'നീര' ആവി; എങ്ങുമെത്താതെ നീര ഉത്പാദനം


രേഷ്മ ഭാസ്‌കരന്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കേരളത്തിലെ കേര കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നു കരുതിയ നീര ഉത്പാദനം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എങ്ങുമെത്തുന്നില്ല. 2014-ലാണ് സംസ്ഥാനത്ത് നീരയുടെ ഉത്പാദനവും വിപണനവും ആരംഭിച്ചത്. അന്ന് ദിവസം 40,000 ലിറ്റര്‍ വരെ നീര ഉത്പാദിപ്പിച്ചിരുന്നിടത്ത് ഇന്ന് പ്രതിദിന ഉത്പാദനം 500 ലിറ്ററിലും താഴെ മാത്രം. 29 കമ്പനികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 12-ല്‍ താഴെ കമ്പനികള്‍ മാത്രമാണുള്ളത്. ഇവയുടെ ഉത്പാദനമാകട്ടെ, നാമമാത്രം.

ആരംഭഘട്ടത്തില്‍ നീര ഉത്പാദനം നല്ല രീതിയില്‍ നടന്നിരുന്നെങ്കിലും പിന്നീടുണ്ടായ സാമ്പത്തിക പ്രതിസന്ധി മേഖലയ്ക്ക് തിരിച്ചടിയായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുള്ള അവഗണനയും പല കമ്പനികളെയും കടബാധ്യതയിലേക്ക് തള്ളിവിട്ടു. ലക്ഷങ്ങള്‍ മുടക്കി നീര കര്‍ഷകര്‍ക്ക് പരിശീലനവും മറ്റും നല്‍കിയ നാളികേര വികസന ബോര്‍ഡും നീരയെ കൈയൊഴിഞ്ഞ അവസ്ഥയാണ്.

നീരയില്‍നിന്ന് ആദായം കൂടുതല്‍

സാധാരണ ഒരു തെങ്ങില്‍നിന്ന് കര്‍ഷകന് വര്‍ഷം ഏതാണ്ട് 1,500 രൂപയാണ് ലഭിക്കുന്ന ആദായം. അതേസമയം, നീര ഉത്പാദനം വഴി ശരാശരി 3,000-4,000 രൂപ ലഭിക്കും. അതുകൊണ്ടുതന്നെ നീര ഉത്പാദനം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനായാല്‍ കേര കര്‍ഷകര്‍ക്ക് ആശ്വാസമാകുമായിരുന്നു.

എന്തുകൊണ്ട് വിപണി പിടിച്ചില്ല

കേന്ദ്രത്തിനു കീഴിലുള്ള നാളികേര വികസന ബോര്‍ഡ് കൊണ്ടുവന്ന പദ്ധതിയാണെങ്കിലും അന്നത്തെ സംസ്ഥാന സര്‍ക്കാരാണ് നീര ചെത്താനുള്ള ലൈസന്‍സും മറ്റു സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തത്. ലൈസന്‍സ് അനുവദിച്ചെങ്കിലും ആദ്യഘട്ടം നല്‍കിയ സാമ്പത്തിക സഹായങ്ങളല്ലാതെ മറ്റു സഹായങ്ങള്‍ ഒന്നും നല്‍കിയില്ല. ഇതോടെ, കര്‍ഷക കൂട്ടായ്മകള്‍ക്കും ഉത്പാദക കമ്പനികള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയായി.

ഇതിനു പുറമെ സാങ്കേതികവിദ്യ, നീര ചെത്ത് പരിശീലനം, സംഭരണം, വില നിര്‍ണയം, പാക്കിങ്, വിപണനം തുടങ്ങിയവയിലെ പരാജയവും മേഖലയ്ക്ക് തിരിച്ചടിയായി. നീര കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പൊതു ടെട്രാ പാക്കിങ് യൂണിറ്റ് സ്ഥാപിക്കുമെന്ന കൃഷിവകുപ്പിന്റെ വാഗ്ദാനവും പാഴ്വാക്കായി. എറണാകുളത്ത് നടുക്കര പൈനാപ്പിള്‍ ഫാക്ടറിയില്‍ സ്ഥാപിച്ച ടെട്രാ പാക്കിങ് സംവിധാനം നിലവില്‍ ഉപയോഗ ശൂന്യമായി കിടക്കുകയാണ്.

പരിഹാരം

സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം. നീര സംസ്‌കരിച്ച് വിപണിയില്‍ എത്തിക്കാന്‍ ഭീമമായ ചെലവാണുള്ളത്. ഈ ചെലവ് കുറയ്ക്കാന്‍ സബ്‌സിഡി ആവശ്യമാണ്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉത്പന്നങ്ങള്‍ എത്തിക്കാനായി സാമ്പത്തിക പാക്കേജ് അനുവദിക്കണം. ഉത്പാദനം, വിപണനം, പരിശീലനം, സാങ്കേതിക വിദ്യ എന്നിവയിലൂടെ കേരളത്തിന്റെ ഒരു പ്രധാന ഉത്പന്നം/ബ്രാന്‍ഡ് എന്ന നിലയില്‍ 'നീര'യെ കൈപിടിച്ചുയര്‍ത്തണം. എങ്കില്‍ മാത്രമേ നിലവിലെ പ്രതിസന്ധിയില്‍നിന്ന് രക്ഷ നേടാനാകൂവെന്നാണ് കര്‍ഷക കൂട്ടായ്മകള്‍ പറയുന്നത്.

Content Highlights: Coconut Neera production and processing in Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented