ഇന്‍സുലിന്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ അതിന്റെ ഫലം കുറയുമോ? 


ഡോ. എസ്.കെ. സുരേഷ് കുമാര്‍

പ്രമേഹരോഗചികിത്സാരംഗത്ത് വന്‍കുതിപ്പാണ് ഇന്‍സുലിന്‍ ചികിത്സയിലൂടെ ഉണ്ടായത്.

പ്രതീകാത്മക ചിത്രം

പ്രമേഹ ബാധിതരില്‍ 95 ശതമാനത്തോളം ടൈപ്പ് 2 പ്രമേഹമുള്ളവരാണ്. സാധാരണഗതിയില്‍ തുടക്കത്തില്‍ ആഹാരക്രമീകരണവും നിത്യവ്യായാമവും ഒപ്പം ഗുളികകളും ചേര്‍ന്ന ഒരു സമഗ്ര ചികിത്സാരീതിയാണ് നിര്‍ദേശിക്കുന്നത്. കാലക്രമേണ ശരീരത്തില്‍ ഇന്‍സുലിന്റെ ഉത്പാദനം കുറഞ്ഞുവരുന്നതിനാല്‍ ഗുളികകളുടെ ഡോസ് കുറേശ്ശെ വര്‍ധിപ്പിക്കേണ്ടതായി വരും. ഒരു ഘട്ടമെത്തുമ്പോള്‍ ഗുളികകള്‍ കൊണ്ട് മാത്രമുള്ള ചികിത്സ അസാധ്യമായിത്തീരുകയും ഇന്‍സുലിന്‍ ചികിത്സ ആരംഭിക്കേണ്ടതായും വരും. സാധാരണഗതിയില്‍ ടൈപ്പ് 2 പ്രമേഹരോഗികളില്‍ അധികംപേര്‍ക്കും ഏഴുമുതല്‍ പത്തുവരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്‍സുലിന്‍ ചികിത്സ വേണ്ടിവരാറുണ്ട്.

ഇന്‍സുലിനെ ഭയപ്പെടേണ്ടതുണ്ടോ?പ്രമേഹരോഗചികിത്സാരംഗത്ത് വന്‍കുതിപ്പാണ് ഇന്‍സുലിന്‍ ചികിത്സയിലൂടെ ഉണ്ടായത്. ഇന്‍സുലിന്‍ കണ്ടുപിടിക്കപ്പെട്ടിട്ട് നൂറുവര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇപ്പോഴും ഇന്‍സുലിനെയും കുത്തിവയ്പ്പിനെയും ഭയത്തോടെയാണ് അധികം പേരും വീക്ഷിക്കുന്നത്. ഇന്‍സുലിന്‍ ചികിത്സ അവസാനത്തെ ആശ്രയമാണെന്നുള്ള തെറ്റിദ്ധാരണ പരക്കെയുണ്ട്. കൂടാതെ ഇന്‍സുലിന്‍ പലവിധ രോഗസങ്കീര്‍ണതകള്‍ക്കും വഴിവയ്ക്കുമെന്നും തെറ്റായി വിശ്വസിക്കുന്നവരുമുണ്ട്.

ശരീരത്തിലെ ഒരു സാധാരണ ഹോര്‍മോണാണ് ഇന്‍സുലിന്‍. പ്രമേഹമില്ലാത്തവരുടെ ശരീരത്തില്‍ അത് ആവശ്യാനുസരണം ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറവായിരിക്കും. ഇവരില്‍ തുടക്കത്തില്‍ മരുന്നുകള്‍ കൊണ്ട് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയും. എന്നാല്‍ കാലക്രമേണ ഇന്‍സുലിന്‍ ഉത്പാദനം ഗണ്യമായി കുറയുകയും മരുന്നുകള്‍ കൊണ്ട് മാത്രം ചികിത്സ സാധ്യമാകാതെ വരുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍ ഇന്‍സുലിന്‍ ചികിത്സ ആരംഭിച്ചാല്‍ മാത്രമേ രക്തത്തിലെ ഷുഗര്‍നില സാധാരണഗതിയില്‍ വീണ്ടും എത്തിക്കാനാകൂ.

പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം ഏത് ആപത്ഘട്ടത്തിലും ഉത്തമസുഹൃത്തിനെപ്പോലെ സഹായിക്കാന്‍ കഴിവുള്ള ഒന്നാണ് ഇന്‍സുലിന്‍. അതുകൊണ്ട് ഇന്‍സുലിന്‍ ചികിത്സയെ ഭയപ്പെടുകയല്ല മറിച്ച് തുറന്നമനസ്സോടെ സ്വീകരിക്കുകയാണ് വേണ്ടത്. പണ്ടുകാലത്ത് എടുത്തപോലുള്ള ഇന്‍സുലിനോ സിറിഞ്ചുകളോ അല്ല ഇപ്പോഴുള്ളത്. വളരെ മെച്ചപ്പെട്ട ഇന്‍സുലിനുകളും വേദന തീരെയില്ലാത്ത ഇന്‍സുലിന്‍ പേനകളും ഇന്ന് ലഭ്യമാണ്.

ഇന്‍സുലിന്‍ തുടങ്ങുമ്പോള്‍

ഇന്‍സുലിന്‍ ചികിത്സ ആവശ്യമായ ഘട്ടത്തില്‍ മറ്റെല്ലാ മരുന്നുകളും നിര്‍ത്തി ഇന്‍സുലിന്‍ ചികിത്സയെ മാത്രം ആശ്രയിക്കുകയല്ല ചെയ്യുന്നത്. കഴിക്കുന്ന മരുന്നുകള്‍ക്കൊപ്പം, ദീര്‍ഘനേരം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ബേസല്‍ ഇന്‍സുലിനുകള്‍ രാത്രികാലത്ത് നല്‍കുകയാണ് ചെയ്യുന്നത്. ഇത് സാധാരണഗതിയില്‍ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ക്രമേണ ആഹാരശേഷമുള്ള ഷുഗര്‍നില വര്‍ധിക്കുകയാണെങ്കില്‍, ശരീരത്തില്‍ കുറച്ച് മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന പ്രാന്‍ഡിയല്‍ ഇന്‍സുലിനുകള്‍ ആഹാരത്തിന് മുന്‍പ് നല്‍കുന്നു. ഇത്തരം ബേസല്‍- പ്രാന്‍ഡിയല്‍ ഇന്‍സുലിന്‍ ചികിത്സാരീതിയില്‍ ചിലപ്പോള്‍ ദിവസത്തില്‍ നാലുതവണ വരെ ഇന്‍സുലിന്‍ കുത്തിവയ്പ്പ് വേണ്ടിവന്നേക്കാം. എന്നാല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പ്രീ-മിക്സ്ഡ് ഇന്‍സുലിനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവ ദിവസത്തില്‍ രണ്ടുനേരം കുത്തിവെച്ചാല്‍ മതി.

തുടര്‍ച്ചയായ ഇന്‍സുലിന്‍ ഉപയോഗം പ്രവര്‍ത്തനക്ഷമത കുറയ്ക്കുമോ എന്ന് സംശയിക്കുന്നവരുണ്ട്. ക്രമേണ ഇന്‍സുലിന്റെ അളവ് ഡോക്ടര്‍മാര്‍ വര്‍ധിപ്പിക്കാന്‍ കാരണം ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നതുകൊണ്ടല്ല. മറിച്ച് ശരീരത്തില്‍ ഇന്‍സുലിന്റെ ഉത്പാദനം കുറയുന്നതുകൊണ്ടാണ്. ഇത് രോഗിയില്‍ ഇന്‍സുലിന്റെ ആവശ്യകത കൂട്ടുന്നു. കൂടാതെ ഭക്ഷണക്രമം, അനുബന്ധ രോഗങ്ങളും അവയുടെ ചികിത്സയും, ഗര്‍ഭധാരണം, കായികാധ്വാനം, തൊഴില്‍ തുടങ്ങി മറ്റ് പല ഘടകങ്ങളും ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്റെ അളവിനെ സ്വാധീനിക്കും.

ഇന്‍സുലിന്‍ തുടരേണ്ടിവരുമോ?

ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് പല സന്ദര്‍ഭങ്ങളിലും ഇന്‍സുലിന്‍ ചികിത്സ വേണ്ടിവന്നേക്കാം. ഉദാഹരണത്തിന്, രോഗാരംഭത്തില്‍ തന്നെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലെങ്കില്‍ ശസ്ത്രക്രിയകള്‍ വേണ്ടിവരുമ്പോള്‍, ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അത്യാസന്നഘട്ടങ്ങളില്‍, ഗര്‍ഭകാലത്ത് തുടങ്ങിയ അവസരങ്ങളില്‍ ഇത്തരം രോഗികളില്‍ കുറച്ചുകാലത്തിനുശേഷം ഇന്‍സുലിന്‍ ചികിത്സ നിര്‍ത്തി തിരിച്ച് ഗുളികകളിലേക്ക് മടങ്ങാനാകും. എന്നാല്‍ ഗുളികകള്‍ കൊണ്ട് മാത്രം ഷുഗര്‍നില സാധാരണനിലയിലെത്തിയില്ലെങ്കില്‍ അവര്‍ക്ക് പിന്നീട് നിരന്തരം ഇന്‍സുലിന്‍ ചികിത്സ വേണ്ടിവരും. എന്നിരുന്നാലും ശരീരഭാരം നന്നായി കുറച്ചാല്‍, ചിലപ്പോള്‍ ഇന്‍സുലിന്‍ ചികിത്സ നിര്‍ത്താന്‍ സാധിക്കും.

(കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഡയബറ്റോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: world diabetes day 2022, regular use of insulin, how insulin control diabetes, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented