കീര്‍ണതയാണ് ഡയബറ്റിക് ന്യൂറോപ്പതി. അനിയന്ത്രിതമായ പ്രമേഹം പതുക്കെ നാഡികളുടെ പ്രവര്‍ത്തനശേഷി തകരാറിലാക്കുന്ന അവസ്ഥയാണിത്. ഏത് ഭാഗത്തേക്കുള്ള നാഡികള്‍ക്കാണ് ക്ഷതം സംഭവിച്ചത് എന്നതിന് അനുസരിച്ച് സങ്കീര്‍ണതകളിലും വ്യത്യാസം വരും.

നാഡി തകരാറുകള്‍ കൂടുതലായും ബാധിക്കുന്നത് പാദങ്ങളെയാണ്. കാല്‍, പാദം, കൈകള്‍ എന്നിവയെല്ലാം ബാധിക്കുന്ന ന്യൂറോപ്പതിയെ പെരിഫറല്‍ ന്യൂറോപ്പതി എന്ന് വിളിക്കും. സംവേദന നാഡികള്‍ തകരാറിലാകുമ്പോള്‍ സ്പര്‍ശന ക്ഷമത നഷ്ടമാകുന്നു. തുടക്കത്തില്‍ കാലില്‍ തരിപ്പ്, പുകച്ചില്‍, സൂചികുത്തുന്നതുപോലുള്ള വേദന എന്നിവയെല്ലാം അനുഭവപ്പെടാം. സംവേദനശേഷി നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പാദങ്ങളില്‍ മുറിവ് ഉണ്ടായാലും വേദന അനുഭവപ്പെടാത്തതിനാല്‍ അത് തിരിച്ചറിയാതെപോകും.

ശരീരത്തിലെ ഒട്ടേറെ പേശികളെയും അവയവങ്ങളെയും നിയന്ത്രിക്കുന്നതാണ് ഓട്ടോണമിക് നാഡികള്‍. പ്രമേഹം കാരണം ഇവയ്ക്ക് തകരാര്‍ വന്നാല്‍ ഓട്ടോണമിക് ന്യൂറോപ്പതി എന്ന അവസ്ഥയുണ്ടാകും. ഇത് ഹൃദയമിടിപ്പ്, ചെറുകുടല്‍-വന്‍കുടല്‍ എന്നിവയുടെ ചലനം, ലൈംഗികശേഷി എന്നിവയെഎല്ലാം ബാധിക്കും.

ശ്വാസകോശ അണുബാധ

ഉയര്‍ന്ന ഷുഗര്‍നില കാരണം രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിക്കുമ്പോള്‍ ശ്വാസകോശകലകളിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ എത്താതെ വരും. ഇത് അണുബാധയുടെ സാധ്യത കൂട്ടും. ശ്വാസകോശകലകളില്‍ ഗ്ലൂക്കോസ് അളവ് കൂടുന്നതും ആവശ്യത്തിന് പോഷകങ്ങള്‍ എത്താത്തതും അണുബാധയുടെ സാധ്യത കൂട്ടുന്നു. ക്ഷയരോഗം, ന്യുമോണിയ തുടങ്ങിയവ ബാധിക്കാന്‍ ഇത് ഇടയാക്കാം. മ്യൂക്കര്‍ ഫംഗസുകള്‍ ഉണ്ടാക്കുന്ന അണുബാധയുടെ സാധ്യതയും പ്രമേഹരോഗികളില്‍ കൂടുതലാണ്. ശ്വാസകോശങ്ങളില്‍ നീര്‍ക്കെട്ട്, ശ്വസനനാളിയില്‍ കഫം നിറയല്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. അനിയന്ത്രിതമായ പ്രമേഹമുള്ളവരില്‍ വായു ഉള്‍ക്കൊള്ളാനുള്ള ശ്വാസകോശത്തിന്റെ ശേഷിയും കുറയാം.

സ്ട്രോക്ക്

ദീര്‍ഘകാലം ഷുഗര്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കാരണം മസ്തിഷ്‌കത്തിലേക്കുള്ള രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തകരാറുകളാണ് സ്ട്രോക്കിലേക്ക് നയിക്കുന്നത്. രക്തക്കുഴലിലെ തടസ്സം കാരണമുണ്ടാകുന്ന ഇസ്‌കീമിക് സ്ട്രോക്കിനും രക്തക്കുഴല്‍ പൊട്ടിയുണ്ടാകുന്ന ഹെമറാജിക് സ്ട്രോക്കിനും അനിയന്ത്രിതമായ പ്രമേഹം ഇടയാക്കുന്നുണ്ട്. പ്രമേഹം രക്തക്കുഴലുകള്‍ക്ക് കട്ടികൂട്ടുകയും കൊഴുപ്പ് അടിഞ്ഞുകൂടി തടസ്സങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ മസ്തിഷ്‌ക കോശങ്ങളിലേക്ക് ഓക്‌സിജന്‍ കലര്‍ന്ന രക്തം ലഭിക്കാതെ വരുന്നു. ഇത് സ്ട്രോക്കിലേക്ക് നയിക്കുന്നു. ഉയര്‍ന്ന ഷുഗര്‍നില കാരണം മസ്തിഷ്‌കത്തിലെ രക്തക്കുഴല്‍ ദുര്‍ബലമാകുന്നതും സ്ട്രോക്കിലേക്ക് നയിക്കുന്നു.

ദഹനപ്രശ്‌നങ്ങള്‍

രക്തത്തില്‍ ഷുഗര്‍നില ഉയര്‍ന്നുനില്‍ക്കുന്നത് ആമാശയ പേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇതിനെ ഗ്യാസ്ട്രോപരസിസ് എന്നുപറയും. ആമാശയ പേശികളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതോടെ ദഹനപ്രക്രിയ താളം തെറ്റും. മലബന്ധം, വയറിളക്കം, നെഞ്ചെരിച്ചില്‍, വയര്‍നിറഞ്ഞതായുള്ള തോന്നല്‍ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം അനുഭവപ്പെടാം.

കരള്‍ തടിക്കുമ്പോള്‍

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ വരാനുള്ള സാധ്യതയെ പ്രമേഹം വര്‍ധിപ്പിക്കുന്നുണ്ട്. കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണിത്. മദ്യപിക്കാത്തവരില്‍ കരളില്‍ ഇത്തരത്തില്‍ കൊഴുപ്പ് അടിയുന്നതിന്റെ കാരണങ്ങളിലൊന്ന് പ്രമേഹമാണ്. രക്തത്തില്‍ ഇന്‍സുലിന്റെ അളവ് കൂടുന്നത് കാരണം ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പ് ഘടകത്തിന്റെ അളവ് കൂടുകയും അത് കൊഴുപ്പായി കരളില്‍ അടിയുകയും ചെയ്യും. തുടക്കത്തില്‍ ഇത് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറുമില്ല. എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ ഗൗരവമുള്ള ലിവര്‍ സിറോസിസിലേക്ക് നീങ്ങിയേക്കാം.

മോണരോഗങ്ങള്‍

പ്രമേഹരോഗികളില്‍ വായയില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. മോണവീക്കം, പഴുപ്പ്, പല്ല് കേടുവരുക, പല്ല് ഇളകിപ്പോവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ഷുഗര്‍നില കൂടുന്നത് ബാക്ടീരിയകള്‍ പെരുകാനുള്ള അനുകൂല സാഹചര്യം ഒരുക്കും. ഇവ പുറന്തള്ളുന്ന ആസിഡുകള്‍ പല്ലിന്റെ ഇനാമലിനെ ബാധിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

ഗര്‍ഭകാല സങ്കീര്‍ണതകള്‍

ഗര്‍ഭിണികളിലെ പ്രമേഹം അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ കാണേണ്ടതുണ്ട്. ചിലര്‍ക്ക് നേരത്തെ പ്രമേഹമുണ്ടെങ്കിലും ഗര്‍ഭകാലത്തെ പരിശോധനകളിലായിരിക്കും ആദ്യമായി കണ്ടെത്തുന്നത്. എന്നാല്‍ മറ്റുചിലര്‍ക്ക് ഗര്‍ഭാവസ്ഥയുടെ 24-26 ആഴ്ചകളിലായിരിക്കാം പ്രമേഹം കണ്ടുവരുന്നത്. ഇതിനെ ട്രൂ ജസ്റ്റേഷണല്‍ ഡയബറ്റിസ് എന്ന് പറയുന്നു. പ്രമേഹം കണ്ടെത്തിയാല്‍ ഉടന്‍ അത് നിയന്ത്രിക്കണം. അല്ലെങ്കില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കാം. ഗര്‍ഭധാരണത്തിന്റെ ആദ്യ ആഴ്ചകളിലാണ് കുഞ്ഞിന്റെ തലച്ചോര്‍, ഹൃദയം, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങള്‍ രൂപം കൊള്ളുന്നത്. ഈ ഘട്ടത്തില്‍ ഗ്ലൂക്കോസ് ഉയര്‍ന്നുനിന്നാല്‍ വൈകല്യങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഷുഗര്‍നില കൂടിനിന്നാല്‍ ഗര്‍ഭാവസ്ഥയുടെ അവസാനത്തെ ത്രൈമാസത്തില്‍ ഗര്‍ഭം അലസിപ്പോകാനുള്ള സാധ്യതയുമുണ്ട്.

ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവരും പ്രമേഹമില്ലെന്ന് ഉറപ്പാക്കണം. പ്രമേഹമുള്ളവര്‍ ഗര്‍ഭധാരണത്തിന് മുന്‍പ് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം എച്ച്.ബി.എ.വണ്‍.സി. 6.5 ശതമാനത്തില്‍ താഴെയായിരിക്കണം. മാത്രമല്ല, ഷുഗര്‍ സാധാരണ നിലയിലാകുന്നതുവരെ ഗര്‍ഭധാരണം ഒഴിവാക്കുന്നതായിരിക്കും ഉചിതം.

നേരത്തെ നിയന്ത്രിക്കാം, അപകടങ്ങള്‍ ഒഴിവാക്കാം

എത്രയും നേരത്തെ പ്രമേഹം കണ്ടെത്തുകയും കൃത്യമായ ചികിത്സയിലൂടെയും ജീവിതരീതിയിലൂടെയും ഷുഗര്‍നില നിയന്ത്രിക്കുകയുമാണ് പ്രമേഹത്തെത്തുടര്‍ന്നുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗം.

 • 30 വയസ്സ് കഴിഞ്ഞാല്‍ വര്‍ഷത്തിലൊരു തവണ രക്തപരിശോധന നടത്തി പ്രമേഹമില്ലെന്ന് ഉറപ്പാക്കണം. വീട്ടില്‍ ആര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ ഇതിലും നേരത്തെ തന്നെ പരിശോധന തുടങ്ങുക.
 • പ്രമേഹമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ചികിത്സ തീരുമാനിക്കുക. സ്വയം തീരുമാനമെടുത്ത് മരുന്നുകള്‍ നിര്‍ത്താനോ മറ്റും ശ്രമിക്കരുത്.
 • ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഷുഗര്‍നില വിലയിരുത്തണം. അതില്‍ കണ്ടെത്തിയ മാറ്റങ്ങള്‍ ഡോക്ടറെ അറിയിക്കുകയും വേണം.
 • പ്രമേഹമുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണം.
 • പ്രമേഹമുള്ളവര്‍ ഇടയ്ക്ക് ബി.പിയും കൊളസ്ട്രോളും പരിശോധിച്ച് നോര്‍മലാണെന്ന് ഉറപ്പാക്കണം.
 • പ്രമേഹമുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ കണ്ണ് പരിശോധിച്ച് ഡയബറ്റിക് റെറ്റിനോപ്പതി ഇല്ലെന്ന് ഉറപ്പാക്കണം.
 • മൂത്രപരിശോധനയിലൂടെ വൃക്കയുടെ പ്രവര്‍ത്തനം വിലയിരുത്തണം. വൃക്കരോഗം പുരോഗമിക്കുമ്പോള്‍ ക്രിയാറ്റിനിന്‍, യൂറിയ എന്നിവയുടെ അളവ് മൂത്രത്തില്‍ കൂടും. ക്രിയാറ്റിനിന്‍ 1.5 ല്‍ കൂടുതലാണെങ്കില്‍ വിദഗ്ധ പരിശോധന നടത്തണം.
 • ഡയബറ്റിക് ന്യൂറോപ്പതിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി, ഇലക്ട്രോമയോഗ്രാഫി തുടങ്ങിയ പരിശോധനകളിലൂടെ തകരാറുകള്‍ കണ്ടെത്താനാകും.
 • ലൈംഗികപ്രശ്നങ്ങളുണ്ടെങ്കില്‍ ഡോക്ടറോട് സംസാരിക്കാന്‍ മടിക്കരുത്.
 • വ്യായാമം ശീലമാക്കണം. 45 മിനിറ്റ് അനുയോജ്യമായ വ്യായാമം തിരഞ്ഞെടുക്കുക.
 • ലഹരിവസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക.
 • ആരോഗ്യകരമായ ഭക്ഷണശീലം തുടരുക.
(കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റാണ് ലേഖിക)

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: world diabetes day 2022, uncontrolled diabetes cause complications, diabetes and sex 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented