'കാൻസറിനു കാരണം അഞ്ച് വെളുത്ത വിഷങ്ങളുടെ നിത്യേനയുള്ള ഉപയോഗം'; ഈ കുപ്രചാരണങ്ങളിൽ വീഴരുത്


ഡോ. ഫിൻസ് എം. ഫിലിപ്പ്, ഡോ. നീതു എ.പി.

Representative Image| Photo: Canva.com

'നാരങ്ങവെള്ളം ചൂടോടെ കുടിക്കുന്നത് കാൻസറിനെ തടയും. തണുപ്പിച്ച നാരങ്ങാവെള്ളത്തിന് കാൻസർകോശങ്ങളെ നശിപ്പിക്കാനുള്ള ശേഷി കുറവാണ്. ചൂടു നാരങ്ങാവെള്ളത്തിന്റെ കയ്പ് ആണ് കാൻസർ കോശങ്ങളെ കൊല്ലാനുള്ള ഏറ്റവും നല്ല വസ്തു.' ഇവ അവയിൽ ചിലതുമാത്രം. കുപ്രചാരണങ്ങൾ അന്തമില്ലാതെ ഒഴുകിനടക്കുന്ന സമൂഹമാധ്യമങ്ങളിൽ കാലിടറി വീഴാതിരിക്കാൻ സവിശേഷശ്രദ്ധ വേണം. കാൻസറിനു കാരണം അഞ്ച് വെളുത്ത വിഷങ്ങളുടെ നിത്യേനയുള്ള ഉപയോഗമാണ് എന്ന ആരോപണം സമൂഹമാധ്യമങ്ങളിലൂടെ ചർച്ചചെയ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. മൈദ, പഞ്ചസാര, ഉപ്പ്, വെളുത്ത അരി, പാൽ എന്നിവയാണ് ഈ പ്രതികൾ. വാട്ട്സ്അപ്പ്, ഫെയ്സ്ബുക്ക് സന്ദേശങ്ങൾ ആയും വീഡിയോ ആയും ഇത് പ്രചരിക്കുന്നുണ്ട്. ചില ആരോഗ്യ ക്ലാസുകൾക്കും ആമുഖ പ്രസംഗത്തിൽ ഇത് ഉയർന്നു കേൾക്കാറുണ്ട്. വിഷയങ്ങളെ അതിശയോക്തിപരമായി അവതരിപ്പിച്ച് ആളുകളിൽ അനാവശ്യഭയം ജനിപ്പിക്കുന്ന ഒന്നാണിത്.

കാൻസറിന്റെ പ്രധാന കാരണങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനും അവയെ അപ്രസക്തമാക്കാനും മാത്രമേ ഇവ ഉപകരിക്കൂ. ഈ ലിസ്റ്റിൽപ്പെട്ട സാധനങ്ങൾ എല്ലാംതന്നെ നിത്യജീവിതത്തിൽ സ്ഥിരമായി ഉപയോഗിക്കുന്നവയാണ്. അധികമായാൽ അമൃതും വിഷം എന്ന ചൊല്ലുപോലെ അളവാണ് പ്രധാനം.

മൈദ

ഗോതമ്പിലെ തവിടും മുളയും കളഞ്ഞ് ശുദ്ധീകരിച്ച് എടുക്കുന്ന പൊടിക്ക് പൊതുവെ മഞ്ഞനിറം ആയിരിക്കും. ഈ മഞ്ഞനിറം ബ്ലീച്ചിങ്ങിലൂടെ കളഞ്ഞ് നല്ല വെളുത്ത നിറത്തിലുള്ള മൈദയായി നമുക്ക് ലഭിക്കുന്നു. തവിടും മുളയും നഷ്ടപ്പെടുന്നതോടെ നാരുകളുടെ സാന്നിധ്യം വളരെ കുറയുന്നു. മറ്റ് പോഷകങ്ങളുടെയും ധാതുക്കളുടെയും അവസ്ഥയും അതുതന്നെ. ഒടുവിൽ അന്നജം മാത്രം നൽകുന്ന ഒരു ഭക്ഷ്യവസ്തുവായി മൈദ മാറുന്നു.

രുചിയിലും ഉപയോഗിക്കാനുള്ള എളുപ്പത്തിലും, മറ്റ് ഗോതമ്പ് ഉപ ഉത്പന്നങ്ങളെക്കാൾ മെച്ചമാണ് മൈദ. അതിനാൽത്തന്നെ ഫാസ്റ്റ്ഫുഡ്, ബേക്കറി ഉത്പന്ന നിർമാണ മേഖലയിൽ മൈദ ഒരു അവിഭാജ്യഘടകമാണ്. അന്നജം ഒഴിച്ച് മറ്റ് ഒന്നുംതന്നെ ഇല്ല എന്നതാണ് മൈദയുടെ പ്രശ്നം. അതിനാലാണ് മൈദയ്‌ക്കെതിരേ വ്യാപകമായി പ്രചാരണങ്ങൾ നടക്കുന്നതും. അല്ലാതെ മൈദ കാൻസർ ഒന്നും ഉണ്ടാക്കുന്നില്ല. ഇവിടെ നാം ചിന്തിക്കേണ്ടത് നമ്മുടെ ഭക്ഷണത്തിൽ നാരുകളടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ പ്രാധാന്യത്തെക്കുറിച്ചാണ്. നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് വൻകുടൽ, മലാശയ കാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ സാഹചര്യത്തിൽ ഗോതമ്പ് അങ്ങനെ തന്നെയോ തവിടുകളയാതെ പൊടിച്ച ഗോതമ്പുമാവായോ നമ്മുടെ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിച്ച് മൈദയുടെ ഉപഭോഗം കുറയ്ക്കാൻ ശ്രമിക്കേണ്ടതാണ്. വല്ലപ്പോഴും ഒരു പൊറോട്ടയോ, ബട്ടൂരയോ കഴിച്ചു എന്നു കരുതി പരിഭ്രമിക്കുകയൊന്നും വേണ്ട. ഭയം അല്ല, ബോധം ആണ് വേണ്ടത്.

മൈദയുമായി ബന്ധപ്പെട്ട മറ്റൊരു ആരോപണം അലോക്സാൻ (Alloxan) എന്ന രാസവസ്തുവിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടാണ്. മൈദയിലേക്കുള്ള ഗോതമ്പിന്റെ പ്രയാണത്തിലെ ഒരു കടമ്പയാണ് ബ്ലീച്ചിങ്. ചില രാസവസ്തുക്കൾ ബ്ലീച്ചിങ്ങിന് ഉപയോഗിക്കുമ്പോൾ ആ പ്രക്രിയയുടെ ഉപോത്പന്നമായി അലോക്സാൻ രൂപപ്പെട്ടേക്കാം. ഇവ ചില ലബോറട്ടറി പരീക്ഷണങ്ങളിൽ പരീക്ഷണമൃഗങ്ങളിൽ പ്രമേഹം വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അലോക്സാൻ മനുഷ്യരിൽ പ്രമേഹം ഉണ്ടാക്കുന്നതായി തെളിയിക്കുന്ന ആധികാരിക പഠനങ്ങളൊന്നുമില്ല. ഇത് കാൻസർ ഉണ്ടാക്കുന്നതായി ഒരു തരത്തിലുമുള്ള പഠനങ്ങളുമില്ല. അതിനാൽ കാൻസർ സംബന്ധമായി ആശങ്ക വേണ്ട.

പഞ്ചസാര

പഞ്ചസാര കാൻസർ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ മധുരപലഹാരങ്ങൾ, മധുരപാനീയങ്ങൾ എന്നിവ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നത് ശരീരത്തിൽ കൊഴുപ്പടിഞ്ഞുകൂടുന്നതിനും ശരീരഭാരം കൂടുന്നതിനും കാരണമാകുന്നു. ശരീരത്തിലേക്ക് ഭക്ഷണത്തിലൂടെ എടുക്കുന്ന ഊർജവും നാം നമ്മുടെ ദൈനംദിന ജീവിതചര്യയിൽ ഉപയോഗിക്കുന്ന ഊർജവും തമ്മിലുള്ള അസന്തുലിതാവസ്ഥ, ശരീരത്തിൽ കൊഴുപ്പായി അടിയുന്നു. അത് ക്രമേണ അധികഭാരവും അമിതവണ്ണവുമായി മാറുന്നു. ശരീരത്തിൽ ക്രമാതീതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കാൻസർ സാധ്യത വർധിപ്പിക്കുന്നു. ശരീരഭാരസൂചിക(ബി.എം.ഐ.) 25 നും 29.9 നും ഇടയിൽ ഉള്ള അവസ്ഥയാണ് അധികഭാരം, 30 മുതൽ മുകളിലേക്ക് അമിതവണ്ണമാണ്. അമിതവണ്ണം വീണ്ടും മൂന്നായി തിരിച്ചിരിക്കുന്നു. ക്ലാസ് 1 (30.0 മുതൽ 34.9 വരെ), ക്ലാസ് 2 (35.0 മുതൽ 39.9 വരെ), ക്ലാസ് 3 (40 ഉം അതിലധികവും). അമിതഭാരം ഒഴിവാക്കുന്നത് വൻകുടൽ, മലാശയ കാൻസർ, പിത്താശയ സഞ്ചി, ആഗ്നേയ ഗ്രന്ഥി കാൻസറുകൾ, അണ്ഡാശയം, വൃക്കകൾ, തൈറോയ്ഡ് കാൻസറുകൾ, ആർത്തവവിരാമശേഷം കണ്ടുവരുന്ന കാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.

ഉപ്പ്

ഉപ്പ് കാൻസർകാരി അല്ല, അത് കാൻസർ ഉണ്ടാക്കും എന്ന് ഒരു പഠനവും ഇതുവരെ തെളിയിച്ചിട്ടില്ല. മലയാളിയുടെ ഭക്ഷണശീലത്തിലെ ഒരു അവിഭാജ്യഘടകമാണ് ഉപ്പ്. ഉപ്പിന്റെ ഉപയോഗത്തിലെ ഈ സാർവത്രികത, അതിനെ രോഗനിയന്ത്രണ ഉപാധിയായി ഉപയോഗിക്കാൻ പൊതുജന ആരോഗ്യവിദഗ്ധരെ പ്രേരിപ്പിച്ചു. അയഡിൻ ഉപ്പ് ഇതിനൊരുദാഹരണം മാത്രം. ഇങ്ങനെയൊക്കെയാണെങ്കിലും ഉപ്പിന്റെ അമിത ഉപയോഗം ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നത് നാം വിസ്മരിച്ചുകൂടാ. രക്താതിമർദവും ഉപ്പിന്റെ ഉപയോഗവും തമ്മിലുള്ള ബന്ധം ഏവർക്കും അറിവുള്ളതാണ്. ഇതിനിടെയാണ് കാൻസർ രോഗവുമായി ബന്ധപ്പെട്ട് ഉപ്പിന് ഒരു വില്ലൻ പരിവേഷം കിട്ടിത്തുടങ്ങിയത്. ഇത് ആമാശയകാൻസറിന് കാരണമാകും എന്ന ഭയാശങ്കയാണ് ഇതിൽ പ്രധാനം. ഉപ്പിന്റെ അമിതമായ ഉപയോഗം ഹെലികോബാക്ടർ പൈലോറി (Helicobacter pylori) എന്ന ബാക്ടീരിയൽ അണുബാധ വർധിപ്പിക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഉപ്പിന്റെ അമിതമായ ഉപയോഗം ആമാശയഭിത്തിക്ക് നേരിട്ട് ക്ഷതം ഉണ്ടാക്കുന്നതായും ചില പഠനങ്ങൾ പറയുന്നു. ഈ സാഹചര്യങ്ങളിൽ ഉപ്പിന്റെ ഉപയോഗം പരമാവധി പരിമിതപ്പെടുത്തി ആഹാരരീതി ക്രമപ്പെടുത്തുന്നതാകും ഉചിതം. ഉപ്പ് തീരെ ഒഴിവാക്കേണ്ടതില്ല. ശരീരത്തിന് ആവശ്യമായ സോഡിയത്തിന്റെ നല്ല ഒരു സ്രോതസ്സാണ് ഉപ്പ്. പക്ഷേ, നമ്മുടെ ഇന്നത്തെ ഭക്ഷണരീതിപ്രകാരം ഉള്ളിൽ എത്തുന്ന ഉപ്പിന്റെ അളവ് ഈ ആവശ്യമായ അളവിന്റെ പല ഇരട്ടി ആണെന്നു മാത്രം. അതിനാൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ് പ്രധാനം. മിതമായ തോതിൽ, ഭക്ഷണം തയ്യാറാക്കാൻ ഉപ്പ് ഉപയോഗിക്കുന്നതിനെ ഭയപ്പെടേണ്ട. അത്തരം ഉപയോഗം അർബുദസാധ്യത ഉള്ളതാണ് എന്ന് കാണിക്കുന്ന പഠനങ്ങൾ ഒന്നുംതന്നെ ഇല്ല.

പാൽ

പാലും പാലുത്പന്നങ്ങളും കാത്സ്യം, പ്രോട്ടീൻ എന്നിവയുടെ കലവറയാണ്. അവ സമീകൃത ആഹാരത്തിന് ആവശ്യമാണ്. കൂടാതെ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്തതുമാണ്. മറ്റ് സ്രോതസ്സുകളിൽനിന്ന് കാത്സ്യം ലഭിക്കാത്തവർക്ക് പാൽ ഉപയോഗിക്കാവുന്നതാണ്. പാൽ കാൻസർ ഉണ്ടാക്കുന്നതായി തെളിയിക്കുന്ന ആധികാരിക പഠനങ്ങൾ ഒന്നുമില്ല. കൊഴുപ്പുകളഞ്ഞ പാൽ മിതമായി ഉപയോഗിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല. കാത്സ്യം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വൻകുടൽ അർബുദത്തിന്റെ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. കാത്സ്യത്തിന്റെ അളവ് കൂടുതലാവുന്നത് പ്രോസ്റ്റേറ്റ് കാൻസർ സാധ്യത നേരിയ തോതിൽ കൂട്ടുമെന്നും ചില പഠനങ്ങൾ പറയുന്നു. ഈ കാര്യങ്ങളിൽ വ്യക്തത വരാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

വെളുത്ത അരി

മലയാളിയുടെ മുഖ്യാഹാരമാണ് അരി. ആ അരി കാൻസർ ഉണ്ടാക്കും എന്ന പ്രചാരണം ഏറെ ഭീതി ജനിപ്പിക്കും. വെളുത്ത അരി, കുത്തരിയെ അപേക്ഷിച്ച് പോഷകമൂല്യം കുറഞ്ഞ ഒന്നാണ്. തവിട് പൂർണമായും നഷ്ടപ്പെടുന്നതിനാൽ പല പോഷകങ്ങളും വെളുത്ത അരിയിൽ ഇല്ല. നെല്ലിന്റെ ഭക്ഷ്യയോഗ്യമല്ലാത്ത പുറംതോട് കളഞ്ഞുകഴിഞ്ഞാൽ അതിന് ഇളം തവിട്ടുനിറം ആയിരിക്കും. ഇത് അരിയുടെ പുറത്തുള്ള തവിടിന്റെ സാന്നിധ്യം മൂലമാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, മഗ്‌നീഷ്യം, ഫോസ്ഫറസ്, ബി. കോപ്ലക്‌സ് വിറ്റാമിനുകൾ, മാൻഗനീസ് തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. നെല്ല് കുത്തി അതിന്റെ പുറംതോട്, തവിട്, മുള എന്നിവ നീക്കം ചെയ്താണ് വെള്ള അരി ഉണ്ടാക്കുന്നത്. ഈ പ്രക്രിയയിലൂടെ അരി കേടാവുന്നത് ഒഴിവാക്കാനും കൂടുതൽ കാലം സൂക്ഷിച്ചുവെക്കാനും സാധിക്കും. എന്നാൽ വെള്ള അരിയുടെ ഉപയോഗം കാൻസർ ഉണ്ടാക്കുന്നതായി പഠനങ്ങൾ ഇല്ല.

Content Highlights: cancer myths and facts cancer myths and misconceptions

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented