Representative Image| Photo: Canva.com
ഒരു രോഗത്തെ പൂർണമായും കീഴടക്കാൻ മനുഷ്യന് എത്രകാലം വേണ്ടിവരും എന്ന ചോദ്യത്തിന് ഉറപ്പിച്ചൊരുത്തരം നൽകാനാവില്ല. കാൻസറിനെതിരേയുള്ള പോരാട്ടംതന്നെയാണ് അതിനുള്ള ഉദാഹരണം. കാൻസർ എന്ന ശത്രുവിനെതിരേ വൈദ്യശാസ്ത്രത്തിന്റെ നിരന്തരപോരാട്ടം നൂറ്റാണ്ടുകളായി തുടരുകയാണ്. ഇതിനെ ജീവൻരക്ഷായുദ്ധമായി വേണം കണക്കാക്കാൻ. നിർണായകമായ പല നീക്കങ്ങളും നേട്ടങ്ങളും ഇക്കാലയളവിനുള്ളിൽ കാൻസറെന്ന ശത്രുവിനെതിരേ വൈദ്യശാസ്ത്രത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.
ആരാണ് ശത്രു, എന്താണതിന്റെ സ്വഭാവം, എങ്ങനെയാണത് ജീവനപഹരിക്കുന്നത് തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽനിന്നുവേണം തുടങ്ങാൻ. അത്തരം പലചോദ്യങ്ങൾക്കും വൈദ്യശാസ്ത്രം ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. ചിലതരം കാൻസറുകളെ ഇതിനകം തന്നെ ചികിത്സകൊണ്ട് ഭേദമാക്കുന്നതിൽ വിജയം നേടിയിട്ടുണ്ട്. എന്നാൽ ചിലയിനം കാൻസറുകൾ ഇപ്പോഴും പൂർണമായും കീഴടങ്ങിയിട്ടുമില്ല. മൂർച്ഛിച്ച ഘട്ടത്തിലെത്തിയ രോഗാവസ്ഥയെ എങ്ങനെ പൂർണമായും മറികടക്കാമെന്നതാണ് നിലവിലെ കടമ്പ. ഇപ്പോൾ അതിലേക്ക് വെളിച്ചംവീശുന്ന, പ്രതീക്ഷാനിർഭരമായ ചില പഠനങ്ങൾ വന്നുകഴിഞ്ഞു.
അക്ഷരത്തെറ്റുകൾ വരാതിരുന്നാൽ
കാൻസറിന് വഴിവെയ്ക്കുന്നത് അക്ഷരത്തെറ്റുകളാണെന്ന് പറയുമ്പോൾ അതിശയോക്തി തോന്നാം. എന്നാൽ ജീനുകളിൽ സംഭവിക്കുന്ന അക്ഷരത്തെറ്റുകളാണ് കാൻസർ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. ശരീരകോശങ്ങൾ സ്വാഭാവികമായും വിഭജിക്കപ്പെടുന്നുണ്ട്. ജീനുകളുൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ ഇതിനെ നിയന്ത്രിക്കുന്നുണ്ട്. കൂടുതൽ കോശവിഭജനം ആവശ്യമില്ലെങ്കിൽ ആ പ്രവൃത്തി നിർത്താനുള്ള നിർദേശം വരും. എന്നാൽ, ചിലപ്പോൾ ട്രാഫിക് സിഗ്നൽ തെറ്റിച്ച് പോകുന്ന വാഹനം പോലെ ഈ സ്റ്റോപ് സിഗ്നലുകൾ അവഗണിച്ച് ചില കോശങ്ങൾ നിയന്ത്രണാതീതമായി വിഭജിച്ചുകൊണ്ടിരിക്കും. അവ അസാധാരണരീതിയിൽ പെരുമാറും. ഇതാണ് കാൻസർ കോശങ്ങൾ.
ഡി.എൻ.എ.യുടെ ചെറിയ ഭാഗമാണ് ജീനുകൾ. കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്ന ജോലി ജീനുകൾക്കുണ്ട്. കോശങ്ങളുടെ വളർച്ചയിൽ ആക്സിലറേറ്റർ പോലെ പ്രവർത്തിക്കുന്നവയാണ് പ്രോട്ടോ ഓങ്കോ ജീനുകൾ. അവയുടെ സ്പീഡ് നിയന്ത്രിക്കുന്ന ബ്രേക്ക് പോലെയാണ് ട്യൂമർ സപ്രസർ ജീൻ. തകരാർ കണ്ടെത്തിയാൽ അറ്റകുറ്റപ്പണിയെടുക്കുന്നവയാണ് ഡി.എൻ.എ. റിപ്പയർ ജീനുകൾ. ഇവയിലെല്ലാമുണ്ടാകുന്ന മ്യൂട്ടേഷനുകളാണ് കാൻസർ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്ക് കാരണമാകുന്നത്.
ഡി.എൻ.എ.യിലെ ഘടകങ്ങളായ അഡിനിൻ(A), ഗ്വാനിൻ(G), തൈമിൻ(T), സൈറ്റോസിൻ(C) എന്നിവയെയാണ് അക്ഷരങ്ങളായി വിശേഷിപ്പിക്കുന്നത്. ഡി.എൻ.എ.യിൽ ദശലക്ഷക്കണക്കിന് അക്ഷരങ്ങൾ നിശ്ചിതക്രമത്തിൽ അടുക്കിവെച്ചിരിക്കുകയാണ്. ഇതിലെ പിഴവുകൾ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്ക് കാരണമാകുന്നു. കോശങ്ങളിൽ ഇങ്ങനെ ഒന്നിലധികം പിഴവുകൾ നിരന്തരം സംഭവിക്കുമ്പോഴാണ് അത് കാൻസർ കോശമായി മാറുന്നത്.
മറഞ്ഞിരിക്കുന്ന കോശങ്ങളെ തിരഞ്ഞുപിടിക്കാൻ
കൂട്ടംതെറ്റിയ സ്വഭാവം കാണിക്കുന്ന കോശങ്ങളെ ഇമ്യൂണോ സർവയലൻസ് എന്ന പ്രക്രിയയിലൂടെ തിരിച്ചറിയാനും നശിപ്പിക്കാനും പ്രതിരോധസംവിധാനത്തിന് കഴിയാറുണ്ട്. എന്നാൽ, എല്ലായ്‌പ്പോഴും അത് വിജയിക്കണമെന്നില്ല. കാൻസർ കോശങ്ങൾക്ക് പ്രതിരോധസംവിധാനത്തെ കബളിപ്പിച്ച് മറഞ്ഞിരിക്കാൻ സാധിക്കും. അങ്ങനെയാണ് കാൻസർ കോശങ്ങൾ പെരുകുകയും മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നത്. ഇങ്ങനെ മറഞ്ഞിരിക്കുന്ന കാൻസർ കോശങ്ങളെ ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിന് കാട്ടിക്കൊടുക്കുന്ന ജോലിചെയ്യുകയും പ്രതിരോധസംവിധാനത്തിന്റെ ശേഷികൂട്ടുകയും ചെയ്യാനാണ് ഇമ്യൂണോതെറാപ്പി മരുന്നുകൾ രൂപകല്പനചെയ്തിട്ടുള്ളത്.
കാൻസർ ചികിത്സയുടെ ചരിത്രം കീമോതെറാപ്പി, സർജറി, റേഡിയേഷൻ എന്നിവയായിരുന്നു. ഇതിലേക്കാണ് പുതിയതരം ചികിത്സാരീതികൾകൂടി കടന്നുവന്നത്. രണ്ടായിരമാണ്ടോടുകൂടിയാണ് ടാർജറ്റഡ് തെറാപ്പിയിലേക്ക് കടന്നത്. പിന്നീട് ഇമ്യൂണോതെറാപ്പിയിലേക്കെത്തി. അതുകൊണ്ടുതന്നെ ഇമ്യൂണോതെറാപ്പിയെ കാൻസർ ചികിത്സയിലെ അഞ്ചാമത്തെ തൂണായി വിശേഷിപ്പിക്കുന്നുണ്ട്. ഇമ്യൂൺ ചെക്‌പോയിന്റ് ഇൻഹിബിറ്റർ മരുന്നുകൾ ഇപ്പോൾ കാൻസർ ചികിത്സയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇമ്യൂണോതെറാപ്പി
കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധസംവിധാനത്തെ സഹായിക്കുകയാണ് ഇമ്യൂണോതെറാപ്പിയിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും മൂന്നുതരത്തിൽ ഇത് സാധ്യമാകുന്നു:
കാൻസർ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും രോഗപ്രതിരോധസംവിധാനത്തെ സഹായിക്കുക.
കാൻസർ കോശങ്ങളെ നശിപ്പിക്കാൻ പ്രതിരോധകോശങ്ങളെ ഉണർത്തുക.
രോഗപ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിന് ശരീരത്തിനാവശ്യമായ ഘടകങ്ങൾ നൽകുക.
കാൻസറിനെതിരേയുള്ള ഇമ്യൂണോതെറാപ്പി പലതലത്തിൽ ഉപയോഗിക്കുന്നുണ്ട്. ടാർജറ്റഡ് ആന്റിബോഡി, കാൻസർ വാക്സിൻ, ട്യൂമർ ഇൻഫെക്ടിങ് വൈറസ്, ചെക് പോയിന്റ് ഇൻഹിബിറ്റർ, സൈറ്റോകൈൻസ്, ടി സെൽ ട്രാൻസ്ഫർ തെറാപ്പി തുടങ്ങിയവ.
ടി സെൽ ട്രാൻസ്ഫർ തെറാപ്പി
ശരീരത്തിൽനിന്ന് ശേഖരിക്കുന്ന പ്രതിരോധകോശങ്ങളെ ലാബിൽവെച്ച് വർധിപ്പിച്ച് വീണ്ടും ശരീരത്തിലേക്കുതന്നെ കുത്തിവെയ്ക്കുന്നു. രണ്ടുമുതൽ എട്ടുവരെ ആഴ്ച ഇത് ലാബിൽ വളരും. ഇത് രണ്ടുതരമുണ്ട്. ട്യൂമർ ഇൻഫിൽട്രേറ്റിങ് ലിംഫോസൈറ്റ്‌സ് തെറാപ്പി (Tumor-Infiltrating Lymphocytes- TIL), CAR T സെൽ തെറാപ്പി.
TIL തെറാപ്പി: ട്യൂമർ കോശങ്ങൾക്ക് സമീപമുള്ള ലിംഫോസൈറ്റുകൾക്ക് ട്യൂമർ കോശങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടായിരിക്കും. പക്ഷേ, അവ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ മാത്രം എണ്ണമുണ്ടാകണണെന്നില്ല. അല്ലെങ്കിൽ, കാൻസർ കോശങ്ങൾ പുറത്തുവിടുന്ന പ്രതിരോധസംവിധാനത്തെ തടയുന്ന സിഗ്നലുകളെ മറികടക്കാൻ ശേഷിയുണ്ടാവില്ല. അപ്പോൾ കൂടുതലളവിൽ ലിംഫോസൈറ്റുകളെ ശരീരത്തിലേക്ക് നൽകുന്നതുവഴി അവയ്ക്ക് കാൻസർ കോശങ്ങളെ നശിപ്പിക്കാൻ സാധിക്കും.
CAR T സെൽ തെറാപ്പി: ഇതിൽ ടി സെല്ലുകളിൽ ലാബിൽവെച്ച് CAR പ്രോട്ടീൻ (chimeric antigen receptor) കൂടി ചേർക്കുന്നു. ഇത് കാൻസർ കോശങ്ങളിലെ ചില പ്രോട്ടീനുകളെ തിരിച്ചറിയാനും അത്തരം കോശങ്ങളെ നശിപ്പിക്കാനുമുള്ള ശേഷി വർധിപ്പിക്കുന്നു.
‘ചെറിയ പരീക്ഷണം വലിയ പ്രതീക്ഷ’
മരുന്നുപരീക്ഷണത്തിൽ പങ്കെടുത്ത 12 പേരുടെ കാൻസർ ആറുമാസംകൊണ്ട് ഭേദമായി എന്ന റിപ്പോർട്ട് അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടു.
‘ചെറിയ പരീക്ഷണം, പക്ഷേ, വലിയ പ്രതീക്ഷ’ എന്നാണ് ഈ നേട്ടത്തെക്കുറിച്ച് വിലയിരുത്തപ്പെടുന്നത്. മലാശയ കാൻസർബാധിതരായ 18 പേരാണ് മരുന്നുപരീക്ഷണത്തിൽ പങ്കാളികളായത്. ഇത് കുറച്ചുപേർ മാത്രമായതുകൊണ്ടും കാലയളവ് കുറവായതുകൊണ്ടുമാണ് താരതമ്യേന ചെറിയ പരീക്ഷണം എന്ന് പറയുന്നത്. എന്നാൽ രോഗം ഭേദമായി എന്നത് കാൻസർ മരുന്നുഗവേഷണ ചരിത്രത്തിലെതന്നെ മികച്ച ഫലമാണെന്നിരിക്കെ നേട്ടം വളരെ വലുതുമാണ്.
ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ സെന്ററിലാണ് മരുന്നുപരീക്ഷണം നടന്നത്. മൂന്ന് ആഴ്ച കൂടുമ്പോഴാണ് രോഗികൾക്ക് ഡോസ്റ്റർലിമാബ് (Dostarlimab) മരുന്ന് നൽകിയത്. ഇങ്ങനെ ആറുമാസം തുടർന്നു. അതിനുശേഷമുള്ള പരിശോധനയിൽ കാൻസർ കോശങ്ങൾ പൂർണമായും അപ്രത്യക്ഷമായതായി കണ്ടെത്തി. എൻഡോസ്‌കോപി, പെറ്റ് സ്‌കാൻ, എം.ആർ.ഐ. സ്‌കാൻ എന്നിവയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ചിലരിൽ ലിംഫ് ഗ്രന്ഥികളെ ബാധിച്ചിരുന്നു എന്നല്ലാതെ പരീക്ഷണത്തിൽ പങ്കാളികളായവരിൽ മലാശയ കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നില്ല.
ഇത് ഇമ്മ്യൂൺ ചെക് പോയിന്റ് ഇൻഹിബിറ്റർ വിഭാഗം മരുന്നാണ്. അതായത് ഇമ്മ്യൂണിറ്റി തെറാപ്പി മരുന്ന്. ഈ മരുന്ന് കാൻസർ കോശങ്ങളെ നേരിട്ട് നശിപ്പിക്കുകയല്ല ചെയ്യുക. കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ ദീർഘകാല പഠനങ്ങൾ ആവശ്യമാണെന്ന് വൈദ്യശാസ്ത്രലോകം വിലയിരുത്തുന്നുമുണ്ട്. ഇതുകൂടാതെ മറ്റുചില മരുന്നുപരീക്ഷണത്തിൽ പങ്കെടുത്ത ചിലരിൽ കാൻസർ അപ്രത്യക്ഷമായി എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
ജീൻ എഡിറ്റിങ്ങും കാൻസർ ചികിത്സയും
ഡി.എൻ.എ.യിലുണ്ടാകുന്ന തകരാറുകളാണ് കാൻസറിന് വഴിവയ്ക്കുന്നതെന്ന് നേരത്തേതന്നെ തിരിച്ചറിഞ്ഞതാണ്. അതിനാൽ ഡി.എൻ.എ.യിൽ തിരുത്തൽ വരുത്തി കാൻസറിനെ മറികടക്കാമെന്നതിലേക്കായി അന്വേഷണം. ഇതാണ് ജീൻ എഡിറ്റിങ്. ജീൻ എഡിറ്റ് ചെയ്യാൻ വിവിധ മാർഗങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിർണായകമായ മാറ്റം ഉണ്ടായത് 2012- ൽ ക്രിസ്പർ (CRISPR) എന്ന ജീൻ എഡിറ്റിങ് വിദ്യ കണ്ടെത്തിയതോടെയാണ്. കാൻസർ ചികിത്സയിൽ അസാധ്യമായത് സാധ്യമാകുന്ന കണ്ടെത്തലായിരുന്നു അത്. ഏറ്റവും കൃത്യതയോടെ ജീൻ എഡിറ്റിങ് ഇതിലൂടെ സാധ്യമായി.
ഡി.എൻ.എ.യിൽ ഒരു കത്രികപോലെ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയാണിത്. തകരാറുള്ള ജീനിനെ മുറിച്ചുമാറ്റാം, കൂട്ടിച്ചേർക്കാം, അറ്റകുറ്റപ്പണികൾ ചെയ്യാം. ലളിതമായി പറഞ്ഞാൽ, ഈ വിദ്യയ്ക്ക് രണ്ട് ഭാഗങ്ങളാണ് പ്രധാനം. ജീൻ എഡിറ്റ് ചെയ്യാനുള്ള എൻസൈം, അതിന് വഴികാട്ടാനുള്ള ഗൈഡ്. ആർ.എൻ.എ. കാസ് 9 എന്ന എൻസൈം ഉപയോഗിച്ചാണ് ഡി.എൻ.എ. മുറിക്കുന്നത്. ഈ എൻസൈമിനെ മുറിച്ചുമാറ്റേണ്ട ഭാഗത്ത് എത്തിക്കാൻ വഴികാട്ടിയായി ഗൈഡ് ആർ.എൻ.എ. ഉപയോഗപ്പെടുത്തുന്നു. അതിസൂക്ഷ്മമായ പ്രക്രിയയാണിത്.
ജീൻ എഡിറ്റിങ് എന്ന സൂത്രവിദ്യ കണ്ടെത്തിയത് ബാക്ടീരിയയിൽനിന്നാണ് എന്നത് രസകരമായ കാര്യമാണ്. വൈറസുകൾക്കെതിരേ ബാക്ടീരിയകൾ ഉപയോഗിച്ചുവരുന്ന ഒരു സൂത്രവിദ്യയാണ് ഇതിന്റെ ആധാരം. വൈറസുകൾ ബാക്ടീരിയയ്ക്കുള്ളിൽ കയറുമ്പോൾ വൈറസിന്റെ ഡി.എൻ.എ.യുടെ ഒരു ഭാഗം മുറിച്ചെടുത്ത് സ്വന്തം ഡി.എൻ.എ.യിൽ ബാക്ടീരിയകൾ സൂക്ഷിക്കും. അങ്ങനെ ചെയ്താൽ പിന്നീട് വീണ്ടും ഇതേതരം വൈറസ് എത്തുമ്പോൾ ബാക്ടീരിയയ്ക്ക് അത് ഓർത്തെടുക്കാൻ കഴിയും. അതിനെ പ്രതിരോധിക്കാനും സാധിക്കും. അതേതരം വൈറസാണ് എത്തിയതെങ്കിൽ ആ വൈറസിന്റെ ഡി.എൻ.എ. മുറിച്ചുമാറ്റാനുള്ള കഴിവ് ബാക്ടീരിയയ്ക്ക് ലഭിച്ചിരിക്കും. ആ ട്രിക്കാണ് മനുഷ്യൻ തിരിച്ചറിഞ്ഞ് ജീൻ എഡിറ്റിങ് വിദ്യയായി ഉപയോഗിക്കുന്നത്.
രോഗിയുടെ രക്തത്തിൽനിന്ന് ടി സെല്ലുകൾ ശേഖരിച്ച് ലാബിൽ വെച്ച് അതിൽ ജീൻ എഡിറ്റ് ചെയ്യും. അതിനുശേഷം എഡിറ്റ് ചെയ്ത ടി സെല്ലുകളെ ലാബിൽവെച്ച് കോടിക്കണക്കിന് എണ്ണമായി വളർത്തിയെടുക്കും. അതിനുശേഷം അത് രോഗിയിലേക്ക് തിരിച്ച് കയറ്റിവിടും. ശരീരത്തിലെത്തുന്ന എഡിറ്റ് ചെയ്ത ജീനുകൾ കാൻസർ കോശങ്ങളെ നശിപ്പിക്കും. 2019-ൽ നടന്ന ആദ്യ ക്ലിനിക്കൽ പരീക്ഷണം ഇങ്ങനെയായിരുന്നു. കാൻസറിനെതിരേയുള്ള പ്രതീക്ഷനൽകുന്ന ഗവേഷണമായി ജീൻ എഡിറ്റിങ് മാറിയിരിക്കുകയാണ്.
ഏത് മുന്നേറ്റവും പ്രതീക്ഷ നൽകുന്നത്
കാൻസർ ഗവേഷണത്തിലുണ്ടാകുന്ന ഏതുതരം മുന്നേറ്റവും പ്രതീക്ഷ നൽകുന്നതാണ്. വലിയൊരു വിഭാഗം കാൻസറും ഇപ്പോൾ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നുണ്ട്. എന്നാൽ ചില കാൻസറുകൾ ഇപ്പോഴും വേണ്ടത്ര ഭേദമാക്കാൻ സാധിക്കുന്നുമില്ല. മാത്രമല്ല, രോഗം മൂർച്ഛിച്ച ഘട്ടത്തിൽ ചികിത്സാഫലം കുറയുന്നുണ്ട്. അതുകൊണ്ട് പുരോഗമിച്ച ഘട്ടത്തിലെത്തിയ കാൻസറുകളുടെ ചികിത്സയിൽ ഉണ്ടാകുന്ന ഏത് മുന്നേറ്റവും പ്രതീക്ഷ നൽകുന്നു.
ഡോസ്റ്റർലിമാബ് എന്ന ഇമ്മ്യൂണോതെറാപ്പി മരുന്ന് പ്രതീക്ഷ നൽകുന്നുണ്ട്. ഈ മരുന്ന് ഉപയോഗിച്ച 12 പേരിൽ മൂന്നാം സ്റ്റേജിലുള്ള കാൻസർ ആറുമാസകാലയളവിൽ മറ്റ് ബുദ്ധിമുട്ടുകളൊന്നും കാണിച്ചില്ല എന്നത് വലിയ പ്രതീക്ഷയാണ്.
എന്നാൽ ആറുമാസം ചുരുങ്ങിയ കാലയളവിലുള്ള ഗവേഷണമാണ്. അതുകൊണ്ട് ഇത് ധൃതിവെച്ചുള്ള പ്രഖ്യാപനമായി തോന്നുന്നു. കീമോതെറാപ്പിയും റേഡിയേഷനും ആവശ്യമായി വന്നാൽ സർജറിയും ഒക്കെയാണ് മൂർച്ഛിച്ച ഘട്ടത്തിലെത്തിയ കാൻസറിനുള്ള ചികിത്സ. ഇമ്മ്യൂണോതെറാപ്പി മരുന്ന് മാത്രം നൽകി ഇത്രയും ഫലം കിട്ടി എന്നതാണ് ഈ ഗവേഷണത്തിന്റെ ഹൈലൈറ്റ്. എന്നാൽ ഈ ഫലം ഇനിയുള്ള രോഗികളിലും ലഭിക്കുമോ എന്നതാണ് പ്രധാനം.
ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ നമ്മുടെ നാട്ടിലും ഏതാനും വർഷങ്ങൾക്ക് മുൻപുതന്നെ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ ലക്ഷങ്ങൾ ചെലവുവരുന്ന ചികിത്സാരീതിയാണിത്. ചില രോഗികളിൽ നല്ല ഫലം ലഭിക്കുന്നുണ്ട്. എന്നാൽ മറ്റുചില രോഗികളിൽ ഫലം കുറവുമാണ്. ഏതുതരം കാൻസറാണ് എന്നതിന് അനുസരിച്ചും വ്യക്തികൾക്ക് അനുസരിച്ചും ഇമ്മ്യൂണോതെറാപ്പിമരുന്നുകളുടെ ഫലത്തിൽ വ്യത്യാസം കാണിക്കുന്നുണ്ട്. ശ്വാസകോശ കാൻസറിനും വൃക്കയിലെ കാൻസറിനുമെല്ലാം നല്ല ഫലം ലഭിക്കുന്നുണ്ട്. എന്നാൽ ഇത് എല്ലാ രോഗികളിലും ഒരുപോലെയുമല്ല. ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ ആരിലൊക്കെ ഫലപ്രദമാകും എന്ന് മുൻകൂട്ടി മനസ്സിലാക്കാൻ പറ്റുമോ എന്നത് സംബന്ധിച്ചും ഒട്ടേറെ ഗവേഷണങ്ങൾ നടന്നു. പി.ഡി.എൽ. 1 എന്ന ബയോമാർക്കറിനെ അങ്ങനെയാണ് പരിഗണിക്കുന്നത്. പി.ഡി.എൽ. 1 അമ്പത് ശതമാനത്തിന് മുകളിലാണെങ്കിൽ ഇമ്മ്യൂണോതെറാപ്പിമരുന്നുകൊണ്ടുമാത്രം നല്ല ഫലം കിട്ടുമെന്ന നിഗമനത്തിലെത്തി. ഈ ബയോമാർക്കർ 1-50 ശതമാനത്തിന് ഇടയിലാണെങ്കിൽ കീമോതെറാപ്പിയും ഇമ്മ്യൂണോതെറാപ്പിമരുന്നും നൽകാം. പക്ഷേ, ഇത്തരം നിഗമനങ്ങളും നൂറ് ശതമാനവും കൃത്യമായിരിക്കണമെന്നില്ല എന്ന അവസ്ഥയുമുണ്ട്.
കാൻസറിനെ കീഴടക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കാൻസർ കോശങ്ങൾക്ക് അതിജീവിക്കാനുള്ള എല്ലാ വഴികളും അടച്ചുകൊണ്ടുള്ള ചികിത്സകളാണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത്. കാൻസറിനെ കീഴടക്കാനുള്ള ശ്രമം 2030 ആകുമ്പോഴേക്ക് നിർണായക ഘട്ടത്തിലെത്തുമെന്നാണ് വൈദ്യശാസ്ത്രലോകം കണക്കാക്കുന്നത്.
ഡോ. നാരായണൻകുട്ടി വാരിയർ
മെഡിക്കൽ ഡയറക്ടർ & സീനിയർ കൺസൾട്ടന്റ്
മെഡിക്കൽ ഓങ്കോളജി വിഭാഗം
എം.വി.ആർ. കാൻസർ സെന്റർ & റിസർച്ച് സെന്റർ
കോഴിക്കോട്
പ്രതീക്ഷ നൽകുന്ന എൻ.ജി.എസ്.
കാൻസർ ചികിത്സയിൽ വലിയ പ്രതീക്ഷയാണ് നെക്‌സ്റ്റ് ജനറേഷൻ സീക്വൻസിങ് (എൻ.ജി.എസ്.) നൽകുന്നത്. രക്തപരിശോധനയിലൂടെ കാൻസർ രോഗിയുടെ ജനിതകമായ തകരാറുകൾ കണ്ടെത്തുംകയും അതിന് എതിരെ കൃത്യമായ കാൻസർ ചികിത്സ നൽകുന്ന രീതിയാണിത്. ഇതാണ് പ്രിസിഷൻ ഓങ്കോളജി അഥവാ പേഴ്‌സണലൈസ്ഡ് മെഡിസിൻ എന്ന് പറയുന്നത്. അതായത് രോഗിയുടെ ജനിതകഘടനയ്ക്ക് അനുസരിച്ച് കൃത്യമായ ചികിത്സ നൽകാൻ ഇതിലൂടെ സാധിക്കും.
ജീൻ എഡിറ്റിങ് കാൻസറിൽ പ്രധാനമായും ഗവേഷണവഴിയിലാണ്. എങ്കിലും ഭാവിയിലെ പ്രതീക്ഷയാണ്. അതിന്റെ മറ്റൊരു രൂപമാണ് CAR T സെൽ തെറാപ്പി. ഈ തെറാപ്പി ലിംഫോമ, ലുക്കീമിയ എന്നീ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നതിൽ പുതിയ നിർദേശങ്ങൾ വന്നിട്ടുണ്ട്. CAR T സെൽ തെറാപ്പിയിൽ രോഗിയുടെ ടി സെല്ലുകൾ എടുത്ത് അതിൽ പ്രത്യേക ആന്റിജൻ ഉൾപ്പെടുത്തി തിരിച്ച് രോഗിയുടെ ശരീരത്തിലേക്ക് കടത്തിവിടും. അത് കാൻസർ കോശങ്ങളെ ലക്ഷ്യം വയ്ക്കാനും പ്രതിരോധസംവിധാനങ്ങൾ ഉപയോഗിച്ചുതന്നെ അതിനെ നശിപ്പിക്കാനും സഹായിക്കുന്നു. ഈ തെറാപ്പി ഭാവിയിലെ കാൻസർ ചികിത്സയിലെ പ്രതീക്ഷയാണ്.
-ഡോ. അരുൺ ചന്ദ്രശേഖരൻ
സീനിയർ സ്‌പെഷ്യലിസ്റ്റ്
മെഡിക്കൽ ഓങ്കോളജി
ആസ്റ്റർ മിംസ്
കോഴിക്കോട്
കാൻസർ കണക്കുകൾ
ഐ.സി.എം.ആർ. തുടങ്ങിയ നാഷണൽ കാൻസർ റജിസ്ട്രി പ്രോഗ്രാം പ്രകാരം 2021-ൽ പുറത്തുവിട്ട കണക്കുകൾ
രാജ്യത്തെ 96 ഹോസ്പിറ്റലുകളിൽനിന്നുള്ള സ്ഥിതിവിവരങ്ങൾ അവലോകനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
- കാൻസർ ബാധിതരിൽ 52.4 ശതമാനം പുരുഷന്മാർ
- 47.6 ശതമാനം സ്ത്രീകൾ
- 14 വയസ്സുവരെയുള്ള കുട്ടികൾ 4.0 ശതമാനം.
- പുരുഷന്മാരിലെ കാൻസറിൽ 31. 2 ശതമാനം ഹെഡ് ആൻഡ് നെക് കാൻസറാണ്.
- സ്ത്രീകളിൽ 51 ശതമാനവും സ്തനാർബുദം ഉൾപ്പെടെയുള്ള ഗൈനക്കോളജിക് കാൻസറുകളാണ്.
- 2020- ലെ കണക്കുപ്രകാരം ഇന്ത്യയിൽ 13.9 ലക്ഷം കാൻസർ ബാധിതരുണ്ട്.
Content Highlights: breakthroughs in the fight against cancer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..