Representative Image| Photo: Canva.com
അകാരണമായി ശരീരഭാരം കുറയുന്നത്
അമിതമായ വ്യായാമമോ ഭക്ഷണം കുറയ്ക്കലോ ഇല്ലാതെ മാസത്തിൽ നാലരക്കിലോയിൽ അധികം ഭാരം കുറഞ്ഞാൽ ശ്രദ്ധിക്കണം. പരിശോധനകൾ നടത്തി കുഴപ്പമില്ലെന്ന് ഉറപ്പാക്കണം. തൈറോയിഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം മൂലവും ഇങ്ങനെ സംഭവിക്കാം.
മുഴകളും തടിപ്പുകളും
ശരീരത്തിലുണ്ടാകുന്ന മുഴകളും തടിപ്പുകളും ശ്രദ്ധിക്കണം. പ്രത്യേകിച്ചും സ്ത്രീകളിൽ സ്തനങ്ങളിൽ ഉണ്ടാവുന്നവ. സ്തനങ്ങളിലെ മുഴ, തൊലിപ്പുറമേയുള്ള തടിപ്പ്, ചുവന്ന പാട്, മുലക്കണ്ണിൽ നിന്ന് സ്രവം, രക്തക്കറ, ചൊറിച്ചിൽ എന്നിവ ഉണ്ടായാൽ ശ്രദ്ധിക്കണം.
തുടർച്ചയായോ അല്ലെങ്കിൽ മാസമുറയ്ക്കിടയിലോ ഉള്ള രക്തസ്രാവം
പ്രായമായ സ്ത്രീകളിൽ ഇടതടവില്ലാതെ രക്തസ്രാവം (Premenopausal) ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും മാസമുറ നിലച്ച സ്ത്രീകളിൽ (Postmenopausal) ശാരീരിക വേഴ്ചയ്ക്കു ശേഷമുള്ള രക്തസ്രാവവും ശ്രദ്ധിക്കേണ്ടതാണ്. ഇത് ഗർഭപാത്രത്തിലെ പോളിപ്പോ എൻഡോമെട്രിയൽ കാൻസറോ ആകാം.
ഭക്ഷണം വിഴുങ്ങുന്നതിനുണ്ടാകുന്ന തടസ്സം
ഭക്ഷണം ഇറക്കുന്നതിലെ ബുദ്ധിമുട്ട് ചില സചനകളാണ്. ഈ പ്രശ്‌നമുള്ളവർ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കാൻ നിർബന്ധിതരാകും.
ചർമത്തിലെ മാറ്റങ്ങൾ
മറുക്, കാക്കപ്പുള്ളി, അരിമ്പാറ എന്നിവയിലുണ്ടാകുന്ന നിറവ്യത്യാസങ്ങൾ, വലുപ്പ വ്യത്യാസങ്ങൾ, ചൊറിച്ചിൽ, രക്തസ്രാവം എന്നിവ ശ്രദ്ധിക്കണം.
വിസർജ്യങ്ങളിൽ രക്തക്കറ
മൂത്രത്തിലോ, മലത്തിലോ കാണുന്ന രക്തക്കറ, പഴുപ്പ്, പലതവണ വിസർജിക്കുവാനുള്ള ത്വര, വിസർജനത്തിനുള്ള തടസ്സം എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അതേപോലെ രക്തം ചുമച്ചു തുപ്പുകയോ രക്തം ഛർദിക്കുകയോ ചെയ്യുന്നതും ശ്രദ്ധിക്കണം.
ചെറിയ തോതിൽ രക്തസ്രാവം
സ്ത്രീകളിൽ ഇത് വളരെ സാധാരണമാണ്. പല കാരണങ്ങൾ കൊണ്ടും ഈ ലക്ഷണം ഉണ്ടാകാം. ഇവർക്ക് വയറുവേദനയും അടിവയറ്റിൽ വേദനയും ഉണ്ടാകാം. അധിക ഭക്ഷണം കഴിക്കാത്തപ്പോഴും വയർ നിറഞ്ഞ പോലെ തോന്നാം.
ദഹനക്കുറവ്
കാരണമില്ലാതെ തുടരെത്തുടരെയുണ്ടാകുന്ന ദഹനക്കുറവ് മുന്നറിയിപ്പാകാം.
വായിലെ മാറ്റങ്ങൾ
പുകവലിക്കുന്നവരിലും, പാൻ, ഗുഡ്ക തുടങ്ങിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരിലും വായിൽ കാണുന്ന ഉണങ്ങാത്ത വ്രണങ്ങളും വെളുത്ത പാടുകളും പൊട്ടുകളുംസംശയത്തോടെ കാണണം. ചുണ്ട്, നാക്ക്, കവിൾ, അണ്ണാക്ക് എന്നീ സ്ഥാനങ്ങളിൽ ഇവ വരാം.
വേദന
വേദന പല കാൻസറിന്റെയും സൂചനയാവാം. ശരീരഭാഗങ്ങളിൽ മാറിപ്പോകാതെ നിലനിൽക്കുന്ന (Persist) വേദനയുടെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കണം. മറ്റ് കാരണങ്ങൾ കൊണ്ടും വേദന ഉണ്ടാകാം.
കഴലകൾ
വേദനയുള്ള കഴലകൾ വലുതാകുന്നത് പലപ്പോഴും സമീപഭാഗങ്ങളിലെ അണുബാധ (Infection) മൂലമാകാം. പക്ഷേ, ഒരു മാസത്തിലേറെ നീണ്ടു നിൽക്കുന്ന, വലുപ്പം വെക്കുന്ന കഴലകൾ ശ്രദ്ധിക്കേണ്ടവയാണ്. ഇവ പരിശോധനയ്ക്ക് വിധേയമാക്കണം.
പനി
സാധാരണ പനി അണുബാധ മൂലമാകാം. എന്നാൽ തുടർച്ചയായി വന്നും പോയുമിരിക്കുന്ന പനി ശ്രദ്ധിക്കണം. ഇതോടൊപ്പം മഞ്ഞപ്പിത്തം, മലത്തിലുള്ള നിറവ്യത്യാസം എന്നിവ അവഗണിക്കരുത്.
ക്ഷീണം
അകാരണവും വിട്ടുമാറാത്തതുമായ ക്ഷീണമുണ്ടെങ്കിൽ പരിശോധിക്കേണ്ടതാണ്.
വിട്ടുമാറാത്ത ചുമ, ശബ്ദമടപ്പ്
ചികിത്സിച്ചിട്ടും വിട്ടുമാറാത്ത ചുമ, ശബ്ദമടപ്പ് (പ്രത്യേകിച്ചും പുകവലിക്കുന്നവരിൽ) എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. ചുമ സാധാരണമായി നീർവീഴ്ച, അലർജി എന്നിവയിൽ കാണാമെങ്കിലും രണ്ടുമാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ അവഗണിക്കരുത്.
Content Highlights: cancer symptoms causes and treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..