പതിവുള്ള പത്രവായന നിർത്തി, ഭക്ഷണം കഴിച്ച കാര്യം മറന്നു;ഒടുവിൽ തിരിച്ചറിഞ്ഞു അൽഷിമേഴ്സ് രോ​ഗമെന്ന്


Representative Image | Photo: Canva.com

കുട്ടികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു ആ അധ്യാപിക. എല്ലാവരോടും നല്ല പെരുമാറ്റം. ജോലിയിൽനിന്ന് വിരമിച്ചശേഷം ഇളയമകൾക്കൊപ്പമായിരുന്നു താമസം. പെട്ടെന്നാണ് ഇവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ചില മാറ്റങ്ങളുണ്ടായത്. മറവിയും സംഭ്രമവുമെല്ലാം ആദ്യം ഒളിച്ചുവെക്കാൻ ശ്രമിച്ചു. പക്ഷേ, ദിവസം ചെല്ലുംതോറും പ്രശ്‌നങ്ങൾ രൂക്ഷമായി. ചോദ്യങ്ങൾ ആവർത്തിക്കുന്നതും സാധനങ്ങൾ ഒളിച്ചുവയ്ക്കുന്നതും പതിവായി. നിസ്സാര കാര്യങ്ങൾക്കുപോലും കുറ്റപ്പെടുത്തുകയും ദേഷ്യം പിടിക്കുകയും ചെയ്തു. വേലക്കാരിയെ കള്ളിയായി ചിത്രീകരിക്കാനും സംശയത്തോടെ നോക്കാനും തുടങ്ങി. പതിവുള്ള പത്രവായന ഉപേക്ഷിച്ചു. ഭക്ഷണം കഴിച്ച കാര്യം പലപ്പോഴും മറന്നു. മകൾ ഭക്ഷണം കൊടുക്കുന്നില്ലെന്നും പട്ടിണിക്കിടുകയാണെന്നും അയൽക്കാരോട് പരാതിപ്പെട്ടു. മകൾ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നതിൽ വരെ ആരോപണം എത്തി.

വീട്ടിൽനിന്ന് ഒരിക്കൽ ഇറങ്ങിപ്പോയതോടെയാണ് പ്രശ്‌നത്തിന്റെ ഗൗരവം എല്ലാവർക്കും മനസ്സിലായത്. തുടർന്ന് ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോൾ അൽഷിമേഴ്‌സ് രോഗമാണെന്ന് തിരിച്ചറിഞ്ഞു. പെരുമാറ്റത്തിലുണ്ടായ വ്യതിയാനം ഇതിന്റെ പ്രതിഫലനമായിരുന്നു. കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടതോടെ അവഗണിക്കാതെ ചേർത്തുപിടിച്ച് കൂടെ കൊണ്ടുപോകാനും അബോധാവസ്ഥയിൽ ചെയ്യുന്ന കാര്യങ്ങൾ ക്ഷമിക്കാനും പരിചരിക്കാനുമെല്ലാം മക്കൾ ഒപ്പം നിന്നു.

ഓർമയ്ക്കായി ഒരു ദിനം

രോഗികളുടെ എണ്ണം അനുദിനം വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ മറവിരോഗത്തെ നേരിടാൻ ആഗോളതലത്തിൽ ശക്തമായ ബോധവത്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ്, രോഗമുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെക്കുറിച്ച് ജനത്തെയും സർക്കാരുകളെയും ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സപ്തംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കുന്നത്.

ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഈ നിലപാടിന് ഏറെ പ്രസക്തിയുണ്ട്. പ്രമേഹരോഗത്തിന്റെ ആസ്ഥാനമാണ് ഇന്ത്യയെന്നതാണ് ഒന്നാമത്തെ കാരണം. ഇതുകൂടാതെ, വർധിച്ചതോതിലുള്ള രക്തസമ്മർദവുമുണ്ട്. ഈ രണ്ടു ഘടകങ്ങളും മസ്തിഷ്‌കാഘാതം, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങൾക്കു പുറമെ അൽഷിമേഴ്‌സ് പോലുള്ള മറവിരോഗങ്ങളുമുണ്ടാക്കും. അതിനാൽ രോഗത്തെക്കുറിച്ചുള്ള അറിവ് പൊതു ആരോഗ്യം മെച്ചപ്പെടുത്താനും മറവിരോഗ നിരക്കിലെ വർധന തടയാനും സഹായിക്കും.

അൽഷിമേഴ്‌സ്, വാസ്‌കുലാർ ഡിമെൻഷ്യ, തലച്ചോറിലെ അണുബാധ, ട്യൂമറുകൾ, അപകടം മൂലമുണ്ടാകുന്ന ക്ഷതങ്ങൾ, തൈറോയ്ഡ് ഹോർമോണിന്റെയും ജീവകം-ബി 12 ന്റെയും കുറവ്, മസ്തിഷ്‌കാഘാതം തുടങ്ങി ഒട്ടേറെ കാരണങ്ങൾകൊണ്ട് മറവിരോഗം ഉണ്ടാകാം. ഇതിൽ ഏറ്റവും പ്രധാനം അൽഷിമേഴ്‌സാണ്. 60 ശതമാനം മറവിരോഗവും അൽഷിമേഴ്‌സ് മൂലമുണ്ടാകുന്നതാണ്.

എന്താണ് അൽഷിമേഴ്‌സ്

'ഈ നൂറ്റാണ്ടിന്റെ രോഗം' എന്നാണ് അൽഷിമേഴ്‌സിനെ വിശേഷിപ്പിക്കുന്നത്. ജർമൻ ന്യൂറോളജിസ്റ്റായ അലോയ്‌സ് അൽഷിമർ ആണ് ഈ രോഗത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. തലച്ചോറിലെ നാഡീകോശങ്ങൾ (ന്യൂറോണുകൾ) ക്രമേണ ജീർണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇതോടൊപ്പം പലപ്പോഴും തലച്ചേറിന്റെ വലുപ്പം ചുരുങ്ങുന്നതുപോലുള്ള ഘടനാപരമായ മാറ്റങ്ങളും ഉണ്ടാകും. സ്ത്രീകളിലാണ് അൽഷിമേഴ്‌സ് കൂടുതലായി കണ്ടുവരുന്നത്.

സാധാരണയായി 65 വയസ്സു മുതലാണ് അൽഷിമേഴ്‌സ് ബാധിച്ചു തുടങ്ങുന്നതെങ്കിലും മുപ്പതിലും നാൽപ്പതിലുമൊക്കെ രോഗം പിടിപെട്ട കേസുകളും വളരെ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെ 'ഏർലി ഓൺസെറ്റ് അൽഷിമേഴ്‌സ് ' എന്നു പറയും. ഇത് മൊത്തം അൽഷിമേഴ്‌സ് രോഗികളിൽ പത്തുശതമാനം മാത്രമേ വരൂ.

കൂടുവിട്ട് കൂടുമാറ്റം

ശാരീരികവും മാനസികവും ബൗദ്ധികവുമായ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറായതിനാൽ നാഡീകോശങ്ങൾക്കുണ്ടാകുന്ന തകരാറുകൾ ഈ പ്രവർത്തനങ്ങളെയെല്ലാം ബാധിക്കും. ഓർമശക്തിയും ചിന്താശേഷിയും സ്ഥലകാലബോധവും ഭാഷാപരമായ കഴിവുകളും എല്ലാം പതിയെപ്പതിയെ നഷ്ടപ്പെടും. ഓരോ വ്യക്തിയിലും ഓരോ രീതിയിലായിരുക്കും ഇത് പ്രകടമാവുകയെന്നു മാത്രം. രോഗി തന്റെ സ്വഭാവ സവിശേഷതകളിൽനിന്ന് അകന്ന് പൂർണമായും മറ്റൊരാളാകും. തുടക്കത്തിൽ ചെറിയ തോതിലാണ് മാറ്റമെങ്കിലും രോഗം മൂർധന്യാവസ്ഥയിലെത്തുന്നതോടെ സ്വയം തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക് രോഗിയെത്തും.

അടുത്തകാലത്തുണ്ടായ കാര്യങ്ങൾ മറന്നുപോകുന്നതാണ് പലപ്പോഴും ആദ്യം പ്രകടമാവുക. ചോദ്യങ്ങൾ ആവർത്തിക്കുന്നതും എപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാധനങ്ങൾ എവിടെയാണ് വച്ചതെന്ന് ഓർമയില്ലാത്തതും ഏറ്റവും അടുത്ത ദിവസം കണ്ട ആളുകളെ മറക്കുന്നതും എല്ലാം ഇതിന്റെ ഭാഗമാണ്. ഹ്രസ്വകാല ഓർമകൾ നശിക്കുന്നതുകൊണ്ടാണിത്. ദീർഘകാല ഓർമകളെ ആദ്യ ഘട്ടത്തിൽ രോഗം ബാധിക്കാത്തതിനാൽ പഴയ കാര്യങ്ങളെക്കുറിച്ചെല്ലാം നല്ല ഓർമ ഉണ്ടായിരിക്കും.

രോഗികൾ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ഭാഷ. കാര്യങ്ങൾ അവതരിപ്പിക്കുന്നതിനുള്ള വാക്കുകൾ കിട്ടാതെ ഇവർ പലപ്പോഴും ബുദ്ധിമുട്ടും. പറയുന്ന കാര്യങ്ങൾ മനസ്സിലാകണമെന്നുമില്ല. വായിക്കുന്നതിലും എഴുതുന്നതിലുമെല്ലാം പ്രയാസം നേരിടും. സ്വന്തം വീടിനുള്ളിൽതന്നെ വഴിതെറ്റിപ്പോകുന്ന തരത്തിലും രാത്രിയും പകലും സമയവുമൊന്നും തിരിച്ചറിയാൻ പറ്റാത്ത വിധത്തിലും സ്ഥലകാലബോധം നഷ്ടപ്പെടാം. വീടുവിട്ട് അലഞ്ഞുതിരിയാനുള്ള പ്രവണതയുണ്ടാകും. വ്യക്തിത്വത്തിലും പെരുമാറ്റത്തിലും മാറ്റമുണ്ടാകും. അമിത ദേഷ്യം, വിഷാദം, ഒന്നിലും താൽപര്യമില്ലായ്മ എന്നിവയെല്ലാം രോഗത്തിന്റെ പ്രത്യേകതകളാണ്.

രോഗത്തെ മനസ്സിലാക്കാം

ഒരിക്കൽ അൽഷിമേഴ്‌സ് പിടിപെട്ടു കഴിഞ്ഞാൽ പിന്നീടൊരു തിരിച്ചുവരവില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ചികിത്സിച്ചു ഭേദമാക്കാവുന്ന തരത്തിൽ മരുന്ന് ലോകത്തെവിടെയും കണ്ടുപിടിച്ചിട്ടുമില്ല. നാഡീകോശങ്ങൾ നശിക്കുന്നതിന്റെ വേഗവും രോഗതീവ്രതയും മരുന്നുകളുപയോഗിച്ച് കുറയ്ക്കുക മാത്രമേ പോംവഴിയുള്ളൂ. രോഗം മാറുന്നില്ലെങ്കിലും രോഗിയുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താൻ ഇതുകൊണ്ട് സാധിക്കും. നേരത്തെതന്നെ അസുഖം കണ്ടെത്തുകയും ചികിത്സ തുടങ്ങുകയും ചെയ്താൽ രോഗിയുടെയും ഒപ്പം കുടുംബത്തിന്റെയും തുടർന്നുള്ള ജീവിതം വലിയ തോതിൽ മെച്ചപ്പെടുത്താനാവും. അതിനാലാണ്, സൂചനകൾ ഉണ്ടായാൽ ആ വ്യക്തിയെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പറയുന്നത്.

രോഗികളുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ ഒട്ടേറെ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അടുത്ത പത്തുവർഷത്തിനുള്ളിൽ ചികിത്സ മെച്ചപ്പെടുത്തുന്ന കാര്യമായ ഒരു കണ്ടുപിടുത്തം ഉണ്ടാകാനിടയുണ്ടെന്നാണ് വൈദ്യശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു രോഗമല്ല അൽഷിമേഴ്‌സ് എങ്കിലും 'അപോ-ഇ 4 'എന്ന ജീനുള്ളവരിൽ രോഗം വരാൻ സാധ്യതയുള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. തൈറോയ്ഡ് ബാധയും പാർക്കിൻസൺസ് രോഗവുമെല്ലാം അൽഷിമേഴ്‌സിനെ സ്വാധീനിക്കാറുണ്ട്.

മിനിമൽ കൊഗ്‌നിറ്റീവ് ഇംപയർമെന്റ് (എം.സി.ഐ.) ഉള്ളവരിൽ നല്ലൊരു ശതമാനത്തിനും പിന്നീട് ഓർമത്തകരാർ വന്നേക്കാം. രോഗം തുടങ്ങുന്നതിന് പത്തുവർഷം മുമ്പ് എം.സി. ഐ. ഉണ്ടോയെന്ന് അറിയാൻ സാധിക്കും. എം.സി.ഐ. തന്നെ പത്തുവർഷം മുമ്പ് കണ്ടുപിടിക്കുന്ന പ്രീ എം. സി.ഐയും ഇപ്പോൾ നിലവിലുണ്ട്. അൽഷിമേഴ്‌സ് പോലുള്ള മറവിരോഗങ്ങളെ അകറ്റിനിർത്തുന്നതിൽ മസ്തിഷ്‌കാരോഗ്യം പ്രധാന പങ്കുവഹിക്കുന്നുണ്ട്. പോഷകം നിറഞ്ഞ ഭക്ഷണം, മസ്തിഷ്‌ക വ്യായാമം എന്നിവയിലൂടെ തലച്ചോറിന്റെ കാര്യക്ഷമത കൂട്ടാം. ബി.പിയും പ്രമേഹവും നിയന്ത്രിക്കുന്നതും യോഗ, ധ്യാനം എന്നിവ ശീലമാക്കുന്നതും തലച്ചോറിന് ആരോഗ്യം നൽകും. സെറിബ്രൽ വ്യായാമങ്ങളും തലച്ചോറിനെ പ്രവർത്തനനിരതമാക്കും. സുഡോകു, ചെസ്, പദപ്രശ്‌നങ്ങൾ എന്നിവ ഉദാഹരണം. പുതിയ ഭാഷകൾ പഠിക്കുന്നതും നല്ലതാണ്.

മാറ്റിവക്കണം ഉദാസീനത

തലച്ചോറിന്റെ ഉപയോഗത്തിൽ മിക്ക മലയാളികളും വളരെ ഉദാസീനരാണ്. ജോലിയിൽനിന്ന് വിരമിക്കുന്നതോടെ ജീവിതം അവസാനിച്ചുവെന്നാണ് പലരുടെയും ധാരണ. 'ഞാൻ റിട്ടയേർഡായി. ഇനി ഒന്നും ചെയ്യാനില്ല' എന്നൊക്കെയാകും ചിന്തകൾ. ഉണ്ടും ഉറങ്ങിയും ടെലിവിഷൻ കണ്ടും പിന്നീട് അലസജീവിതം നയിക്കും. ഉപയോഗിക്കാതിരിക്കും തോറും തലച്ചോറിന്റെ കഴിവ് നഷ്ടപ്പെടുകയും അപകടസാധ്യത കൂടുകയും ചെയ്യും. കായികാധ്വാനം കുറഞ്ഞതും ഓർമക്കുറവിന്റെ അപകട സാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. ഇക്കാര്യത്തിൽ വിദേശികൾ മികച്ച മാതൃകയാണ്. ജോലിയിൽനിന്ന് വിരമിച്ചശേഷം എന്തുചെയ്യണമെന്ന കാര്യത്തിൽ കൃത്യമായ പദ്ധതി അവർക്കുണ്ട്. ഇതേപോലെ 55 വയസിൽ വിരമിച്ചശേഷം എന്തുചെയ്യണമെന്നതിനേക്കുറിച്ച് നമ്മളും നേരത്തെ ചിന്തിച്ചു തുടങ്ങണം. താൽപര്യമുണ്ടെങ്കിൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാം. സാമ്പത്തികമായി ഒന്നും തിരിച്ചുകിട്ടുന്നില്ലെങ്കിലും തന്റെ ശക്തിയും കഴിവും ബുദ്ധിയും കായികബലവുമെല്ലാം മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നത് സന്തോഷം പകരും.

മറവിക്കു പിന്നാലെ അനാഥത്വവും

ഗ്രാമങ്ങൾ പോലും അണുകുടുംബത്തിലേക്കു ചുരുങ്ങിയതോടെ രോഗബാധിതരുടെ സംരക്ഷണം നമ്മുടെ നാട്ടിൽ ഒരു ബാധ്യതയായി മാറി. തനിച്ചു താമസിക്കേണ്ടി വരുന്ന അവസ്ഥയിലാണ് പലപ്പോഴും അൽഷിമേഴ്‌സ് പോലുള്ള മറവിരോഗം ഇവരെ കീഴ്‌പ്പെടുത്തുക. സർക്കാരുകളൊന്നും ഈ പ്രായോഗിക ബുദ്ധിമുട്ടിനേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പക്ഷേ, ഈ അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. ദേശീയതലത്തിൽ മുതിർന്ന പൗരൻമാർക്കായി 'നാഷണൽ കൗൺസിൽ ഫോർ സീനിയർ സിറ്റിസൺ' രൂപംകൊള്ളാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ കീഴിൽ 'സ്‌റ്റേറ്റ് കൗൺസിൽ ഫോർ സീനിയർ സിറ്റിസൺ' കേരളത്തിലും ഉണ്ടാകും. ഇക്കാര്യങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒരുപടി മുന്നിലാണ്. സർക്കാരിലുണ്ടായ ഉണർവ് സന്തോഷകരമാണെങ്കിലും ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്.

വയോജന സംരക്ഷണത്തെ കൂടുതൽ ശാസ്ത്രീയമായി സമീപിക്കണം. ഭക്ഷണവും വസ്ത്രവും കിടക്കാനൊരിടവും കൊടുത്താൽ പോര, അവർ അർഹിക്കുന്ന ബഹുമാനവും ശ്രദ്ധയും നൽകി മാന്യമായി ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കണം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആളുകളെ ഇതിൽ ഉൾപ്പെടുത്താനുള്ള സംവിധാനം ഒരുക്കണം.

മെമ്മറി ക്ലിനിക്കുകൾ

രോഗം തിരിച്ചറിയാതെ പോകുന്നതിന്റെ പ്രധാന കാരണം അജ്ഞതയാണ്. മറവിയും ഒരു രോഗമായി മാറാമെന്ന കാര്യം പലരും മനസ്സിലാക്കുന്നില്ല. പ്രായമായവരുടെ ആരോഗ്യപ്രശ്‌നങ്ങളെ വളരെ ലാഘവത്തോടെ കാണുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. പനി, നെഞ്ചുവേദന തുടങ്ങിയവയാണെങ്കിൽ ആസ്പത്രിയിൽ കൊണ്ടുപോകുന്നവർ ഓർമക്കുറവിനെ നിസാരവത്കരിക്കുകയാണ് പതിവ്.
ഈ സാഹചര്യത്തിൽ രോഗസ്ഥിരീകരണത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ഥിതി മെച്ചപ്പെടുത്തണമെങ്കിൽ രോഗം കണ്ടുപിടിക്കണം. മെമ്മറി ക്ലിനിക്കുകളാണ് അതിനുള്ള ഒരു പ്രധാന മാർഗം. വളരെ ചെലവുകുറഞ്ഞ രീതിയിൽ മെമ്മറി ക്ലിനിക്കിൽ രോഗനിർണയം നടത്താം.

ഓർമക്കുറവ് മൂലം ദൈനംദിന ജീവിതം ബുദ്ധിമുട്ടിലാകുന്ന അവസ്ഥയിലേക്ക് വന്നാൽ ഏറ്റവും അടുത്ത മെമ്മറി ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. ക്ലിനിക്കിലെ സാമൂഹിക പ്രവർത്തകരാകും രോഗിയെ ആദ്യം സ്വീകരിക്കുക. മെമ്മറി ക്ലിനിക്കിൽ ഒരു അംഗീകൃത ചോദ്യാവലി (മിനി മെന്റൽ സ്റ്റാറ്റസ് എക്‌സാമിനേഷൻ-എം.എം.എസ്.ഇ.)യുണ്ടാകും. എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ടതായ സാമാന്യ വിവരങ്ങളാണ് ഇതിലുണ്ടാകുക. സാമൂഹിക പ്രവർത്തകർ ഇതിലെ ചോദ്യങ്ങൾ രോഗിയോട് ചോദിച്ചശേഷം സ്‌കോർ പരിശോധിക്കും. സ്‌കോർ കുറവാണെങ്കിൽ കാര്യമായ ഓർമത്തകരാറുണ്ടെന്ന് പ്രാഥമിക പരിശോധനയിൽതന്നെ മനസ്സിലായിക്കഴിഞ്ഞു. ഈ രോഗിയെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് അയയ്ക്കുന്നതാണ് അടുത്തപടി. അദ്ദേഹം രോഗിയുമായി സംസാരിച്ച് പശ്ചാത്തലം മനസ്സിലാക്കിയശേഷം വിശദമായ പരിശോധനകൾ നടത്തും. രക്തപരിശോധനയ്ക്കും എം.ആർ.ഐ. സ്‌കാനിങ്ങിനും രോഗിയെ വിധേയമാക്കും.

പരിഹരിക്കാനാവുന്ന തകരാറുകളാണ് കണ്ടെത്തുന്നതെങ്കിൽ അതിനുള്ള മരുന്നു നൽകി ഭേദപ്പെടുത്തും. അൽഷിമേഴ്‌സാണ് പ്രശ്‌നമെങ്കിൽ തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതിന്റെ വേഗം ലഘൂകരിക്കുന്ന മരുന്നുകൾ നൽകുകയും രോഗത്തെക്കുറിച്ചും പരിചരണത്തെക്കുറിച്ചും രോഗിയുടെ ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യും. രോഗിയെ ക്ഷമയോടെ സമീപിക്കേണ്ടതിന്റെ ആവശ്യകത ഈ കൺസലിങ്ങിലൂടെ ബോധ്യപ്പെടുത്തും.

പരിചരണം വീടുകളിലാവട്ടെ

വെള്ളവും വളവും നൽകി പരിചരിക്കുന്ന ചെടിപോലെയാണ് ഓരോ രോഗിയും. ശ്രദ്ധകൊടുത്ത് പരിചരിച്ചാൽ മാനസികവും ശാരീരികവുമായ ആരോഗ്യത്തോടെ കൂടുതൽകാലം ജീവിക്കാം. ഇത് രോഗിക്കു ലഭിക്കുന്ന പരിചരണവും ചികിത്സയും അനുസരിച്ച് ഇരിക്കും. ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു അസുഖമാണിത്. രോഗികളെ വീടുകളിൽതന്നെ പരിചരിക്കുന്നതിനു വേണം പ്രമുഖ്യം നൽകാൻ. സ്ഥാപനത്തിൽ വിട്ട് നോക്കുന്നത് ഏറ്റവും ഒടുവിലത്തെ മാർഗമായി മാത്രം ചിന്തിച്ചാൽ മതി.

എല്ലാ ഓർമക്കുറവും അൽഷിമേഴ്‌സല്ല

ഓർമക്കുറവാണ് പ്രധാന ലക്ഷണമെങ്കിലും എല്ലാ ഓർമക്കുറവുകളും അൽഷിമേഴ്‌സ് ആകണമെന്നില്ല. അനുദിനം വർധിച്ചു വരുന്ന ഓർമക്കുറവിനെ മാത്രം പേടിച്ചാൽ മതി. ചിലപ്പോൾ ചില പേരുകൾ നമ്മുടെ നാവിൻ തുമ്പിലുണ്ടാകും. പക്ഷേ, ആവശ്യമുള്ള സമയത്ത് ഓർമിച്ചെടുക്കാനാവില്ല. കുറച്ചു കഴിയുമ്പോൾ ഓർമയിൽ വരികയും ചെയ്യും. ചിലപ്പോൾ കണ്ണട, താക്കോൽ തുടങ്ങിയവ എവിടെയാണ് വച്ചതെന്ന ഓർമയില്ലാതെ അതും പരതി നടക്കും. എന്നാൽ, ഇവയൊന്നും ഒരിക്കലും ഓർമക്കുറവായി കണേണ്ടതില്ല. മാനസിക സംഘർഷവും ഏർപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ വരുന്നതും ഒരേ സമയം ഒന്നിലധികം പ്രവർത്തികളിൽ ശ്രദ്ധിക്കുന്നതുമെല്ലാം ഇതിന് കാരണമാകാം. പരിഭ്രമം ഉണ്ടായാൽ ഒരു കാര്യം പോലും ഓർമയിൽനിന്ന് തിരിച്ചെടുക്കാനാവില്ല. ജോലിക്കും മറ്റുമുള്ള അഭിമുഖങ്ങളിൽ പലപ്പോഴും സംഭവിക്കുന്നത് ഇതാണ്. പരിഭ്രമത്തിലാകുന്നതോടെ അറിയാവുന്ന കാര്യങ്ങൾ പോലും അവതരിപ്പിക്കാൻ കഴിയാതെ വരും. ഇത്തരം ഓർമപ്രശ്‌നങ്ങളെ മറവിരോഗമായി കരുതി ആശങ്കപ്പെടേണ്ടതില്ല.

മറവിരോഗം: 10 ലക്ഷണങ്ങൾ

* മറവിമൂലം ജോലിയിൽ പ്രശ്‌നം.
* സുപരിചിതമായ ജോലികൾ ക്ലേശകരമാവുക.
* ഭാഷ സംബന്ധിച്ച ബുദ്ധിമുട്ട്.
* സ്ഥലകാല ബോധം നഷ്ടപ്പെടുക.
* കാര്യകാരണ സഹിതം ചിന്തിക്കാനുള്ള ബുദ്ധിമുട്ട്.
* സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാനും
പ്രവർത്തിക്കാനുമുള്ള ബുദ്ധിമുട്ട്.
* സാധനങ്ങൾ എവിടെയെങ്കിലും വച്ച് മറക്കുക.
* വികാരപ്രകടനങ്ങളിൽ മാറ്റമുണ്ടാവുക.
* സ്വതസിദ്ധമായ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം.
* സ്വമേധയാ പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ട്.

ഘട്ടമായെത്തുന്ന മറവി ആദ്യഘട്ടം

* അടുത്തകാലത്തുണ്ടായ കാര്യങ്ങളിൽ മറവി.
* രോഗി നിസ്സംഗനും നിഷ്‌ക്രിയനുമാകും.
* വീട്ടുകാര്യം, വിനോദം എന്നിവയിൽ താൽപര്യം കുറയും.
* പുതിയ മാറ്റങ്ങൾ ഇഷ്ടപ്പെടുന്നില്ല.
* തീരുമാനമെടുക്കാൻ ബുദ്ധിമുട്ട്.
* കാര്യങ്ങൾ മനസ്സിലാക്കാൻ പ്രയാസം.
* മിഥ്യാധാരണ.
* സ്വാർഥരും മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാത്തവരുമാകും.

രണ്ടാംഘട്ടം

* ദൈനംദിന കാര്യങ്ങൾക്ക് മറ്റുള്ളവരുടെ സഹായം വേണ്ടിവരും.
* മറവി കൂടും.
* സ്ഥലകാലബോധം നഷ്ടപ്പെടും.
* പരിചിതമായ കാര്യങ്ങളും വഴികളും മറക്കും.
* അടുത്ത ആളുകളെ മറക്കും.
* ജോലികൾ മുഴുമിപ്പിക്കാൻ കഴിയാതെ വരും.
* വീടുവിടാനും അലഞ്ഞുതിരിയാനുമുള്ള പ്രവണത കൂടും.
* സംശയരോഗം കൂടും.

മൂന്നാം ഘട്ടം

* ഓർമ പൂർണമായും നഷ്ടപ്പെടും.
* പരാശ്രയം കൂടും.
* ആശയവിനിമയത്തിനുള്ള കഴിവ് നഷ്ടപ്പെടും.
* ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും കഴിയാതെ വരും.
* മലമൂത്ര വിസർജനം അറിയാതെ നടക്കും.
* മയക്കവും അപസ്മാരവും ഉണ്ടാകാം.
* ഒടുവിൽ പൂർണമായും കിടപ്പിലാകും.

പരിചരിക്കാം ക്ഷമയോടെ

മറവിരോഗം ബാധിചവരുടെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കി ക്ഷയോടും ശ്രദ്ധയോടും കൂടി പരിചരിക്കണം. ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന് മുൻതൂക്കം നൽകിയുള്ള പരിചരണമാണ് അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള മറവിരോഗമുള്ളവർക്ക് നൽകേണ്ടത്. കഴിവതും സാധാരണ ജീവിതരീതി തുടരാൻ ശ്രമിക്കണം. ദിനചര്യകൾ തനിയെ ചെയ്യുകയാണെങ്കിൽ പ്രോത്സാഹിപ്പിക്കണം. ഓർമത്തകരാറുള്ളതിനാൽ വ്യക്തിയുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഒട്ടേറെ പെരുമാറ്റ പ്രശ്‌നങ്ങൾ രോഗി പ്രകടിപ്പിക്കാം. അവയെല്ലാം ക്ഷമയോടെ കൈകാര്യം ചെയ്യണം. രോഗിയുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശല്യമായി കാണരുത്. അത് രോഗത്തിന്റെ ഭാഗമായി കണക്കാക്കി പ്രത്യേകം ശ്രദ്ധയും പരിചരണവും നൽകണം.

Content Highlights: world alzheimer's day, symptoms and treatment of alzheimer's disease


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented