വേണ്ടത്ര വ്യായാമം ഇല്ലാതിരിക്കൽ,ഉറക്കം കൂടുന്നതും കുറയുന്നതും;മറവിരോ​ഗത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ


ഡോ. ഷാഹുൽ അമീൻ

Representative Image | Photo: Canva.com

ജനനനിരക്ക് കുറയുന്നതിനാലും ആയുർദൈർഘ്യം വർധിക്കുന്നതിനാലും പ്രായമായവരുടെയെണ്ണം ലോകമെങ്ങും കൂടുകയാണ്. 2019-ൽ ലോകത്ത് അറുപത് തികഞ്ഞവർ നൂറ് കോടിയായിരുന്നെങ്കിൽ 2050-ഓടെ അതിന്റെയിരട്ടിയാകുമെന്നാണ് സൂചനകൾ. അതുകൊണ്ട്, ഇപ്പോഴത്തെ യുവാക്കളും മധ്യവയസ്‌കരും ആരോഗ്യപൂർണമായൊരു വാർധക്യത്തിന് തയ്യാറെടുക്കേണ്ടത് വ്യക്തിഗതമായും പൊതുജനാരോഗ്യ പരിപ്രേക്ഷ്യത്തിലും സുപ്രധാനമാണ്.

വാർധക്യത്തിൽ സാധാരണവും ഏറെ കഷ്ടപ്പാടുകൾ വരുത്തുന്നതുമായൊരു പ്രശ്നമാണ് ഡിമൻഷ്യ (മേധാക്ഷയം). ഓർമശക്തിയും തലച്ചോർ പ്രദാനം ചെയ്യുന്ന മറ്റു പല കഴിവുകളും ദുർബലമാവുകയാണ് ഇതിൽ സംഭവിക്കുന്നത്. തൊട്ടുമുമ്പ് എന്ത് നടന്നുവെന്നത് ഓർത്തിരിക്കാനും മുഖങ്ങളോ സ്ഥലങ്ങളോ തിരിച്ചറിയാനും ഡിമൻഷ്യാ ബാധിതർക്ക് ബുദ്ധിമുട്ടുണ്ടാകാം. ഒപ്പം, എഴുതാനും വായിക്കാനും കാര്യങ്ങൾ ആസൂത്രണം ചെയ്യാനും സ്വന്തം കാര്യങ്ങൾ നിർവഹിക്കാനുമൊക്കെയുള്ള കഴിവുകൾ നഷ്ടമാവുകയും പല പെരുമാറ്റപ്രശ്നങ്ങളും തലപൊക്കുകയും ചെയ്യാം.

കേരളത്തിൽത്തന്നെ നിലവിൽ രണ്ടുലക്ഷത്തിലേറെ ഡിമൻഷ്യാരോഗികളുണ്ട്. ഒരിക്കൽ സാന്നിധ്യമറിയിച്ചുകഴിഞ്ഞാൽ ഡിമൻഷ്യ വഷളാകുന്നത് തടയാൻ കാര്യമായി ഫലപ്രദമാവുന്ന മരുന്നുകൾ നിലവിലില്ലതാനും. ഇതൊക്കെ, ഡിമൻഷ്യക്കെതിരെയുള്ള പ്രതിരോധ നടപടികളുടെ ആവശ്യകതയ്ക്കും പ്രാധാന്യത്തിനും അടിവരയിടുന്നു.

എന്തുകൊണ്ട് ഓർമ നഷ്ടമാകുന്നു?

ഡിമൻഷ്യ സംഭവിക്കുന്നത് മസ്തിഷ്‌കകോശങ്ങൾ നശിക്കുമ്പോഴാണ്. ഇത് സംഭവിക്കുന്നത് മുഖ്യമായും രണ്ട് കാരണങ്ങളാലാണ്. പിടിപ്പത് ജോലിയുള്ള ഒരവയവം എന്ന നിലയ്ക്ക് തലച്ചോറിന് ഏറെ ഗ്ലൂക്കോസും ഓക്സിജനും മറ്റ് പോഷകങ്ങളും ആവശ്യമാകുന്നുണ്ട്. ഇതെല്ലാം ലഭ്യമാകുന്നത് രക്തം വഴിയാണ്. ശരീരത്തിന്റെ മൂന്നുശതമാനത്തിൽത്താഴെ ഭാരമേ തലച്ചോറിനുള്ളൂവെങ്കിലും ഹൃദയം പമ്പുചെയ്യുന്ന രക്തത്തിന്റെ ഇരുപതുശതമാനത്തോളം അതിന് വേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെയും രക്തപ്രവാഹത്തെയും അവതാളത്തിലാക്കുന്ന പല പ്രശ്നങ്ങളും ഡിമൻഷ്യയ്ക്കു വഴിവെക്കുന്നുണ്ട്.

ചില വിഷപദാർഥങ്ങൾ കാലക്രമത്തിൽ തലച്ചോറിൽ കുമിഞ്ഞുകൂടുന്നതാണ് ഡിമൻഷ്യയിലേക്കു നയിക്കുന്ന മറ്റൊരു കാരണം. വിവിധതരം ഡിമൻഷ്യകളുള്ളതിൽവെച്ച് ഏറ്റവുമധികം പേരെ ബാധിക്കുന്ന രോഗമായ അൽഷിമേഴ്‌സിൽ മസ്തിഷ്‌കഭാഗങ്ങൾ നശിച്ചുപോകുന്നത് മുഖ്യമായും ഈ രീതിയിലാണ്.

അപായഘടകങ്ങൾ

ഡിമൻഷ്യയുടെ ബാഹ്യലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുക പ്രായമെത്തിയതിനുശേഷം മാത്രമാകാമെങ്കിലും അതിന് പിന്നിലുള്ള മസ്തിഷ്‌ക വ്യതിയാനങ്ങൾ പതിറ്റാണ്ടുകൾ മുമ്പേ തുടങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ, വിവിധ പ്രായങ്ങളിൽ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് ഭാവിയിൽ ഡിമൻഷ്യ പിടിപെടാനുള്ള സാധ്യത കുറയ്ക്കും. ഏതൊരു രോഗത്തെയും പ്രതിരോധിക്കാൻ, ആദ്യം അതുവരാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. അത്തരം ഘടകങ്ങളെ, നിയന്ത്രണം സാധ്യമായവയെന്നും അല്ലാത്തവയെന്നും വിഭജിക്കാം.

ഡിമൻഷ്യയുടെ കാര്യത്തിൽ, നമുക്ക് നിയന്ത്രിക്കാനാവാത്തത് പാരമ്പര്യവും പ്രായവുമാണ്. ഉദാഹരണത്തിന്, ചില ജനിതകപ്രശ്നങ്ങളുള്ള കുടുംബങ്ങളിലുള്ളവർക്ക്, മുമ്പുപറഞ്ഞ വിഷപദാർഥങ്ങളുടെ കുമിഞ്ഞുകൂടൽ ത്വരപ്പെടുന്നതിനാൽ, അൽഷിമേഴ്‌സ് രോഗസാധ്യത അമിതമാകുന്നുണ്ട്. അതുപോലെ, അറുപത്തഞ്ചുവയസ്സ് കഴിഞ്ഞാൽ ഓരോ അഞ്ചുവർഷം പിന്നിടുമ്പോഴും അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത ഇരട്ടിയാകുന്നുമുണ്ട്.

തടയാൻ കഴിയുന്നത്

മുൻനിര മെഡിക്കൽ ജേണലായ ലാൻസെറ്റ് നിയമിച്ച ഒരു കമ്മിഷൻ കണ്ടെത്തിയത്, വിവിധ പ്രായങ്ങളിലായി ഒമ്പതു ഘടകങ്ങളിൽ ശ്രദ്ധപുലർത്തിയാൽ ഡിമൻഷ്യയുടെ ആവിർഭാവം മൂന്നിലൊന്നോളം പേരിൽ തടയാമെന്നാണ്.

ചെറുപ്രായത്തിൽ പഠനത്തിനുള്ള അവസരങ്ങളും അധ്യയനനിലവാരവും മെച്ചപ്പെടുത്തുക. കേൾവിപ്രശ്നങ്ങളുള്ളവർക്ക് ഹിയറിങ് എയ്ഡ് പോലുള്ള പ്രതിവിധികൾ ലഭ്യമാക്കുക. നാൽപ്പത്തഞ്ചിനും അറുപത്തഞ്ചിനും മധ്യേ പ്രായമുള്ളവരിൽ രക്താതിസമ്മർദവും അമിതവണ്ണവും തടയുക. അറുപത്തഞ്ചു കഴിഞ്ഞവരിൽ പുകവലിയും സാമൂഹികമായ ഒറ്റപ്പെടലും തടയുക, പ്രമേഹവും വിഷാദരോഗവും നേരാംവിധം ചികിത്സിക്കുക, വ്യായാമം പ്രോത്സാഹിപ്പിക്കുക.

മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഡിമൻഷ്യാനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണെങ്കിലും പല വികസിതരാജ്യങ്ങളിലും അതു കുറഞ്ഞുതുടങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസമേഖലയിലും പ്രമേഹത്തിന്റെയും രക്താതിസമ്മർദത്തിന്റെയും ചികിത്സയിലും ഉണ്ടായ മുന്നേറ്റങ്ങളാണ് അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

മറവിയെ അകറ്റിനിർത്താൻ

ഹൈസ്‌കൂൾതലം വരെ പഠിച്ചവർക്ക് ഡിമൻഷ്യാസാധ്യത കുറയുന്നുണ്ട്. മസ്തിഷ്‌കകോശങ്ങളുടെ എണ്ണത്തെയും വലുപ്പത്തെയും അവ തമ്മിലുള്ള കണക്ഷനുകളെയും വിദ്യാഭ്യാസം ഉത്തേജിപ്പിക്കുന്നുണ്ട്. തന്മൂലം, ഡിമൻഷ്യ കാരണം തലച്ചോറിന്റെ കുറേഭാഗമൊക്കെ നശിച്ചാലും ഇങ്ങനെ അമിതമായിക്കിട്ടിയ മസ്തിഷ്‌കശേഷിവെച്ച് കുറച്ചുകാലത്തേക്കൊക്കെ പിടിച്ചുനിൽക്കാൻ അവർക്കാകും. അതായത്, അഥവാ ഡിമൻഷ്യ പിടിപെട്ടാലും അതിന്റെ ലക്ഷണങ്ങൾ അവർ വൈകിമാത്രമാണ് പ്രകടമാക്കുക.

  • ഡിമൻഷ്യാ കേസുകളുടെ അഞ്ചിലൊന്നിനു പിന്നിൽ പുകവലിക്ക് പങ്കുണ്ട്. തലച്ചോറിലെ രക്തക്കുഴലുകളുടെ ഉള്ളളവ് പുകവലി നിമിത്തം ചുരുങ്ങിപ്പോകുന്നതാണ് കാരണം.
  • വേണ്ടത്ര വ്യായാമം ചെയ്യാത്തവരിൽ അമിതവണ്ണം, പ്രമേഹം, രക്താതിസമ്മർദം, മസ്തിഷ്‌കാഘാതം എന്നിവയോടനുബന്ധിച്ച് ഡിമൻഷ്യയ്ക്കും സാധ്യത കൂടുന്നു. വേഗത്തിൽ നടക്കുക, സൈക്കിൾ ചവിട്ടുക തുടങ്ങിയ വ്യായാമങ്ങൾ ഓരോ ആഴ്ചയിലും രണ്ടരമണിക്കൂറോളം ചെയ്യേണ്ടതുണ്ട്.
  • സൗഹൃദങ്ങളും വ്യായാമവുമൊക്കെയായി വാർധക്യത്തിൽ ആക്റ്റീവായി നിലകൊള്ളുന്നവരിൽ, കേടുപാടു പിണയുന്ന ഭാഗങ്ങളെ സ്വയം റിപ്പയർചെയ്തെടുക്കാനുള്ള തലച്ചോറിന്റെ കഴിവു മെച്ചപ്പെടുന്നുണ്ട്.
  • പ്രമേഹബാധിതരിൽ, ഗ്ലൂക്കോസ് വേണ്ടവിധം ലഭ്യമല്ലാതാകുന്നതും അനുബന്ധമായി ഹാനികരമായ ചില തന്മാത്രകൾ രൂപംകൊള്ളുന്നതും ഡിമൻഷ്യക്ക് കാരണമാകുന്നുണ്ട്.
  • ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും മത്സ്യവും ഉൾപ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സമ്മർദം ലഘൂകരിക്കാനും അതുവഴി ഡിമൻഷ്യയെ പ്രതിരോധിക്കാനും ഉപകരിക്കും. കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, വാൽനട്ട്, കടല തുടങ്ങിയ നട്ട്‌സിനും ഈ പ്രയോജനമുണ്ട്. ബീൻസ്, സോയാബീൻ എന്നിവ കഴിക്കുന്നതും പൊരിച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ, ഐസ്‌ക്രീം, വെണ്ണ എന്നിവ മിതപ്പെടുത്തുന്നതും നന്നാകും.
  • ദിവസവും നാലുമണിക്കൂറിൽത്താഴെമാത്രം ഉറങ്ങുന്നവർക്ക് ഡിമൻഷ്യാസാധ്യത കൂടുന്നുണ്ട്. മറുവശത്ത്, രാത്രിയിൽ പത്തോ, മൊത്തം ദിവസത്തിൽ പന്ത്രണ്ടരയോ മണിക്കൂറിലേറെ ഉറങ്ങുന്നതും പ്രശ്നമാണ്.
  • ദീർഘകാലത്തെ അമിതമദ്യപാനം ഡിമൻഷ്യക്കുകാരണമാകാം. മസ്തിഷ്‌കകോശങ്ങളെ ഇൻഫൽമേഷൻ വഴി നശിപ്പിച്ചും തയാമിൻ പോലുള്ള വിറ്റാമിനുകളുടെ ന്യൂനത സൃഷ്ടിച്ചുമൊക്കെയാണ് ഇതിലേക്ക് നയിക്കുന്നത്.
  • വിറ്റാമിൻ ഗുളികകളോ ബുദ്ധികൂട്ടുമെന്ന വീമ്പുമായി കമ്പോളത്തിലെത്തുന്ന മരുന്നുകളോ ഡിമൻഷ്യയെ തടയില്ല. അതേസമയം, ചില വിറ്റാമിനുകളുടെ അപര്യാപ്തത ഡിമൻഷ്യാഹേതുവാകാം. അങ്ങനെയുള്ളവർക്ക് നിശ്ചിതകാലത്തേക്ക് ഡോക്ടറുടെ മേൽനോട്ടത്തിൽ വിറ്റാമിനുകളെടുക്കേണ്ടിവരും.
  • ധാരാളം കണക്കുകൾ കൂട്ടേണ്ടിവരുന്നതും ധാരാളംപേരെ കൈകാര്യം ചെയ്യേണ്ടിവരുന്നതുമായ ജോലികൾ ചെയ്യുന്നവർക്ക് ഡിമൻഷ്യക്കു സാധ്യത കുറയുന്നുണ്ട്.
  • അറുപതു വയസ്സിനു മുൻപേ അൽഷിമേഴ്‌സ് രോഗം പ്രകടമാകുന്നവരുടെ കുടുംബാംഗങ്ങൾക്കും, ജനിതകകാരണങ്ങളാൽ, രോഗം വരാൻ സാധ്യതയുണ്ട്. എന്നാൽ അത് നൂറുശതമാനം റിസ്‌ക്കൊന്നുമല്ല. മറ്റു ഘടകങ്ങളിൽ, വിശേഷിച്ചും ജീവിതശൈലിയിൽ, ആരോഗ്യകരമായ മാറ്റങ്ങൾ നടപ്പാക്കി രോഗത്തെ തടയുകയോ അതിന്റെ വരവ് വൈകിക്കുകയോ ചെയ്യാം.
(ചങ്ങനാശ്ശേരി സെന്റ് തോമസ് ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റും ഇന്ത്യൻ ജേണൽ ഓഫ് സൈക്കോളജിക്കൽ മെഡിസിന്റെ എഡിറ്ററുമാണ് ലേഖകൻ)

Content Highlights: causes and risk factors for alzheimers disease


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented