താക്കോൽ ഫ്രിഡ്ജിൽ വയ്ക്കുക, പേഴ്സ് വാഷിംഗ് മെഷീന് അകത്തിടുക; മറവിരോ​​ഗവും ചികിത്സയും


ഡോ. സുശാന്ത് എം.ജെ.    

Representative Image

നമുക്ക് ജീവിതത്തിൽ ലഭിച്ച വലിയ സൗഭാഗ്യങ്ങളിൽ ഒന്നാണ് ഓർമ്മകൾ. നമ്മുടെ സ്വന്തം അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകൾ ആണ് ഓർമ്മകൾ. ഓർമകളുടെ അടിസ്ഥാനത്തിലാണ് ജീവിത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നതും. ഓർമ്മകൾ നശിച്ചു പോകുക എന്നതാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധി.

ഓർമ്മകൾ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയെ ആണ് ഡിമെൻഷ്യ അഥവാ സ്മൃതിനാശം എന്ന് പറയുന്നത്. ലോകത്തിൽ ആകമാനം 44 ദശലക്ഷം പേർക്ക് ഡിമെൻഷ്യ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഇത് നാല് ദശലക്ഷത്തിന് അടുത്ത് വരും.

ഈ ഒരു രോഗാവസ്ഥയെ പറ്റി സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ പത്തു വർഷമായി സെപ്റ്റംബർ മാസം അൽഷൈമേഴ്‌സ് മാസമായും സെപ്റ്റംബർ 21 അൽഷൈമേഴ്‌സ് ദിനമായും ആചരിക്കുന്നു.

തലച്ചോറിൽ നമ്മുടെ ഓർമ്മകൾ സൂക്ഷിക്കുന്ന കോശങ്ങൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത് ടെമ്പറൽ ലോബ് എന്ന ഭാഗത്താണ്. പലവിധ കാരണങ്ങളാൽ ഈ കോശങ്ങൾ നശിച്ചു പോകുമ്പോഴാണ് ഡിമെൻഷ്യ ഉണ്ടാകുന്നതു. പ്രായാധിക്യം മൂലം കോശങ്ങൾ നശിച്ചു പോകുന്നത്, തൈറോയ്ഡ് ഹോർമോണിന്റെ അഭാവം, തലോച്ചോറിനു ഏൽക്കുന്ന ക്ഷതങ്ങൾ, സ്ട്രോക്ക്, വിറ്റാമിൻ ബി 12, തയാമിൻ, തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകൾ, തലച്ചോറിലെ മുഴകൾ ഒക്കെ ഡിമെൻഷ്യയുടെ കാരണങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനം പ്രായാധികം മൂലം ഓർമ്മ കോശങ്ങൾ നശിച്ചു പോകുന്ന അൽഷൈമേഴ്‌സ് രോഗമാണ്.

പ്രായം കൂടുന്നത് അനുസരിച്ച് അൽഷൈമേഴ്‌സ് വരാനുള്ള സാധ്യത കൂടുന്നു. 65 ന് മേൽ പ്രായമുള്ള പത്തിൽ ഒരാൾക്കും 85 ന് മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും അൽഷൈമേഴ്‌സ് വരാനുള്ള സാധ്യതയുണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവിരോഗം ഉണ്ടെങ്കിലോ, അമിതരക്തസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം, ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

65 ന് മേൽ പ്രായമുള്ളവരിൽ ചെറിയ മറവികൾ സ്വാഭാവികമാണ്. പലർക്കും കുറച്ചു നേരം ആലോചിച്ചാലോ അല്ലെങ്കിൽ ചെറിയ സൂചനകൾ കൊടുത്താലോ ഒക്കെ മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ പറ്റും. എന്നാൽ അൽഷൈമേഴ്‌സ് രോഗത്തിന്റെ തുടക്കമാണെങ്കിൽ എത്ര ശ്രമിച്ചാലും അത് ഓർത്തെടുക്കാൻ പറ്റിയെന്നു വരില്ല.

പ്രായമുള്ളവരിൽ സാധനങ്ങൾ എവിടെ വെച്ച് എന്ന് മറന്നു പോകുന്നത് സ്വാഭാവികമാണ്. എന്നാൽ അൽഷൈമേഴ്‌സ് രോഗികൾ ഇത്തരത്തിൽ മറന്നു പോകുന്നു എന്ന് മാത്രമല്ല അവർ വയ്ക്കുന്നത് നമ്മൾ സാധാരണയായി അത്തരം സാധനങ്ങൾ വയ്ക്കാത്ത സ്ഥലങ്ങളിലായിരിക്കും. ഉദാഹരണത്തിന് താക്കോൽ എടുത്തു ഫ്രിഡ്ജിൽ വയ്ക്കുക, പേഴ്സ് വാഷിംഗ് മെഷീന് അകത്ത് ഇടുക പോലുള്ള സംഭവങ്ങൾ കാണാൻ പറ്റും. അത് പോലെ സന്ദർഭത്തിനു അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്നതും കാണാം. ചൂടുള്ള സമയത്തു സ്വെറ്റർ ഉപയോഗിക്കുന്നത് ഉദാഹരണം. പ്രായമുള്ളവർ അവർ മുൻപ് നടത്തിയ സംഭാഷണങ്ങളിൽ ചിലതൊക്കെ മറക്കുന്നത് പതിവാണ്. എന്നാൽ അൽഷൈമേഴ്‌സ് രോഗത്തിൽ അത്തരം ഒരു സംഭാഷണം നടന്നതായി തന്നെ അവർ മറന്നു പോകും. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടും. പരിചിതമായ സ്ഥലങ്ങളിൽ പോലും വഴിതെറ്റി പോകാം. എല്ലാത്തിലും വിരക്തി തോന്നുകയും സ്വയം ഉൾവലിഞ്ഞു ഏകാന്തമായി ഇരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യും. ദീർഘനേരം ടി.വിയുടെ മുന്നിൽ തന്നെ ഇരിക്കുന്നതും, കൂടുതൽ സമയം ഉറങ്ങാനായി ചിലവിടുന്നതും പതിവാണ്. പെട്ടന്ന് തന്നെ ദേഷ്യവും സങ്കടവും ഒക്കെ മാറിമാറി വരികയും ചെയ്യും. അകന്ന പരിചയത്തിലുള്ളവരുടെ പേരുകൾ ഒക്കെ മറന്നുപോകുന്നത്, സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ വാക്കുകൾ കിട്ടാനുള്ള ബുദ്ധിമുട്ടും നേരിടുന്നു. രോഗത്തിന്റെ ഈ പ്രാഥമിക ഘട്ടം രണ്ടു മൂന്നു വർഷം വരെ നീണ്ടു നിൽക്കും.

രോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ മറവിയുടെ തീവ്രത ക്രമേണ കൂടുന്നു. അടുത്ത കുടുംബങ്ങളുടെ പേര് വരെ മറന്നു പോകുന്ന സാഹചര്യം ഉണ്ടാകുന്നു. അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുവാനും ഇവർക്ക് ബുദ്ധിമുട്ടു നേരിടുന്നതിനാൽ അവർ കഴിയുന്നത്ര സ്വന്തം ലോകത്തേയ്ക്ക് ഒതുങ്ങി കൂടുന്നു. ദൈനംദിന കാര്യങ്ങളിൽ വരെ പരസഹായം വേണ്ടി വരുന്നു. കൂടെയുള്ളവരെ സംശയത്തോടെ വീക്ഷിക്കുകയും, അവർ തന്നെ അപകടപ്പെടുത്താൻ ശ്രമിക്കും എന്നുള്ള മിഥ്യാബോധം രോഗികളിൽ ഉണ്ടാക്കുന്നു. ഇത് രോഗികളെ പരിചരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നു. അതോടൊപ്പം തന്നെ ദിശാബോധം നഷ്ടമാകുകയും ചെയുന്നു. അവർക്കു പുറത്തു തനിയെ യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ടു നേരിടുകയൂം പലപ്പോഴും വീട്ടിലേക്കുള്ള വഴിതെറ്റി അലഞ്ഞു നടക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയുന്നു. സ്വന്തം വ്യക്തിശുചിത്വത്തിൽ ശ്രദ്ധ കുറയുകയും ചെയ്യുന്നു. ഈ ഒരു രണ്ടാം ഘട്ടം 8-10 വർഷം വരെ നീണ്ടു നിൽക്കുന്നു.

മൂന്നാം ഘട്ടത്തിൽ രോഗിയുടെ ഓർമ്മകൾ പൂർണമായും നശിക്കുകയും സ്വന്തം അസ്ഥിത്വം വരെ മറന്നു പോകുകയും ചെയ്യുന്നു. ക്രമേണ ചലനശേഷി നശിക്കുകയും പൂർണ സമയവും കിടക്കയിൽ തന്നെ കഴിയേണ്ടിയും വരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കുന്നതിൽ താത്പര്യം കുറയുകയും പോഷണക്കുറവും ശരീരഭാരത്തിൽ കുറവും വരുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധാവസ്ഥയിൽ കുറവ് വരുത്തുകയും അടിക്കടിയുള്ള അണുബാധ മരണത്തിനു കാരണം ആകുകയും ചെയ്യുന്നു.

ചികിത്സ

പൂർണമായും ഭേദമാക്കാൻ പറ്റുന്ന ഒരു രോഗമല്ല അൽഷൈമേഴ്‌സ് രോഗം. എന്നാൽ വളരെ നേരത്തെ തന്നെ രോഗനിർണയം നടത്തിയാൽ ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. പ്രധാനമായും രോഗലക്ഷണങ്ങൾ വെച്ചും ഓർമശേഷി നിർണയിക്കുന്ന ചോദ്യാവലി ഉപയോഗിച്ചുമാണ് രോഗനിർണയം നടത്തുന്നത്. മറവിരോഗത്തിന് മറ്റ് കാരണങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള രക്ത പരിശോധനകളും തലച്ചോറിന്റെ സി.ടി. അല്ലെങ്കിൽ എം.ആർ.ഐ. സ്‌കാനും ചെയ്യേണ്ടതായി വരും. അൽഷൈമേഴ്‌സ് രോഗം ആണെന്ന് ഉറപ്പു വരുത്തിയാൽ ഓർമശക്തി കൂട്ടുന്നതിന് വേണ്ടിയുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശാനുസരണം കഴിക്കണം. അതോടൊപ്പം തന്നെ കൃത്യമായ ശരീര വ്യായാമവും, പോഷകമൂല്യമേറിയ ആഹാരക്രമവും പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടിയുള്ള വിനോദങ്ങളും ക്രോസ് വേഡ് പസിലുകൾ, ചെസ്സ് തുടങ്ങിയ ബൗദ്ധിക വ്യായമത്തിനുള്ള കളികളും ഓർമശക്തി കൂട്ടാൻ സഹായിക്കും. നിത്യേനെ ഡയറി, അല്ലെങ്കിൽ ചെറുനോട്ടുകൾ, മൊബൈൽ റിമൈൻഡറുകൾ ഒക്കെ ഉപയോഗിക്കാൻ രോഗിയെ പരിശീലിപ്പിക്കണം. ദൈനംദിനജീവിതത്തിൽ ആവശ്യമുള്ള സാധനങ്ങൾ രോഗിയുടെ മുറിയിൽ എളുപ്പം കൈയെത്തുന്ന സ്ഥലത്തു തന്നെ വയ്ക്കണം. രോഗിയെ പരിചരിക്കുന്നവർക്കു രോഗത്തിന്റെ പ്രത്യേകതകളെ കുറിച്ചും രോഗിയെ എങ്ങനെയെല്ലാം സഹായിക്കണം എന്നതിനെ കുറിച്ചും വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. രോഗിയെ പരിചരിക്കുന്നവർ അടിക്കടി മാറുന്നതും, താമസിക്കുന്ന സ്ഥലം അടിക്കടി മാറുന്നതും രോഗിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കും. അതിനാൽ അവ കഴിയുന്നത്ര ഒഴിവാക്കണം. രോഗിയിൽ ഉണ്ടാകുന്ന വിഷാദരോഗം, അണുബാധ എന്നിവ തുടക്കത്തിൽ തന്നെ തിരിച്ചറിയുകയും ചികിത്സ നൽകേണ്ടതുമാണ്.

സാധാരണയായി പ്രായമേറിയവരിലാണ് മറവിരോഗം കാണുന്നതെങ്കിലും എപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി മറവിരോഗം പറയപ്പെടുന്നു. അമിതമായ ജോലിഭാരം, അമിതമായ മാനസിക സമ്മർദ്ദം എന്നിവയാണ് ഇത്തരക്കാരിൽ പലരുടെയും ഓർമക്കുറവിനു കാരണം. കൃത്യമായ വ്യായാമം, പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കുക, സമൂഹവുമായി ഇടകലർന്നു ജീവിക്കുക, അർഥവത്തായ സംവാദങ്ങളിൽ എർപ്പെടുക എന്നിവയൊക്കെ ഓർമശക്തി കൂട്ടാൻ സഹായിക്കും. വളരെ അപൂർവമായി പാരമ്പര്യമായ അൽഷൈമേഴ്‌സ് രോഗം ചെറുപ്പക്കാരിൽ കാണപ്പെടുന്നു.

(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റാണ് ലേഖകൻ)

Content Highlights: alzheimers disease symptoms and causes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented