സാധാരണ മറവിയും മറവിരോഗവും എങ്ങനെ വേർതിരിച്ചറിയാം ? ഓർമ കൂട്ടാൻ ചില നുറുങ്ങു വഴികൾ  !


ഡോ.അനിൽ കുമാർ ശിവൻ

Representative Image | Photo: Canva.com

എന്താണ് ഓർമ ?

പഞ്ചേന്ദ്രിയങ്ങളിലൂടെ മസ്തിഷ്കത്തിലെത്തി, അവിടെ ശേഖരിക്കുകയും ഉറപ്പിച്ച് നിലനിർത്തുകയും എപ്പോൾ വേണമെങ്കിലും വീണ്ടെടുക്കുകയും ചെയ്യുന്ന വിവരങ്ങളുടെ ഒരു സമാഹാരമാണ് ഓർമ.

കാഴ്ച്ചയായി, ശബ്ദമായി , സ്പർശമായി, ഗന്ധമായി, രുചികളായി, വികാരങ്ങളായി ... ഒട്ടേറെ വിവരങ്ങൾ ( data )നമ്മുടെ തലച്ചോറിൽ എത്തുകയും ഓർമ്മകളായി മാറുകയും ചെയ്യുന്നു. വളരെ സങ്കീർണ്ണമായ ഒരു അത്ഭുതപ്രതിഭാസമാണ് ഓർമ.

സാധാരണ മറവിയും മറവിരോഗവും എങ്ങനെ വേർതിരിച്ചറിയാം ?

 • ഞാൻ മധ്യവയസ്കയായ വീട്ടമ്മയാണ്. ഈയിടയായി ഗ്യാസ് ഓഫ് ചെയ്യാൻ മറന്നു പോകുന്നു കറികളിൽ മസാലയും ഉപ്പും ഇടാൻ മറന്നു പോകുന്നു താക്കോൽ മറന്നുവയ്ക്കുന്നു. ഇത് മറവിരോഗമാണോ ഡോക്ടർ ?
 • റിട്ടയർമെന്റ് അടുക്കാറായ ഒരു ഉദ്യോഗസ്ഥനാണ്. ഓഫീസിൽ എത്തിക്കഴിഞ്ഞാണ് പഴ്സ്, ഫോൺ, വാച്ച്, കണ്ണട, ഫയലുകൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് മറന്ന് വീട്ടിൽ വച്ചിരിക്കുന്നതായി അറിയുന്നത്. ഇത് ഒരു തുടർച്ചായ പ്രശ്നമാകുന്നു. ഇതെന്താണ് ഡോക്ടർ ?
ഉത്തരം : മറന്നു പോയ കാര്യങ്ങൾ പിന്നീട് ഓർമ്മ വരുന്നുണ്ടോ ? മറന്നു പോയ കാര്യത്തിന്റെ ഒരു ക്ലൂ കിട്ടിയാൽ ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ ? മറന്നു പോയ സാധനം അൽപ്പം ശ്രമിച്ച് തപ്പിയെടുക്കാൻ സാധിക്കുന്നുണ്ടോ ?

ഉത്കണ്ഠയോ മാനസികപിരിമുറുക്കമോ ഉള്ള സമയത്ത് സംഭവിക്കുന്ന മറവിയാണോ ?

മൾട്ടി റ്റാസ്കിംഗ് (multitasking) - പല കാര്യങ്ങൾ ഒരേ സമയം ചെയ്യുമ്പോൾ പ്രാധാന്യം കുറഞ്ഞ ചില കാര്യങ്ങൾ ആണോ മറന്നു പോകുന്നത്?

മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കെല്ലാം അതെ എന്നാണ് ഉത്തരമെങ്കിൽ പേടിക്കേണ്ട - അത് സാധാരണ മറവി എന്ന അവസ്ഥയാണ്

എന്താണ് മറവി രോഗം ?

ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തടസ്സം വരുന്ന വിധത്തിൽ മറവിയുണ്ടെങ്കിൽ അത് മറവി രോഗത്തിന്റെ ആരംഭമാണ്. മറവി രോഗിക്ക് ഓർമ്മ മാത്രമല്ല നഷ്ടപ്പെടുന്നത്. സംസാരശേഷി , ആസൂത്രണ ശേഷി, സ്ഥലകാല ദിശാബോധം, കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശേഷി എന്നിവ നഷ്ടപ്പെടുന്നു. മനോരോഗ ലക്ഷണങ്ങളായ കടുത്ത ദേഷ്യം, അക്രമ വാസന, വാശി, നിസ്സംഗത, അമിത ലൈംഗികത, ഭയം, വിഷാദം, ഉറക്കമില്ലായ്മ എന്നിവയും ഇവരിൽ കാണപ്പെടുന്നു.

എന്തുകൊണ്ട് ഓർമ നഷ്ടമാകുന്നു ?

മറവിരോഗം സംഭവിക്കുന്നത് മസ്തിഷ്ക കോശങ്ങൾ നശിക്കുമ്പോഴാണ്. ഉദാ: അൽഷിമേഴ്സ് രോഗം, ഫ്രണ്ടോ ടെംപറൽ ഡിമെൻഷ്യ . പ്രായവും പാരമ്പര്യവും മേധാക്ഷയത്തിലേക്ക് നയിക്കുന്ന രണ്ട് പ്രധാന കാരണങ്ങളാണ്. അന്തരീക്ഷ മലിനീകരണം, ദരിദ്ര പശ്ചാത്തലം, വിദ്യാഭ്യാസത്തിന്റെ കുറവ്, ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം, കൊളസ്ട്രോൾ , അമിതവണ്ണം, സ്ട്രെസ്സ്, മസ്തിഷ്കാഘാതം, ഹൃദയാഘാതം, വിഷാദരോഗം, സാമൂഹികമമായ ഒറ്റപ്പെടൽ എന്നിവ മേധാക്ഷയത്തിന് കാരണമാകും.

ഭൂരിപക്ഷം മേധാക്ഷയരോഗികളിലും കാണുന്നത് അൽഷിമേഴ്സ് രോഗമാണ്. വാസ്കുലർ ഡിമെൻഷ്യ , ഫ്രോണ്ടോ ടെംപറൽ ഡിമൻഷ്യ എന്നിവയാണ് സാധാരണ കണ്ടുവരുന്ന മറ്റ് മറവി രോഗങ്ങൾ. ഇവ ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ല. ഈ മറവിരോഗങ്ങളുടെ തീവ്രതയും പുരോഗതിയുടെ വേഗവും കുറയ്ക്കാൻ മാത്രമേ മരുന്നുകൾക്ക് കഴിയും. നേരത്തെ തിരിച്ചറിയുന്നതും പ്രധാനപ്പെട്ട സംഗതിയാണ്.

ചെറിയ ഒരു ശതമാനം ഡിമെൻഷ്യ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്നതാണ്. മിഥ്യാ മറവിരോഗം, വിറ്റാമിനുകളുടെയും തൈറോയിഡ് ഗ്രന്ഥികളുടെ തകരാറ് മൂലവുമുള്ള മറവി, അമിത മദ്യപാനം മൂലമുള്ള മറവി എന്നിവ ഒരു പരിധി വരെ ചികിത്സിച്ച് ഭേദമാക്കാം. ജീവിതശൈലീ രോഗങ്ങൾ യഥാസമയം ചികിത്സിക്കുകയും മെച്ചപ്പെട്ട ജീവിത - വിദ്യാഭ്യാസ സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നത് ഡിമെൻഷ്യയുടെ ആവിർഭാവം തടയും.

ന്യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ് , ന്യൂറോ പാലിയേറ്റിവ് കെയർ, ജെറിയാട്രിക് മെഡിസിൻ സ്പെഷ്യലിസ്റ്റ് എന്നിവർ ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ഡിമൻഷ്യാ ക്ലിനിക്കിലാണ് മേധാക്ഷയം ചികിത്സിക്കുന്നത്.

ഓർമ കൂട്ടുന്ന ഭക്ഷണങ്ങൾ

മധ്യവയസ്സ് പിന്നിട്ടവർ ഓർമ്മ നിലനിർത്താൻ സഹായിക്കുന്ന ആഹാരങ്ങൾ ശീലമാക്കുന്നത് ഉപകാരപ്രദമാണ്.
മഞ്ഞൾപ്പൊടിയിലെ കുർക്കുമിൻ ഓർമ്മശക്തി കൂട്ടാൻ സഹായിക്കും. ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, ചാള, ചൂര, അയല തുടങ്ങിയ മത്സ്യങ്ങൾ കൂടുതലായി ഉപയോഗിക്കാം. ആൽഫാ ലിപോയിക്ക് ആസിഡ് അടങ്ങിയ ബ്രോക്കോളി, ചേന, ഉരുളക്കിഴങ്ങ്, കാരറ്റ്, മുളപ്പിച്ച പയർ എന്നിവ നല്ലതാണ്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ കാരറ്റ്, ഇലക്കറികൾ, ബ്ലു ബെറി, ചുവന്ന മുന്തിരി, ഗ്രീൻ ടീ , ഡാർക്ക് ചോക്ലേറ്റ് എന്നിവ നല്ലതാണ്.

ഓർമ കൂട്ടാൻ ചില നുറുങ്ങു വഴികൾ !

 • ഓർമ കൂട്ടാൻ എളുപ്പ വഴികളില്ല. മസ്തിഷ്കത്തിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ദിനചര്യകൾ ശീലമാക്കിയാൽ ഓർമ്മ മെച്ചപ്പെടും.
 • വായിക്കുക -200 പേജ് ഉള്ള രണ്ട് പുസ്തങ്ങളെങ്കിലും എല്ലാ മാസവും വായിക്കുക.
 • ചെസ്സ് കളിക്കുക - ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ചെസ് കളിക്കുക
 • പദപ്രശ്നം പൂരിപ്പിക്കുക - ആഴ്ചയിൽ ഒരിക്കൽ എങ്കിലും സുഡുകു, ക്വിസ് എന്നിവ ചെയ്യുക
 • വ്യായാമം ശീലമാക്കുക - ആഴ്ചയിൽ മൂന്നാല് തവണയെങ്കിലും യോഗ, ധ്യാനം എന്നിവയുൾപ്പടെ വ്യായാമ മുറകൾ ശീലമാക്കുക
 • ഡയറിക്കുറിപ്പുകൾ എഴുതാൻ ശീലിക്കുക. സർഗാത്മക പ്രവർത്തികളിൽ ഏർപ്പെടുക
 • ഉറക്കം - എട്ട് മണിക്കൂർ ഉറങ്ങുക, കൃത്യസമയം പാലിക്കുക
രോഗിയും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • കാര്യങ്ങൾ ഓർമപ്പെടുത്തുന്നതിനായി ഡയറി, കുറിപ്പുകൾ, കലണ്ടർ, പോസ്റ്ററുകൾ എന്നിവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക.
 • അത്യാവശ്യം ഓർക്കേണ്ട കാര്യങ്ങൾ രോഗിയെ മൂന്നാല് തവണ ഓർമ്മിപ്പിക്കുക.
 • തെന്നിവീഴാൻ സാധ്യതയുള്ള കാർപ്പെറ്റുകളും ചവിട്ടികളും ഒഴിവാക്കുക
 • മരുന്നുകൾ സൂക്ഷിച്ചു വയ്ക്കുക,കൃത്യ സമയത്ത് നൽകാൻ ശ്രദ്ധിക്കുക.
 • കിടപ്പുമുറിയിലും മറ്റിടങ്ങളിലും വെളിച്ചം ഉണ്ടാവണം
 • സംഭാഷണങ്ങളിൽ നിന്ന് അവരെ ഒഴിവാക്കുകയോ സംസാരമധ്യേ തടസ്സപ്പെടുത്തുകയോ ചെയ്യരുത്.
 • എളുപ്പത്തിൽ അതെ അല്ല ഉത്തരങ്ങൾ കിട്ടുന്ന ചോദ്യങ്ങൾ മാത്രം ചോദിക്കുക.
 • മാനസിക രോഗലക്ഷണങ്ങൾ രോഗത്തിന്റെ ഭാഗമാണെന്നും രോഗി അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലായെന്നും മനസ്സിലാക്കുക
 • കൃത്യമായ ഇടവേളകളിൽ രോഗിയെ ടോയ് ലെറ്റിൽ കൊണ്ടുപോവുക, യൂറോപ്യൻ രീതിയിലുള്ള ടോയ് ലെറ്റാണ് നല്ലത്
 • എല്ലാ ദിവസവും കൃത്യസമയത്ത് രോഗിയെ ഉറക്കാൻ ശ്രമിക്കുക.
വളരെ വ്യാപകമായി കണ്ടുവരുന്ന മറവി രോഗമാണ് അൽഷിമേഴ്സ്. എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിച്ചു വരുന്നു. രോഗമുള്ളവർക്കും അവരെ പരിചരിക്കുന്നവർക്കും ബോധവത്കരണം നൽകുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. രോഗനിർണ്ണയത്തിനു ശേഷം നൽകേണ്ട മാനസിക - ചികിത്സാ പിന്തുണയാണ് 2022 ലോക അൽഷിമേഴ്സ് ദിനത്തിലെ പ്രധാന വിഷയം. നേരത്തെ രോഗനിർണ്ണയം നടത്തുവാനും ചികിത്സ തേടുവാനും പ്രേരിപ്പിക്കുന്നതു മുതൽ രോഗമുള്ളവർക്ക് വേണ്ട പിന്തുണയും സഹായവും പ്രോത്സാഹനവും നൽകുന്നത് വരെയുള്ള എല്ലാ വിഷയങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് സമൂഹത്തിന്റെ - പ്രത്യേകിച്ച് മെഡിക്കൽ സമൂഹത്തിന്റെ - കടമയാണ്.

തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ ന്യൂറോളജിസ്റ്റ് ആണ് ലേഖകൻ

Content Highlights: world alzheimers day, dementia or normal memory loss


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented